ഖുതുബുദ്ധീൻ അൻസാരിയിൽ നിന്ന്  മുസ്കനിൽ എത്തിയ സമുദായം  

0
359

ലേഖനം
കെ.പി ഹാരിസ്
 

വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിൽ പകർത്തിയ നഗ്നയായി ഓടുന്ന ഒരു ബാലികയുടെ ചിത്രം പുലിസ്റ്റർ അവാർഡ് നേടിയിരുന്നു. യുദ്ധത്തിന്റെ ഭീകരതയെ ലോകത്തിന് കാണിച്ച് കൊടുത്ത പ്രസ്തുത ചിത്രം ഇന്നും യുദ്ധവിരുദ്ധ സന്ദേശത്തിന്റെ പ്രദർശനങ്ങളിലെ മുഖ്യ ചിത്രമാണ്. യുദ്ധത്തിലൂടെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ ഒരു നേർചിത്രം ലോകത്തിന് സമ്മാനിക്കാൻ ആ ഫോട്ടോഗ്രാഫർക്ക് കഴിഞ്ഞിരുന്നു. പ്രസ്തുത ചിത്രത്തിന് സമാനമായ ഒരു ഫോട്ടോ ഇന്ത്യാ മഹാരാജ്യത്തിൽ നിന്നും പകർത്തിട്ടുണ്ട്. ലോകം നടുക്കത്തോടെ കണ്ട ആ ചിത്രം പകർത്തിയത് ഗുജറാത്ത് മുസ്ലിം വംശഹത്യാ സന്ദർഭർത്തിലായിരുന്നു. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന മുസ്ലിം വംശഹത്യാ പശ്ചാത്തലത്തിലായിരുന്നു ആ ചിത്രം എടുത്തത്. ഖുതുബുദ്ധീൻ അൻസാരി എന്ന ചെറുപ്പക്കാരൻ തന്റെ ജീവന് വേണ്ടി കേഴുന്ന അതിദയനീയമായ കാഴ്ചയായിരുന്നു അത്. മരണം മുന്നിൽ കണ്ട് ജീവന് വേണ്ടി കേഴുന്ന ഒരു മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ് പ്രസ്തുത ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. പുലിസ്റ്റർ അവാർഡ് നേടിയില്ലെങ്കിലും ഒരു ജനതയെ ഉൻമൂലനം നടത്തുന്നതിന്റെ ഭീകരതയും ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ആ ഫോട്ടോയിലൂടെ ലോകം അനുഭവിച്ചറിഞ്ഞു. ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടപ്പോൾ ഒരു ജനതയും സമുദായവും എത്തിപ്പെട്ട അവസ്ഥയുടെ നേർസാക്ഷ്യമായിരുന്നു അത്. അഥവാ ഖുതുബുദ്ധീൻ അൻസാരി എന്ന മുസ്ലിം ചെറുപ്പക്കാരന് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ആരുടെയോ ദയാവായ്പ് വേണമെന്നർഥം. ഇത്തരത്തിൽ ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കണമെങ്കിൽ കൈകൂപ്പി നിന്ന് കേണപേക്ഷിക്കുന്ന ഒരു ജനതയുടെ നേർചിത്രമാണ് ഒരർഥത്തിൽ ഖുതുബുദ്ധീൻ അൻസാരിയിലൂടെ ലോകം അറിഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് അഞ്ചരപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം ഒരു സമുദായത്തിന് നൽകിയ പരിരക്ഷയുടെ ബാക്കിപത്രം. നാം നേടിയെടുത്ത സ്വാതന്ത്ര്യം ഒരു സമുദായത്തെ ഇത്രയും ദയനീയമായി അടിച്ചമർത്തലിന് വിധേയമാക്കാനാണൊ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. അതിക്രമങ്ങളും കൂട്ടക്കൊലകളും കൊണ്ട് ഒരു സമുദായത്തെ ഉൻമൂലനം ചെയ്യാൻ ഹിന്ദുത്വ ഭീകരത വളർന്ന് വന്ന ഒരു സന്ദർഭത്തിൽ നമ്മുടെ ഭരണ ഘടനയും നിയമങ്ങളും തോറ്റ് പോയി. വൈവിധ്യങ്ങളെ അദരിക്കുന്ന ഉദാത്തമായ ഭരണഘടനയുള്ള ഒരു രാജ്യവും ഇവിടുത്തെ സെക്യുലർ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടികളും അമ്പേ പരാചയപ്പെട്ടു എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഇന്ത്യയിലെ മുസൽമാന്റെ ജീവിതം ഇതാണ് എന്ന് വരച്ച് കാട്ടുന്നതായിരുന്നു പ്രസ്തുത ചിത്രം. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഇഹ്സാൻ ജിഫ്രി എന്ന എം.പിയെ വരെ സ്വന്തം വീട്ടിൽ പച്ചക്ക് ചുട്ട് ചാമ്പലാക്കിയ മുസ്ലിം വംശഹത്യാ പദ്ധതിയായിരുന്നു’ അത്. ഹിന്ദുത്വ ഫാഷിസം നമ്മുടെ ഭരണഘടനാ നിർമാണ സഭയിലെ ഒരു അംഗത്തെ പച്ചക്ക് തീ കൊളുത്തി കൊല്ലുമ്പോൾ സാധാരണക്കാരനായ ഒരു ഖുതുബുദ്ധീൻ അൻസാരി എന്ന മുസ്ലിമായ ചെറുപ്പക്കാരന് എന്ത് ചെയ്യാനാവും. ജീവന് വേണ്ടി യാചിക്കുകയല്ലാതെ മറ്റെന്താണ് ആ ചെറുപ്പക്കാരന് ചെയ്യാൻ കഴിയുക. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കേതാരമായ ഒരു നാട് വംശീയതയുടെ വളക്കൂറുള്ള മണ്ണായി പരിണമിക്കുന്ന ഒരു ദയനീയ കാഴ്ചയ്ക്കാണ് നാം സാക്ഷിയായത്. ഇവിടുത്തെ സെക്യുലർ രാഷ്ട്രീയ പാർട്ടികളിൽ മാത്രം വിശ്വാസമർപ്പിച്ച ഒരു ജനത എത്തിപ്പെട്ട അതിദയനീയ കാഴ്ചയായിരുന്നു ഗുജറാത്ത് വംശഹത്യ. ജീവന് വേണ്ടി യാചിക്കുന്ന ഒരു സമുദായമായി മാറുന്നതിൽ ആ സമുദായവും ഒരർത്ഥത്തിൽ പങ്കാളികളാണ്. ആരെങ്കിലും തങ്ങളെ രക്ഷിക്കുമെന്ന മൗഡ്യ സ്വർഗ്ഗത്തിലായിരുന്നു സത്യത്തിൽ സമുദായ നേതൃത്വം.
ചരിത്രം പിന്നെയും മുന്നോട്ട്പോയി നാം ഇപ്പോൾ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ എത്തിയിരിക്കുന്നു. ഗുജറാത്ത് വംശഹത്യക്ക് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയിൽ നാം മറ്റൊരു ചിത്രം കാണുന്നു. അത് മുസ്കാൻ എന്ന ധീരയായ ഒരു പെൺകുട്ടിയുടേതാണ്. ജയ്ശ്രീറാം അലർച്ചകളുമായി തന്റെ നേരം ആക്രോശം നടത്തിയ സംഘ്പരിവാർ കലാപകാരികൾക്കെതിരെ ഒറ്റക്ക് നിന്ന് തക്ബീർ മുഴക്കി പ്രതിരോധം തീർത്ത ഒരു പെൺകുട്ടിയുടെ ചിത്രം. അഥവാ രണ്ട് പതിറ്റാണ്ട്മുമ്പ് ജീവന് വേണ്ടി യാചിച്ച ഖുതുബുദ്ധീൻ അൻസാരിയിൽ നിന്ന് മുസ്കാനിലേക്ക് ഒരു സമുദായം വളർന്നിരിക്കുന്നു എന്നർഥം. തങ്ങളെ രക്ഷിക്കാൻ ആരെങ്കിലുമുണ്ടെന്ന മയക്കത്തിൽ നിന്ന് ഒരു സമുദായം മെല്ലെ ഉണരാൻ ശ്രമിച്ചതിന്റെ ഒരു ചിത്രമായിരുന്നു മുസ്കാനിലൂടെ ലോകം അറിഞ്ഞത്. ഇന്ത്യയിലെ നവഫാസിസം രഥചക്രം ഉരുട്ടി മുന്നോട്ട് പോവുമ്പോൾ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഫാഷിസത്തിന് കീഴൊതുങ്ങി മൗനികളായി തീരുന്ന ഒരു ചരിത്രസന്ദർഭത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഇവിടെയാണ് മുസ്കാൻ എന്ന പെൺകുട്ടിയുടെ ധീരോദാത്തമായ പ്രതിഷേധം കൊണ്ട് വലിയ ഒരു പ്രതിരോധം തീർത്തത്. ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ് അവർ ആരാണെന്ന് സ്വയം തിരിച്ചറിയുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിലേക്ക് ഈ സമുദായം കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി വളർന്ന് കൊണ്ടിരിക്കുകയായിരുന്നു. സി.എ.എ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയിലെ ജനസമൂഹത്തിന് ഇന്ധനമായി തീർന്നത്  ആയിഷ റന എന്ന പെൺകുട്ടി ഇത്തരത്തിൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കൈ വിരൽ ചൂണ്ടിയപ്പോഴായിരുന്നു. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഇത്തരത്തിലുള്ള ചൂണ്ടു വിരലുകൾ ഉയർന്ന് വരുമ്പോൾ അതിൽ മതം ആരോപിച്ച് മാറി നിൽക്കാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് സാധ്യമല്ല. ഒന്നുകിൽ അവരോടൊപ്പം അല്ലെങ്കിൽ അവരുടെ പിന്നിൽ അണിനിരന്ന് കൊണ്ട് മാത്രമെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ കഴിയുകയുള്ളൂ എന്ന് തിരിച്ചറിയുക. ഇന്ത്യയിലെ നവഫാഷിസത്തെ എതിരിടാൻ ആയിഷ റനമാരും മുക്സാൻമാരും മുന്നോട്ട് വന്ന് പുതിയചരിത്രം തീർക്കുകയാണ്. പെൺകുട്ടികൾ മുന്നിൽ നിന്ന് നയിക്കുന്ന പുതിയ പോരാട്ടത്തിന് തുടക്കമായി എന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതിയായിരിക്കും. ഇരട്ട അപരത്വം പേറുന്ന മുസ്ലിം സ്ത്രീ മുന്നിൽ നിന്ന് നയിക്കണമെന്ന് ചരിത്രം ആവശ്യപ്പെടുന്ന മറ്റൊരു നിയോഗമായിരിക്കാം. സമരം വിജയിച്ചാലും പരാചയപ്പെട്ടാലും ഫാഷിസത്തിനെതിരായ ചെറുത്ത് നിൽപുകൾ ഉയർന്ന് വരിക എന്നുള്ളതാണ് പ്രധാനം.
ഇന്ത്യയിൽ നടക്കുന്ന മുസ്ലിം വംശഹത്യയെ കുറിച്ച് പഠനം നടത്തിയ Genocide watch എന്ന സംഘടന നടത്തിയ നിഗമനങ്ങൾ പാർലമെറ്റിൽ പോലും ചർച്ച  ചെയ്യാൻ കഴിയാത്ത ഒരു സന്ദർഭത്തിൽ ഒന്നല്ല ഒരായിരം മുസ്കാൻമാൻ ഉയർന്ന് വരും. അത്തരത്തിൽ പ്രതിരോധത്തിന്റെ ചൂണ്ടു വിരലുമായി പെൺകുട്ടികൾ തെരുവിലിറങ്ങുമ്പോൾ സ്ത്രീകൾ സമരം ചെയ്യാൻ പാടില്ല എന്ന ഫത്വകയുമായി പുരോഹിതന്മാർ രംഗപ്രവേശം ചെയ്യരുത്. വല്ല പുരോഹിതനും ഫത്വകൾപുറപ്പെടുവിക്കുന്നുണ്ടെങ്കിൽ അവരോട് പറയാനുള്ളത് നിങ്ങളുടെ ഫത്വകൾക്ക് കാത്ത് നിന്ന് സമരം നടത്താൻ മനസ്സില്ല എന്ന്തന്നെയാണ്. സമരത്തിൽ മുഴക്കുന്ന മുദ്രാവാക്യത്തിലെ മതമെത്ര മതേതരമെത്ര എന്ന ലിബറലുകളുടെ ശങ്ക അസ്ഥാനത്താണെന്നും ഫാഷിസ്റ്റുകൾക്കെതിരെ ആര് പ്രതിരോധം തീർത്താലും ഐക്യപ്പെടുക എന്നതാണ് പ്രധാനമെന്നും ഓർമപ്പെടുത്തുന്നു. ഇന്ത്യയിൽ മുസൽമാന്റെ ജീവിതം സന്തോഷകരമാണെന്നും അതിനാൽ ഭരണകൂടത്തിനെതിരെ സമരം വേണ്ടതില്ല എന്നുമുള്ള കൊട്ടാരം പണ്ഡിതരുടെ ജൽപനങ്ങൾ മറുപടി അർഹിക്കുന്നില്ല എന്ന് അവരെയും ഓർമപ്പെടുത്തുക. ആത്മാഭിമാനത്തോടെ ജീവിക്കാൻ മാപ്പ് സാക്ഷിത്തത്തിന്റെ ഭാഷയല്ല വേണ്ടത് സമരോൽസുകതയുടെ പുതിയ പാഠങ്ങളാണ്. ഒരു ജനത സ്വത്വം തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ പുതിയ ചിത്രം വരക്കുമ്പോൾ പിന്തുണക്കുന്നതിന് പകരം പിന്നിൽ നിന്ന് കുത്തുന്ന സമീപനം സമുദായത്തിന്റെയും രാജ്യത്തിന്റെയും തകർച്ചക്ക് കാരണമായി തീരും. അതിനാൽ സമുദായത്തോട് കാലവും ചരിത്രവും ആവശ്യപ്പെടുന്നത് ഖുതുബുദ്ധീൻ അൻസാരിമാരെ സൃഷ്ടിക്കാനല്ല മറിച്ച് മുസ്ക്കാൻമാരുടെ പിറവിയെ സ്വപ്നം കാണാനാണ്.  
 …
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here