അവഗണനയെ സംഗീതമാക്കിയ അരനൂറ്റാണ്ട്..

0
1004

സോമൻ പൂക്കാട്

കാല യവനികക്കുള്ളിൽ മറഞ്ഞാൽ മാത്രം കണക്കെടുപ്പുകൾ നടത്താനും പ്രശംസിച്ച്‌ അനുശോചിക്കാനും മുതലക്കണ്ണീരൊഴുക്കാനും ഇത്രകണ്ട് വൈദഗ്ദ്യം കാണിക്കുന്ന ഒരു ജനവിഭാഗം മലയാളികളെ പോലെ മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്.
ജീവിച്ചിരിക്കുക എന്നതാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി എന്ന് തോന്നിപോകാറുണ്ട് ഇത്തരം കോലാഹലങ്ങൾ കാണുകയും കേള്ക്കുകയും ചെയ്യുമ്പോൾ. രോഗമുക്തി നേടി സന്തോഷത്തോടെ ഓഫീസിലെത്തിയ നായകൻ തന്റെ സഹപ്രവര്ത്തകൻ തന്നെക്കുറിച്ചഴുതി സൂക്ഷിച്ച മരണ കുറിപ്പ് മേശവലിപ്പിനകത്ത് കണ്ടു ഞട്ടിത്തരിച്ച്‌ ഹൃദയ വേദനയോടെ ഇറങ്ങി പോയി ആത്മഹത്യ ചെയ്യുന്നൊരു രംഗമുണ്ട് എം ടി വാസുദേവൻ‌ നായരുടെ ‘സുകൃതം’ എന്ന സിനിമയിൽ. ഓർക്കുന്നില്ലേ കാണികളെ ഒന്നടങ്കം ഇരുത്തിച്ചിന്തിപ്പിച്ച ഹൃദയഭേദകമായ ആ രംഗം ?.
കാപട്യംനിറഞ്ഞ ഈ ലോകത്ത് അത് വെറുമൊരു സങ്കൽപ്പമല്ല ചിലരുടെയൊക്കെ ജീവിതമാണെന്ന് തോന്നിയിട്ടുണ്ട് ..

ഞാൻ ഇത്രയും എഴുതിയത് ഏതാണ്ട് 50 വർഷക്കാലം മലയാള സിനിമ സംഗീത ശാഖയിൽ എക്കാലത്തെയും മികച്ച മെലഡികൾ സൃഷ്ടിച്ചെങ്കിലും അതിനു തക്ക യാതൊരു അംഗീകാരവും ഗവര്മെന്റിൽ നിന്നും ലഭിക്കാതെ അവഗണയുടെ മടിത്തട്ടിൽ കിടക്കേണ്ടിവന്ന അർജ്ജുനൻ മാഷ് എന്ന മാഹാരഥനെക്കുറിച്ചു ഓർത്തപ്പോഴാണ്. ഇതാ ഈ വർഷം അദ്ദേഹത്തെ തേടി മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ഗവർമെന്റിന്റെ പുരസ്‌കാരം എത്തിയിരിക്കുന്നു.കാലം ഏറെ വൈകിയെങ്കിലും അത് കേട്ട് ആനന്ദാശ്രുക്കൾ പൊഴിക്കാനും അതേറ്റു വാങ്ങാനും അദ്ദേഹമുണ്ട് എന്നത് ആശ്വാസകരമാണ്.

മലയാള സിനിമയില് നിത്യഹരിതങ്ങളായ ഒട്ടനവധി ഗാനങ്ങള് സംഭാവന ചെയ്ത എം കെ അര്ജുനന് എന്ന അനുഗ്രഹീതനായ സംഗീത സംവിധായകനെ മലയാളികള് വേണ്ടത്ര അംഗീകരിക്കുകയോ പുരസ്കാരങ്ങള് നല്കി ആദരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില് സംശയമുണ്ട്. അര്ജുനന് മാസ്റ്റര് മലയാളികള്ക്ക് ആരാണ്? അദ്ദേഹം സംഗീതം നല്കിയിരുന്ന ഒരു ഗാനമെങ്കിലും മൂളാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ? അത് ചിലപ്പോള് ‘നിന് മണിയറയിലെ നിര്മല ശയ്യയിലെ നീല നീരാളമായി?’ എന്ന ഗാനമാകാം. അല്ലങ്കില് ‘വാല്ക്കണ്ണഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഉണര്ന്നു’ എന്നാകാം. അതുമല്ലെങ്കില് ‘ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിലുണ്ട്’ എന്ന ഗാനമാകാം. പക്ഷെ ഈഗാനങ്ങളൊക്കെ അര്ജുനന് മാസ്റ്ററുടേതാണ് എന്ന് തിരിച്ചറിഞ്ഞവര് എത്ര പേരുണ്ടാകും? അത്തരത്തില് എത്ര ഹിറ്റ് ഗാനങ്ങള്. നൂറോ ഇരുനൂറോ? എല്ലാം പാട്ടാസ്വാദകരുടെ മനസ്സില് നിത്യവസന്തം തീര്ത്തവ തന്നെ. എന്നിട്ടുമെന്തേ അര്ജുനന് മാസ്റ്റർ മറ്റുള്ളവരെ പോലെ ആദരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാതെ പോകുന്നത്? അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് മലയാള സിനിമ സംഗീത പുസ്തകത്തിന്റെ താളുകള് പൂര്ണ്ണമാകുമോ?

അർജുനൻ മാസ്റ്റർ, എടി. ഉമ്മർ, യേശുദാസ്, കെ. രാഘവൻ

ചിലര് മഹാന്മാരായി ജനിക്കുകയാണ്, മറ്റു ചിലരുടെ തലയില് മഹത്വം വര്ഷിക്കപ്പെടുകയാണ്. ചുരുക്കം ചിലര് തനിക്കന്യമായ ആ മഹത്വത്തെ സ്വ ജീവിതംകൊണ്ട് വെല്ലുവിളിയെന്നോണം ആര്ജ്ജിച്ചെടുക്കുകയാണ് ചെയ്യുന്നത്. വിശ്വപ്രസിദ്ധ നാടകകൃത്തായ ഷേക്സ്പിയറുടെ മഹാന്മാരെ കുറിച്ചുള്ള പ്രസ്തുത വിലയിരുത്തല് പ്രകാരം മലയാള സിനിമ ശാഖയില് അനശ്വരങ്ങളായ ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ കുലപതിയായ എം കെ അര്ജ്ജുനന് മാസ്റ്ററെ ഏതു ഗണത്തിലാണ് ഉള്പ്പെടുത്തുക? ജന്മംകൊണ്ട് മഹാനായിരുന്നില്ല അദ്ദേഹം. അതുപോലെ അദ്ദേഹത്തിന്റെ തലയില് ആരും തന്നെ മഹത്വം ധാരകോരി ഒഴിച്ചതുമല്ല. അദ്ദേഹം മലയാള സിനിമയില് വല്ലതുമായിട്ടുണ്ടെങ്കില് അത് അദ്ദേഹത്തിന്റെ കഠിനാധ്വാത്തിന്റെ ഫലമായി സാധ്യമായതാണ്. പ്രതിഭ ഉണ്ടായതുകൊണ്ടു മാത്രം ഒരാള്ക്ക് ജീവിതത്തില് വിജയിക്കാനാകില്ല. ഒപ്പം ഭാഗ്യത്തിന്റെ കരുണ കൂടി ഉണ്ടായാലേ മറ്റു പല രംഗത്തുമെന്ന പോലെ കലാരംഗത്തും വിജയിക്കാനാകുകായുള്ളൂ. അതുകൊണ്ടാണ് ‘ഞാന് ഭാഗ്യ നിര്ഭാഗ്യങ്ങളില് വിശ്വസിക്കുന്ന ആളാണ്. ടാലന്റ് കൊണ്ടുമാത്രം ഒരാള് രക്ഷപ്പെടുമെങ്കില് രാവിലെ രക്ഷപ്പെട്ട ഒരാള് ഉച്ചക്ക് എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്’ എന്ന് മലയാള സിനിമയിലെ ജീനിയസ്സുകളില് ഒരാളായ ശ്രീനി വാസന് ചോദിക്കുന്നത്. ഇത് ഒരു അര്ജുനന് മാസ്റ്ററുടെ മാത്രം കഥയല്ല. സംഗീത രംഗത്ത് വിദ്യാധരന് മാസ്റ്ററെ പോലെ, കണ്ണൂര് രാജനെപോലെ, എ ടി ഉമ്മറെ പോലെ എത്രയോ മഹത്തുക്കള് ഈ ഗണത്തില്പെട്ട് പോയവരാണ്. വായില് വെള്ളിക്കരണ്ടിയുമായി ജനിച്ചവനായിരുന്നില്ല അര്ജ്ജുനന് മാസ്റ്റര്. അതുപോലെ വരേണ്യതയുടെ പളപളപ്പേറിയ കുപ്പായവും അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചിരുന്നില്ല.

ഒരു ഗാനം പിറവിയെടുക്കുന്നത് ഒരാളുടെ മാത്രം മിടുക്ക് കൊണ്ടല്ല. അത് സിനിമയുടെ തിരക്കഥയില് നിന്നും ആരംഭിച്ച് ഗാന രചയിതാക്കളിലൂടെ സംഗീത സംവിധായകരുടെയും അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനവധി വാദ്യോപകരണ വിദഗ്ധരുടെ അകമ്പടിയോടെ പിന്നണി ഗായകരുടെ ശബ്ദത്തിലൂടെ നാം കേള്ക്കുയാണ്. ഇതിനിടയില് നിര്മാതാക്കളുടെയും സംവിധായകരുടേയും ഇഷ്ടാനിഷ്ടങ്ങളും കൂടി അനുകൂലമാകുമ്പോഴേ ആ ഗാനം നമ്മുടെ കാതുകളില് തേന്മഴയായി വന്നുപതിക്കുകയുള്ളൂ. അതായത് ഒരു ഗാനം ചിട്ടപ്പെടുത്തി സിനിമയില് ചിത്രീകരിക്കപ്പെടുന്നതിന് കടമ്പകളേറെയാണെന്നര്ഥം. ദേവരാജന് മാസ്റ്ററെ പോലെയുള്ള സംഗീത സംവിധായകര് തങ്ങളുടെ സര്ഗ സൃഷ്ടിയുടെ ഒരു മേഖലയിലും മറ്റുള്ളവരുടെ ഇടപെടല് അനുവദിച്ചിരുന്നില്ല. എന്നാല് മറ്റു പലര്ക്കും തങ്ങളുടെ മികച്ച ട്യൂണുകള് നിര്മാതാക്കളുടേയും സംവിധായകരുടേയും ഇടപെടല് കാരണം ഹൃദയ വേദനയോടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.
ചില ഗാനങ്ങള് രചനാ ഗുണംകൊണ്ട് നമുക്ക് സ്വീകാര്യമാകുമ്പോള് മറ്റു ചിലത് ആലാപന മികവു കൊണ്ടാകും ആകര്ഷിക്കുന്നത്. എന്നാല് ഒരു ഗാനത്തിനും സംഗീതത്തിന്റെ ചിറകുകള് ഇല്ലാതെ ആസ്വാദകന്റെ ആകാശത്തേക്ക് പറന്നുയരാനാകില്ല. വാക്കുകള് കൂട്ടിച്ചൊല്ലാനാകാത്ത കിടാങ്ങളുടെ നാവിലും ഒരു ഈണം തത്തിക്കളിക്കുന്നുവെങ്കില് അത് ആ ഗാനത്തില് അന്തര്ലീനമായ സംഗീതത്തിന്റെ അകമ്പടി കൊണ്ട് മാത്രമാണ്. ഭാഷ അറിയാത്തവര് പോലും ഗാനം ആസ്വദിക്കുന്നത് സംഗീതത്തിന്റെ മാധുര്യം നുണഞ്ഞുകൊണ്ടാണ്. ഹിന്ദി ഗാനങ്ങള്ക്ക് ഇത്രമാത്രം ആഗോള പ്രചാരം സിദ്ധിച്ചത് എല്ലാവര്ക്കും ഹിന്ദി അറിവുള്ളത് കൊണ്ടാണോ? ഒരു ഗാനത്തിന്റെ സംഗീതമാണ് നമ്മുടെ മനസ്സിലേക്കും ഓര്മയിലേക്കും ആദ്യം പാദമൂന്നി എത്തുന്നത്. അതിന് അകമ്പടിയായേ പദാവലികള് അനുഗമിക്കുകയുള്ളൂ.ഒരു ഗാനത്തിന് സംഗീത സംവിധായകന്റെ പങ്ക് എത്രമാത്രം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇത്തരം സാഹചര്യത്തില് നൂറുകണക്കിന് സൂപ്പര് ഹിറ്റ് ഗാനങ്ങള് കൈരളിക്ക് ഈടുവെപ്പായി നല്കിയ ഒരു സംഗീത സംവിധായകന് ദേവരാജന് മാസ്റ്ററെ പോലെ, ബാബുരാജിനെ പോലെ, ദക്ഷിണാമൂര്ത്തിയെ പോലെയോ രാഘവന് മാസ്റ്ററെ പോലെയോ പ്രഥമ പന്തിക്ക് ഇലയിട്ടിരുത്തുവാന് നമ്മുടെ സിനിമാ ലോകവും ആസ്വാദക ലോകവും വൈമനസ്യം കാണിക്കുന്നത് എന്തുകൊണ്ടായിരിക്കും? കര്ണാട്ടിക് സംഗീതത്തിന്റെ ഗരിമ പോരായ്മ കൊണ്ടാകുമോ? അതോ പ്രേംനസീറിന്റെ കമ്മേഷ്യല് പടങ്ങളിലെ മെലെഡികള് ഒരുക്കിയത് കൊണ്ടാകുമോ? ‘രവിവര്മ്മ ചിത്രത്തിന് രതി ഭാവമോ രഞ്ജിനി രാഗത്തിന് രോമാഞ്ചാമോ’ (രാജു റഹിം), ‘കണ്ണീരിന് കവിതയിതെ കരകവിയും കഥന മിതെ’ (നിറമാല), ‘ഉറങ്ങാന് കിടന്നാല് ഓമനേ നീ ഉറക്കു പാട്ടാകും’ (പദ്മരാഗം), ‘അനുരഗമേ അനുരഗമേ മധുരമാധുരമാമനുരാഗമേ’ (ഹലോ ഡാര്ലിംഗ്), ‘ദ്വാരകെ ദ്വാരകെ ദ്വാപര യുഗത്തിലെ പ്രേമ സ്വരൂപന്റെ’ (ഹലോ ഡാര്ലിംഗ്), ‘യദുകുല രതി ദേവനെവിടെ രാധേ യദുകുല രതി ദേവനെവിടെ’ (റസ്റ്റ് ഹൗസ്), ‘മാനത്തിന് മുറ്റത്തു മഴവില്ലാല് അയല് കെട്ടും’ (കറുത്ത പൗര്ണമി), ‘നക്ഷത്ര കിന്നരിമാര് വിരുന്നു വന്നൂ’ (പുഷ്പാഞ്ജലി), ‘ചന്ദ്ര രശ്മി തന് ചന്ദന നദിയില് സുന്ദരിയാമൊരു മാന്പേട’ (അന്വേഷണം), ‘ഭാമിനി ഭാമിനി പ്രപഞ്ച ശില്പികളുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ലോ നീ’ (ആദ്യത്തെ കഥ) തുടങ്ങിയ ഗാനങ്ങളെല്ലാം കേവലം അടിപൊളി ഗാനങ്ങളായി മാത്രം പരിഗണിക്കാവുന്നവയാണോ? പ്രതിഭ ആംഗീകരിക്കപ്പെടുമെങ്കില് എന്തുകൊണ്ടാണ് അര്ജുനന് മാസ്റ്റര്ക്ക് മലയാള സിനിമാ സംഗീത രംഗത്ത് മറ്റുള്ളവരെപോലെ ആദരവും അംഗീകരവും ലഭിക്കാതെ പോയത്? ഒരു അവാര്ഡ് പോലും ലഭിക്കാതെ പോയത്? സിനിമാ രംഗത്തെ രാഷ്ട്രീയ ചേരിതിരിവില് എവിടെയും ചെക്കേറാന് പറ്റാതെ പോയൊരു ഹതഭാഗ്യനാണ് യഥാര്ഥത്തില് അര്ജുനന് മാസ്റ്റര്. ശ്രീകുമാരന് തമ്പി- അര്ജുനന് കൂട്ടുകെട്ട് എന്നാല് ഒരു കാലത്ത് ഹിറ്റുകളുടെ കോംബിനേഷന്റെ അപരനാമമായിരുന്നു. വയലാര്- ദേവരാജന്, പി ഭാസ്ക്കരന്- ബാബുരാജ്, തമ്പി- അര്ജുനന് എന്നീ സംഗീത കൂട്ടുകെട്ടുകള് തമ്മില് അക്കാലത്ത് ആരോഗ്യകരമായൊരു മത്സരം തന്നെ നടന്നുവെന്ന് പറയുന്നതാകും ശരി. അത് മലയാള സിനിമ ഗാനശാഖയുടെ സുവര്ണ യുഗത്തിനു തന്നെ കാരണമായി തീര്ന്നു.
ഫോര്ട്ട് കൊച്ചിയിലെ മാളിയേക്കല് കൊച്ചുകുഞ്ഞിന്റേയും പാര്വതിയുടെയും 14 മക്കളില് പതിനാലാമനായാണ് അര്ജുനന് ജനിച്ചത്. ആറ് മാസം പ്രായമായിരിക്കെ അച്ഛന് മരിക്കുകയും കുടുംബം അനാഥവും ദരിദ്രവുമായി തീരുകയും ചെയ്തു. കഷ്ടപ്പാടുകള് സഹിക്കാനാകാതെ അമ്മ പാര്വതി അര്ജുനനെയും ചേട്ടന് പ്രഭാകരനേയും പളനിയിലുള്ള ജീവചൈതന്യ ആശ്രമത്തിലേക്ക് അയക്കുകയും അവിടെ വെച്ച് അവര് പായ നെയ്യാന് പഠിക്കുന്നതിനിടയില് സന്ധ്യ നേരത്തെ ഭജനകളില് പാടി തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. അര്ജുനന്റെ പാടാനുള്ള കഴിവ് കണ്ടറിഞ്ഞ ആശ്രമ ഗുരു അദ്ദേഹത്തെ കുമാരപിള്ള എന്ന സംഗീത തപസിയുടെ കീഴില് സംഗീത അഭ്യാസത്തിന് അയക്കുകയായിരുന്നു. ഏഴ് വര്ഷത്തെ ആശ്രമ ജീവിതത്തിനിടയില് ഗീതങ്ങളും വര്ണ്ണങ്ങളും പഠിച്ചു. പിന്നീട് നാട്ടില് തിരിച്ചെത്തിയ അര്ജുനന് 14 വയസ്സ് വരെ മറ്റു ജോലികളില് ഏര്പ്പെട്ടതോടൊപ്പം ഹാര്മോണിയം വാദനവും തുടര്ന്നു. ഇതിനിടയില് നാട്ടിലെ ചില അമേച്വര് നാടകങ്ങള്ക്ക് സംഗീത സംവിധാനം നിര്വഹിച്ച് സംഗീതത്തിലെ പ്രാവീണ്യം തെളിയിച്ചു. തുടര്ന്ന് കെ പി എ സി അടക്കമുള്ള പ്രൊഫഷണല് നാടകങ്ങള്ക്ക് സംഗീതമൊരുക്കി പ്രസിദ്ധനായിത്തീര്ന്നു.

1961ല് കേരളത്തിലെ പ്രശസ്ത നാടക സമിതിയായ കാളിദാസ കലാകേന്ദ്രത്തില് വെച്ച് ദേവരാജന് മാസ്റ്ററെ കാണുകയും അത് ജീവിതത്തിന്റെ വഴിത്തിരിവാകുകയും ചെയ്തു. ദേവരാജന് മാസ്റ്റര്ക്ക് അക്കാലത്തൊരു ഹാര്മോണിസ്റ്റിനെ ആവശ്യമുണ്ടായിരുന്നു. നല്ലൊരു ഹാര്മോണിസ്റ്റായ അര്ജുനനും ദേവരാഗങ്ങളുടെ ശില്പിയായ മാഷും തമ്മിലുള്ള സൗഹൃദം ഏതാണ്ട് അഞ്ചര പതിറ്റാണ്ട് നീണ്ടുനില്ക്കുകയുണ്ടായി. 1968ല് നാടകകൃത്തായ സി പി ആന്റണി കറുത്ത പൗര്ണമി എന്നൊരു ചിത്രം നിര്മിക്കാന് തീരുമാനിക്കുകയും അതിന്റെ സംഗീത സംവിധാന ചുമതല അര്ജുനനെ ഏല്പ്പിക്കാന് തയ്യാറാവുകയും ചെയ്തു. രചന പി ഭാസ്ക്കരന് മാസ്റ്ററായിരുന്നു. എന്നാല് നിര്മാതാവും സംവിധായകനും അര്ജുനന്റെ കാര്യത്തില് രണ്ട് നിലപാടുകള് സ്വീകരിച്ചപ്പോള് തര്ക്ക പരിഹാരമെന്ന നിലയില് ഭാസ്ക്കരന് മാസ്റ്റര് ഇടപെടുകയും തന്റെ മൂന്ന് പാട്ടുകള്ക്ക് ഈണമിടാന് ഭാസ്ക്കരന് മാസ്റ്റര് അര്ജുനനെ ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ മലയാള ചലച്ചിത്ര ശാഖയിലെ എക്കാലത്തേയും ഹിറ്റുകളായ ജാനകിയമ്മ പാടിയ ‘മാനത്തെ മുറ്റത്ത് മഴവില്ലാല് അഴല് കെട്ടും മധുമാസ ചന്ദ്രലേഖ’ എന്ന ഗാനവും യേശുദാസിന്റെ ഹൃദയഹാരിയായ ശബ്ദത്തില് പിറന്ന ‘ഹൃദയമുരുകി നീ കരയില്ലെങ്കില് കഥനം നിറയുമൊരു കഥ പറയാം’ എന്ന ഗാനവും പിറന്നു.
തൊട്ടടുത്ത (1969) വര്ഷം ശ്രീകുമാരന് തമ്പിയുടെ രചനയില് ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ തമ്പി- അര്ജുനന് കൂട്ടുകെട്ട് സാന്ദ്രമായൊരു പാട്ടൊഴുക്കിന്റെ പേരായി മാറുകയായിരുന്നു. ‘മുത്തിന് മുത്തയ മണി മുത്ത് കിട്ടി മുത്തം തരാനൊരു മരതകം കിട്ടി’, ‘പൗര്ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു’, ‘പാടാത്ത വീണയും പാടും’, ‘യമുനേ യദുകുല രതിദേവനെവിടെ രാധേ’ എന്നീഗാനങ്ങള് പാടാത്ത ഏതു ചുണ്ടുകളേയും പാടിക്കുമെന്ന അവസ്ഥ സൃഷ്ടിച്ചു. അര്ജുനന് എന്ന ഒരു പാവം മനുഷ്യന് ഇങ്ങനെയൊക്കെ സംഗീതം നല്കി ആസ്വാദകരെ വശീകരിക്കുമോയെന്നു സംശയം തോന്നിയ ചിലര് അദ്ദേഹം സംഗീതം ദേവരാജന് മാസ്റ്ററില് നിന്നും മറ്റും കടം കൊള്ളുകയാണെന്ന് ആരോപിക്കുക വരെയുണ്ടായി. അത് ഉറപ്പു വരുത്താനായി ‘പുഷ്പാഞ്ജലി’ എന്ന ചിത്രത്തിന്റെ നിര്മാതാവ് അര്ജുനന് മാസ്റ്ററെ ഒരു മുറിയില് തടവുകാരനാക്കി തന്റെ ചിത്രത്തിന്റെ പാട്ടൊരുക്കുവാന് ആവശ്യ പ്പെടുകയും അദ്ദേഹം അത് വിജയകരമായി കംപോസ് ചെയ്യുകയും ചെയ്തു. ആ പരീക്ഷണത്തില് നിന്നും മലയാളികള്ക്ക് ലഭിച്ചതാണ് എക്കാലത്തെയും ഹിറ്റുകളായ ‘പവിഴം കൊണ്ടൊരു കൊട്ടാരം പളുങ്കു കൊണ്ടൊരു കൊട്ടാരം’, ‘ദു:ഖമേ നിനക്ക് പുലര്ക്കാല വന്ദനം കാലമേ നിനക്കഭിനന്ദനം’, ‘നക്ഷത്ര കിന്നരിമാര് വിരുന്നു വന്നു നവരത്ന ചിത്രവേണി അണിഞ്ഞൊരുങ്ങി യാമിനി’, ‘പ്രിയതമേ പ്രഭാതമേ പുലരൊളി ചിന്നും’ എന്നീ അതിമനോഹരങ്ങളായ ഗാനങ്ങള്. ഇതില് പി സുശീല പാടിയ ‘നക്ഷത്ര കിന്നരിമാര്’ എന്ന ഗാനം സുശീലാമ്മയുടെ എക്കാലത്തേയും മികച്ച ഹിറ്റുകളില് ഒന്നായി തീരുകയും ചെയ്തു.

‘മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല’, ‘സിന്ദൂര പൊട്ടുതൊട്ടൂ ശൃംഗാരക്കയ്യും വീശി’ (രക്ത പുഷ്പം), ‘നിന് മണിയറയില് നിന് മലര് ശയ്യയിലെ നീല നിശീഥിനി നിന് മലര്വാടിയില്’ (സി ഐ ഡി നസീര്), ‘ചന്ദ്രരശ്മി തന് ചന്ദന നദിയിലെ സുന്ദരിയാമൊരു മാന്പേട’ (അന്വേഷണം), ‘ഭാമിനി ഭാമിനി പ്രപഞ്ച ശില്പ്പിയുടെ വെറുമൊരു പഞ്ചലോക പ്രതിമയല്ല നീ’ (ആദ്യത്തെ കഥ), ‘കുയിലിന്റെ മണിനാദം കേട്ട് കട്ടില് കുതിര കുളമ്പടി കേട്ട്’, ‘നക്ഷത്രക്കണ്ണുള്ള സുന്ദരി പെണ്ണെ നാടന് പൈങ്കിളി പെണ്ണെ’, ‘ആദമിന്റെ സന്തതികള് ആവേലും ആയേലും’, ‘പാലാഴി കടവില് പഞ്ചമി വിടരും കടവില്’ (പത്മവ്യൂഹം), ‘മുത്തു കിലുങ്ങി മണി മുത്തു കുലുങ്ങി’ (അജ്ഞാത വാസം), ‘പരിഭവിച്ചോടുന്ന പവിഴക്കിളി നിന്റെ പരിഭവവും ഒരു കവിത’ (പച്ച നോട്ടുകള്), ‘സ്വയംവര കന്യകേ സ്വപ്ന ഗായികേ’ (യാമിനി), ‘സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു’ (ഇത് മനുഷ്യനോ), ‘മല്ലികപ്പൂവിന് മധുര ഗന്ധം നിന്റെ മന്ദസ്മിതം പോലും’ (ഹണി മൂണ്), ‘പാതിരാ നക്ഷത്രം കതകടച്ചു വസന്തമിന്നൊരു ചന്ദ്രികയായോ ചന്ദ്രിക ഇന്നൊരു വസന്തമായോ ലജ്ജാവതി ലജ്ജാവതി നിന് മിഴികളടഞ്ഞോ’ (പുലിവാല്), കണ്ണീരിന് കവിതെയിതെ’ (നിറമാല), ‘തേടിത്തേടി ഞാന് അലഞ്ഞു പാടിപ്പാടി’, ‘ചെട്ടി കുളങ്ങരെ ഭരണി നാളില്’, ‘ഈ ചിരിയോ പൂച്ചിരിയായി നിന് അധരത്തില്’ (സിന്ധു), ‘പൂവിനു കോപം വന്നാല് അത് മുള്ളായി മാറുമോ’, ‘നാല് കാലുള്ളൊരു നങ്ങേലി പെണ്ണിനെ ജയിക്കാനായി ജനിച്ചവന് ഞാന്’, ‘സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില് തരി വളകള്’ (ചട്ടമ്പി കല്യാണി), ‘ഉറങ്ങാന് കിടന്നാല് ഓമനേ നീ ഉറക്ക് പാട്ടാകും’, ‘ഉഷസ്സും സ്വര്ണത്താമര വിരിഞ്ഞു ഉപവനങ്ങള്’ (പദ്മരാഗം), ‘തിരുവോണപ്പുലരിയില് തിരുമുല് കാഴ്ച കാണാന്’, എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയസ്വരി’ (തിരുവോണം), ‘മല്ലിശായക നിയെന് മനസ്സില്’ (സൂര്യവംശം), ‘അനുരാഗമേ അനുരാഗമെ’ (ഹലോ ഡാര്ലിംഗ്), കാറ്റിന് ചിലമ്പൊലിയോ, ദ്വാരകെ ദ്വാരകെ ദ്വാപര യുഗ (ഹലോ ഡാര്ലിംഗ്), രാരിരം പാടുന്നു രാക്കിളി, ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ, ശില്പ്പികള് നമ്മ, വാല്ക്കണ്ണെഴുതി വന പുഷ്പം ചൂടി, ഓടിപ്പോകും വസന്ത കാലമേ (പിക്നിക്), സ്നേഹ ഗയികേ നിന് സ്വപ്നവേദിയി, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, സ്നേഹത്തില് പൊന് വിലക്കെ ത്യാഗത്തില് (പ്രവാഹം), തളിര വലയോ താമര വലയോ താളിപ്പും വലയോ പൂതുരെയിലരയന്റെ പൊന്നനുജത്തി (ചീനവല), സങ്കല്പ്പത്തില് സ്വര്ണ മരം പൂത്തുലഞ്ഞു, പൂക്കളെ പോലെ ചിരിക്കണം (സീമന്ത പുത്രനെ), സുമംഗലാതിര രാത്രി ഇന്ന് (സ്വിമ്മിംഗ് പൂള്), സ്വപ്നഹാര മണിഞ്ഞെത്തും മദന ചന്ദ്രികയോ, ഉദയ ദ്വീപിക കണ്ടു തോഴുതുന്ന പുലര്കാല മേഘങ്ങള് (പിക്ക് പോക്കറ്റ്), രണ്ടു നക്ഷത്രങ്ങള് കണ്ടു മുട്ടി, വിധുമുഖി നിന് ചിരി കണ്ടു തൊഴുന്നേ (കന്യാ ദാനം), മൈലാഞ്ചി കാട്ടിലെ പാറി പറന്നു വന്ന (കായംകുളം കൊച്ചുണ്ണിയുടെ മകന്), അഷ്ടമംഗല്ല്യ സുപ്രഭാതത്തില് അര്ച്ചന പുഷ്പമായി (ചെന്നായ വളര്ത്തിയ കുട്ടി), ആയിരം അജന്ത ശില്പങ്ങളെ ആ മഹാബലിപുര (ശംഖു പുഷ്പം), ആയിര വല്ലിതന് തിരുനടയില് (ആശിര്വാദം), തിരയും തീരവും ചുംബിച്ചുറങ്ങി (അവള് വിശ്വസ്തയായിരുന്നു), ചെമ്പക തൈകള് പൂത്ത മാനത്തെ പൊന്നമ്പിളി, ശാഖനഗത്തില് ശശികാന്തം ചൊരിയും (കാത്തിരുന്ന നിമിഷം), രവിവര്മ്മ ചിത്രത്തിന് (രാജു റഹിം), എല്ലാ ദുഃഖവും എനിക്ക് തരൂ എന്റെ പ്രിയ സഖി പോയി വരൂ…… ഈ ഗാനങ്ങളെല്ലാം ഒരു തവണയെങ്കിലും മൂളാത്തവരായി കേരളക്കരയില് ആരുമുണ്ടായിരുന്നില്ല എന്നതല്ലേ വാസ്തവം. ഇന്നും അവ പ്രിയ ഗാനങ്ങള് തന്നയാണ് മലയാളികള്ക്ക്.

ആധുനിക റോക്ക് സംഗീതത്തിനിടയിലും മലയാളി മനസ്സറിഞ്ഞു കേള്ക്കുന്നത് ഒരു കാലത്ത് അര്ജുനന് മാസ്റ്ററെ പോലെയുള്ള പ്രതിഭകള് സൃഷ്ടിച്ച കാലത്തെ അതിജീവിക്കുന്ന ഇത്തരം ഗാനങ്ങള് തന്നയാണ്.
ജോളി അബ്രഹാം, സുജാത, ജാന്സി എന്നീ പിന്നണി ഗായിക- ഗായകന്മാരെ മലയാളത്തിനു പരിചയപ്പെടുത്തിയത് അര്ജുനന് മാസ്റ്ററായിരുന്നു. കീ ബോര്ഡ് ആര്ട്ടിസ്റ്റായും പിന്നീട് ഒട്ടനവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതമൊരുക്കി പ്രസിദ്ധനായിത്തീര്ന്ന ആര് കെ ശേഖര് (എ ആര് റഹ്മാന് എന്ന ലോകപ്രശസ്ത സംഗീതജ്ഞന്റെ പിതാവ്) അര്ജുനന് മാസ്റ്ററുടെ ശിഷ്യനായാണ് കരിയര് ആരംഭിച്ചത്. ശ്രീകുമാരന് തമ്പി- അര്ജുനന് കൂട്ടുകെട്ട് മലയാള സിനിമ സംഗീത്തിന്റെ സാന്ദ്രമായൊരു പാട്ടൊഴുക്ക് കാലത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. 1969ല് റസ്റ്റ്ഹൗസ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച മെലഡി രാജാക്കന്മാരുടെ ആ പ്രതിഭാ വിളയാട്ടം 2017 ൽ ജയരാജിന്റെ ‘ഭയാനകം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ സംസ്ഥന ഗവർമെന്റിന്റെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം അർജ്ജുനൻ മാസ്റ്റർ നേടിയടുത്തിരിക്കുന്നു.

നാടകങ്ങള്ക്ക് സംഗീതമൊരുക്കിയതിന് 14 തവണ കേരള സംസ്ഥാന പുരസ്കാരം ലഭിച്ചെങ്കിലും ആദ്യമായാണ് സിനിമ ഗാനത്തിലൂടെ ഒരു പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.ഓരോ മനുഷ്യനും ഭൂമിയില് ചുരുങ്ങിയത് ഒരടയാളമെങ്കിലും അവശേഷിപ്പിക്കുമെന്നിരിക്കെ അര്ജുനന് മാസ്റ്ററും തന്റേതായ ഒരു മുദ്ര നമ്മുടെയെല്ലാം മനസ്സില് സൃഷ്ടിച്ചുവെച്ചിട്ടുണ്ട്, തന്റെ അനശ്വരമായ ഒരുപിടി മെലഡികളിലൂടെ.
അദ്ദേഹം മലയാള ചലച്ചിത്ര ഗാനശാഖക്ക് നല്കിയ നിസ്തുല സംഭാവനകള് മാനിച്ചു ജെ സി ഡാനയേല് പുരസ്ക്കാരം നല്കി അര്ജുനന് മാസ്റ്ററെ ആദരിക്കണമെന്ന ആഗ്രഹം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു. (ചില അറിവുകല്ക്ക് നെറ്റിനെ ആശ്രയിചിട്ടുണ്ട്.)

LEAVE A REPLY

Please enter your comment!
Please enter your name here