നിധിന്‍. വി. എന്‍
വരികയാണിതാ ഞാനൊരധകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍ (മണിമുഴക്കം)
മലയാളത്തില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴയും, ഇടപ്പള്ളി രാഘവന്‍പിള്ളയും ആണ്. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നീ ഭാവധാരകള്‍ കൊണ്ട് മലയാളത്തിലെ കാല്പനിക കവികളില്‍ ശ്രദ്ധേയനാണ് ഇടപ്പള്ളി. ഇറ്റാലിയന്‍ കവിയായ ലിയോപാര്‍ഡിയോടാണ് അദ്ദേഹത്തെ നിരൂപകര്‍ തുലനപ്പെടുത്തുന്നത്. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് ഇടപ്പള്ളിയുടേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
1909 ജൂൺ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽ തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. തുടര്‍ന്ന് രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം എന്നിവയാല്‍ വിഷാദിയും ഏകാകിയുമായി തീർന്നിരുന്നു ഇടപ്പള്ളി.
ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നത്. ആ സ്നേഹബന്ധം വളര്‍ന്നു പന്തലിച്ചു. എന്നാല്‍ പ്രണയപരാജയത്താല്‍ ഇടപ്പള്ളി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മസുഹൃത്തായ ചങ്ങമ്പുഴക്ക്‌പോലും കവിയുടെ ആത്മഹത്യയെ കുറിച്ച് മുന്‍കൂട്ടി അറിയാനായില്ല. അത്ര മാത്രം അന്തര്‍മുഖനായിരുന്നു ഇടപ്പള്ളി.
മരണം ജീവന്റെ ഉന്മാദമാണ്. വേദനകളെ കുടഞ്ഞെറിയുന്ന ശരീരത്തിന്റെ ആനന്ദ നൃത്തമാണ്. നിരാശകളില്‍ നിന്നും നിത്യശാന്തി തേടിയലയുന്ന തീര്‍ത്ഥാടനമാണ്. അതില്‍ തന്നെ ആത്മഹത്യ പ്രതിഷേധവും, പ്രതിരോധവും ആണ്. വിഡ്ഢികള്‍ക്ക് ആത്മഹത്യ ഒളിച്ചോട്ടമായി തോന്നാമെങ്കിലും, സ്വയം ജീവിക്കാനാഗ്രഹിക്കുന്ന ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ കഴിയാത്തവന്റെ പ്രതിഷേധമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഓരോ ആത്മഹത്യയും. അത്മഹത്യയെ തന്റെ സകല കലാസൃഷ്ടികള്‍ക്കും ഉപരിയായി സ്നേഹിച്ച ഇടപ്പള്ളിയുടെ ആത്മഹത്യയെ തത്ത്വചിന്താപരമായ ഒരു പ്രശ്നം എന്ന നിലയില്‍ തന്നെയാണ് നോക്കി കാണേണ്ടത് എന്ന് കെ.പി അപ്പന്‍ പറയുന്നു. എല്ലാ വേദനകളും സ്വയം സ്വീകരിച്ചാശ്വസിപ്പിക്കുന്ന ചിരന്തനസുഹൃത്തിനെപ്പോലെ മരണം വരുന്നുവെന്നും, ജീവിതത്തിന്റെ പൂര്‍ണതയും നിത്യതയുടെ പര്യായവുമാണെന്ന് ടാഗോര്‍ തന്റെ മിസ്റ്റിക് കവിതകളില്‍ സൂചിപ്പിക്കുന്നു.
ഇടപ്പള്ളി മരണത്തിന്റെ നിത്യ കാമുകനായിരുന്നു. “ നിത്യസൗന്ദര്യത്തിന്റെ നര്‍ത്തനമായാരംഗമെത്തുവാനായെന്‍ മാനസം പതറുന്നു” വെന്ന് അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. മരണത്തിനു തൊട്ടുമുമ്പ് എഴുതിവച്ച കത്തില്‍ കവി ജീവിതത്തിന്റെ നിരര്‍ത്ഥകതയെപ്പറ്റി പറയുന്നു.
“സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.
പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേൽ പതിക്കരുതേ !
എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി – കൂപ്പുകൈ!” – ഈ വരികള്‍ സ്വയം സംസാരിക്കുന്നു. കത്തില്‍ പ്രണയപരാജയത്തെ പറ്റി സംസാരിക്കുന്നേയില്ല. “പ്രണയനൈരാശ്യം ഉണ്ടായില്ലെങ്കില്‍ പോലും ഇടപ്പള്ളി സ്വമനസ്സാലേ മരണത്തെ വരിക്കുമായിരുന്നു” എന്ന് കെ.പി അപ്പന്‍ ഉറപ്പിച്ച് പറയുന്നു. പ്രേമബന്ധത്തിന് മുമ്പ്തന്നെ കവി മരണവുമായി പ്രേമസല്ലാപം ആരംഭിച്ചതായി എസ്. ഗുപ്തന്‍നായര്‍ പറയുന്നു. ഇടപ്പള്ളി എഴുതിയ “സുധ, കല്യാണം കഴിഞ്ഞില്ല” എന്ന കഥകളുടെ അവസാനം മരണം തന്നെയാണ്.
രാജലക്ഷ്മിയും, നന്തനാരും ജീവിതത്തോട് സ്വയം വിടപറയുമ്പോള്‍ സര്‍ഗവാസനയുടെ പാരമ്യത്തിലെത്തിയിരുന്നു. സില്‍വിയാ പ്ലാത്ത്, സ്റെഫാന്‍ സ്വേഗ്, വെര്‍ജീനിയ വൂള്‍ഫ്, മയക്കോവ്സ്കി, വാന്‍ഗോഗ്, ഹെമിങ്വേ, യൂക്കിയോ ഹഷിമ, മോപ്പസാങ് തുടങ്ങിയവരൊക്കെ ജീവനൊടുക്കിയത് സര്‍ഗാത്മ ജീവിതത്തിന്റെ ഗിരിശൃംഗങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു, ഇടപ്പള്ളിയും.
“എനിക്കുമുണ്ടേതോ ചിലതെല്ലാമൂഴി-
പ്പരപ്പിനോടൊന്നു പറഞ്ഞു പോകുവാന്‍ (കാട്ടാറിന്‍ കരച്ചില്‍)