ചലച്ചിത്ര ലോകത്തെ നിശ്ചല ചിത്രങ്ങളുടെ 55 വര്‍ഷങ്ങള്‍

0
615

ശരണ്യ. എം 

സിനിമയിലെ ക്യാമറാമാൻ ആകണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് പി. ഡേവിഡ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്.1960 മുതൽ സിനിമയിലെ സജീവ സാന്നിധ്യം, ചരിത്രം രേഖപ്പെടുത്തിയ മനോഹര ചിത്രങ്ങൾ തന്റെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത നീണ്ട 55  വർഷങ്ങൾ. മലയാളം, തമിഴ് , തെലുങ്കു, കന്നഡ തുടങ്ങി ഭാഷകൾക്കപ്പുറം ഫോട്ടോകൾ കഥ പറഞ്ഞ കാലം.

22 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടന്നപ്പോൾ പി. ഡേവിഡിന്റെ ചിത്രങ്ങൾ ആയിരുന്നു മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ചരിത്രത്തിലേക്കുള്ള മടക്കയാത്ര, സിനിമാ താരങ്ങൾക്കപ്പുറം പിന്നണിയിലെ ഓരോ വ്യക്തിയും ഡേവിഡിന്റെ ക്യാമറയിൽ പതിഞ്ഞു. ഒരു ലക്ഷത്തിലേറെ ഫോട്ടോകൾ ഇന്നും നിധി പോലെ സൂക്ഷിക്കുന്നത് സിനിമയോടും ക്യാമറയോടുമുള്ള അടങ്ങാത്ത പ്രണയം ഒന്നു കൊണ്ട് തന്നെ ആണ്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ നിന്നും കളർ ഫോട്ടോയിലേക്കും, ഫിലിം ക്യാമറയിൽ നിന്നും ഡിജിറ്റൽ ക്യാമറകളിലേക്കുള്ള മാറ്റത്തെകുറിച്ച് വാചാലമാകുന്ന ഡേവിഡ്, പണ്ട് കാലത്ത് ഫിലിം ഫോട്ടോകളായി കയ്യിൽ വേരുന്നത് വരെയുള്ള കാത്തിരിപ്പിന്റെ കഥ പറയുന്നുണ്ട്.

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സാഹിത്യകാരൻ എം.ടി ആണെന്ന് പറയുമ്പോൾ തന്നെയും, സത്യൻ, നസിർ എന്നിവരെ അടുത്ത് കാണുവാനുള്ള ആഗ്രഹം ഈ ജോലിയിൽ പ്രവേശിക്കുമ്പോൾ തനിക്ക് അതിയായി ഉണ്ടായിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

മലയാള സിനിമയിൽ ഇന്ന് ദൃഢതയുള്ള ബന്ധങ്ങൾ കുറവാണെന്നും, പഴയകാല സിനിമ ജീവിതത്തെ കുറിച്ച്  ഓർക്കുമ്പോൾ ഒരു കുടുംബം പോലെ കഴിഞ്ഞ സഹപ്രവർത്തകരെയാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ നിന്നും മലയാള സിനിമയുടെ വേരുകൾ കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഡേവിഡിന് ചെന്നൈയിൽ നിലനിൽക്കേണ്ടി വന്നു. കേരളത്തിൽൽ മികച്ച ഫോട്ടോഗ്രാഫർമാർ അന്നും ഇന്നും ഉണ്ടെന്നത് കേരളത്തിലേക്കുള്ള തിരിച്ചുവിളികളെ നിരസിക്കാൻ കാരണമായി.

കോഴിക്കോട് പോലെ കലാകാരന്മാരെ സ്നേഹിക്കുകയും കലയെ അംഗീകരിക്കുകയും ചെയുന്ന മണ്ണിൽ  പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിക്കപ്പടുന്നത് എന്തുകൊണ്ടും സ്വാഗതാർഹമായ മുന്നേറ്റമാണ്. കലയും കലാകാരന്മാരും അനാവശ്യമായി പോലും വേട്ടയാടപ്പെടുന്ന കാലഘട്ടത്തിൽ ഇത് എടുത്തുപറയേണ്ടിയിരിക്കുന്നു.

55 വർഷത്തിലേറെ നീണ്ട ഡേവിഡിന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം പകർത്തിയ ചിത്രങ്ങളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപെട്ടവയും വ്യത്യസ്തവുമായ ചിത്രങ്ങൾ ആണ് കനകക്കുന്ന് കൊട്ടാരത്തിൽ 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. ആ ചിത്രങ്ങളത്രയും കോഴിക്കോടിന്റെ മണ്ണിൽ അവതരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്ത്കിട്ടിയ ജന സ്വീകാര്യതയിലേറെ ഇവിടെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോകളിൽ നിറഞ്ഞു നിൽക്കുന്ന പലരും മൺ മറഞ്ഞ, ഓർമ്മയായ ചരിത്ര സത്യങ്ങളാണെന്നിരിക്കെ ക്യാമറയിൽ അവരെ പകർത്തിയ വ്യക്തി എന്ന നിലയിൽ  താൻ അതീവ ഭാഗ്യവാനാണെന്ന് അദ്ദേഹം ഓർക്കുന്നു.

കോഴിക്കോട് RIFFK യുടെ ഭാഗമായി നടക്കുന്ന ഡേവിഡിന്‍റെ ഫോട്ടോ പ്രദര്‍ശനം നാളെ എം. ടി ഉല്‍ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here