പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശിയായിരുന്നു.മലയാളിക്ക് മാപ്പിളപ്പാട്ട് എന്ന കലയെ ഹൃദയത്തിലേറ്റാൻ എരഞ്ഞോളി മൂസയുടെ മധുര ശബ്ദം വലിയ പങ്കുവഹിച്ചു. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
കലാകാരൻ എന്നതിലുപരി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെല്ലാം എരഞ്ഞോളി മൂസ്സ സജീവമായിരുന്നു. ‘ജീവിതം പാടുന്ന ഗ്രാമഫോൺ’ എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്.