ചിരിയുടെ തമ്പുരാൻ, ചിന്തയുടെയും

0
487

നിധിൻ.വി.എൻ

“ഇവിടെ കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം” എന്നു ചിന്തിച്ച എഴുത്തുകാരനാണ് സഞ്ജയന്‍. 1903 ജൂണ്‍ 13-നു തലശ്ശേരിക്കടുത്ത് ജനിച്ച മൂര്‍കോത്തു രാമനുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ ഹാസ്യസാഹിത്യകാരനാണ് അദ്ദേഹം.

മകന്‍ : അച്ഛാ, ആ മേശപ്പുറത്ത് നാലു ഈച്ചകളുണ്ട്. അവയില്‍ രണ്ടെണ്ണം ആണീച്ചകളും രണ്ടെണ്ണം പെണ്ണീച്ചകളുമാണ്.
അച്ഛന്‍ (സാദ്ഭുതം) : നീ എങ്ങനെ മനസ്സിലാക്കി?
മകന്‍ : അതോ, രണ്ടെണ്ണം സിഗരറ്റു ടിന്നിന്മേലാണ്! രണ്ടെണ്ണം കണ്ണാടിയിന്മേലും!

നിത്യ ജീവിതത്തിലെ സംഭവങ്ങളെ വളരെ സരസമായി കാണാന്‍ കഴിഞ്ഞിരുന്നു എന്നതാണ് സഞ്ജയന്റെ വിജയം. എന്നാല്‍ ജീവിതം അദ്ദേഹത്തെ സംബന്ധിച്ച് അത്ര സരസമായിരുന്നില്ല. ദുരിതങ്ങളുടെ ഘോഷയാത്രയായിരുന്നു ജീവിതം. ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടമായി. സഞ്ജയനു 27 വയസ്സുള്ളപ്പോള്‍ ക്ഷയരോഗവതിയായി ഭാര്യ മരിച്ചു. പിന്നീട് ക്ഷയരോഗബാധിതനായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ മരിച്ചു. ഈ വേദനകള്‍ക്കിടയിലാണ് സഞ്ജയന്‍ തന്റെ സാഹിത്യം വിപുലീകരിക്കുന്നത്. സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസകരമായി അവതരിപ്പിച്ചിരുന്ന സഞ്ജയൻ, സത്യസന്ധതയോടെ, ധീരമായി അഭിപ്രായം പ്രകടിപ്പിച്ചു. തെറ്റുകളെ വിമർശിച്ചു. ചിരി വെറും ചിരി മാത്രമല്ലെന്നും ചിന്തയിലേക്കുള്ള മാർഗ്ഗം കൂടിയാണെന്നും അദ്ദേഹം ചിന്തിച്ചിരിക്കണം. ചിരിയിലൂടെ ചിന്തയിലേക്കുള്ള മാർഗ്ഗം തുറക്കുകയായിരുന്നു സഞ്ജയൻ.

കരളെരിഞ്ഞു കൊണ്ടു തന്നെയായിരുന്നു സഞ്ജയൻ വായനക്കാരെ ചിരിപ്പിച്ചത്. ചെറിയ ചെറിയ വേദനകളിൽ തളർന്നു പോകുന്നവർ സഞ്ജയനെ അറിയുമ്പോൾ വിസ്മയിച്ചു പോകുന്നത് അതുകൊണ്ടാണ്. വേദനകളെ പ്രവർത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റിയ ചിരിയുടെ കുലപതിയാണ് അദ്ദേഹം. 1943 സെപ്റ്റംബർ 13-ന് തന്റെ 40-ാം വയസ്സിൽ സഞ്ജയൻ അന്തരിച്ചു.

കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സഞ്ജയന്റെ ഹാസ്യലേഖനങ്ങളിൽ പ്രധാനപ്രമേയം കോഴിക്കോട് മുനിസിപ്പൽ ഭരണ സംവിധാനമായിരുന്നു. കുടിവെള്ളം, ശുദ്ധവായു, വിദ്യാഭ്യാസ സൗകര്യം, ചികിത്സാ സംവിധാനങ്ങൾ തുടങ്ങി സാധാരണ പൗരന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് ശബ്ദമുയർത്തിയത്. കാലമേറെ കഴിഞ്ഞെങ്കിലും അതേ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നതിനാൽ സഞ്ജയൻ സമകാലികനാകുന്നു. കണ്ണീരിനെ ചിരിയാൽ തുടച്ചു മാറ്റിയ സഞ്ജയൻ അറിയുംതോറും ജ്വാലയാകുന്നുണ്ട്, അറിവിന് ഊർജ്ജമായി ദഹിക്കാൻ, മുന്നിലേക്ക് കുതിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here