(നാടകം)
അനുഭവക്കുറിപ്പ് എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട്
കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം
(കഥാപാത്രങ്ങളായി മാറാത്തപ്പോൾ അലസമായി പോലും നടൻമാർക്ക് വേണമെങ്കിൽ പെരുമാറാവുന്ന തരം അരങ്ങ്. നടൻമാർ ഒന്നിച്ചെത്തുന്നു. ദഫ് മുട്ട് കലയുടെ രീതിയിലും അരങ്ങത്ത് എത്താവുന്നതാണ്. നടൻമാർ മരങ്ങളായും ചെടികളായും മാറുന്നു. അതിൽ ഒരു നടൻ ചിന്നക്കുട്ടുറുവനായി മരങ്ങളിലും ചെടികളിലും പഴങ്ങൾ തേടുന്നു.)
ചിന്നക്കുട്ടുറുവൻ: ( കാണികളെ നോക്കി) എന്താണ് അത്ഭുതത്തോടെ നോക്കുന്നത്? ഞാൻ ചിന്നക്കുട്ടുറുവൻ. തോട്ടങ്ങളിൽ പഴങ്ങൾ കായ്ച്ചോ മൂത്തോ തുടുത്തോ പഴുത്തോ എന്ന് വന്ന് നോക്കുന്ന ചിന്നച്ചിന്നച്ചിന്നക്കുട്ടുവൻ. ശബ്ദം പോലും കേൾപ്പിക്കാതെ ജെറ്റ് പോലെ പാറിവന്ന് പഴങ്ങൾ പാകം നോക്കി ജെറ്റ് പോലെ തന്നെ പറന്നു പോകുന്ന പക്ഷി.
കാണികളെ പ്രതിനിധീകരിച്ചു കൊണ്ട് മറ്റൊരു നടൻ കാണികൾക്ക് ഇടയിൽ നിന്ന്: അറിയാം. അറിയാം. പച്ച നിറമുള്ള, തലയിൽ തവിട്ടു നിറമുള്ള പക്ഷി. പേരമരമൊക്കെ പാട്ടത്തിനെടുക്കുന്ന പക്ഷി. കണ്ടിട്ടുണ്ട്. കണ്ടിട്ടുണ്ട്. ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.
ചിന്നക്കുട്ടുറുമ്പൻ: എങ്കിൽ നമുക്കൊരു കഥ പറയാം. ഒരു തോട്ടക്കാരൻ്റെ അനുഭവം കഥയായി പറയാം.
(നടൻമാർ അരങ്ങിൽ നിന്നും മാറുന്നു)
(പുതിയ വീട് സന്തോഷത്തോടെ ചുറ്റിക്കാണുന്ന ബാപ്പയായ ഇയ്യയും ഉമ്മയായ ഉമ്മക്കുൽസുവും മകൻ ഷംസുദ്ധീനും മകൾ സുൽഫത്തും.)
ഷംസുദ്ധീൻ: ബാപ്പാ, അങ്ങനെയങ്ങനെ സ്വന്തായിറ്റ് നമ്മക്കൊരു ബീടായി. എനി ബളപ്പ് നെറച്ച് ചെടി നടണം.
ഉമ്മക്കുൽസു: ഓൻ പറേണ ചേല്ക്ക് നെറച്ചും സൊയമ്പൻ ചെടി നടണം.
ഇയ്യ: കുറുക്കൻ്റെ ബാല് പോലുള്ള ചെടിയൊക്കെ ബാങ്ങിക്കൂട്ടാനൊക്കെ കൊണ്ടല്ലേ? ആനക്കാല് പോലുള്ള ചെടിയും. ഒറ്റത്തടി മരാച്ചാ തെങ്ങ്, കമുങ്ങ്, അജ്ജാതി മതി.
ഷംസുദ്ധീൻ: ബാപ്പ പയേ കച്ചോടബുദ്ധീ തന്നെ നിപ്പാണ് ബാപ്പ. കാലം മാറീക്ക്ണ്. കുറുക്കൻ്റെ ബാല് ബേണ്ടാച്ചാ ബേണ്ട. ആനക്കാല് മരോം ബേണ്ടാന്ന് ബെക്കാം. പച്ചേങ്കില് പയച്ചെടികള് നെറച്ചും ബേണം.
ഉമ്മക്കുൽസു: ഓൻ പറേണ ചേല്ക്ക് നെറച്ചും പയച്ചെടി ബേണം. ഇജ്ജാതി ബീട്ന് പയച്ചെടി ഇല്ലാണ്ട് നടക്ക്വോ?
ഇയ്യ: പയച്ചെടിയാച്ചാ ഞമ്മക്കും കൊയപ്പേല്ല.
ഷംസുദ്ധീൻ: റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഗ്വയാവാ
ഉമ്മക്കുൽസു: മേമി സപ്പോട്ട, അബിയു, ജബോട്ടിക്കാബ, മട്ടോവ, ഒലോസാപ്പോ, റെഡ് ഫൈസാൻ
ഇയ്യ: (അത്ഭുതത്തോടെ) ജ്ജ് ഇദൊക്കെ എട്ന്ന് പടിച്ച്, കുൽസൂ?
സുൽഫത്ത്: ബാപ്പാ ഇക്കാലത്ത് ഗൂഗ്ളിച്ച് പടിക്കാനാണോ പാട്? അല്ലുമ്മാ?
(ഉമ്മക്കുൽസു മൊബൈൽ ഫോൺ ഉയർത്തി കാണിച്ച് ഇയ്യയെ നോക്കി തലയെടുപ്പോടെ നിൽക്കുന്നു.)
ഉമ്മക്കുൽസു: ഞമ്മക്കെന്നാ ചക്കപ്പായി നേഴ്സറീലേക്ക് പോവാം, ബരീൻ.
( ഉമ്മക്കുൽസു ഓടിച്ചെന്ന് പർദ്ദയിട്ട് വരുന്നു.)
2
( ചരട് കൊണ്ട് തീർത്ത വണ്ടിയിൽ കയറി നാലുപേരും വാഹനത്തിൽ എന്ന പോലെ ഓടുന്നു.)
ഉമ്മക്കുൽസു: അദേദാ ചക്കപ്പായി നേഴ്സറി എത്തിപ്പോയ്.
(നാലുപേരും ചരടുവണ്ടിയിൽ നിന്നും ഇറങ്ങുന്നു.)
നേഴ്സറി തൊഴിലാളികളിൽ ഒരാൾ : തെങ്ങിൻ തൈ, കമുങ്ങിൻ തൈ, വാഴക്കന്ന്, മാവുംതൈ, പിലാത്തൈ ഒക്കേണ്ട്.
ഇയ്യ: ഞാള് ബന്നത് പയച്ചെടികള് ബാങ്ങാനേണ്. അജ്ജാദി തൈകള് കാണിക്കീൻ.
തൊഴിലാളികളിൽ മറ്റൊരാൾ: വരീൻ.
(നേഴ്സറിയിൽ തൊഴിലാളികൾക്കൊപ്പം ചെടികൾ കണ്ടു കൊണ്ട് കറങ്ങുന്നു.)
ഉമ്മുക്കുൽസു: (ഒരു തൈ ചൂണ്ടിക്കാണിച്ച് ) ആ തൈ ന്തേണ്?
തൊഴിലാളികളിൽ ഒരാൾ: ആമോപ്പ. ബഡ്ഡാണ്. മൊയലാളിക്കേ അറിയൂ. ഓറ് ഇപ്പിവിടില്ല.
സുൽഫത്ത്: ( മറ്റൊരു തൈ ചൂണ്ടിക്കാണിച്ച് ) അദെന്തേണ്?
തൊഴിലാളികളിൽ മറ്റൊരാൾ: ആമോപ്പ. ഗ്രാഫ്റ്റാണ്. മൊയലാളിക്കേ അറിയൂ. ഓറ് ഇപ്പിവിടില്ല.
ഇയ്യ: ഇദെന്തിദ് എല്ലേത്തിനും ആമോപ്പ! ഇങ്ങള് ചോയ്ക്കെണ്ടേന്നും?
തൊഴിലാളികളിൽ ഒരാൾ: അജ്ജാതിയൊക്കേം ലോഡില് വന്നിറ്റേള്ളു.
ഇയ്യ: ഇങ്ങള് പറഞ്ഞോണ്ടും ബര്ന്നദ് അജ്ജാതിയൊക്കേം ഫ്രെശ്ശാണ്ന്നല്ലേ?
( തൊഴിലാളികൾ അതെയെന്ന് എന്ന് തലയാട്ടുന്നു.)
ഇയ്യ:എങ്കിലജ്ജാതി അമോപ്പയെല്ലം എടുത്തോളിൻ.
(അവർ ചെടികൾ പലതും വാങ്ങുകയും വിലപേശി കാശ് കൊടുക്കുകയും ചെയ്യുന്നു. ചരടുവണ്ടിയിൽ ചെടികൾ കയറ്റി നേഴ്സറി വിട്ട് തിരിച്ച് പോകുന്നു.)
3
(നാലുപേരും ചേർന്ന് ചെടികൾ നടുന്നു. വെള്ളം നനക്കുന്നു. ചെടികൾ വലുതാകുന്നത് നോക്കിക്കാണുന്നു.)
4
(കസേരയിട്ട് ഇരിക്കുന്ന ഇയ്യയും ഷംസുദ്ധീനും)
ഷംസുദ്ധീൻ: ബാപ്പാ, മേജിക് പഠിക്കണ്ടീനും. കൂട്ടത്തില് മെൻറലിസോം.
(ഇയ്യ കസേരയിൽ നിന്ന് ചാടി എഴുന്നേൽക്കുമ്പോൾ ഷംസുദ്ധീനും എഴുന്നേൽക്കുന്നു.)
ഇയ്യ: ജ്ജ് അഞ്ചാറ് കൊല്ലായില്ലേ പടിക്കണ്. ആദിക്ക് അയിനൊരു തീരുമാനണ്ടാക്ക്.
ഷംസുദ്ധീൻ: അദ്പിന്ന…. സപ്ളി അടുത്ത് ബര്ന്ന്ണ്ട് ബാപ്പാ. അയില് കൈച്ചലാകും.
ഇയ്യ: എന്നാ അദ് കൈച്ചലാക്ക്.
(ഉമ്മക്കുൽസു അടുത്തേക്ക് വരുന്നു.)
ഉമ്മക്കുൽസു: എന്തേനും ഷംസൂ?
ഇയ്യ: ഓന് മേജിക് പഠിക്കണോലും. ചേർത്തേന് തന്നേം പടിച്ച് തീർത്തിക്കില്ല. അയിൻ്റെ മേല്യാണ് മേജിക്.
ഷംസുദ്ധീൻ: മെൻറലിസോംണ്ട് ബാപ്പ.
(സുൽഫത്ത് കേട്ടുകൊണ്ട് വരുന്നു.)
സുൽഫത്ത്: നല്ലേണ് ബാപ്പാ. ഞമ്മളെ മനസ്സിലിള്ളൊതൊക്കെ ബെളിച്ചത്താക്കും.
ഇയ്യ: അദെന്തേണ്?
(ഉമ്മക്കുൽസു മൊബൈൽ ഫോണിൽ നിന്ന് ഇയ്യക്ക് വീഡിയോകൾ കാണിച്ചു കൊടുക്കുന്നു.)
ഉമ്മക്കുൽസു: ദാണ് മേജിക്. ദാണ് മെൻറലിസം.
ഇയ്യ: ജ്ജ് ഇദെന്തൊര് അഡ് വാൻസ്ഡാണ് കുൽസൂ!
ഷംസുദ്ധീൻ: ഇല്ലാത്ത മുട (മുട്ട) കൊണ്ട് ഓംലെറ്റൊക്കെ ഇണ്ടാക്കാമ്പറ്റും. കോയിക്കുട്ടീനെ കോയിയാക്കാമ്പറ്റും. ബിട് ബാപ്പാ. പടിച്ച്റ്റ് ബരട്ടെ.
ഉമ്മക്കുൽസു: ഇങ്ങളോനെ ബിട്ടോളീന്ന്. എഫ്.ബീലും ഇൻസ്റ്റേലും ഇങ്ങൾക്കുയലിലും ത്രെഡിലുമൊക്കേം ഓനും ബെലസട്ടെ.
സുൽഫത്ത്: അദന്നെ ബാപ്പാ. ഇക്കാ പടിച്ചിറ്റ് ബേണം ഞാക്കും പടിക്കാന്.
ഇയ്യ: അയ്നും ബേണ്ടേ കായ്!
ഷംസുദ്ധീൻ: അറ്ക്കീസ് ബർത്താനം പറേല്ലും ബാപ്പാ. ബാപ്പാൻ്റുപ്പൂപ്പാക്കും ഇല്ലേനോ ആനേള്? ശരിക്കെനും.
(ഇയ്യ അതുകേട്ട് തലയെടുപ്പോടെ നിൽക്കുന്നു.)
ഇയ്യ: ഏട് യാന്ന്ച്ചാ പടിച്ചിറ്റ് ബാ. അയിലും സപ്ലിക്ക് നിക്കറ്. കായ് ഞമ്മള് മരത്തുമ്മന്ന് പറിക്കണദല്ല.
ഷംസുദ്ധീൻ: സപ്ളിക്ക് നിക്കൂല്ല,ബാപ്പാ. ഒറപ്പ്.
5
(ചരടുവണ്ടിയിൽ ഇയ്യക്കൊപ്പം പോകുന്ന ഷംസുദ്ധീൻ. നോക്കി നിൽക്കുന്ന ഉമ്മക്കുൽസുവും സുൽഫത്തും.)
ഉമ്മക്കുൽസു: ഓൻ പടിച്ച് ബന്ന് മുതുകാടിനെ തോപ്പിക്കും. ജ്ജ് നോക്കിക്കോ, സുൽഫത്തേ.
സുൽഫത്ത്: ഫയർ എസ്കേപ്പിൽ ഇക്കാ കേപ്പടിക്കും. ഉമ്മാ നോക്കിക്കോ.
6
വരാന്തയിൽ ഇരിക്കുന്ന ഇയ്യയും ഷംസുദ്ധീനും. ഉമ്മക്കുൽസു അടുത്തേക്ക് ചെല്ലുന്നു.
ഉമ്മക്കുൽസു: നമ്മക്ക് മീമ്പാങ്ങി വന്നാലോ?
(ഇയ്യയും ഷംസുദ്ധീനും എഴുന്നേൽക്കുന്നു. ഷംസുദ്ധീൻ ചരടുവണ്ടിയുടെ താക്കോൽ ചെന്ന് എടുത്ത് കൈയിലിട്ട് തിരിക്കുന്നു. ഉമ്മക്കുൽസു പർദ്ദയിട്ട് വരുന്നു.)
7
മീൻ മാർക്കറ്റ്. മീൻ മാർക്കറ്റിലെ തൊഴിലാളികളായി മാറിയ നടൻമാർ ചരടുവണ്ടിയിൽ വന്നിറങ്ങിയ ഇയ്യയെയും ഉമ്മുക്കുൽസുവിനെയും ഷംസുദ്ധീനെയും കണ്ട് ഉറക്കെ വിളിക്കുന്നു.
തൊഴിലാളികൾ: അയല, മത്തി, കോര, മാന്തൾ, ചെമ്മീൻ, ഞണ്ട്, ആവോലി, അയക്കൂറ, തെരണ്ടി, സ്രാവ്, ചെമ്പല്ലി, കൂന്തൾ, ഉണ്ണിമേരി. ബരീൻ. ബരീൻ. ന്ത് ബേണം?
ഇയ്യ: (ഉമ്മക്കുൽസുവിനോട് ) ന്ത് ബേണം?
ഉമ്മക്കുൽസു: (ഇയ്യയോട് ) ഇങ്ങക്കെന്ത് ബേണം?
ഇമ്മയും ഉമ്മക്കുൽസുവും: (ഷംസുദ്ധീനോട് ) ഷംസൂ, ന്ത് ബേണം? ജ്ജ് പറ.
ഷംസുദ്ധീൻ: ആവോലീം അയക്കൂറേം.
ഇയ്യ: (ആവോലിയും അയക്കൂറയും ചൂണ്ടിക്കാണിച്ചു കൊണ്ട് ) അദെട്ത്തോ മൊയ്തീനേ.
തൊഴിലാളികൾക്ക് ഇടയിൽ നിന്ന് മൊയ്തീൻ: കറിക്കോ ബറബിനോ, ഇയ്യാക്കാ?
ഉമ്മക്കുൽസു: രണ്ടിനും.
(മീൻ മുറിച്ച് വാങ്ങി ചരട് വണ്ടിയിൽ ഇയ്യയും ഉമ്മക്കുൽസുവും ഷംസുദ്ധീനും തിരിച്ചു പോരുന്നു.)
8
(ചരട് വണ്ടി നിർത്തി ഇയ്യയും ഉമ്മക്കുൽസുവും ഷംസുദ്ധീനും വീട്ടുമുറ്റത്തിറങ്ങുന്നു.ഉമ് മക്കുൽസുവും ഷംസുദ്ധീനും അകത്തേക്ക് പോകുമ്പോൾ ഇയ്യ പൈപ്പ് തുറന്ന് കാലും കൈയും മുഖവുമൊക്കെ കഴുകുന്നു. വരാന്തയിൽ നിന്ന് കൈയൊക്കെ തുടക്കുന്നു.)
ഇയ്യ: (അകത്തേക്ക് നോക്കി തെല്ല് ഉറക്കെ) മീമ്പറിവിന് നല്ല ചേല്ക്ക് എരു ബേണം, കേട്ട്ക്കാ കുൽസൂ. കോയിക്കോട് ബീച്ച്ല് കല്ലുമ്മക്കായ് പൊരിച്ച ചേല്ക്ക് എരു ബേണം.
ഉമ്മക്കുൽസു: (അകത്ത് നിന്ന്) അദൊക്കെ ഞാളേറ്റ്.
ഇയ്യ: ( അകത്തേക്ക് കേൾക്കാൻ ഉറക്കെ തന്നെ)
ബളപ്പിലൊക്കെ പോയി നോക്കീറ്റും ബരാം. ഞമ്മള് ചെന്ന് നോക്കാത്തോണ്ടദാ പേരക്ക മൂത്തോന്ന് ആ പച്ചക്കിളി ചിന്നക്കുട്ടുറുബൻ ബന്ന് നോക്ക്ന്ന്.
(ഇയ്യ തൊടിയിൽ ചുറ്റി നടക്കുന്നു. ചില ചെടികളെ പരിപാലിക്കുന്നു. പേരക്ക പോലുള്ള ചില പഴങ്ങൾ പറിച്ചു കഴിക്കുന്നു. ചിലതിന് ഓസെടുത്ത് വെള്ളം നനക്കുന്നു. പെട്ടെന്ന് പഴങ്ങൾ കണ്ടെന്ന പോലെ ഒരു ചെടിയുടെ അടുത്ത് ചെല്ലുന്നു.)
ഇയ്യ: നല്ല ചേല്ക്ക് ചൊകചൊകന്ന പയം! ഇൻ്റെ പേരെന്താണ് പയമേ? ഇൻ്റെ പേരെന്താണ് പയമേ? ചൊകചൊകന്ന പയമേ? ഇൻ്റെ പേരെന്താണ് പയമേ?
(ഇയ്യ പറയുന്നതിനിടയിൽ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരിക്കുന്നു. തിരിച്ച് ഉമ്മറത്തേക്ക് ചെല്ലുന്നു.)
9
(ഭക്ഷണം കഴിക്കുന്ന ഇയ്യയും ഉമ്മക്കുൽസുവും ഷംസുദ്ധീനും സുൽഫത്തും. തെല്ല് തിരക്ക് കാണിച്ച് കൈയെത്തിച്ച് മീൻ വറുത്തത് എടുത്ത് ഒരു കഷ്ണം ഇയ്യ വായിലേക്ക് വെക്കുന്നു.)
ഇയ്യ: കുൽസൂ, എരു ഇട്ട് ബെക്കാമ്പറഞ്ഞിറ്റ് മീങ്കഷ്ണത്തിനെന്താ മത് രം ചേർത്ത്ക്ക്ണ്? ജ്ജ് ഇദെന്ത് ദ്രാവിഡാണ്, കുൽസൂ?
ഉമ്മക്കുൽസു: മത് രോ? ന്ത് മത് രം? ഇങ്ങള് ആളെ കളിയാക്കാ നിക്കല്ല്.
ഇയ്യ: (വീണ്ടും മറ്റൊരു വറുത്ത മീൻ കഷ്ണം എടുത്ത് വായിൽ വെച്ച് ) മത് രം ല്ലാണ്ട് എന്തിദ്, കുൽസൂ?
ഉമ്മക്കുൽസു: ( വറുത്ത മീൻ കഷ്ണം എടുത്ത് വായിൽ വെച്ച് ) എരുവല്ലാണ്ട് പിന്ന? ഇങ്ങള് ഞാളെ കളിപ്പിക്കല്ല്.
ഷംസുദ്ധീൻ: (മീൻ കഷ്ണം വായിലിട്ട് ) എരുവാണ് ബാപ്പാ. ബാപ്പ പറഞ്ഞിറ്റ് ഉമ്മ എരു കൂട്ടിയിട്ട്ക്കൂണ്ട്.
സുൽഫത്ത്: ബാപ്പ ഞമ്മളെ തമാശാക്കാണ്.
ഇയ്യ:( വിശ്വാസം വരാത്ത പോലെ അവരെ നോക്കിക്കൊണ്ട് ) മത് രാണ്. ( ഷംസുദ്ധീനെ സംശയത്തോടെ നോക്കിക്കൊണ്ട് ) ജ്ജ് മീമ്പറവിൽ എന്തോ മേജിക്കാക്ക്ന്ന് ണ്ട്, ല്ലേ?പടിച്ച മേജിക്ക് ബാപ്പാൻ്റ നെഞ്ചത്തേക്കെട്ക്കല്ല്, കേട്ടാ.
ഷംസുദ്ധീൻ: ബാപ്പാ, ഞാക്കെന്ത് മേജിക്! പെട്ടിച്ചീട്ടുമ്മല് കളി തൊടങ്ങീറ്റേ ഉള്ള്. ഡൈമൺ ചീട്ട് ക്ലാവരാക്കല്. ഇസ്പേഡ് ആഡ്യനാക്കല്.
സുൽഫത്ത്: സത്യേണ്’ ബാപ്പാ. ഇക്കാ മേജിക്കിലും സപ്ലിയടിക്കാമ്പോകാണ്.
ഉമ്മക്കുൽസു: നേരാണ്. വായൂന്ന് എടുക്ക്ന്നാന്നും പറഞ്ഞ് അഞ്ചാറ് മുട (മുട്ട) നെലത്തേക്ക് ബീപ്പിച്ച് പൊട്ടിച്ച്ന്നല്ലാണ്ട് എരൂള്ളേത് മത് രാക്കാനൊന്നും ഓനാകൂല്ല. ഇങ്ങള് തൊമാശ മതിയാക്ക്, മന്ച്ചനേ.
ഇയ്യ: അല്ല, കുൽസൂ. ശരിക്കെനും. മത് രിക്ക്ന്ന്. പപ്പടം നോക്ക്ട്ടെ. ( പപ്പടം എടുത്ത് കടിക്കുന്നു.) പപ്പടോം മത് രിക്ക്ന്ന്. ൻ്റ ബായിക്കെന്തോ പറ്റീക്ക്ണ്. ബായിക്കെന്തോ പറ്റീക്ക്ണ്.
ഷംസുദ്ധീൻ:( കാര്യം കണ്ടെത്തിയ സന്തോഷത്തോടെ പൊടുന്നനെ എഴുന്നേറ്റ് ) യൂറീക്ക, യൂറിക്ക, ബാപ്പാ, യൂറീക്കാ.
ഇയ്യ, ഉമ്മുക്കുൽസു & സുൽഫത്ത്: ന്ത് യൂറീക്ക ?
ഷംസുദ്ധീൻ: ബാപ്പാ പയം നോക്കിപ്പോകുന്നാന്നും പറഞ്ഞ് പോയിറ്റ് മിറാക്കിൾ ഫ്രൂട്ട് കയിച്ച്ക്ക്ണ്. ചൊകചൊകച്ചൊകന്ന പയം കയിച്ച്ക്ക്ണ്.
ഉമ്മക്കുൽസു: ഇങ്ങള് കയ്ച്ച്ക്ക്‌ണാ?
സുൽഫത്ത്: കയ്ച്ച്ക്കാ ബാപ്പാ?
ഇയ്യ: (തലയാട്ടി സമ്മതിച്ചു കൊണ്ട് ) കയ്ച്ച്ക്ക്ണ്.
ഷംസുദ്ധീൻ: എന്നാ ബാപ്പ പച്ചക്കുരുമൊളക് വരെ എട്ത്ത് കയ്ച്ചോള്. പുളീം ചെറുനാരങ്ങേം കയപ്പക്കേം എല്ലോം കയ്ച്ചോള്. മത് രിക്ക മാത്രേള്ള്.
ഇയ്യ: അപ്പോ എരൂള്ള ബറ്ത്ത മീൻ?
സുൽഫത്ത്: അദ് എരൂല് ഞാള് തിന്നോള്ണ്ട്.
ഇയ്യ: എപ്പം മാറും മത് രം?
ഉമ്മക്കുൽസു, ഷംസുദ്ധീൻ & സുൽഫത്ത്: ആവോ, ഞാക്കെന്തറിയാന്?
10
(നടൻമാർ അരങ്ങിലേക്ക് വരുന്നു. മരങ്ങളായും ചെടികളായും മാറുന്നു. ഒരു നടൻ ചിന്നക്കുട്ടുറുവനായി മാറുന്നു.)
ചിന്നക്കുട്ടുവൻ: ഹായ് ഹോയ്. ഒരു തുടുതുടുപ്പൻ പേരക്ക. അകത്ത് ചോപ്പാണോ മഞ്ഞയാണോ? കൊത്തിനോക്കീട്ടും ബരാം. ലാലെല്ലൻ ….. ഹോയ് ലാലെല്ലെൻ…..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല