ഡോ.എം ദിവ്യ

0
535

സോഷ്യൽ മീഡിയ ഓരോരുത്തരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് വേറിട്ട രീതികളിലാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ മാറ്റി മറിക്കുക എന്നത് ചെറുതല്ലാത്ത കാര്യമാണ്. 24 മണിക്കൂർ മാത്രം ആയുസ്സുള്ള വീഡിയോ സ്റ്റാറ്റസിലുടെ പുതിയൊരു കാവ്യം രചിയ്ക്കുകയാണ് ഡോ.എം ദിവ്യ. തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ വൈലോപ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചറർ ആണ് ദിവ്യ. ഓരോ ദിവസവും ഒരു പുതിയ പ്രമേയം ടീച്ചറുടെ സ്റ്റാറ്റസ് വാളിൽ ഇടം നേടാറുണ്ട്. ഇന്ന് ചിലങ്കയാണെങ്കിൽ നാളെ വർണങ്ങൾ, അടുത്ത ദിവസം കാശ്മീർ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു സ്റ്റാറ്റസ് പ്രമേയങ്ങൾ. അപ്രതീക്ഷിതമായി കടന്നു വരുന്നവയാണ് പല പ്രമേയങ്ങളും. വ്യത്യസ്തമായ പ്രമേയങ്ങളിൽ 30 സെക്കന്റ്ദൈർഘ്യമുള്ള അനവധി വീഡിയോകൾ ഓരോ ദിവസവും സ്റ്റാറ്റസ് ആവുന്നു.
നാമെന്നോ മറന്നു പോയ ഗാനരംഗങ്ങൾ ഒരു മാത്ര തിരികെ വന്നത് പോലെ. ചിരപരിചിതമായ രംഗങ്ങൾ ആരുടെയും മനം കവരുന്നതാണ്. ഈറനണിയിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും കഴിവുള്ളതാണ് ഓരോ സ്റ്റാറ്റസും. തന്റെ ഗാലറിയിൽ വിരലോടിക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നു വരുന്ന ചില രംഗങ്ങൾ കോർത്തിണക്കി ആവാം പലപ്പോഴും സ്റ്റാറ്റസ് പ്രമേയം കണ്ടെത്തുന്നത്. 2019 ഏപ്രിൽ മാസം മുതലാണ് ദിവ്യ ടീച്ചർ തന്റെ കോണ്ടാക്റ്റസിലുള്ള വ്യക്തികൾക്കായി സ്റ്റാറ്റസ് ലോകം തുറന്നത്. വാരി വലിച്ചിടുന്ന സ്റ്റാറ്റസ്സിൽ നിന്നും അടുക്കും ചിട്ടയുമുള്ള ഓരോ പ്രമേയത്തെ ആസ്പദമാക്കിയുള്ള സ്റ്റാറ്റസ് വന്നത് പുതിയൊരു തുടക്കമായിരുന്നു. തുടക്കം ഒരു നോവലിന്റെ വരികൾ. അതിനു ശേഷം വരുന്നത് “ചൂളം വിളിക്കുന്ന തീവണ്ടി”യുടെ ചിത്രം പിന്നാലെ നിരവധി വീഡിയോകൾ ഒടുക്കവും നോവലിൻറെ വരികൾ തന്നെ. ടീച്ചറുടെ ഒരു ദിവസത്തെ സ്റ്റാറ്റസ് ഇങ്ങനെയാണ്. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവൽ സ്റ്റാറ്റസുകളിലൂടെ പുതു തലമുറയ്ക്ക് മുൻപിൽ തുറന്നു കാട്ടിയ ദിവ്യ ടീച്ചർ നാളത്തെ തലമുറക്ക് സോഷ്യൽ മീഡിയയുടെ മറ്റൊരു സാധ്യത തുറന്നു കാട്ടുകയാണ്.
34 അദ്ധ്യായങ്ങളുള്ള ഈ സമ്പൂർണ്ണ നോവൽ 380 സ്റ്റാറ്റസുകളിലൂടെയാണ് വായനക്കാരിൽ എത്തിച്ചത്. ഓരോ അദ്ധ്യായവും രണ്ടോ മൂന്നോ വാചകങ്ങൾ ഉൾപ്പെടുന്ന സ്റ്റാറ്റസുകളായിട്ടാണ് മൊബൈലിലൂടെ തന്റെ കോൺടാക്ടിൽ ഉള്ളവരുടെ അടുത്തേക്ക് കൊടുത്തത്. ഇതിലേറെയും ദിവ്യ പഠിപ്പിച്ച വിദ്യാർത്ഥികൾ ആണ്. നോവൽ പുരോഗമിക്കുന്നതിനിടെ കൂടുതൽ വായനക്കാർ വരികയും വൈറൽ ആവുകയും ആയിരുന്നു.
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ദിവ്യയുടെ ഗവേഷണപ്രബന്ധം ’എൻ.വി. കൃഷ്ണവാര്യരുടെ ഗദ്യസാഹിത്യം, ഒരു വിമർശനാത്മക പഠനം ‘ എന്നതായിരുന്നു. ആനുകാലികങ്ങളിൽ ദിവ്യയുടെ നിരവധി കവിതകളും കഥകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here