ചിലപ്പോൾ ഒറ്റയും ചിലപ്പോൾ ആൾക്കൂട്ടവും (വിമീഷ് മണിയൂരിന്റെ കവിതകളുടെ വായന)

0
509

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ (ഭാഗം 2)
ഡോ. രോഷ്നി സ്വപ്ന

“A truth that’s told
with bad intent
Beats all the ലൈസ്
you can invent.”

-William Blake

വായനയുടെ വഴികളിൽ എവിടെയെങ്കിലും നിങ്ങൾ നിങ്ങളെത്തന്നെ കണ്ട് ഞെട്ടാറുണ്ടോ?
അല്ലെങ്കിൽ എന്തൊരു ഭംഗി എന്ന് കണ്ണാടി നിങ്ങളോട് പറയാറുണ്ടോ?
എത്രയേറെ പകർച്ചകളാണ് എനിക്ക്,എന്ന് കണ്ണടച്ച് നോക്കാറുണ്ടോ?
വിമീഷ് മണിയൂരിന്റെ കവിതകൾ വായിക്കുമ്പോൾ അങ്ങനെ തോന്നും.

വിമീഷിന്റെ കവിതകളിൽ ഉള്ള് അധികം വിങ്ങിയിട്ടില്ല.
പക്ഷേ പുറം പരുവപ്പെടുത്തിയ ജീവിതനിരീക്ഷണങ്ങളുടെ ആഴങ്ങൾ ചുരണ്ടിയെടുത്താണ് അവ ജീവിതത്തെ പുതുക്കി പണിയുന്നത്,പുതുക്കി പറയുന്നത്,നോട്ടത്തെ ഉരച്ച് മൂർച്ച കൂട്ടുന്നത്, സ്പർശത്തെ കൊരുത്തെടുത്ത് തിളപ്പിക്കുന്നത്.
കവിതയെ അകത്തു നിന്ന് അടർത്തിയെടുത്ത് പുറത്തേക്ക് കടത്തിവിടുന്നു വിമീഷ്.
അപ്പോൾ മനുഷ്യൻ ഏകാന്തതകളിൽ നിന്ന് സ്വമേധയാ ആൾക്കൂട്ടത്തിലേക്ക് ഒറ്റയായി പഠിക്കുന്നത് കാണാം.
” ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ ”
എന്ന
കവിതയിൽ നിന്നാണ് വിമീഷിന്റെ കവിതകളെ ഗൗരവത്തോടെ വായിച്ചു തുടങ്ങുന്നത്. അതിനും മുമ്പ് രണ്ടായിരത്തിഒൻപതിൽ റേഷൻകാർഡ് എന്നൊരു സമാഹാരം വിമീഷിന്റേതായി ഉണ്ട്.
ഭാഷയുടെയും പ്രയോഗങ്ങളുടെയും പ്രത്യക്ഷത്തിൽ വിപരീതം എന്ന് തോന്നുന്ന (paradox )
പ്രാതിനിധ്യങ്ങളെക്കുറിച്ച് നീൽസ് ബോഹ്ർ (Niels Bohr. )
പറയുന്നത് ഇങ്ങനെയാണ്

“the opposite of a profound Truth may well be another profound truth.”

വിമീഷിന്റെ കവിതകളിൽ ഇത് ഏറെ പ്രസക്തമാണ്.

“കാട്ടിൽ നിന്നു തന്നെ
അതിന് ആഗ്രഹമുണ്ടായിരുന്നു. പോറ്റാൻ വലിയ വിഷമം ആയതു കൊണ്ട് അതിന് നിന്നില്ല.

നാട്ടിൽ വന്നപ്പോൾ ഉടനെതന്നെ
വളർത്തു കേന്ദ്രത്തിൽ
ചെന്ന് ഒന്നിനെ
വാങ്ങിച്ചു
തോട്ടിക്കയ്യും ആട്ടി
പിന്നാലെ മണപ്പിച്ചു നടന്നു മെരുങ്ങി കഴിഞ്ഞപ്പോൾ
പന കേറി
പട്ടവലിച്ചു
കട്ട കൊത്തി
വലിച്ചു വലിച്ചു തിന്നാൻ ഭാഗത്തിൽ മുന്നിൽ
കൊണ്ടിട്ടു തന്നു
പീടികയിൽ ചെന്ന് പറഞ്ഞ കണക്കിലുള്ള പഴക്കൊല
ശർക്കര,
വാങ്ങിച്ചു വന്നു
അതൊക്കെ കാണുമ്പോൾ കാട്ടിൽ വച്ചുതന്നെ ഒരെണ്ണത്തിനെ പോറ്റാമായിരുന്നു എന്ന് പിന്നെയും തോന്നും.
………
വാങ്ങിക്കുമ്പോൾ നല്ലത് നോക്കി വാങ്ങിക്കാമായിരുന്നു
…………..
പോറ്റുന്നത് വെറുതെയാണ് എന്ന് തോന്നും
അപ്പം
കൊമ്പുകുലുക്കി ഒന്നു ഉലാത്തുo
ഓടിച്ചെന്ന് കാലുകൊണ്ട് തൊഴിക്കും
പിന്നെ ഒന്നും
പറയണ്ട
അടുത്തതിനെ സംഘടിപ്പിക്കാൻ പെടുന്ന പാട് ”

മനുഷ്യനെ മൃഗം വിചാരണക്ക് വിധേയമാകുമ്പോൾ പാലിക്കേണ്ട കാവ്യനീതി ഈ കവിതയിലുണ്ട്. ജീവിതം ഒരേ വരകളിൽ നിന്ന്, നിയമാവലികളിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ സംഭവിക്കുന്ന ക്രമമാണ് ഈ കവിതയുടെ കാതൽ. അതാകട്ടെ അസ്വാഭാവികതകൾ ഒന്നും ഇല്ലാത്ത വിധം ക്രമപ്പെടുത്തുകയും ചെയ്യുന്നു

ഡി എച്ച് ലോറൻസ് ആമക്കുഞ്ഞിനെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്

Never open like some iron door.
To lift the upper hawk
Beak from the lower base

കവിതയിൽ ആമയുടെ ഇഴഞ്ഞു പോക്കിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് ഉടൽമറ കൊണ്ട് അത് തീർക്കുന്ന പ്രതിരോധത്തെക്കുറിച്ച് ഓർക്കാൻ ഈ കവിത പര്യാപ്തമാകുന്നു.

പലതവണ വായിച്ച കവിതകൾക്ക് മുന്നിലാണ്. എങ്കിലും ഭാഷയിൽ അർത്ഥങ്ങളുടെ വൈവിധ്യത്തിൽ വിശ്വസിക്കുന്ന ഒരു കവിയുടെ കവിതകളുടെ വായനയ്ക്ക് ശേഷവും പുതുക്കപ്പെടുന്ന അർത്ഥസാധ്യതകൾ ഈ കവിതകളെക്കുറിച്ച് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു.

ചില മനുഷ്യർക്ക് അവരുടെ ഉടലിൽ ആയിരിക്കും പ്രത്യേകത.ചിലർക്ക് ചലനത്തിൽ,ഭാഷയിൽ, ഭാഷണത്തിൽ.
ചിലരിൽ നിസ്സംഗതയാണ് എണീറ്റ് നിൽക്കുക ചിലരിൽ ചടുലത.

“സുധി മാമൻ” എന്ന കവിതയിൽ നിസ്സംഗത കാവ്യ ഭാഷയായി വരുന്നു.
ചെറിയ മാമൻ എന്നുപറയുമ്പോൾ നീളം കുറഞ്ഞ കുണ്ടൻ എന്ന് അപര കർത്തൃത്വത്തെ കൂടി വിമീഷ് കവിതയിലേയ്ക്ക് കൊണ്ടുവരുന്നു.

എല്ലാ ദിവസവും ഒരു മാറ്റവും ഇല്ലാത്ത അയാളുടെ ജീവിതത്തിൽ നിന്ന് നിസ്സംഗതയാണ് നമ്മളെ വന്നു തൊടുക.

ഞാനെന്തൊരു വിപ്ലവകാരിയാണ് എന്ന തോന്നലിൽ നിന്ന് ജീവിതവും രാഷ്ട്രവും ദേശീയതയും സ്വാതന്ത്ര്യ ബോധവുമെല്ലാം കൊമ്പുകളും ചില്ലകളും ആയി വളരുന്നു

“ഞാൻ
ജനിക്കുന്നതിനു മുമ്പ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം
കിട്ടിപ്പോയിരുന്നു. ഐക്യകേരളം പിറന്നിരുന്നു. അടിയന്തരാവസ്ഥ പോലും തീർന്നുപോയി ”

എന്ന പരിതാപമാണ്.
ചുവന്ന പാവാടത്തുണി കീറി ഉണ്ടാക്കിയ മാലയിട്ടിരുന്നു എന്നും, പിന്നെത്തെ തിരഞ്ഞെടുപ്പിൽ ഒരു കള്ളവോട്ട് കൂടി ചെയ്തു എന്നും കവി പറയുന്നുണ്ട്.

ചിലപ്പോൾ ആൾക്കൂട്ടം അയാളെ ഇത്തരത്തിൽ നിസ്സംഗതകൾക്കും നിർമ്മമത്വങ്ങളിലേക്കും അരക്ഷിതാവസ്ഥകളിലേക്കും നയിച്ചേക്കാം.
അയാൾക്ക് അതിൽ നിന്ന് കുതറിത്തെറിക്കേണ്ടതായുണ്ട് താനും.

വ്യക്തിയുടെ ഇടപെടലുകൾ അത് രാഷ്ട്രീയപരമായാലും വ്യക്തിപരമായാലും എങ്ങനെയാണ് സാമൂഹ്യഘടന യെയോ
സാമൂഹിക വ്യവഹാരങ്ങളെയോ എത്ര ബാധിക്കുന്നുവെന്ന്
Lynn Smith lowin
എഴുതിയ ഒരു ലേഖനത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. സമൂഹശാസ്ത്രവും രാഷ്ട്രീയ പ്രാതിനിധ്യവും എത്തരത്തിൽ ബന്ധപ്പെടുന്നു എന്ന് ഈ ലേഖനം ചർച്ച ചെയ്യുന്നു.

“ഞാൻ എന്തൊരു
വലിയ
വിപ്ലവകാരിയാണ്
എന്നിട്ടും
എനിക്ക്
സമരം ചെയ്യാനും നേതാവാകാനും
ഒന്നും ബാക്കി വെച്ചിട്ടില്ലല്ലോ”

എന്നാണ് അയാൾക്ക് പറയാനുള്ളത്.

രാഷ്ട്രീയഅവകാശം എന്നത് പൗരൻറെ സ്വാതന്ത്ര്യവുമായി ചേർത്തുവെച്ച് വിശദമായി ചർച്ച ചെയ്യുന്ന വിഷയമാണ് ഞാനെന്തൊരു വിപ്ലവകാരി എന്ന കവിതയിൽ. ഇതിനു മറുപടിയായാണ്

“എന്നിട്ടും ചത്തില്ല ജീവിക്കുകയാണെങ്കിൽ…”

എന്ന കവിത.
മനുഷ്യൻ എന്ന അവസ്ഥ അനുഭവിക്കുന്ന ഏറ്റവും തീവ്രമായ പ്രശ്നങ്ങളെയാണ് ഈ കവിത അഭിസംബോധന ചെയ്യുന്നത്.

“എനിക്ക് തോന്നുന്നില്ല
ഉച്ചക്ക് ചോറ് തിന്നാൻ ആവുമെന്ന്
വൈകിട്ടത്തെ
കൂലി വാങ്ങാതെ
ജാഥയിൽ ചേരാതെ.
പോയാലോ
എന്നിട്ടും ചത്തില്ല

എന്നാണു മനുഷ്യൻറെ അവസ്ഥ
ഈ കവിതയിൽ.

“ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ” എന്ന സമാഹാരം മുഴുവൻ ഇത്തരത്തിൽ മനുഷ്യരുടെ ഉള്ളും പുറവും പരിസരങ്ങളും ജീവിതവും രാഷ്ട്രീയവും വേദനകളും ചികയുന്ന കവിതകൾ കണ്ടെടുക്കാൻ സാധിക്കും.

“വെള്ളച്ചാട്ടം” എന്ന കവിതയിൽ കുന്നിനുമുകളിൽ എത്ര കുഴിച്ചിട്ടും വെള്ളം കാണാത്ത ശാന്തിയേച്ചിയുടെ അഞ്ചു സെൻററിൽ നിന്ന് മഴക്കാലത്ത് വെള്ളം ചാടി തുടങ്ങുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.
വെള്ളച്ചാട്ടത്തിൽ നിറയെ മനുഷ്യരുണ്ട്.
ഒരു യാത്രയുടെ സ്വഭാവം പേറുന്ന കവിതയാണിത്. ഭാസ്കരേട്ടന്റെ വീടിനു പിന്നിലെ കൂടവഴിയും
ചാത്തൻ മാഷിൻറെ
മഴക്കുഴിയും
പട്ടാളം ഷരീഫിനെ പറമ്പുo
നാരായണിയുടെ ഓലാപ്പുരയും കവിതയുടെ ശരീരത്തിൽ ഓരോ അവയവമായി തെളിയുന്നു.
കവിതയുടെ
പാരഡോക്സിക്കൽ സ്വഭാവം വെളിപ്പെടുന്നത്.

ഓടിച്ചെന്നാൽ കാണാം ചെക്കൻ
അങ്ങനെ തന്നെ
ശ്വാസം മുട്ടി ചാവുന്നത്

എന്ന നടുക്കത്തിലേക്ക് ഓടി അടുക്കുകയാണ് കവിത.
ഈ മരണത്തെ “പൊത്തൽ” എന്ന കവിത കൂടുതൽ വെളിവാക്കുന്നു.

തീർന്നുപോയ് ഒന്നിനെ
ഏതു വരേക്ക്‌ ഉണ്ടെന്ന് സങ്കൽപ്പിക്കും?
ഉറക്കത്തിലെങ്കിലും പറഞ്ഞു പോകാതിരിക്കുമോ?
അറിയാതെ പറഞ്ഞു പോകുന്നവരുടെ വായ എത്രപേർക്ക് ഉറക്കമിളച്ച് പൊത്താനാകും?

എന്നാണ്
മരണത്തെ അദൃശ്യമായി വരച്ചെടുക്കുന്ന ഈ കവിത പറയുന്നത്.
മനുഷ്യർ എന്നത് ചിലപ്പോൾ അവനവൻ
എന്ന ഏകവചനവും ആളുകൾ എന്ന ബഹുവചനവും ആകുന്നുണ്ട് ചിലപ്പോൾ.

“ഒരാളെ പോലെ ഒൻപതാളുള്ളതിൽ എന്നെപ്പോലെയുള്ള നാലാമത്തെ
ആളാണ് ഞാൻ
താഴെയുള്ള മൂന്നാളിൽ
ഒരാളെ പറ്റി കേട്ടിട്ട് മാത്രമേയുള്ളൂ
(ഒരാളെ പോലെ ഒൻപതാളുള്ളതിൽ)

എന്ന് അവനവനെ കുറിച്ചുള്ള അജ്ഞത വെളിപ്പെടുന്നു. ആത്മാവിൽനിന്ന് വേറിട്ടു കൊണ്ടുള്ള കർത്തൃത്വ
നിർമ്മിതിയെ ഈ കവിത ആഴത്തിൽ ആവിഷ്കരിക്കുന്നു.സ്വത്വ നിർമ്മിതികളിലെ പടർച്ചകളെ
ഇത്രമേൽ കുഴിച്ചെടുത്ത മറ്റൊരു കവിത ശ്രദ്ധിച്ചിട്ടില്ല.

തന്നെപ്പോലെയുള്ള മറ്റൊരാൾ ടിവിയിൽ, ഗവൺമെന്റിനെതിരെയുള്ള പ്രസംഗത്തിൽ, രാഷ്ട്രീയ പാർട്ടിക്കാരെ കല്യാണപ്പെണ്ണിനെ കണ്ണുപൊട്ടനെ തെറി പറയുന്നതിൽ……കാണുമ്പോൾ

“അയാൾ
എന്നെപ്പോലെയുള്ള
എന്തൊരു ആളാണ്
എന്ന്
കവി അത്ഭുതപ്പെടുന്നു ”

താൻ അറിയാത്ത തനിക്കറിയാത്ത അവസ്ഥകളെ തള്ളിക്കളയാൻ കവിക്കാവും ” അസാധു ”
എന്ന കവിതയിൽ അതിർത്തിക്കപ്പുറമുള്ള മനുഷ്യസ്നേഹമോ, ദൈവസ്നേഹമോ കൊണ്ടുനടക്കാനുള്ള ത്രാണി തനിക്ക് ഇല്ല എന്ന് കവി വെളിപ്പെടുത്തുന്നുണ്ട്

“ഒരു മുഴുവൻ ലോകം
ഒപ്പം മുന്നേറുകയാണ്
എത്ര സന്തോഷകരമാണ്! അങ്ങനെയെങ്കിൽ അസമാധാനം എന്തെന്നറിയാൻ
7 അമർത്തുക”

എന്ന “കസ്റ്റമർ കെയർ”
എന്ന കവിതയിലും

പുലിയാകാതിരിക്കുക
എന്ന വലിയ ദൗത്യമുണ്ട് പൂച്ചയായിരിക്കുക
എന്ന് കണിശതയും

എന്ന് “പാവo “എന്ന കവിതയിലും

“ആകാശത്തിലൂടുള്ള
മരണപ്പാച്ചിലാണ്
പറത്തം
ചിറകുകൾ അടിച്ചടിച്ച്
വഴി നോക്കാതുള്ള നോക്കാനുള്ള
വെപ്രാളത്തിൽ
പൊന്തിപ്പോകുന്നതാണ് പറന്നു പോകുമോ
എന്ന പേടിയിൽ
നടത്തം
മറന്നുപോയിരിക്കുന്നു
എന്ന് “പറത്തം” എന്ന കവിതയിലും

“കിടന്നുള്ള നടത്തമാണ് മരണം തുടങ്ങി വയ്ക്കുന്നത് അതുകൊണ്ട്
എത്ര തന്നെ നിൽക്കാൻ ശ്രമിച്ചാലും
നിന്നു നടക്കുന്നത്ര
നിവരില്ല
എത്രതന്നെ ഇരിക്കാൻ ശ്രമിച്ചാലും നടന്നിരിക്കുന്നത്ര
കുനിയണ്ട.
കിടന്നു മാത്രം കാണാവുന്ന നടത്തം കൊണ്ട്
അത്രമാത്രമേ മരണം ഉദ്ദേശിക്കുന്നുള്ളൂ

എന്ന് “ഉദ്ദേശം” എന്ന കവിതയിലും കവി എഴുതുന്നു തങ്ങളുടെ ഏറ്റവും വ്യതിരിക്തമായ സാധ്യതകൾ കൊണ്ട് കവിതയുടെ ശരീരത്തെ ഒരുക്കുകയാണ് കവി

Only the very weak minded refused , To be influenced by Literature & Poetry.

എന്ന് കസാന്ദ്ര ക്ലയർ (cassandra clare)
സൂചിപ്പിച്ചത് ഓർമ്മവരുന്നു, വിമീഷിന്റെ ചില വരികൾ വായിക്കുമ്പോൾ.

കാറ്റിന് എൻറെ അതേ സ്വഭാവമായാൽ കാര്യമായൊന്നും ചെയ്യാൻ ഉണ്ടാവില്ല
എന്ന മട്ടിൽ നിസ്സംഗമാണ് ഈ കവിതകൾ ചിലപ്പോൾ, (സ്വഭാവം)

ആശങ്കകൾ ഒന്നും
എനിക്കില്ല
എല്ലാകാലത്തും
മത്സ്യമായി തന്നെ
ജീവിച്ചിരുന്നു കൊള്ളാം എന്ന് ആർക്കും എഴുതി കൊടുത്തിട്ടില്ല എന്ന സ്ഥയിര്യമുണ്ട് ഈ കവിതകൾക്ക്. ( ഒണക്ക)

“അകത്തേക്ക് രാകി ഒച്ചയില്ലാതെ
മൂർച്ച കൂട്ടുന്നത്
ആണ്‌ങ്ങൾക്കേ മനസ്സിലാകു എന്ന് ഉള്ളറിവ് ഈ കവിതകൾക്ക് ഉണ്ട്

ഞാൻ ശരിക്കും അത്ഭുതപ്പെടുന്നുണ്ട് എന്ന കവിതയിൽ സ്ഥിരതയെ കുറിച്ചും ചലനത്തെ കുറിച്ചുമുള്ള ചിന്തയുണ്ട്.
പകലുറക്കത്തിൽനിന്ന്
ഉണർന്നു നോക്കുന്ന മരത്തിന്, വീണുപോയ ഇലയുടെ സ്ഥാനത്ത് വന്നിരിക്കുന്ന ഒരു ചെറിയ പക്ഷി ഇല തന്നെയാണ് എന്നു സ്ഥാനപ്പെടുത്തുന്നു.
അനക്കമില്ലാതെ ഇരിക്കുന്ന അത്രയും സമയം പലർക്കും ആ പക്ഷി ഇല അല്ലാതെ മറ്റൊന്നുമല്ല എന്നും, പറന്നു പോകുന്നതിനു മുമ്പേ ആ മരത്തിനു കീഴിൽ വരുന്ന ഏതോ ഒരു പ്രാണിക്ക് പക്ഷി ഇലപോലെ തണലേകുന്നുണ്ട് എന്നും കവിത വെളിപ്പെടുത്തുന്നു. ലോകത്തിൻറെ ക്രമബദ്ധമായ ധാരണകളിൽ എൻട്രോപ്പിയുടെ സാന്നിധ്യത്തെ ഈ കവിത വ്യക്തമാക്കുന്നു.

നിരവധി ത്രികോണങ്ങൾ കലർന്ന രൂപമാണ് ഈ കവിതയ്ക്ക്

വാൾട്ട് വിറ്റ്മാൻറെ
Birds of Passage.
എന്ന പുസ്തകത്തിൽ

Is it a dream
nay but the lack of the dream.
And falling It life’s lose and wealth, a dream and
all the world a dream.?

എന്ന് ചോദിക്കുന്നുണ്ട്.
സ്വപ്ന യാഥാർത്ഥ്യങ്ങളിൽ കലരുന്ന ലോകത്തെയാണ് വിറ്റ് മാൻ അഭിസംബോധന ചെയ്യുന്നത്

“ലോകത്തെ
തെറ്റിദ്ധരിപ്പിക്കുന്ന
അത്രയും കുറഞ്ഞ നേരം മതി ഈ ഭൂമിയിൽ ഒരാളെ സഹായിക്കാൻ”!

എന്ന അത്ഭുതമാണ് വിമീഷിൽ.തീർത്തും വിരുദ്ധമായ ഭാവനകളെ ഒരുമിച്ചു കാണുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് വിമീഷിന്റെ മറ്റൊരു കാവ്യനീതി..

കോഴി ഒരു ചെടിയാണ് എന്ന പ്രസ്താവന സാമാന്യ ലോകത്തിൻറെ ധാരണ വൈരുദ്ധ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു.

“കോഴി ഒരു ചെടിയാണ്.
ഓടി വരുന്നത് കണ്ടിട്ട്
പറിച്ചെടുത്ത വേരുകളാണ്
അതിന്റെ കാലുകൾ!
പേടിച്ചരണ്ട്
ഒട്ടും പുറത്താകാതെ തന്നിലേക്ക്
ഒതുക്കിവെച്ച
തൂവലുകൾ
ഇലകൾ

കണ്ണുകൾ
തുറിച്ചു നിൽക്കുന്ന
രണ്ട് വിത്തുകൾ

വളർച്ച മുരടിച്ച്
വളഞ്ഞു കൂമ്പി എത്ര പറഞ്ഞാലും ഭയം മാത്രം കൊത്തിയെടുക്കുന്ന
കൊക്ക്

ഏത് ഋതുവിലും
വീണു പോവാത്ത
ചുവന്ന വിറച്ച
രക്തമിറ്റുന്ന പൂവ്

കോഴികൾ മുട്ട വിരിഞ്ഞുണ്ടാകുന്നതല്ല
ഭയം പൊട്ടിയൊലിച്ചു മുളക്കുന്നവയാണ്

എന്നാണു കവിതയിലൂടെ കണ്ടെത്തുന്ന ആത്യന്തികമായ സത്യം.രൂപ ആകാര സങ്കൽപങ്ങളുടെ തീർത്തും വിരുദ്ധമായ രണ്ട് അവസ്ഥകളെ എത്ര സമർഥമായാണ് കവി ചേർത്തു വക്കുന്നത്!

ലോകത്തെ
പെട്ടെന്ന് മടക്കി വെക്കാൻ ആത്മഹത്യയെക്കാളും
ഒരു എളുപ്പവഴി
വേറെയില്ല
ജീവിക്കാനുള്ള
ഒരു എളുപ്പവഴി
അപ്പോൾ തെളിയില്ല തെളിഞ്ഞു വന്നാൽ തന്നെ വായിക്കാനറിയാത്തവരെപ്പോലെ
അഭിനയിക്കുക
തന്നെ ചെയ്യും
മരിച്ചവല്ലാതെ വായിക്കാനറിയാത്തവർക്കുവേണ്ടി
ആര് പുസ്തകം എഴുതും

എന്ന ഒരു കവിതയുണ്ട്. ജീവിതത്തോടു ഇടപഴകി നിൽക്കുമ്പോഴും തെന്നിമാറലിന്റെ
സാധ്യതകൾ കൂടി അന്വേഷിക്കുന്ന ഒരു പരിസരം ഈ കവിതയിലുണ്ട്.

“ശരീരത്തിൽ
പറ്റി നിന്നത്രയും നേരം
എൻറെ വിയർപ്പ് ഞാൻ എന്നുതന്നെ ഉച്ചരിച്ചു

(ഞാൻ ഇപ്പോഴും ഉണ്ട്)

ജീവിച്ചിരിക്കുന്നതിന്റെ അടയാളങ്ങളെ ഏറെ സൂക്ഷ്മമായ ശരീരസ്ഥിതി കളാൽ തിരയുന്നു ഈ കവിത. അവനവനാണ് ഇവിടെ ചർച്ചാവിഷയം.
ഞാൻ എന്നു
പറഞ്ഞിടത്ത് എൻറെ തുപ്പലുണ്ടായിരുന്നു മുമ്പ് എന്നും എൻറെതല്ലാത്ത ഒരു ശ്വാസവും എൻറെ ശബ്ദം ആയിട്ടില്ല എന്നും,ഓരോ ഉറക്കത്തിലും കുറഞ്ഞോ ചിലപ്പോൾ കൂടിയോ ഞാൻ തുടരുന്നു എന്നും കവിത കണ്ടെത്തുന്നു.

“മുഴുവനായി എവിടെയും മറന്നു വയ്ക്കാത്തതിനാൽ ഞാൻ
ഇപ്പോഴുമുണ്ട്”

എന്ന് കവിത അവസാനിക്കുന്നു. ആത്മത്തെക്കുറിച്ച്,സ്വത്വത്തെ ക്കുറിച്ച് അവനവനെകുറിച്ച് ആലോചിക്കുന്ന കവിത നിലനിൽപ്പിന്റെ സമവാക്യമായി മാറുന്നു. മനുഷ്യൻ എന്ന നിലയിലുള്ള ജീവിതാവസ്ഥകളുടെ ആകെത്തുക ഈ കവിതകളുടെ പ്രധാനപ്പെട്ട ഒരടരാണ്.

നല്ല പൗരൻ എന്ന കവിതയിൽ ജീവിച്ചിരിക്കുന്നത് രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്നുണ്ട്

“ജീവിച്ചിരിക്കുന്ന
ആളുടെ ഫോട്ടോ അല്ല
മരിച്ച ആളുടേത്
അനുസരണ
അയാളുടെ കുലത്തൊഴിൽ ആയിരുന്നു
എന്ന്
രാജ്യം മുഴുവൻ പറയും ”

എന്ന രീതിയിൽ രൂക്ഷമായ വിമർശനം കവിതയിലുണ്ട് ജീവിച്ചിരിക്കുന്നതിന്റെ രാഷ്ട്രീയത്തെ മരണശേഷം എത്രമാത്രം മാറ്റി വായിക്കപ്പെടുന്നു എന്നും വ്യക്തി എത്രമാത്രം നിസ്സാരനായി പോകുന്നുവെന്നും കവിത പറയുന്നു.

ഈ ജീവിതത്തിൻറെ നിസ്സാരത യെ മറ്റൊരു കവിതയിൽ ഇപ്രകാരം പ്രകടമാക്കുന്നു

“ജീവിച്ചിരിക്കുന്നു
എന്നല്ലാതെ അച്ഛൻ ഒരു കുറ്റവും ചെയ്യാനിടയില്ല ”

(സാറേ )

വ്യക്തിയുടെ അസാന്നിധ്യം എന്നത് ഈ കവിതയുടെ കാതലാണ്

I am a name without title.

എന്ന് മഹമൂദ് ദർവീഷ് എഴുതിയത് ഓർക്കുക. ജീവിച്ചിരിക്കുന്നത് അടയാളങ്ങളിൽ നിന്ന് മനുഷ്യൻ മാഞ്ഞു പോകുമ്പോൾ ഇല്ലാതാകുന്ന ആഴങ്ങളിൽനിന്ന് കേൾക്കുന്ന നിലവിളികളുടെ രാഷ്ട്രീയത്തെ വായനക്കാർക്ക് കേൾക്കാതിരിക്കാൻ ആവില്ല.

“ഞാൻ മരിച്ചു എന്ന വാർത്തയോട്”
എന്ന കവിതയിൽ ഒരു നിരാസം ഉണ്ട്.
ഈ കവിതയിൽ സ്വന്തം മരണത്തെ നിസ്സംഗമായി കാണുന്ന കർതൃത്വം ആണുള്ളത്

അത്രയേറെ കനം കുറവോടെ സ്വന്തം മരണത്തെ വേറിട്ടു കാണുകയാണ് കവി

“ഞാൻ മരിച്ചു
എന്ന വാർത്ത
ഇന്ന് ഉച്ചതിരിഞ്ഞാണു
ഇറങ്ങി നടന്നത് ”

മരിച്ചു പോയതിനേക്കാൾ ജീവിച്ചിരിക്കുന്നതിൽ ആശ്വാസം കാണുന്നു കവി

“ഓരോന്നും
അവസാനത്തെ കാണൽ ആയി വിചാരിക്കണം
വിട്ടു പോരാൻ തോന്നില്ല അപ്പോൾ ഒന്നിനേയും ”
(അപ്പോൾ)

“പിടിക്കപ്പെടാത്ത കുറ്റവാളികളോളം ഭയം സൂക്ഷിക്കുന്നില്ല മറ്റാരും ”
(മറ്റാരും )

ഒടുക്കമൊരു
അവിശ്വാസിയും അതിനെ പിടിച്ചു കുലുക്കും. ഇലകളിലൂടെ പലതരം ആൾക്കൂട്ടം പൊടുന്നനെ പൊട്ടി ഒഴുകും
(കള്ളനോട്ട്)

എന്ന് പലതരത്തിൽ ജീവിച്ചിരിക്കുന്നതിന്റെ സാധ്യതകൾ വിമീഷ് കണ്ടെത്തുന്നു.

“മരിച്ചുപോയവർക്കിടയിലൂടെ ജീവനുള്ള ഒരാൾ കടന്നുപോകുന്നതിന്റെ അസ്വസ്ഥത
പൊറുക്കാനാവില്ല”

എന്ന് ഈ കവിതയിൽ പറയുന്നു. ഏതോ യുദ്ധത്തിൽ പങ്കെടുത്ത്,നിന്നും, കുനിഞ്ഞും കിടന്നും ഇരുന്നും ഇഴഞ്ഞു മരിച്ചുപോയ ആൾക്കൂട്ടമാണ് കാട് എന്നെഴുതുമ്പോൾ ചരിത്രത്തിൻറെ നീതിബോധത്തെ വിചാരണക്കു വിധേയമാക്കുന്നുണ്ട് കവി.

മനുഷ്യരാശിയുടെ യുദ്ധ തന്ത്രങ്ങളിൽ നശിപ്പിക്കപ്പെട്ട കാടുകൾ… ആൾക്കൂട്ടങ്ങൾ….
ഓർമ്മകൾ…. മനസ്സുകൾ…

“ജീവിച്ചിരിക്കുന്ന ഒരാൾ അവിടെ അങ്ങനെ നിന്ന് മരിക്കാൻ
തീരുമാനിച്ചാൽ
കാടോളം സുരക്ഷിതമായ ഒരു യുദ്ധം ഇനി വരാനിരിക്കുന്നതേ ഇല്ല”
എന്ന് കവിത നിർണയിക്കുന്നു
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിശിഷ്ടമായ പാരസ്പര്യത്തിന്റെ
അടരുകളെ മനുഷ്യൻറെ ദുര നശിപ്പിക്കുന്നതിലേക്കുള്ള മുന്നറിയിപ്പാണ് ഈ കവിത

യഹൂദി അമിച്ചായ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്

All poetry is political.
This is because real poems deal with a human response.

പതാകകൾ,കീറിപ്പോയ സ്വാതന്ത്ര്യസമരങ്ങൾ ആണ് എന്ന കവിതയിൽ എത്ര ഉയർത്തി കെട്ടിയാലും പതാകകളിലെ ചോര വീടുവിട്ടിറങ്ങില്ല എന്ന് കവി പറയുന്നു.എത്ര അഴിച്ചെടുത്ത് പൂരിപ്പിച്ചാലും ഒരു ചരിത്രത്തിലും പേരില്ലാത്തവരുടെ ശ്വാസം നിറഞ്ഞ് വീർത്തു പൊങ്ങും. മരിച്ചുപോയവരുടെ അവസാനത്തെ ശ്വാസം കൊണ്ട് ഏറ്റു കെട്ടിയതാണ് ഓരോ പതാകയും എന്ന് കവിത അവസാനിക്കുന്നു.

ഇവിടെ സാധാരണക്കാരുടേയും ദളിതരുടേയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വിശക്കുന്നവരുടെയും നിലനിൽപ്പ് ചർച്ചയിൽ വരുന്നു. എത്ര അഴിച്ചെടുത്ത് പൂരിപ്പിച്ചാലും ഒരു ചരിത്രത്തിലും പേരില്ലാത്തവരുടെ ശ്വാസം നിറഞ്ഞ് വീർത്തു പൊന്തുന്ന
അധികാരത്തെയും അരാഷ്ട്രീയതയേയും പടിക്ക് പുറത്താക്കി ജീവിതത്തിൻറെ യാഥാർത്ഥ്യത്തെ കേൾക്കുന്നു ഈ കവിത.

ഇതിൽ പ്രതിരോധത്തിന്റെ പുതിയൊരു ഊക്കുണ്ട്.. ആർക്കും ഓർമ്മകൾ അധികം കൊടുക്കല്ലേ എന്നാണ് കവി ആവശ്യപ്പെടുന്നത്. പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളിയായിയായി എല്ലാ കൊലപാതകങ്ങൾക്കും ആധാരമായ അവസ്ഥയായി വിട്ടുമാറാത്ത രോഗമായി വിമേ വിമീഷിന്റെ കവിതയിൽ ഓർമ്മ ചിത്രീകരിക്കപ്പെടുന്നു.

“”ഓർമ്മ ഇല്ലായിരുന്നില്ലെങ്കിൽ വിശ്വാസം അത്ര മുഷിയില്ലായിരുന്നു. പെരുകിപ്പെരുകി ഒരു ദൈവത്തിനും വിലാസം കൊടുക്കില്ലായിരുന്നു”” എന്നെഴുതുമ്പോൾ ജീവിതത്തെ ഖണ്ഡിക്കുന്ന, നിരാകരിക്കുന്ന ഒരു കാവ്യനീതി പ്രത്യക്ഷപ്പെടുന്നുണ്ട്.

കുറഞ്ഞ ഓർമ്മയിൽ എത്ര ഭംഗിയായി പ്രവർത്തിക്കുന്നു മരങ്ങൾ മൃഗങ്ങൾ എന്നാണ് കവിക്കുള്ള ന്യായീകരണം

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോൾ താൻ എന്തായാലും മരിക്കേണ്ട ഒരു ജീവിയാണ് താൻ എന്ന് കവിക്ക് തോന്നുന്നുണ്ട്. അപ്പോൾ മാത്രം തെളിയുന്ന, വീട്ടിലേക്ക് എളുപ്പം എത്താവുന്ന ഒരു വളവാണ് അയാളുടെ പ്രതീക്ഷ

കഴിഞ്ഞ ജന്മങ്ങളിൽ മരങ്ങളിൽ തലകീഴായി തൂങ്ങിയതിന്റെ അനക്കം അയാളിലുണ്ട്.

(കഴിഞ്ഞ ജന്മത്തിൽ എൻറെ മാത്രം )

കുനിഞ്ഞു കുനിഞ്ഞു ആരുടെയൊക്കെയോ കാൽചുവട്ടിലാണ് തല ഇപ്പോഴും എന്ന ബോധ്യം അയാളിൽ ഉണ്ട് (എന്നിട്ടും
രക്ഷയില്ല )

ഒറ്റയ്ക്കായിപ്പോയതിൻറെ ദുരന്തം മരിച്ചവരെപ്പോലെ മനസ്സിലാവില്ല,മറ്റൊരാൾക്കും എന്ന് തിരിച്ചറിവുണ്ട് അയാൾക്ക്
(ഹിമാൻഷു )

ജീവിതം എത്രതന്നെ സംഘർഷം നിറഞ്ഞതാണെങ്കിലും ഒരു ദിവസം എല്ലാം പതാകകളും
കരിങ്കൊടി ആവുമെന്നും, സ്വാതന്ത്ര്യo എന്ന് ആർത്തിരമ്പി അതിനെ
കാർക്കിച്ചു തുപ്പും
എന്നും പേടിച്ച് പേടിച്ച് അതിജീവിക്കാൻ
വേണ്ടി
എടുക്കുന്ന
ഓരോ ശ്വാസവും
പതാക പോലെ ഞരമ്പുകളിലേക്ക്
ആഴ്ത്തി നടന്ന
ഒരു ദിവസം വരും എന്നും അയാൾ പ്രതീക്ഷിക്കുന്നുണ്ട്
(ഒരു ദിവസം)

ചരിത്രത്തിലേക്ക് നോക്കിയവർ ഒപ്പിയെടുത്തത് തൻറെ ഉള്ളല്ലാതെ മറ്റെന്താണ് എന്ന്
“ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന “കവിത ചോദിക്കുന്നു രക്തത്തിലെ യാത്രയെക്കുറിച്ച് തീർത്തും വ്യത്യസ്തമായ ഒരു കവിതയാണ് മനുഷ്യനോ മരമോ ബിജെപിയോ എന്നത്

വിചിത്രമായി തോന്നുമെങ്കിലും ചരിത്രം വ്യക്തമാണെന്ന് ഉറക്കെപ്പറയുന്നു.
“അറിവു കേട്ട മുണ്ടം” എന്ന കവിത കാറ്റുകളെ അതിൻറെ തുടക്കത്തിൽ ചെന്ന് കാണാനാവാത്തത് പോലെ തന്നെ കവിതയുടെയും ഉള്ളകങ്ങളെ പൊളിച്ചു വായിക്കാനാവില്ല എന്ന് കവിക്ക് അറിയാം.

കവിയായില്ലെങ്കിൽ കവിത ആവുക എന്ന് പറയുമ്പോലെ കവിതയാവേണ്ട അതിൻറെ അർത്ഥം ആയാൽ മതി എന്ന് പറയും പോലെ

“ഭൂമി ഇങ്ങനെയൊക്കെ
തുടരും
കാടുകൾ ഒരു
വട്ടചീർപ്പാവും.

കാറ്റുകൾ
തുറന്നുവിട്ട കൂട്ടിലേക്ക്…..

ജനനത്തോളം വലിയ മരണം വേറെയില്ല ഒന്ന് രണ്ടായി പിരിഞ്ഞതിൻറെ വ്യാകുലത””
എന്ന് വിമീഷ് എഴുതുമ്പോൾ
കവിതയേക്കാൾ അർത്ഥം വ്യാപരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ബോധ്യങ്ങൾ സൂക്ഷിക്കുന്നത് കൊണ്ടാവാം

“മറക്കാനാവാത്ത പക്ഷികളാണ് മരങ്ങൾ..
പൊഴിച്ചു കളയേണ്ട
തൂവലുകൾ മാത്രമാണ് ഇലകൾ ചില്ലകൾ “എന്നും

“എഴുതിയ അക്ഷരങ്ങൾക്ക് ഭാഷ ഇല്ല” എന്നും
“എല്ലാ ജനങ്ങളും വികലാംഗരാണെന്നും എഴുതാൻ കവിക്കാവുന്നത്

ഞാനും എൻറെ മരണവും തമ്മിലുള്ള ജീർണിച്ച ദൂരമാണ് എൻറെ ആനന്ദം
എന്ന ആത്മ വിമർശനത്തിന്റെ വഴിയിലേക്ക് ഇടയ്ക്ക് ചില കവിതകൾ സഞ്ചരിക്കുന്നു. അത് തത്വചിന്താ പരവുമാണ് ചിലപ്പോൾ.
വോട്ടു ചെയ്യുകയും തിരഞ്ഞെടുക്കപ്പെടുകയും തീരുമാനമെടുക്കുകയും പ്രതിരോധിക്കുകയുo ഉണ്ണുകയും
പട്ടിണി കിടക്കുകയും സ്വാതന്ത്രിക്കുകയും
തടവിലാക്കുകയും കൊല്ലുകയും മരിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അസംബന്ധ രാജ്യമാണ് തൻറെതെന്ന് കവിതയിലൂടെ ത്തന്നെ നിരാകരിക്കുന്നു കവി.അത്തരം കണ്ടെത്തലിൽ ദൈവവും മനുഷ്യനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ,സംവാദങ്ങൾ തർക്കങ്ങൾ കൂടി കവിതയുടെ ഭാഗമാകുന്നു.

ചെയ്തു പോയല്ലോ എന്നല്ലാതെ എന്ത് പറയാനാവും
പക്ഷേ മനുഷ്യനെ കാണുമ്പോൾ

എന്ന അവസ്ഥയെ കവി ആവിഷ്കരിക്കുകയും ചെയ്യുന്നു.
അത് അതിജീവനവുമായി തന്നെ വെളിപ്പെടുന്നുണ്ട്.

“എത്തിച്ചേരാനുള്ള ഇടമല്ല എത്തിച്ചേർന്ന ഇടമാണ്
വീട് ”

(സൗകര്യം)

“എൻറെ നിന്റെയോ നിലവിളികൾ ഇല്ലാത്ത
വീട്ടിൽ മരിച്ചുകിടക്കുമ്പോൾ എന്താണ് നഷ്ടപ്പെട്ടതെന്ന് നമ്മൾ തിരിച്ചറിയാതെ ഇരിക്കുമോ”
(അവിവാഹിതർ )

“വെള്ളത്തിൽ ചിലരെങ്കിലും ജീവിക്കുന്നത് നന്നായി അവർക്ക് എങ്കിലും വെള്ളം കുടിച്ച് മരിക്കാമല്ലോ എന്നിങ്ങനെ വീടിനെയും ജീവിതത്തെയും നിർവ്വചനങ്ങൾ ഏറെയാണ് വിമീഷിന്റെ കവിതകളിൽ.

പെട്ടെന്ന് കലരാത്ത അർത്ഥങ്ങളും, പെട്ടെന്ന് പിടുത്തം തരാത്ത ഭാവനകളും ഏറെയുണ്ടെങ്കിലും ആത്യന്തികമായി വിമീഷ് മണിയൂരിന്റെ കവിതകൾ ആത്യന്തികമായി ജീവിതത്തെക്കുറിച്ച് തന്നെയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ടു തന്നെ ജീവിതത്തിന്റെ എല്ലാ ആധികളും ഈ കവിതകളിൽ നിന്ന് നമ്മെ വന്നു തൊടുകയും ചെയ്യും

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here