മധു.കെ.
ദ്രൗപത്, നീ ഞങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. മാർച്ച് 8 ന്റെ ഉഷസ്സിന് മഞ്ഞിന്റെ നേർത്ത ആവരണവും ഇളംതണുപ്പും ഉണ്ടായിരുന്നു. നരഹരിഭഗവാന്റെ അഗ്നിലീല പകർന്നാടാൻ നിനക്കുവേണ്ടി പ്രകൃതിയുടെ തയ്യാറെടുപ്പാണതെന്ന് അപ്പോൾഞങ്ങൾക്കു മനസ്സിലായിരുന്നില്ല. കനൽക്കൂമ്പാരം കണ്ട് മനസ്സൊന്നു പിടഞ്ഞ സമയത്താണ് അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ അഭിപ്രായപ്രകടനം. “കഴിഞ്ഞ രണ്ടു വർഷവും ഇവിടെ ഒറ്റക്കോലം ഗംഭീരമായിരുന്നു. ഈ വർഷം പുതിയ ആളാ. എങ്ങനെയാണെന്നറിയില്ല “.
പക്ഷെ നിന്നെക്കുറിച്ച് അത്തരം ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നില്ല. കാരണം തലേദിവസം കിലോമീറ്ററുകൾ താണ്ടി മാടായിക്കാവിൽനിന്ന് തൊഴുതൊരുങ്ങിവന്ന് ഉച്ചത്തോറ്റംചെയ്തതു കണ്ടവർക്കെല്ലാം മനസ്സിലായിരുന്നു വിഷ്ണുമൂർത്തി നിന്നിൽ പ്രസാദിച്ചിരിക്കുന്നുവെന്ന്. അതുകൊണ്ടല്ലേ ആ കൊടിയില പിടുത്തത്തിനും മേലേരി പ്രദക്ഷിണത്തിനും അത്രമാത്രം ഗരിമ കൈവന്നത് ! ആദ്യമായി ഒറ്റക്കോലം ചെയ്യുന്നതിന്റെ യാതൊരു ചാഞ്ചല്യവും നിന്നിലുണ്ടായിരുന്നില്ല. ഒരു കോലക്കാരനെ സംബന്ധിച്ചിടത്തോളം സായൂജ്യനിമിഷങ്ങളാണെങ്കിലും വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം പ്രേക്ഷക മനസ്സിനെ അല്പം വ്യാകുലപ്പെടുത്താതിരിക്കില്ല.എന്നാൽ തലപ്പാളി കെട്ടി ഉട ധരിച്ച് രൗദ്രരൂപിയായി നീ കടന്നുവന്നപ്പോൾ കണ്ടുനിന്നവരുടെ ആശങ്ക കുറഞ്ഞു. പിന്നെ അവിടെ സംഭവിച്ചത് പുതിയ ചരിത്രം.
119 തവണ നീ അഗ്നിയെ മാറോടണച്ചെന്ന് അതു ശ്രദ്ധിച്ചവർ സാക്ഷ്യപ്പെടുത്തുന്നതു കേട്ടു. നിന്റെ അടിയുറച്ച വിശ്വാസത്തിനും ഭക്തിക്കുമൊപ്പം ഗുരുക്കന്മാരുടെ അനുഗ്രഹവും നിന്നെ സ്നേഹിക്കുന്നവരുടെ സഹകരണവും പ്രാർത്ഥനയും ഈ സുമൂഹർത്തത്തെ സുഗമമാക്കാൻ നിന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പക്ഷെ അതിൽ ഏറ്റവും പ്രധാനമായത് നിന്റെ ഇടവും വലവും നിന്ന് കണ്ണും കൈയും കാലുമെന്നപോലെ നിന്നെ പരിപാലിച്ച രണ്ട് ഏട്ടന്മാരായിരുന്നു , അർജുൻ പണിക്കരും അക്ഷയ്പണിക്കരും. ഇന്നത്തെക്കാലത്ത് അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഇത്തരം സാഹോദര്യബന്ധം എന്നും നിലനില്ക്കണമേയെന്ന് ഞങ്ങളും പ്രാർത്ഥിക്കുകയാണ്. അതിനെല്ലാമുപരിയാണ് ഗുരുവിന്റെ അനുഗ്രഹാശിസ്സുകളും രക്ഷിതാവിന്റെ വാത്സല്യവും നിറഞ്ഞ കണ്ണും മനസ്സുമായി സദാ നിന്നോടൊപ്പമുളള അച്ഛൻ ശ്രീ.ഗോപി പണിക്കരുടെ
സാന്നിദ്ധ്യം.
ദ്രൗപത്, നിന്നിലൂടെ കുണ്ടത്തിൻ കാവ് ഒരിക്കൽക്കൂടി അതിന്റെ പെരുമ കാത്തു. കണ്ണൂർ ജില്ലയിൽ ഒറ്റക്കോലത്തിനു ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണല്ലോഇത്. കുന്നിൻ ചെരിവിൽ എല്ലാവർക്കും കാണാനെന്നപോലെ പ്രകൃതി തെയ്യത്തിനുവേണ്ടി സൃഷ്ടിച്ച അതിമനോഹരമായ സ്ഥലം. പഴയങ്ങാടിനിന്ന് ഏതാണ്ട് രണ്ടുകിലോമീറ്റർ പോയാൽ ചെങ്ങൽ പുതിയഭഗവതി ക്ഷേത്രത്തിൽ(കുണ്ടത്തിൻ കാവ്)എത്താം. പുതിയഭഗവതിക്കും വിഷ്ണുമൂർത്തിക്കും പുറമെ ഈ ക്ഷേത്രത്തിൽ വീരൻ,വീരാളി, കണിയാൽഭഗവതി,
ഗുളികൻ തുടങ്ങിയ ദേവീദേവന്മാരുമുണ്ട്. എങ്കിലും ഒറ്റക്കോലത്തിലൂടെയാണിവിടം ഏറെപ്രശസ്തമായത്. നിരവധി പ്രശസ്തരായ കോലക്കാർ വിഷ്ണുമൂർത്തിയായി അഗ്നിയെ പുണർന്ന മണ്ണാണിത്.
ഇവിടെ ഒറ്റക്കോലംചെയ്ത കോലക്കാരന് വേറെയെവിടേയും നിഷ്പ്രയാസം ചെയ്യാമെന്നാണ് അനുഭവസ്ഥരായ കോലക്കാർ ഉൾപ്പെടെയുളളവരുടെ അഭിപ്രായം.അതിനൊരു കാരണവുമുണ്ട്. ഒറ്റക്കോലത്തിന് രണ്ട് തോറ്റങ്ങൾ (ഉച്ചത്തോറ്റവും,അന്തിതോറ്റവും) നിർവ്വഹിക്കേണ്ട അപൂർവ്വ സ്ഥലങ്ങളിലൊന്നാണിത്.
ഇതു രണ്ടും കഴിഞ്ഞ് ക്ഷീണിതനാകുന്ന കോലക്കാരന് താരതമ്യേന വലിയ മേലേരിയിൽ അഗ്നിപ്രവേശം വിജയിപ്പിക്കണമെങ്കിൽ അതിരറ്റ ആത്മധൈര്യവും ശാരീരികക്ഷമതയും വേണം. അതെല്ലാംകൈവരിക്കാൻ
കഴിഞ്ഞുവെന്ന് ദ്രൗപത് , നീ തെളിയിച്ചു കഴിഞ്ഞു.
ഈ ബൃഹദ് പ്രപഞ്ചത്തിൽ നാമറിഞ്ഞത് അല്പം മാത്രമാണെന്നും അതിന്റെ സഹസ്രകോടി മടങ്ങ് അറിയാൻ ബാക്കിയാണെന്നും തിരിച്ചറിഞ്ഞ് വിനയാന്വിതനാവുകയും ആ അറിവിന് കാരണഭൂതരായവർ നമ്മുടെ ഗുരുക്കന്മാരാണെന്ന് സദാ ഓർമ്മിക്കുകയും ചെയ്താൽ വിജയം എന്നും നിനക്കൊപ്പമുണ്ടാകും.
അതിനു കഴിയട്ടെയെന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.
അടിക്കുറിപ്പ് :
———————-
കുണ്ടത്തിൻകാവിൽ ഒരു സായംസന്ധ്യ മുതൽ ഉഷസ്സന്ധ്യ വരെ ഒപ്പമുണ്ടായിരുന്ന, തെയ്യങ്ങളുടേയും കാവുകളുടേയും മിത്തുകളിലും ചരിത്രങ്ങളിലും ഒരുപാടറിവു പകർന്നു തരികയും തൃച്ചംബരത്തെ ഉത്സവം കാണാനുളള ഭാഗ്യം ഉണ്ടാക്കിത്തരികയും ചെയ്ത പ്രിയ സുഹൃത്ത് അർജുൻ രവീന്ദ്രന് സ്നേഹം,കടപ്പാട്.