ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്‌ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു പാസാകണം. പ്രായം പരിധി പതിനാറര വയസ്സിനും പത്തൊമ്പതുവയസ്സിനും മധ്യേ. 1999 ജൂലൈ ഒന്നിനും 2002 ജൂലൈ ഒന്നിനും ഇടയില്‍ (രണ്ട് തിയതികളും ) ജനിച്ചവരാകണം. മനശാസ്ത്ര പരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഭോപ്പാല്‍, അലഹബാദ്, ബംഗളൂരു, കപൂര്‍ത്തല എന്നിവിടങ്ങളിലാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവരിൽ അഞ്ചുവര്‍ത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമീഷനും നല്‍കും. www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. റോള്‍ നമ്പര്‍ തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. അപേക്ഷിച്ചതിന്റെ രണ്ടു പ്രിന്റെടുത്ത്, ഒരു പ്രിന്റൗട്ടില്‍ പാസ്പോര്‍ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 20 പാസ്പോര്‍ട് സൈസ് ഫോട്ടോകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. രണ്ടാമത്തെ പ്രിന്റ് ഉദ്യോഗാര്‍ഥിയുടെ കൈവശം സൂക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 14.