നിധിൻ. വി. എൻ
1909 ജൂൺ 13-ന് ചുവന്ന താരകം ഭൂമിയിൽ ജന്മമെടുത്തു. ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന പേരിൽ അദ്ദേഹം സ്വന്തം ചരിത്രമെഴുതി ചേർത്തു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും, അനാചാരങ്ങളിൽ നിന്നും മാറി മനുഷ്യ പക്ഷത്തു നിന്നു ചിന്തിച്ച ഒരാളാണ് ഇ.എം.എസ്. ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി, ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ തലവൻ, ചരിത്രകാരൻ, മാർക്സിസ്റ്റ്, തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയാണ്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്ന ഇ.എം.എസിന്റെ ” ഫ്രഞ്ചു വിപ്ലവും നമ്പൂതിരി സമുദായവും” എന്ന ലേഖനം 1927 -ൽ യോഗക്ഷേമം മാസികയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് രാഷ്ട്രീയവും, സാമുദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതുപക്ഷക്കാർ ചേർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ(എം) -ന്റെ ഒപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആശയങ്ങൾ രൂപീകരിക്കന്നതിലും അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും നവ കേരളത്തിന്റെ ശില്പികളിലൊരാളായി ഇ.എം.എസ്, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്നു. 1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ഇ.എം.എസ് സർക്കാർ ഭൂപരിഷ്കരണ നിയമം പാസ്സാക്കി. ഇതിലൂടെ ഒരാൾക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. കൂടുതലുള്ള ഭൂമി സർക്കാർ കണ്ടു കെട്ടി ഭൂമിയില്ലാത്തവർക്ക് നൽകാൻ നിയമമായി. പാട്ടവ്യവസ്ഥയും, കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമം, സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു.
സ്വപ്രവർത്തികൾ കൊണ്ട് ഇ.എം.എസ് കേരള ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. ഇന്ത്യയിൽ നിലനിൽക്കുന്ന, അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്ര കാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. ഇ.എം.എസിന്റെതായി നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യമായി എഴുതിയതും ഇ.എം.എസ് ആയിരുന്നു.