സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

0
249
ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് സംസ്ഥാനത്തെ ഗതാഗത മേഖല മാറുന്നതിന്റെ ആദ്യപടിയായി ഇലക്ട്രിക് മൊബിലിറ്റി നയരൂപരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. നേരത്തെ അംഗീകരിച്ച കരട് നയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് അന്തിമനയം  അംഗീകരിച്ചത്.  സംസ്ഥാനത്ത് നിലവിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ പരമാവധി കുറച്ച് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2025 ഓടെ കെ.എസ്.ആർ.ടി.സി.യുടെ 6000 ബസുകൾ വൈദ്യുതിയിലേക്ക് മാറ്റുന്ന നടപടി ഇതോടെ ആരംഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വൈദ്യുതി അധിഷ്ടിതമാക്കും. ഇ-റിക്ഷ, ഇലക്ട്രിക് കാറുകൾ, ബൈക്കുകൾ തുടങ്ങി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഈ പോളിസിയുടെ അടിസ്ഥാനത്തിൽ  ഘട്ടം ഘട്ടമായി സംസ്ഥാനത്ത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബിയുടെ സഹായത്തോടെ ചാർജ്ജിംഗ് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്നതിനും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ സഹായത്തോടെ ഇ-റിക്ഷകൾ വ്യാപിപ്പിക്കുന്നതിനും ഇലക്ട്രിക് പോളിസി ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം ആരംഭിക്കും.
പുതുതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചു വർഷത്തെ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കാനും ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഒഴികെയുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ  ചെയ്യുമ്പോൾ  ആദ്യത്തെ  അഞ്ച്  വർഷത്തെ  നികുതിയിൽ  25 ശതമാനം ഇളവ് അനുവദിക്കാനും സംസ്ഥാന ബജറ്റിലും നിർദ്ദേശമുണ്ട്.
തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങളുടെയും വാഹനത്തിന്റെ ഭാഗങ്ങളുടെയും നിർമ്മാണം പ്രോൽസാഹിപ്പിക്കും.  കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ കീഴിൽ ഇ-ഓട്ടോകളുടെ നിർമ്മാണം, ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ നിർമ്മാണത്തിനുള്ള  യൂണിറ്റുകൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, സെൽ ടെക്നോളജി തുടങ്ങി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കാനാവും. ഇത് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ടിത സംരംഭങ്ങൾ തുടങ്ങുന്നതിന് യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here