ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ

0
227

സ്വദഖത്ത് സെഞ്ചർ

വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി ദി എലെഫന്റ് വിസ്‌പറേഴ്സും തെരെഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ചലച്ചിത്ര മേഖലയെ സംബന്ധിച്ചിടത്തോളം കുറച്ചധികം ആശ്ചര്യമേറിയ കാര്യം തന്നെയാണ്. കാർത്തികി ഗോൺസൽവേസ് സംവിധാനം ചെയ്ത ദി എലെഫന്റ് വിസ്‌പറേഴ്സ് 2022ൽ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തിരുന്നുവെങ്കിലും ഓസ്‌കാർ അവാർഡോടെ ആയിരിക്കും പലരും തന്നെ അറിഞ്ഞ് തുടങ്ങുന്നത്..
ഒരു ഓസ്‌കാർ പുരസ്‌കാരം നേടിയെടുക്കാൻ പോന്ന തരത്തിലുള്ള മേന്മയും വിഷയാടിസ്ഥാനവുമൊക്കെ ഈ ഹ്രസ്വ ചിത്രത്തിനുണ്ടോ എന്ന ചോദ്യത്തിൽ നിന്നാവണം ഇതിനെ മനസ്സിലാക്കാനും നിരൂപിക്കാനും തുടങ്ങേണ്ടത്.

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ അനാഥ ആനക്കുട്ടികളുടെ സംരക്ഷകരായ ബെല്ലിയും ബൊമ്മനുമെന്ന രണ്ട് തമിഴരുടെ ആനകളോടുള്ള സ്നേഹവായ്പും ആനകൾക്ക് തിരിച്ചുള്ള ഇമോഷണൽ കമ്മിറ്റ്‌മെന്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാടിനോടും പ്രകൃതിയോടും ഇടകലർന്ന് എടുത്തും കൊടുത്തും ജീവിക്കുന്ന സമൂഹ വിഭാഗമാണ് അവരുടേത്. അതുകൊണ്ടുതന്നെയാവണം, വേറെയാർക്കും സാധ്യമാവാത്തയത്ര തന്നെ മൃഗപരിപാലനവും അവറ്റകളോടുള്ള വാത്സല്യവും ഇവരിൽ പ്രകടമാവുന്നത്.
” കടുവയുടെ ആക്രമണത്തിലാണ് എന്റെ ആദ്യ ഭർത്താവ് മരിക്കുന്നത്. ഈയടുത്ത് എന്റെ മകളും മരിച്ചു. ഇനിയുള്ള ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് ദൈവവിളിയെന്നോണം രഘുവിനേയും അമ്മുവിനെയും (രണ്ട് അനാഥ ആനക്കുട്ടികൾ ) ഞങ്ങൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അവരാണ് ഞങ്ങൾക്കെല്ലാം.. ഞങ്ങൾക്കുള്ളതെല്ലാം അവരുടേതും കൂടിയാണ്.”
bomman belly
വളരെ സുരക്ഷയോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും കൂടിയാണ് ഇവർ ആനയെ വളർത്തുന്നത്. വൈകുന്നേരങ്ങളിൽ പന്ത് തട്ടാനും ആഘോഷങ്ങളിൽ പൂമാലകൾ അണിയിക്കാനുമൊക്കെ കൂടെ കൂട്ടുന്ന ആനകൾ, ഒരർത്ഥത്തിൽ ഇവർക്ക് ദൈവതുല്യരാണ്. അത്കൊണ്ട് തന്നെയാവണം ഓസ്‌കാറിലെത്താൻ മാത്രം ഈ ആനക്കഥ വളർന്നു പന്തലിച്ചത്. പക്ഷെ ജീവനറ്റ ആനക്കുട്ടികളിൽ നിന്നും കരുത്തനായ ആനയായി രഘു മാറിയപ്പോഴേക്കും ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ആളുകൾ അതിന് തിരിച്ച് കൊണ്ട് പോയി. അതെ തുടർന്ന് അവർക്കുണ്ടാവുന്ന മന:പ്രയാസവും മാനസിക പിരിമുറുക്കങ്ങളുമെല്ലാം വളരെ കൃത്യമായി ഡോക്യുമെന്ററിയിൽ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ആനപ്പ്രേമം വഴി പരസ്പരം ജീവിതത്തിൽ ഒന്നിച്ചവരാണ് ഞങ്ങളെന്ന് പറയുമ്പോൾ, ഒരുപക്ഷെ സ്വന്തം ജീവിതത്തിലേറ്റ പ്രതിസന്ധികളിൽ കരുത്ത് പകർന്ന ആനക്കുട്ടികളെ ഓർത്തിട്ടായിരിക്കാം ബെല്ലിയുടെയും ബൊമ്മന്റെയും കണ്ണുകൾ നിറഞ്ഞ് പോകുന്നുണ്ട്. ആ ആനക്കുട്ടികളും ഇന്നും ഇവരെ ഓർമിക്കുന്നുണ്ടാവും. നന്ദിയോടെ… അതിലേറെ സ്നേഹത്തോടെ…

വാൽക്കഷ്ണം : ഇന്ന് അമ്മുവും രഘുവും മൂന്നും എഴും വയസ്സ് വീതമുള്ള ആനക്കുട്ടികളാണ്. അവർക്ക് പുറമെ കൂട്ടം തെറ്റി വരുന്ന ആനകളെയും ഇവർ സംരക്ഷിച്ച് പോരുന്നു. മനുഷ്യർ പോലും തമ്മിൽ കലഹിക്കുന്ന ഈ കാലഘട്ടത്തിൽ സഹജീവികളോടുള്ള സ്നേഹം കൊണ്ട് മാതൃക കാണിക്കുകയാണ് ബൊമ്മനും ബെല്ലിയും..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here