കുടുംബത്തിൽ ആദ്യമായി കോളേജിൽ പോയവരാണോ? ദുബായിൽ എമേർജിംഗ്‌ ലീഡേർസ്‌ പ്രോഗ്രാമിൽ പങ്കെടുക്കാം

0
586

ലക്ഷ്മി മിത്തൽ സൗത്ത്‌ ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട്‌ സംഘടിപ്പിക്കുന്ന സെക്കന്റ്‌ ക്രോസ്‌ റോഡ്‌ എമേർജിംഗ്‌ ലീഡേർസ്‌ പ്രോഗ്രാമിലേക്ക്‌ ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാനവസരം. കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജ്‌ പഠനം നടത്തിയ വിദ്യാർത്ഥികൾക്ക്‌ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. കുടുംബത്തിൽ കോളേജിൽ പോകുന്ന ആദ്യ തലമുറയിൽ പെട്ടവർക്കും അപേക്ഷിക്കാം.

ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ  സെപ്റ്റംബർ 23 മുതൽ 28 വരെ നടക്കുന്ന ലീഡർഷിപ്പ്‌ പ്രോഗ്രാമിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ പുറമെ മിഡിൽ ഈസ്റ്റ്‌, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള സമർത്ഥരായ വിദ്യാർത്ഥികളും പങ്കെടുക്കും. പ്രോഗ്രാമിൽ ബഹുമുഖ വിഷയങ്ങളിൽ ഹാർവാർഡിൽ നിന്നുള്ള പ്രമുഖ ഫാക്കൽറ്റിമാർ സെഷനുകൾ നയിക്കും.

നിലവിൽ ബിരുദ പഠനം നടത്തുന്നവരോ, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബിരുദ പഠനം പൂർത്തീകരിച്ചവരോ ആയ 18 മുതൽ 24 വയസ്സ്‌ വരെയുള്ളവർക്ക്‌ അപേക്ഷിക്കാം. അപേക്ഷകർക്ക്‌ കാലാവധി കഴിയാത്ത പാസ്പോർട്ട്‌ കൈവശമുണ്ടായിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ വിമാന ടിക്കറ്റ്‌ അടക്കം ഭക്ഷണ, താമസ സൗകര്യങ്ങളും പഠന സാമഗ്രികളും സംഘാടകർ നൽകും. വിസ ചിലവ്‌ ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടി വരും.

മിത്തൽ ഇൻസ്റ്റിറ്റ്യൂട്ട്‌, ഹാർഡ്‌വാർഡ്‌ ബിസിനസ്‌ സ്കൂൾ ക്ലബ്‌ ഓഫ്‌ ജി.സി.സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ഡിഐഫ്സി, എയർ അറേബ്യ, ദുബൈ ഫൂച്ച്യർ ആക്സിലറേറ്റർ, എക്സ്പോ 2020 തുടങ്ങിയവർ സ്പോൺസർമാരാണ്. ഹാർവാർഡ്‌ യൂണിവേഴ്സിറ്റി സെന്റർ ഫോർ മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്‌, ഹാർവാർഡ്‌ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആഫ്രിക്കൻ സ്റ്റഡീസ്‌ പരിപാടിയുടെ കോ-സ്പോൺസര്‍മാരാണ്.

ഓൺലൈൻ വഴി മെയ്‌ 31 വരെ അപേക്ഷിക്കാം.
അപേക്ഷകൾക്കും മറ്റ്‌ വിവരങ്ങൾക്കും https://southasiainstitute.harvard.edu/crossroads/ എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here