Friday, January 27, 2023
HomeTHE ARTERIASEQUEL 45'മ' വാരികകളുടെ മായാലോകം

‘മ’ വാരികകളുടെ മായാലോകം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: രണ്ട്)

ലേഖനം
അനിലേഷ് അനുരാഗ്

മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള രതിയുടെ ഗൂഢപ്രപഞ്ചത്തിലേക്ക് അന്ന് നമുക്ക് അക്ഷരങ്ങളിലൂടെയുള്ള പാലമായി വർത്തിച്ചത് അക്കാലത്ത് കഠിനമായ സാമൂഹ്യ അധിക്ഷേപങ്ങൾക്ക് വിധേയമായ ‘മ’ വാരികകൾ (‘മനോരമ’, ‘മംഗളം’, ‘മനോരാജ്യം’ മുതലായവ) തന്നെയായിരുന്നു. ‘മ’ വാരികകളുടെ മായാലോകത്തേക്ക് എടുക്കപ്പെടുന്ന മലയാളികൾ, വിശിഷ്യാ, യുവാക്കളും, യുവതികളും തങ്ങളുടെ വ്യക്തി – കുടുംബ-സാമൂഹ്യ കർത്തവ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും, ആ കഥകളിലെ ദുരന്തകഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച് അവരെപ്പോലെ കൂടിയാൽ ജീവിതമവസാനിപ്പിക്കുകയോ, കുറഞ്ഞത് ദിശാബോധമില്ലാത്ത പൗരന്മാരായി മാറുകയോ ചെയ്യുന്നു എന്നായിരുന്നു ‘മ’ വാരികകൾക്കു നേരെയുള്ള കേരളശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ആരോപണം. ചോരയിറ്റുന്ന നഖങ്ങളിൽ ‘മ’വാരികകൾ കോർത്ത, പഴന്തുണിയും, ചണച്ചാക്കും കൊണ്ടുണ്ടാക്കിയ മലയാളി-ദിശാബോധമില്ലായ്മയുടെ
വലിയൊരു കൈ പരിഷത്തിൻ്റെ തെരുവുനാടകത്തിൻ്റെ ഭാഗമായി അഞ്ചാംപീടിക ടൗണിൽ പ്രദർശനത്തിന് വച്ചത് എനിക്കിന്നും ഓർമ്മയുണ്ട്. എൺപതുകളിൽ ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ’ എന്ന മുദ്രാവാക്യവുമായി മുന്നേറിയ പരിഷത്തും, മറ്റു പുരോഗമനപ്രസ്ഥാനങ്ങളും ‘മ’ പ്രസിദ്ധീകരണത്തിനെതിരെ നിരത്തിയ കുറ്റാരോപണങ്ങളിൽ കഴമ്പുണ്ടായിരുന്നെങ്കിലും, അവരുടെ ‘മ’ വിരുദ്ധ ആശയങ്ങൾ പൂർണ്ണമായും ശരിയായിരുന്നില്ല.

Anilesh anurag

അതിലെ ഒന്നാമത്തെ പ്രശ്നം, മുതിർന്ന ഒരാൾ എന്തു വായിക്കണം, എന്ത് ആസ്വദിക്കണം എന്ന് മറ്റൊരാൾ എത് പുരോഗമയുക്തിയുടെ പേരിലായാലും തീരുമാനിക്കുന്നതിലെ ജനാധിപത്യമില്ലായ്മയാണ്. അന്നത്തെ കേരളത്തിലെ (ചിലപ്പോൾ ഇന്നത്തെയും) അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട മനുഷ്യർക്ക് സാഹിത്യപരമായും, സാമ്പത്തീകമായും താങ്ങാൻ കഴിയുന്ന ആസ്വാദനതലത്തിൽ നടത്തിയ ഒരു അധികാരപ്രയോഗം കൂടിയായായാണ് ഈ അധിക്ഷേപത്തിനെ ഇപ്പോൾ എനിക്ക് കാണാനാകുന്നത്. മാനസീക അധ:പതനത്തിലേക്ക് നയിക്കുന്നതെന്ന് ആരോപണങ്ങളുള്ള ഇത്തരം പൈങ്കിളി നോവലുകൾ മാറ്റിവെച്ചാലും ‘മ’ വാരികകൾ പ്രകാശനം ചെയ്ത, ഒരു സമൂഹ മനുഷ്യന് വായിച്ചറിയേണ്ടുന്നതായ – ജീവിതാനുഭവങ്ങൾ, ചെറുകവിതകൾ, മിനിക്കഥകൾ, മികച്ച കാർട്ടൂണുകൾ – മുതലായ സാഹിത്യ ആവിഷ്കാരങ്ങൾക്ക് മറ്റൊരു പ്ലാറ്റ്ഫോം നൽകുന്നതിൽ പുരോഗമന പ്രസ്ഥാനങ്ങൾ അമ്പേ പരാജയപ്പെടുകയും ചെയ്തു. ബൃഹദാഖ്യാനമായ നോവൽ പുസ്തകങ്ങളോ, ‘മാതൃഭൂമി’, ‘ഭാഷാപോഷിണി’ മുതലായ ബൗദ്ധിക പ്രസിദ്ധീകരണങ്ങളോ, ‘വനിത’, ‘ഗൃഹലക്ഷ്മി’ മുതലായ മേലാള വനിതാമാസികകളോ വായിക്കാൻ നേരവും,ക്ഷമയും, സാമ്പത്തികക്ഷമതയും അടിസ്ഥാനവർഗ്ഗത്തിലെ മനുഷ്യർക്ക് ഒരിക്കലും ലഭിച്ചിരുന്നില്ലെന്നത് ഒരു നഗ്നസത്യമായിരുന്നു. ചുരുക്കത്തിൽ, നാട്ടുവിശ്വാസങ്ങളെ അന്ധമായെതിർത്ത ആദ്യകാല കമ്മ്യൂണിസ്റ്റുകൾ മറ്റൊരുതരം അന്ധവിശ്വാസികൾ ആയിത്തീർന്നതുപോലെയായി ‘മ’ പ്രസിദ്ധീകരണങ്ങളെ എതിർത്ത പുരോഗമനവാദികളും.

Anilesh anurag

പുരോഗമന വാദികളുടെ പ്രതിലോമകരമായ ഇത്തരം ഇടപെടലുകൾക്ക് മുൻപായിരുന്നു ‘മ’ പ്രസിദ്ധീകരണങ്ങളുടെ സുവർണ്ണകാലം. ലേഡീസ് ഹോസ്റ്റലിലെ ‘ഒരുമ്പെട്ടവളുമാരായ’ അന്തേവാസികളാൽ പ്രലോഭിപ്പിക്കപ്പെട്ട്, പിന്നീട് കൂട്ട ബലാത്സംഗത്തിന് വിധേയമാകുന്ന പാൽക്കാരൻ പയ്യൻ്റെ കഥ പറയുന്ന ‘അഞ്ചു സുന്ദരികൾ’ ഒക്കെ മാറ്റി നിർത്തിയാൽ വലിയൊരു സംഘം സ്ത്രീ വായനക്കാരുള്ള ‘മ’ വാരികകളിൽ നേർക്കുനേർ ഉള്ള ലൈംഗീകകേളീ വിവരണം ഉണ്ടാകാറില്ലായിരുന്നു. പ്രാചീന ഗ്രീക്ക് നാടകങ്ങളിലെ, സ്റ്റേജിൽ അഭിനയിച്ചു കാണിക്കാതെ വാക്കുകളിൽ വിവരിക്കുക മാത്രം ചെയ്യുന്ന ഹിംസാരംഗങ്ങൾ പോലെയോ, പഴയ മലയാള സിനിമകളിൽ തേനീച്ച കയറിയ വലിയ സൂര്യകാന്തിപ്പൂക്കളാൽ മറയ്ക്കപ്പെടുന്ന ചുംബനരംഗങ്ങൾ പോലെയോ ആണ് മനോരമയിലും, മംഗളത്തിലുമൊക്കെ രതിവിവരണമുണ്ടാവുക. ഉദാഹരണത്തിന്, വീട്ടിൽ മറ്റാരുമില്ലാത്ത നേരം പനിപിടിച്ചു കിടന്ന മോഹനെ കാണാൻ ചെന്ന മച്ചുനത്തിയായ ബിന്ദുവിൻ്റെ വിയർത്ത കൈത്തണ്ടയിൽ മോഹൻ വിറയ്ക്കുന്ന വിരൽ കൊണ്ട് തൊടുന്നു, മോഹൻ്റെ മോഹസ്പർശം ബിന്ദുവിൻ്റെ ഉന്നതങ്ങളിലേക്ക് ചെല്ലുമ്പോൾ  (തുടരും) ! കുറച്ചുകൂടി ഹിംസാത്മകമായ ഒരുദാഹരണം പറഞ്ഞാൽ, കാട്ടിൽ വിറകൊടിക്കാൻ ചെന്നപ്പോൾ ഫോറസ്റ്റുകാരാൽ പിൻതുടരപ്പെട്ട് പ്രാന്തൻ കുന്നിൻ്റെ നെറുകയിൽ നിന്ന് താഴോട്ട് എടുത്തുചാടിയ ഫുൾ പാവാടയിട്ട രാധ വന്നുവീഴുന്നത് എക്കാലത്തും അവളുടെ മേൽ ഒരു കണ്ണുണ്ടായിരുന്ന അവറാച്ചൻ മുതലാളിയുടെ ബലിഷ്ഠ കരങ്ങളിലായിരിക്കുമ്പോൾ വീണ്ടും (തുടരും)! സാംസ്കാരിക പഠനത്തിൻ്റെ തലതൊട്ടപ്പനായ ഫ്രഞ്ച് സൈദ്ധാന്തികൻ റൊളാംങ് ബാർത്ത് (Roland Barthes) ലൈംഗീകപ്രദർശനങ്ങളിലും, ആഖ്യാനങ്ങളിലും കാണുന്ന ഈ പരിണാമഗുപ്തിയെ (suspense) ബോധപൂർവ്വമുള്ള ഒരു മാനസീകതന്ത്രമായിട്ടാണ് വായിക്കുന്നത്. വസ്ത്രങ്ങൾ ഓരോന്നായുരിഞ്ഞ് കാഴ്ചക്കാരിൽ രതിയുണർവുകളുടെ തിരമാലകളുണ്ടാക്കുന്ന ‘സ്ട്രിപ് ടീസിൽ’ (Striptease) അവസാനത്തെ അടിവസ്ത്രം അഴിക്കുന്ന മൂർധന്യ നിമിഷം വേദിയിൽ വെളിച്ചം കെടുന്ന ഗംഭീര ഉദാഹരണമാണ് തൻ്റെ ആശയം സമർത്ഥിക്കാൻ ബാർത്ത് ഉപയോഗിക്കുന്നത്. തുണിയുരിയുന്നതിനനുസരിച്ച് വലിഞ്ഞുമുറുകിവരുന്ന ലൈംഗീകോർജ്ജത്തിൻ്റെ ആരോഹണം പ്രദർശകയുടെ അരക്കെട്ട് മറച്ച കുഞ്ഞുവസ്ത്രം അഴിഞ്ഞുവീഴുമ്പൊഴേക്ക് കാഴ്ചക്കാരൻ്റെ യുക്തിയെ തകിടംമറിച്ചുകൊണ്ട് അതിവേഗത്തിൽ രതിശൂന്യതയായി (de-eroticized) നിലംപൊത്തും. സ്ത്രീശരീരപ്രദർശനം ഒരു കച്ചവടമാകുന്ന ഇടങ്ങളിൽ രതിയുടെ ഈ അപ്രതീക്ഷിത അവരോഹണം ഒട്ടും അഭികാമ്യമല്ലാത്തതിനാലാണ് അവസാനവസ്ത്രം അപ്രത്യക്ഷമാകുന്നതിനോടൊപ്പം വേദിയിൽ വെളിച്ചമണയുന്നത് എന്നാണ് ബാർത്തിൻ്റെ സൂക്ഷ്മനിരീക്ഷണം.

Anilesh anurag

അതെന്തായാലും, പറഞ്ഞുവന്നത് ‘മ’ വാരികകളിലെ രതി അതിൻ്റെ സുഭഗതയിലും ഒരിക്കലും അസംസ്കൃത ലൈംഗീകതയായി – തന്ത്രത്തിലും, കലയിലും – അധ:പതിച്ചില്ല എന്നതാണ്. അതൊരിക്കലും തൻ്റെ ‘നിലമറന്ന്’ പ്രവർത്തിച്ചില്ല, ‘ഉദ്ദേശശുദ്ധി’ കൈവെടിഞ്ഞില്ല! അതേസമയം, ഉടലുണർവ്വിൻ്റെ അപേക്ഷയുമായി തന്നെ സമീപിച്ച ഒരു കുമാരൻ്റെയോ, യുവാവിൻ്റെയോ, മധ്യവയസ്കൻ്റെയോ, വൃദ്ധൻ്റെ തന്നെയോ മോഹങ്ങളെ അത് തള്ളിക്കളഞ്ഞുമില്ല. ഇഷ്ടക്കാരായ തൻ്റെ വായനക്കാർക്കുവേണ്ടി, സമപ്രായക്കാരായ അയൽപക്കക്കാർ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ കുടിയേറ്റ ഗ്രാമത്തിലെ നാട്ടുകഥകളിലും(മെഴുവേലി ബാബുജി) സഹപാഠികൾ പിടിവിട്ട് പ്രേമിച്ച പട്ടണത്തിലെ പ്രേമകഥകളിലും(സുധാകർ മംഗളോദയം) മാത്രമല്ല, ഡിക്റ്റീവ് പുഷ്പരാജ് കേസന്വേഷിച്ച കുറ്റാന്വേഷണ കഥകളിലും ( ബാറ്റൺ ബോസ്) കാർപേത്യൻ മലയിലെ ഡ്രാക്കുള വരെ മലയാളത്തിൽ മിണ്ടിപ്പറഞ്ഞ മാന്ത്രികകഥകളിൽ പോലും (കോട്ടയം പുഷ്പനാഥ്) അവർ രതിയുടെ കൂട്ടും, അരപ്പും ചേർത്തു വിളമ്പി. തൃഷ്ണകളെ ജ്വലിപ്പിച്ചു, തൃപ്തിപ്പെടുത്തി.

Anilesh anurag

ഇത്രയും ചെയ്തിട്ടും ഭാവനകളുണ്ടാക്കാൻ കഴിയാത്തവർക്കു വേണ്ടിയാകണം അവർ എത്ര കട്ടിയുള്ള വസ്ത്രം ധരിച്ചാലും സുതാര്യമായ ഉടലുകളുള്ള സ്ത്രീകളുടെ ചിത്രങ്ങൾ കഥകൾക്ക്  കൂടെ ചേർത്തുവച്ചത്. അജ്ഞാതരോ, അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ അപ്രസക്തരായിപ്പോയവരോ ആയ കലാകാരന്മാർ വരച്ച ഇത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത നോവലിലെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്തുതന്നെയായാലും – അച്ഛനും, മകളും, ഏട്ടനും, അനിയത്തിയും, അമ്മാവനും, മരുമോളും – അതിലെ സ്ത്രീരൂപങ്ങളെല്ലാം അവയവമുഴുപ്പുള്ളവരും, ചലനങ്ങളിൽ ഒരു നിമിഷം മിന്നിമായുന്ന വസ്ത്രങ്ങളുടെ വിളുമ്പുകളിൽ പോലും ശരീരസുഭഗത വെളിപ്പെടുത്തുന്നവരുമായിരിക്കും !

വല്ല്യമ്മയുടെ പഴയ, ഓടിട്ട വീടിൻ്റെ രണ്ടാം നിലയിൽ നെല്ലുണക്കാനിട്ടതിൻ്റെ ഗന്ധത്തിൽ അലിഞ്ഞ്, ഗൂഢാനന്ദത്തിൽ നോക്കിയിരുന്നുപോയ അജന്തയിലെയും, ഖജൂരാഹോയിലെയും ശില്പങ്ങൾ തോറ്റുപോകുന്ന ആ രതിവരകൾ കൗമാരത്തിലെ എത്ര ഉണർവ്വുകളിലും, നിദ്രകളിലും നിന്ന് എന്നെ ‘ഉണർത്തി’ വിട്ടിട്ടുണ്ട്!

(തുടരും)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

2 COMMENTS

Comments are closed.

- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES