Editor’s View
കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പാര്‍ലമെന്റിന് നല്‍കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 13 വര്‍ഷത്തിനിടെ (2011 മുതല്‍) 1532 ജവാന്മാരാണ് ജിവനൊടുക്കിയത്. അതില്‍ തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകസഭയില്‍ നല്‍കിയത്. 2022, 2021, 2020 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 136, 157, 143 സിഎപിഎഫ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം ഇതുവരെ 71 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും റായ് പറഞ്ഞു.
കടുത്ത മാനസികസമ്മര്‍ദം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് സിഎപിഎഫ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2021ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ബിരുദധമോ അതില്‍ കൂടുതലോ വിദ്യാഭ്യാസമുള്ള യുവാക്കളുടെ ആത്മഹത്യാ നിരക്ക് 8.9 ആണ്. എന്നാല്‍ 2022ലെ സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ആത്മഹത്യാ നിരക്ക് 13 ആണ്. 10000 പേരില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെയാണ് ആത്മഹത്യാ നിരക്ക് എന്ന് പറയുന്നത്.
കഴിഞ്ഞ മാസം വ്യത്യസ്ത ദിവസങ്ങളിലായി രണ്ട് സിഎപിഎഫ് ഉദ്യോഗസ്ഥരാണ് സര്‍വീസ് റൈഫില്‍ ഉപയോഗിച്ച് ജീവനൊടുക്കിയത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി), സശസ്ത്ര സീമ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എന്നിവ ഉള്‍പ്പെടുന്ന സിഎപിഎഫില്‍ ഇത്തരം ആത്മഹത്യകള്‍ പുതിയതല്ല.
വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളിലേക്കുള്ള വിന്യാസം, അങ്ങേയറ്റം പ്രതികൂലമായ സാഹചര്യം. കുടുംബത്തില്‍നിന്ന് ദീര്‍ഘനാള്‍ വിട്ടുനില്‍ക്കേണ്ടി വരുന്നത്, ആവശ്യത്തിന് അവധി ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള മാനസിക സമ്മര്‍ദഫലമായാണ് ജവാന്മാരുടെ ആത്മഹത്യക്കും രാജിക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്ര സായുധ സേനയിലെ കൂട്ടരാജി
കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേന്ദ്ര സായുധ സേനയിലെ 50,155 പേര്‍ രാജിവെച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ തസ്തികളില്‍ നിന്നായി ഓരോ ദിവസവും 27 ഉദ്യോഗസ്ഥരെങ്കിലും ജോലി ഉപേക്ഷിച്ച് പോകുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്എഫിലാണ് ഈ പ്രവണ ഏറ്റവും കൂടുതലുള്ളത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ബിഎസ്എഫില്‍ നിന്ന് രാജി വെച്ചത് 23,553 ഉദ്യോഗസ്ഥരാണ്. ഇതേ കാലയളവില്‍ സിആര്‍പിഎഫില്‍ നിന്ന് 13,640 ഉദ്യോഗസ്ഥരാണ് രാജിവച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധ സൈനിക സേനയായ സിആര്‍പിഎഫിന്റെ പ്രധാന ദൗത്യം നക്‌സല്‍ മേഖലകളിലാണ്. ക്രമസമാധാന സംരക്ഷണത്തിനായി ജമ്മു കശ്മീരിലും സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് സേനയ്ക്ക് ആവശ്യമായ അംഗബലമില്ലാത്തതിനാല്‍ എല്ലാ അടിയന്തര ഘട്ടത്തിലും സിആര്‍പിഎഫിനെയാണ് വിളിക്കുന്നത്. മഹാരാഷ്ട്രയിലെ ഗണേഷ ചതുര്‍ത്ഥി, ഒഡിഷയിലെ രഥയാത്ര തുടങ്ങിയ ഉത്സവങ്ങളിലും ക്രമസമാധാന സംരക്ഷണത്തിനായി സിആര്‍പിഎഫ് സേനയെ വിന്യസിക്കാറുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തസമയങ്ങളിലും സിആര്‍പിഎഫ് സേനയെ വിളിക്കാറുണ്ട്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വേഗത്തിലുണ്ടാകുന്ന സ്ഥാനമാറ്റം, സേവനത്തിനനുസരിച്ച് സ്ഥാനക്കയറ്റം ലഭിക്കാത്തതെല്ലാം മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാനും ആത്മഹത്യ ചെയ്യാനും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി 2021-ല്‍ സിഎപിഎഫ് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൃത്യമായ അവധികളും വിശ്രമവും അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സിഎപിഎഫ് ഉദ്യോഗസ്ഥര്‍ക്ക് അവധി നീട്ടി നല്‍കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിഎപിഎഫ്, എആര്‍, എന്‍എസ്ജി ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ക്കുനേരെ അനുതാപപൂര്‍ണമായ സമീപനമാണ് സര്‍ക്കരിന്റെ ഭാഗത്തുനിന്നുണ്ടാകുക എന്ന് റായ് വ്യക്തമാക്കിയിരുന്നു. ആവശ്യമായ വിശ്രമം, അവധി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് അറുതി വരുത്താന്‍ സാധിക്കട്ടെ. ആരോഗ്യകരമായ തൊഴില്‍പരിസരം എല്ലാവരുടെയും അവകാശമാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല