കവിത
Dr.എസ് ഡി അനിൽ കുമാർ
മൗനം കൊണ്ട് നിങ്ങൾ പ്രേമം നുണഞ്ഞിട്ടുണ്ടോ?
നോട്ടത്തിൽ കൊരുത്തെടുത്ത് ഇണചേർന്നിട്ടുണ്ടോ?
പുഞ്ചിരികൊണ്ട് ഭൂമിയെ അമ്മാനമാടിയിട്ടുണ്ടോ?
വാക്കുകൾ എയ്ത്
സൂര്യനെ തളച്ചിട്ടുണ്ടോ?
സ്നേഹം കോരിക്കുടിച്ച് പൂർണ്ണചന്ദ്രനെ ഗർഭം ധരിച്ചിട്ടുണ്ടോ?
അമാവാസിയിൽ ആലിംഗനത്തിൻ്റെ അഗ്നി കൊളുത്തിയിട്ടുണ്ടോ?
നഗ്നമായ മനസ്സ് പരസ്പരം തിരിച്ചറിഞ്ഞ് ആകാശം ഹൃദയത്തിലൊളിപ്പിച്ചിട്ടുണ്ടോ?
അഗ്‌നിപർവ്വതമായി ഉരുകിയൊലിച്ച് അസ്ഥികൂടമായി ആടിപ്പാടിനടന്നിട്ടുണ്ടോ?
വറുത്തകടല കൊറിച്ചു കൊറിച്ചു തിരമാലയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ?
വേലിയേറ്റത്തിൽ മണലിലൂടെ പ്രേമഗാനമായ് പതഞ്ഞു പൊന്തിയിട്ടുണ്ടോ?
വേലിയിറക്കത്തിൽ പരസ്പരം പിണങ്ങി കടലിൽച്ചാടി മരിച്ചുപോയിട്ടുണ്ടോ?
പെരും മഴയിലും നനയാതെ
ഗാഢമായി പുണർന്നുകിടന്നിട്ടുണ്ടോ?
മേഘമായി പറന്നുയർന്ന് പേമാരിയായി പെയ്തൊഴിഞ്ഞിട്ടുണ്ടോ?
പ്രിയരേ, നിങ്ങൾ പ്രണയത്തിൻ്റെ ജയിലിലെ പരോളില്ലാത്ത തടവുകാർ
അഴികളിൽ നഖക്ഷതങ്ങളാൽ പ്രണയകാവ്യമെഴുതുന്ന മഹാകവികളും!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.