ദേശമാറ്റത്തിലെ ആദിയും ആത്മയും

0
461
E k Dineshan

വായന

ഇ കെ ദിനേശൻ

ജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ പലരും അറിയാറില്ല. കാരണം, അതൊരു സ്വഭാവിക പ്രക്രിയയാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ദേശചലനത്തിന് ശരീരം വിധേയമാകുമ്പോൾ അതു വരെയുള്ള ജീവിത ദേശം നമ്മളെ പല വിധത്തിൽ പൊള്ളിക്കാൻ തുടങ്ങും. ഈ പൊള്ളലിന്റെ ആഴത്തെ നിർണ്ണയിക്കുന്നത് ഒരാൾ ജീവിച്ച ദേശത്തിന്റെ സംസ്കാരികവും വൈകാരികവുമായ ആത്മബന്ധത്തിന്റെ തോത് അനുസരിച്ചായിരിക്കും. ഇവിടെ സംസ്കാരം എന്നതിനർത്ഥം ജീവിക്കുന്ന ദേശത്തിന്റെ ബഹുമുഖമായ ഇടപെടലിന്റെ അനുഭവപരിസരമാണ്. അതിൽ വ്യത്യസ്തരായ മനുഷ്യർ, അവരുടെ ഭാഷ, ഭാവം, ഭാഷണം, സ്വപ്നം, സ്വാതന്ത്ര്യം ഒക്കെയുണ്ട്. അങ്ങനെയുള്ള ദേശമാണ് പ്രവാസികളെ സംബന്ധിച്ച് അവർ ജീവിക്കുന്ന മണ്ണ്. ഈ മണ്ണിൽ നിന്നും സ്വന്തം ജന്മദേശത്തേക്ക് ജീവിതത്തെ പുന:ക്രമീകരിക്കുമ്പോൾ രണ്ട് കുട്ടികളുടെ ജീവിതാനുഭവത്തിൽ ഉണ്ടാകുന്ന ചിന്താ ചിഹ്നങ്ങളുടെ കൊച്ചു സംഭരണിയാണ് രാജേഷ് ചിത്തിരയുടെ ആദി ആത്മ എന്ന ബാലസാഹിത്യ കൃതിയായ നോവൽ.

നോവലിലെ ജീവിത പരിസരം ദുബായ് നഗരമാണ്. കോറോണക്കാലത്തെ ജോലി നഷ്ടം പല കുടുംബങ്ങളെയും നാട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാൻ കാരണമായിട്ടുണ്ട്. അത്തരമൊരവസ്ഥയിൽ വീടകം അനുഭവിക്കുന്ന നോവ് മനുഷ്യരിലേക്ക് പടരുന്നത്  ചലന രഹിതമായ അനേകം കാഴ്ചയിലൂടെയാണ്.

പ്രവാസികളെ സംബന്ധിച്ച് വാടക വീട്  സ്വന്തം വീടായി മാറുന്നത് അനായസമായാണ്.  അവർ സ്വന്തം ദേശത്തിന്റെ ( നാട്) ആത്മീയ അനുഭൂതിയെ വീടിനകത്തേക്ക് ആവാഹിച്ചെടുക്കുന്നത് തന്നിലെ പ്രകൃതിയെ ഇവിടെ (പ്രവാസത്തിൽ) ഇറക്കി വെച്ചാണ് ഓരോ പ്രവാസിയും നാട് വിടുമ്പോൾ അയാളുടെ ദേശ പ്രകൃതിയെ വേരോടെ പറിച്ചെടുക്കുന്നുണ്ട്. പിന്നീട് അതിനെ വാടകവീടിന്റെ ബാൽക്കണിയിൽ ജീവൻ കൊടുക്കുന്നു. ആദിയുടെയും ആത്മയുടെയും അമ്മ ബാൽക്കണിയിൽ നിറയെ പച്ചക്കറികൾ നട്ടിട്ടുണ്ട്. അവരുടെ പപ്പ രാവിലെ ചായ കുടിക്കുക ബാൽക്കണിയിൽ നിന്നാണ്. അപ്പോൾ അയാൾ സൂര്യനെ  നോക്കി നിൽക്കാറുണ്ട്. മരുഭൂമിക്ക് മുകളിലെ സൂര്യനെ  സ്വന്തം നാട്ടിൻ്റെ പച്ചപ്പിന് മുകളിലെ സൂര്യനാക്കി മാറ്റുന്നത് അയാളുടെ മനസ്സാണ്. ഇത് പ്രവാസികളുടെ മനസ്സിൽ മാത്രം രൂപപ്പെടുന്ന പ്രകൃതി മനസ്സാണ്. ഉള്ളിലെ കാട് അനക്കമില്ലാതെ വളർന്ന് മനുഷ്യരെ അനുഗ്രഹിക്കുന്ന ആത്മീയ ആനന്ദമാണിത്. ഈയൊരു അദൃശ്യമായ സാമീപ്യത്തിൻ്റെ സുഗന്ധം നോവലിലെ മക്കൾ അറിയുന്നുണ്ട്. അതുകൊണ്ടാണ് “അമ്മ, നാട്ടിൽ പോയി നമുക്ക് വലിയ പൂന്തോട്ടം ഉണ്ടാക്കണം കൃഷി ചെയ്യണം എന്ന് ആദി പറയുന്നത്.

ഇവിടെ കുട്ടികൾ ഒരേ സമയം താൽക്കാലിക ദേശവും സ്ഥിരം ദേശവും തമ്മിലുള്ള വിഭിന്നാനുഭവങ്ങളെ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയാണ്. അവരെ സംബന്ധിച്ച്‌ അത്രയേ ചെയ്യാൻ പറ്റൂ. അതേ സമയം കുട്ടികൾ വലിയ തിരിച്ചറിവിലേക്ക് വളരുന്നുണ്ട്‌. അതിൽ ഒന്ന് പക്ഷികളെ കൂട്ടിലിട്ട് വളർത്തരുത് എന്നതാണ്. പീതാംബരൻ എന്ന കാനറി പക്ഷിയെ വാങ്ങിയ കടയിൽ തന്നെ തിരിച്ചേൽപ്പിക്കാം എന്ന് അച്ഛൻ മക്കളോട് പറയുന്നുണ്ട്‌. അതിൻ്റെ തുടർച്ച എന്നോണം നാട്ടിൽ എത്തിയപ്പോൾ അമ്മ നാല് കോഴികളെ വളർത്തുന്നുണ്ട്. ഇതൊരു തിരിച്ചു പിടുത്തം കൂടിയാണ്. മരുഭൂമിയുടെ പരിമിതിയിൽ ഒതുക്കം ചെയ്യപ്പെട്ട നൈസർഗികമായ മനുഷ്യപ്രകൃതിയെ വീണ്ടെടുക്കുന്ന തിരിച്ചു പിടുത്തം. ഇതേ അമ്മ പിങ്കി എന്ന് വിളിക്കുന്ന ഹാംസ്റ്ററിനെ അടുത്ത മുറിയിലെ മറാത്തി കുട്ടിയെ ഏൽപ്പിക്കുന്നുണ്ട്. പിന്നെയുള്ളത് അന്ന എന്ന് പേരുള്ള ഗോൾഡ് ഫിഷാണ്. ഇങ്ങനെ നാഗരിക ജീവിതത്തിന്റെ പരിമിതിയിൽ മലയാളിയിൽ ഉണ്ടാകുന്ന ജന്മദേശത്തിന്റെ തനിപ്പകർപ്പുകളെ എന്നെങ്കിലും ഉപേക്ഷിക്കേണ്ടവരാണ് പ്രവാസികൾ എന്ന ബോധം പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നു വഴുതിപോകാറുണ്ട്. അതുകൊണ്ടായിരിക്കാം വാടക വീട് സ്വന്തം വീടായി മാറുന്നത്.

നോവലിന്റെ  മധ്യഭാഗത്ത്  കുട്ടികൾ രണ്ടുപേരും  പ്രവാസത്തിൽ  നിന്നും  നാട്ടിലെത്തിയാൽ  നാടുമായി ഇണങ്ങിച്ചേരുന്നതിനെക്കുറിച്ച്  പറയുന്നുണ്ട്.  പ്രവാസികളായ കുട്ടികളെ സംബന്ധിച്ച്  തുടർപഠനം എന്നത്  വലിയ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്. താൻ കുട്ടിക്കാലം തൊട്ട് വളർന്ന ജീവിത ദേശത്തിലെ നാനാവിധ സംസ്കാരിക വൈവിധ്യങ്ങൾക്കിടയിലൂടെ ഉണ്ടായ ആഗോള സംസ്കൃതിയുടെ വേഷപ്പകർച്ചകൾ തന്റേതായ സ്വത്വത്തെ തട്ടിമാറ്റി ഉള്ളിലേക്ക് കയറിയിരുന്നിട്ടുണ്ടാകും.  എവിടെയാണ് തങ്ങളുടെ വളരുന്ന തല ഉറപ്പിക്കേണ്ടത് എന്ന നിരന്തരമായ ആലോചന ഈ സമയത്താണ് പുറത്തേക്ക് ചാടുന്നത്.  നേരത്തെയുള്ള  സാംസ്കാരിക പരിസരം വിവിധ ലോകത്തിലെ വ്യത്യസ്ത മനുഷ്യരുമായുള്ള കലർപ്പില്ലാത്ത  കൂടിച്ചേരലുകളാണ്. അത് പെട്ടെന്ന് നിലച്ചു പോകുമ്പോൾ എത്തിപ്പെടുന്ന  സ്വന്തം ദേശസംസ്കൃതിയിൽ കുട്ടികൾ അന്യരായി ത്തീരുന്ന അവസ്ഥ പ്രവാസികളായ കുട്ടികളുടെ  തുടർവിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്. 

അതേ സമയം നാട്  മറ്റുപലതുമായി ഇതേ മക്കളെ ആനന്ദിപ്പിക്കുന്നുണ്ട്. അതിൽ ഒന്ന് മഴയാണ്.  അപ്പോഴും ഏതോ തരത്തിലുള്ള അനാഥത്വം അവരെ വേവിലാതിപ്പെടുത്തുന്നു. അതിനു കാരണം, പറിച്ചുനടപ്പെട്ട  ദേശത്തിന്റെ അപരിചിതത്വം പ്രക്ഷുബ്ധമായ  തിരമാലയായി ഉള്ളിൽ  ആഞ്ഞുവീശുന്നതു കൊണ്ടാണ്.  അതുകൊണ്ടാണ് ആദിയുടെയും ആത്മയുടെയും ഓർമ്മയിലേക്ക് ദുബായിലെ വീടകം ഓടി എത്തുന്നത്.  ഗുജറാത്ത്, തമിഴ്, മറാത്തി, പാകിസ്ഥാനി തുടങ്ങിയ കുടുംബങ്ങളുമായുള്ള സംഘാടനം ബഹുസ്വരജീവിതത്തിന്റെ മൂർത്ത ചിഹ്നങ്ങളായി മാറുന്നുണ്ട്.  ഇതിന്റെ മറുപുറം  നാട്ടിലെത്തിയ  വീട്ടമ്മമാരും അനുഭവിക്കുന്നുണ്ട്. എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരുടെ സമ്മതം വാങ്ങി ജീവിക്കേണ്ട നാട്ടാചാരങ്ങളെ  മറികടന്നവരാണ് പ്രവാസത്തിൽ നിന്ന് എത്തിയ അമ്മമാർ. ദീർഘകാലം ദേശം വിട്ടവർ നാട്ടിൽ തിരിച്ചെത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ആചാര ക്രമത്തിലേക്ക് അവർ വലിച്ചിഴക്കപ്പെടുന്നുണ്ട്. അതിനെ അതിജീവിക്കാനും പ്രവാസം അനുഭവിച്ച അമ്മമാർക്ക് കഴിയുന്നുണ്ട്.

നേരത്തെ അനുഭവിച്ച നാഗരിക ജീവിതത്തെ  നാട്ടാചാരങ്ങളിലേക്ക് ഒതുക്കി വെക്കാൻ കഴിയാതെ വരാറുണ്ട് പ്രവാസത്തിൽ ദീർഘകാലം ജീവിച്ചവർക്ക്. നാട്ടിലെ നടപ്പ് രീതിയിലേക്ക് മാറാനുള്ള സമ്മർദ്ദം ആദിയുടെ അമ്മയെ സംബന്ധിച്ച് ഏറെ പ്രയാസമാകുന്നുണ്ട്.  ഗൾഫിലെ സ്കൂളിൽ മതമോ ജാതിയോ ചോദിക്കാറില്ല എന്ന് കുട്ടികൾ ഓർക്കുന്നത് ഈ സാഹചര്യത്തിൽ പ്രസക്തമാണ്. പ്രവാസ സാമൂഹിക ജീവിതത്തിലെ ഇത്തരം അനുഭവങ്ങളെ നിവർത്തിപ്പിടിച്ചാണ് രാജേഷ് ചിത്തിര ആദി ആത്മാ എന്ന നോവലിന്റെ ഉള്ളടക്കത്തെ മികച്ച ആസ്വാദനത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നത്. അവിടെ സ്വന്തം വീട് തന്നെ അവർക്ക് അപരിചിതത്വം സമ്മാനിക്കുന്നുണ്ട്. എല്ലാ വർഷവും അവധിക്കാലത്ത് എത്തുന്ന വീട് ഇപ്പോൾ ഫ്ലാറ്റ് പോലെ അവർക്ക് മെരുങ്ങിക്കൊടുക്കുന്നില്ല.  ഇങ്ങനെയുള്ള നിത്യജീവിത അനുഭവങ്ങൾ പ്രവാസം അനുഭവിച്ച് പറിച്ച് നടപ്പെടുന്നവരെ എങ്ങനെയൊക്കെയാണ് മാനസികമായി തകർക്കുന്നത് എന്നതിന്റെ ആകത്തുകയാണ് ആദി ആത്മ എന്ന നോവൽ.

E K DINESHAN

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here