കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ. രോഷ്‌നി സ്വപ്ന
“കുറെ നേരം
ഞാൻ എഴുതുന്നു
അത്രയും നേരം ജീവിച്ചിരിക്കുന്നതായി അറിയുന്നു
കുറെ ജന്മങ്ങൾ ഞാൻ എഴുതാതിരിക്കുന്നു
എൻറെ മരണങ്ങളെ
ഞാൻ ആത്മാവിൽ മണക്കുന്നു ”
* * * *
എഴുതിക്കൊണ്ടിരിക്കെ കാണാതായ തന്നെ കുറിച്ച് ഹംഗേറിയൻ കവിയായ ജാനോസ് ഹേ പറഞ്ഞത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിൽ 2006 -2010 നിടയിൽ എന്നോ അദ്ദേഹം വന്നു. കവിതയെക്കുറിച്ച് വാ തോരാതെ സംസാരിച്ചു. കവിതയിലെ വിത്തുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു. ജാനോസുമായി കുറച്ചുസമയം ഒരുമിച്ചിരിക്കാൻ അന്ന് സാധിച്ചു. ഹംഗേറിയൻ കവിതയുടെ ചരിത്രവും ഭൂതകാലവും വർത്തമാനവും അദ്ദേഹത്തെ ആവേശിച്ചതായി അറിയാൻ കഴിഞ്ഞു.
വയലിൽ വിത്തുകൾ വാരിയെറിയും പോലെ കവിതയിലായിരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കവി എന്നോട് പറഞ്ഞു. അതെന്തുകൊണ്ടാണ് ഇത്തരം ഒരു ആഗ്രഹം എന്നെനിക്ക് ചോദിക്കാതിരിക്കാനായില്ല. 15 കവിതകളുടെ കോപ്പി അദ്ദേഹം എനിക്ക് തന്നു. സ്വന്തം ജീവചരിത്രക്കുറിപ്പടങ്ങിയ ഒരു മൾട്ടികളർ പേപ്പറും.
അദ്ദേഹത്തിന്റെ കവിതകളിൽ തുറന്ന വിളനിലങ്ങളായിരുന്നു അധികവും. അച്ഛൻ ഒരു ഗ്രാമീണ കർഷകനായിരുന്നു എന്നദ്ദേഹം അഭിമാനം കൊണ്ടു.
“വിളവുകൾ
എന്റെ സ്വന്തമായിരുന്നില്ല വിത്തുകൾ
എന്റെ സ്വന്തമായിരുന്നില്ല എന്നിട്ടും
കിളികൾ
എന്റെ കവിതയ്ക്ക് ചുറ്റും ധാന്യമണികൾക്കായി
പറന്നു “”
എന്നോ മറ്റോ ആശയമുള്ള ഒരു കവിത അദ്ദേഹത്തിന്റെതായി വായിച്ചതോർക്കുന്നു.
ജാനോസ് ഹേയെ
സോഷ്യൽ മീഡിയയിൽ പിന്നീട് ഏറെ പരതി. കണ്ടില്ല.
അദ്ദേഹം തൃശ്ശൂർ വന്നു പോയതിനു ശേഷം, എനിക്ക് സമ്മാനിച്ച പതിനഞ്ച് കവിതകളും ഞാൻ പതിയെ പതിയെ വായിച്ചു. പരിഭാഷക്കുള്ള അനുവാദം എനിക്ക് തന്നിരുന്നു. പിന്നീടെപ്പോഴോ ആ കടലാസുകൾ എനിക്ക് കൈമോശം വന്നു.
ജാനോസ് എന്ന പേരിന്റെ യഥാർത്ഥ സ്പെല്ലിങ് ഞാൻ പരതുന്നത് തന്നെയാണോ എന്നറിയാത്തതിനാൽ എന്തോ ഇന്നും ആ കവി എനിക്കുമുന്നിൽ
മറഞ്ഞിരിക്കുകയാണ്.ഇത്രയും എഴുതാനും ഓർക്കാനും കാരണം സുനിൽകുമാർ എം എസ് എന്ന കവിയും അയാളുടെ കവിതകളുമാണ്.
2009 ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ
വായനയെഴുത്തിനായി എനിക്ക് ഒരിക്കൽ അയച്ചു കിട്ടി. അജീഷ് ദാസന്റെ “ക്യാൻസർ വാർഡ്” വിഷ്ണു പ്രസാദിന്റെ “ചിറകുള്ള ബസ്” സുനിൽകുമാർ എം എസ്ന്റെ “പേടിപ്പനി ”
അതിൽ അജീഷിനെയും വിഷ്ണുവിനെയും മുൻപ് അറിയാം.
“പുതുകവിതയുടെ പുതുമുഖങ്ങൾ” എന്ന് ഡിസി ബുക്സ് വിശേഷിപ്പിച്ച ഈ മൂന്ന് പുസ്തകങ്ങൾ ഏറെ ആനന്ദത്തോടെ വായിച്ചുതീർത്തു. അജീഷും വിഷ്ണുവും എഴുത്തു തുടർന്നു. സുനിൽകുമാർ എന്ന കവിയെ പിന്നീട് വായിക്കാൻ സാധിച്ചിട്ടില്ല. അയാൾ ആനുകാലികങ്ങളിൽ എഴുതാത്തത് ആണോ എന്നറിയില്ല. ഇപ്പോൾ 11 വർഷത്തിനുശേഷം “പേടിപ്പനി” വീണ്ടും വായിച്ചു.
ബോർഹസിന്റെ വരികൾ ഓർമ്മ വന്നു.
“I am not sure that I exist actually.
I am all the writers that I have read.
All the people that I have met,
all the women that I have loved. All the cities I have visited. ”
സുനിൽകുമാർ എം എസ് കവിതകൾ എഴുതാത്തതെന്ത് എന്നറിയില്ല.
പേടിപ്പനിയിൽ ഒരു കവിതയുണ്ട്.
” ആരെയും
നോക്കരുത്
ആരോടും
മിണ്ടരുത്
ഒന്നും കേൾക്കരുത്
ഒരിക്കൽ
ശ്വസിക്കരുത്
എന്നും പറഞ്ഞു.
ഇത്തരത്തിൽ
പലതായിരുന്നു
ആജ്ഞകൾ
എല്ലാം അനുസരിച്ചപ്പോൾ പുതുപട്ടുകൊണ്ട്
പുതപ്പിച്ച്
പനിനീര് തളിച്ച്
പെട്ടിക്കകത്ത്
കിടത്തിപ്പൂട്ടി
ഭദ്രമായി
അവരെന്നെ
മണ്ണിനടിയിൽ
ഒളിപ്പിച്ചു “”
(അനുസരണ )
അനുസരണ ഒരു നല്ല ശീലമല്ല എന്ന് തിരിച്ചറിയുന്ന കവിക്കേ ഈ കവിതയെഴുതാനാവു.
“കവിത, അത് ഉൾക്കൊണ്ടിരിക്കുന്ന പ്രസ്തുത വികാരത്തെ ഏറ്റെടുക്കലല്ല,
മറിച്ച് ആ വികാരത്തെ നിരാകരിക്കുക കൂടിയാണെന്ന് ടി എസ് എലിയറ്റ് പറയുന്നുണ്ട് ഒരുതരത്തിൽ
ആ വികാരത്തിൽ നിന്നുള്ള രക്ഷ നേടൽ കൂടിയാവുന്നു കവിത.
വ്യക്തിപരതയുടെ ആവിഷ്കരണം ആയിക്കൊള്ളണമെന്നില്ലല്ലോ! ഈ വ്യക്തിപരതയിൽ നിന്നുള്ള രക്ഷനേടലും കൂടെ ആവാമല്ലോ!
സുനിൽ കുമാറിന്റെ കവിതകളിലേക്ക് അനവധി വഴികളുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭാഷയും ജീവിതവും കണ്ടെടുക്കുന്ന ചെറുത്തുനിൽപ്പിനെ ഒരു വഴി!
പ്രകൃതിയുടെ ഇണക്കത്തിൽ നിന്നും മുളച്ചുവരുന്ന ഭാഷയുടെ വഴി,
ഘനീഭവിച്ച ഒരു ലോകത്തിൽ നിന്നുള്ള ഉരുക്കുവഴി.
പക്ഷേ സുനിലിന്റെ കവിതകളിൽ നിന്ന് പുറത്തുകടക്കുക എളുപ്പമല്ല.
“തുറക്കുവാനും
അകത്തു കടക്കുവാനും
നീ തന്നെ
കനിയണം
സമ്മതിച്ചിരിക്കുന്നു ഞാൻ
നീ തന്നെ കേമൻ
എങ്ങാണു നീയ്യെങ്കിലും
ഒളിച്ചുകളി
നിർത്തി
ഒന്ന് ഓടിവാ
താക്കോലേ
വാതിൽ
തുറക്കേണ്ട നീ
പൂട്ടുവാൻ നിനക്കാവുമെങ്കിൽ എൻറെ വിശപ്പിനെ
എങ്ങനെയെങ്കിലും ഒന്ന്……
( താക്കോൽ)
ഈ താക്കോൽ രണ്ട് ലോകങ്ങൾക്കിടയിലാണ് മറഞ്ഞു നിൽക്കുന്നത്. വിശക്കുന്ന മനുഷ്യനെ പുറത്താക്കുന്ന ലോകവും സമൃദ്ധിയുടെ ലോകവും ഇവിടെ രണ്ടായിത്തന്നെ വെളിപ്പെടുന്നു.
കവിതയിൽ
കവിത ആകുന്നത് ഭാഷയാണ്
Words are pale Shadows of Forgotten names.
എന്ന് പാട്രിക് റോത് ഫ്യൂഡ്
But if thought corrupts language, language can also corrupt thought
എന്ന്
ജോർജ് ഓർവെൽ
the limit of my language means, the limit of my world
എന്ന് ലുഡ് വിങ് വിറ്റ്ഗൺസ്റ്റൺ.
സുനിൽകുമാർ ഭാഷയെ മെരുക്കുന്നത് അനുഭവങ്ങളുടെ മൂശയിലാണ്. അതിനയാൾ ഉപയോഗിക്കുന്ന സൂചകങ്ങളുടെ സ്ഥാനം തൻറെ ആശയ പ്രത്യക്ഷീകരണത്തിന് ഉതകുംവിധം ഉപയോഗിക്കാൻ അയാൾക്കറിയാം. ഭൂതകാലത്തിന്റെ എല്ലാ മുദ്രകളിലും ഭാഷയുടെ ഈ തരികൾ കാണാം. “അഗാധമായ
അടുപ്പം” എന്ന കവിതയിൽ
വിറകു കീറൽ
തേങ്ങാപൊതി
അങ്ങനെ എല്ലാറ്റിനും
ഇരവ് പകല്
എന്നില്ലാതെ
മൂർച്ചയേറിയ
അടുപ്പവുമായി
അടുത്ത വീട്ടിലെ
കൊടുവാളാണ്
വീട്ടിലേക്കെത്താറുണ്ടായിരുന്നത്.
ഒറ്റക്കൊത്തിന്
ഏതിരയും
ചേമ്പിൻതണ്ട്
മുറിയുന്ന പോലെ…
എന്നിട്ടുമിതുവരെ പിണക്കത്തിന്റെയൊരു
പോറലുമേൽപ്പിച്ചിട്ടില്ല.
ചോരമണം എന്തെന്ന് അറിഞ്ഞിട്ടുമില്ല.
കഴിഞ്ഞ പകൽ
ഉച്ചച്ചൂടിലാണ്
വെറി പൂണ്ട ഒരു
കൈപ്പിടിയിൽ
ഒതുങ്ങി
അങ്ങാടിത്തിരക്കിലൂടെ
ഓടിച്ച്
രണ്ടു തലകളുടെ
ചോര നുണഞ്ഞ്
വഴിവക്കിൽ
കിടക്കുന്നത് കണ്ടത്
അപ്പോഴാണ്
നേരറിയുന്നത്.
മൂർച്ചയേറിയ
എല്ലാ അടുപ്പത്തിലും കാപട്യത്തിന്റെ
ഒരു മുഖവും ഉണ്ടെന്ന് “”
യൂജീനിയോ മൊണ്ടേലെ എന്ന ആഫ്രിക്കൻ കവിയുടെ ലോകത്ത് സമാനമായ വായനാനുഭവങ്ങൾ ഉണ്ടെനിക്ക്.
ലോകത്തെ വിഴുങ്ങുന്ന ഹിംസയെ മോണ്ടേലെ തൻറെ കവിതകൊണ്ട് ചെറുക്കുന്നു.
” നിൻറെ
ഉറക്കത്തിന്റെ
കൂട്ടിൽ ഇലകൾ
മഹാഗണിയുടെ
ഇലകൾ!
സ്വർണനിറത്തിലുള്ള
വെളിച്ചം..
അതിനു പിന്നിൽ പുസ്തകക്കൂട്ടം.
തിരിഞ്ഞുനോക്കുമ്പോൾ നിന്റെ പിൻകഴുത്ത് കൃത്യമായി കാണാം.
മുടിയിഴകൾ
മേഘങ്ങൾ
മൂടിയതുപോലെ
നീ എന്നിലേക്ക് കടന്നു
ഞാൻ
ഇരുട്ടിലേക്ക്
പ്രവേശിച്ചു. ”
അവ്യക്തമായി കാണുന്ന ആ പിൻകഴുത്തിലേക്കാണ് സുനിൽകുമാറിന്റെ കവിതയിലെ മടവാൾ ഉന്നമിടുന്നത്.
എല്ലാം അന്യമായ കാലത്ത് പാളങ്ങൾ താണ്ടി വരുന്ന വിശപ്പിന്റെ മരുന്നിനായി കാത്തിരിക്കുമ്പോഴും സ്വന്തമെന്ന് പറയാൻ കാൽ വെള്ളയിൽ ഉറഞ്ഞിരിപ്പുണ്ട്.
നെല്ലുണക്കി ചിക്കുമ്പോളുള്ള പോയ കാലത്തിന്റെ കിരു കിരിപ്പ് നെല്ലുണക്കത്തിൽ കാണാം.
എന്തിനാണ് മനുഷ്യൻ കവിതയെഴുതുന്നത് എന്നൊരു പക്ഷേ ഈ കവി ആലോചിച്ചിരിക്കാം.
മനുഷ്യൻ എന്ന നിലയിൽ ഒരാൾ അനുഭവിക്കുന്ന വിശപ്പിനെ കുറിച്ച് എഴുതാനാണോ എന്ന് തോന്നിപ്പിക്കും വിധം തീവ്രമായി ഈ കവി വിശപ്പിനെക്കുറിച്ച് പറയുന്നുണ്ട്.
“എല്ലാം അന്യമാകുന്ന കാലത്തെ വിശപ്പ് (നെല്ലുണക്കം )
ഊതിയൂതി അടുപ്പിനെ തോൽപ്പിച്ച് രാത്രി വിശപ്പിന് മരുന്നു കുറുക്കുമമ്മ
(വയലും വീടും)
തെരുവോരങ്ങളിൽ
തെണ്ടി വിശപ്പിന്
അടിമയാവുമ്പോൾ
എച്ചിലിലക്കൂനയിലെപ്പെറുക്കി (തെളിവ് )
ഒരുപക്ഷേ ഒരാളുടെ ലോകം വ്യത്യസ്തമാണെങ്കിൽക്കൂടി, അയാളുടെ ആവിഷ്കാരത്തിലൂടെ അയാൾ അയാളെത്തന്നെ പകർത്തുകയാണല്ലോ എന്ന് പല കവികളെയും വായിക്കുമ്പോൾ തോന്നാറുണ്ട്. പക്ഷേ ഈ കവിയിൽ ഇത്തരം ആവർത്തനങ്ങൾ ഇല്ല.
ഭാഷയിലേക്ക് നുഴഞ്ഞുകയറണം ഒരു കവി. അപ്പോൾത്തന്നെ ഭാഷയുടെ ആവർത്തനത്തെ കുടഞ്ഞെറിയുകയും വേണം. അതയാളെ സംബന്ധിച്ചിടത്തോളം, ഏറ്റവും വലിയ വെല്ലുവിളിയാണ്.
മുൻ മാതൃകകളോ രൂപ ഭാവ ശില്പ മാതൃകകളോ അയാളെ സംബന്ധിച്ച് അപ്പോൾ പ്രസക്തമല്ല.
സുനിൽ കുമാറിന്റെ കവിതകളിലെ ഭാഷ മുഴുവനായും ദളിത് വാങ്മയങ്ങൾ കൊണ്ടല്ല കൊരുക്കപ്പെട്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ചരിത്രവും പരിണാമങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണയാൾ തന്റെ കൊടുക്കൽ വാങ്ങലുകൾ തീർക്കുന്നത്, കണ്ടെത്തുന്നത്.
ജീവനെ വെല്ലുവിളിക്കുന്ന യാഥാർത്ഥ്യങ്ങൾക്ക് നേരെ തലയുയർത്തിപ്പിടിച്ചാണ് ഈ കവിതകൾ ചലിക്കുന്നത്.
” തിരക്കിനിടയിൽ നിന്നും
നീ ചൂണ്ടിയ വിരൽ
എന്റെ നേർക്കാണോ
എന്നത് സംശയിക്കും
ചിലപ്പോൾ ഒളികണ്ണിട്ടുള്ള നിന്റെ നോട്ടം
എന്റെ മുഖത്തേക്കാണോ എന്ന് സംശയിക്കുന്നു.
ഒന്നിൽ ഹിംസയുടെയും മറ്റൊന്നിൽ പ്രണയത്തിന്റെയും പരാങ്‌ഭാവങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന അസാധാരണ കവിതയാണ് “സംശയം “.
“അയ്യപ്പപ്പണിക്കർ എന്ന പേരിൽ എനിക്കൊരു ശത്രു ഉണ്ടായിരുന്നു” എന്ന
അയ്യപ്പപ്പണിക്കരുടെ ആത്മവിമർശനത്തെക്കാൾ മൂർച്ചയുണ്ടിതിന്. “കൊല്ലേണ്ടതെങ്ങനെ” എന്ന സുഗതകുമാരിയുടെ ചോദ്യത്തെക്കാൾ ചരിത്രബോധമുണ്ട് സുനിലിന്റെ കവിതകൾക്ക്.
കാരണം, പാരമ്പര്യത്തെയോ ഭൂതകാലത്തെയോ ഈ കവി ആർജ്ജിക്കുന്നത് ജൈവികതയിൽ ഊന്നി നിന്നുകൊണ്ടാണ്.
അസമത്വത്തിന്റെയും അനീതിയുടെയും സ്ഥാപനവൽകൃത ബോധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് സുനിലിന്റെ കവിതകൾ എഴുന്നേറ്റു നിൽക്കുന്നത്.
” എന്തും സഹിക്കാം
ഞാൻ
പക്ഷേ,
എൻറെ നേർക്ക്
അനാഥൻ എന്ന വാക്കുകൊണ്ടെറിയരുത് സുഹൃത്തേ”
(തെളിവ് )
എന്ന് ഉറച്ച ശബ്ദത്തിൽ പറയാനാവുന്നത് ഈ തിരിച്ചറിവുകൊണ്ടാണ്.
” നിങ്ങൾക്കുള്ളത് പോൽ,
എനിക്കുണ്ടൊരു പൊക്കിൾച്ചുഴി ”
എന്നാണയാൾ കവിതയെ പുന:നിർണയിക്കുന്നത്.
എത്രയോ വർഷത്തെ നിശബ്ദതയാണ് തങ്ങൾ തച്ചുടയ്ക്കുന്നതെന്ന ആത്മബോധമുള്ള കവികളുടെ ഒപ്പം തന്നെയാണ് സുനിൽ കുമാറിന്റെയും സ്ഥാനം.
ബാബുറാവ് ബകുൽ,
യശ്വന്ത് വഘേല, ശരൺകുമാർ ലിംബാളെ, ജയന്ത് പർമർ
സിദ്ധ ലിംഗയ്യ, ലക്ഷ്മൺ
ഗെയ്ക്വാദ്, എസ് ജോസഫ്, എം ബി മനോജ് എന്നിവരൊക്കെ കണ്ടെടുത്ത എഴുത്ത് രീതികളിൽ, ഒന്നിനൊന്ന് വ്യത്യസ്തമായ ഭാഷ കൊണ്ടാണ് നിശബ്ദതകൾ മറികടക്കപ്പെടുന്നത്.
“അടിവയറ്റിലിരമ്പുന്ന
വേദന
വിശപ്പാണ് എന്നറിഞ്ഞ
നേരം
കരിപിടിച്ച ആ മൂന്നുമുഴകൾക്ക് മേലിരിക്കുന്ന
ചട്ടിയിലേക്ക് നോക്കുവാനെനിക്ക്
ധൈര്യവും
പ്രതീക്ഷയും
പോരാ
നനയാം ഞാൻ ”
എന്നാണ് ഈ ഭാഷയുടെ ഉറപ്പ്.
” പാടത്തു നിന്ന് കയറി വരുന്ന
ചേറിൻ
ചൂരുള്ള
ഒരു ഓലക്കുടക്ക് കീഴിൽ
മാഞ്ഞില്ലാതാകുന്നത് വരെ
ഈ ഭാഷ നിലനിൽക്കുമെന്ന ധൈര്യവുമുണ്ട് ഈ കവിക്ക്.
“മഴക്കാറില്ലാത്ത
രാത്രികളിൽ
വീട്ടിനകത്ത്
കിടന്നാൽ
ചന്ദന നക്ഷത്രങ്ങളെ ദർശിക്കാം
എന്നതുകൊണ്ട്
ഞാനെന്റെ വീടിന് നക്ഷത്രബംഗ്ലാവ്
എന്ന് പേരിട്ടു
എന്ന പറച്ചിലിൽ കഠിന ജീവിതത്തിന്റെ എല്ലാ നോവുകളും നീറ്റലുകളും ഉണ്ട്.
“കണ്ണാടിയില്ലാക്കാലത്ത് വീട്ടിലുണ്ടായിരുന്നു അനാഥമാക്കപ്പെട്ട
പഴയൊരാട്ടുകല്ലിന്റെ കുഴിയിൽ
കണ്ണാടി വെള്ളം “”
എന്ന ഓർമ്മ വേദനിപ്പിക്കുന്നതാണ്.
ദളിത് കവിതയിൽ വികസിച്ചുവന്ന
നൈതികോൽക്കണ്ഠകളും
ആവിഷ്കാര സങ്കേതങ്ങളും കൂടുതൽ കൂടുതൽ പ്രതിരോധത്തിന്റെ വഴിയിലേക്ക് വളരുന്ന കാഴ്ചയാണ് സമകാലിക ഇന്ത്യൻ ദളിത് കവിതയിൽ കാണാൻ കഴിയുക.
സ്ഥല ദേശങ്ങളുടെ അതിരുകൾ മാറുമ്പോൾ അനുഭവങ്ങളുടെ ആവിഷ്കാരവും തീവ്രതയും വ്യത്യാസപ്പെടുന്നു.
നമ്മുടെ രാജ്യത്ത്
ഒരിക്കലും സൂര്യന്റെ
കവാടം
നമുക്കായി
തുറന്നു കിടന്നില്ല. തലമുറകളായി
ഇരുട്ടിന്റെ കുഴമ്പ്
നമ്മുടെ
കണ്ണുകളിൽ
തേച്ചുപിടിപ്പിച്ചിരിക്കുകയാണ്.
സ്വപ്നങ്ങളുടെ ഓരോ കൺപീലിക്ക് മേലും
ജീവിതം
പ്രതീക്ഷയുടെ ഏറ്റവും ഉയരത്തിൽ ഉടച്ചു തകർക്കപ്പെട്ടിരിക്കുന്നു ”
പ്രതിഭ രാജാനന്ദിന്റെ “ഒടുവിൽ നമ്മുടെ കണ്ണുകൾ ക്രാന്തദർശികൾ ആകുന്നു” എന്ന കവിത.
“ഞങ്ങൾ
ഒരിക്കലും
വേദിയിൽ കയറാൻ
പോയിട്ടില്ല
ആരും ഞങ്ങളോട് ചോദിച്ചിട്ടുമില്ല
ആവശ്യപ്പെട്ടിട്ടുമില്ല. സത്യത്തിൽ
ചൂണ്ടു വിരൽ നീട്ടി
അവർ
ഞങ്ങളുടെ ഇടം
ഏതെന്ന് കാട്ടിത്ത രികയും ഞങ്ങളവിടെ
ഇരിക്കുകയുമായിരുന്നു ചെയ്തത് ”
എന്ന്
വഹാരു സോനാ വേൻ
എഴുതുന്നു, “വേദി” എന്ന കവിതയിൽ
അരുൺ കലയുടെ “പഴയ പാഠപുസ്തകത്തിൽ നിന്ന് ഒരു പുതിയ അധ്യായം “എന്ന കവിതയിൽ
“പരസ്പരം
ജാതി ഏതെന്ന് എഴുതിയെടുക്കൂ
എന്നിട്ട്
പരസ്പരം
വെറുക്കാൻ
പഠിക്കൂ
പരസ്പരം കല്ലുകൾ വലിച്ചെറിയൂ ”
എന്ന് പറയുന്നുണ്ട്
ദേബാഷിഷ് മോൺതാലിന്റെ
“സ്വപ്നസഞ്ചാരി “തുറന്ന വിമർശനത്തിന്റെ കവിതയാണ്.
“സ്വാതന്ത്ര്യം എന്നത്
ഒരു പ്രഹസനം ആണെന്ന് വിശ്വസിക്കുന്നവർ
ഇപ്പോൾ
രാജാക്കന്മാരാണ്
രാജാവ് കോമാളിയെന്ന് പറയുന്നവർ
ഇപ്പോൾ
രാജാക്കന്മാരാണ് ”
നിർമ്മമമായല്ല ഇന്ത്യൻ ദളിത് കവിതകൾ യാഥാർത്ഥ്യത്തെ ആവിഷ്കരിക്കുന്നതും വിളിച്ചു പറയുന്നതും.
നേരിട്ടുള്ള പ്രഖ്യാപനങ്ങളാണവ.
ഇത്തരം ഒരുപാട് കവിതകൾ സുനിൽ കുമാറിൻന്റെ പേടിപ്പനി എന്ന സമാഹാരത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അരിയാട്ടുവാൻ
മുളകരക്കുവാൻ
ദോശയും
ചമ്മന്തിയുമില്ലാതെ വെയിലത്തിരുന്ന്
വിശപ്പിനെക്കൊന്ന്
നിങ്ങൾക്ക് വേണ്ടി
ഞങ്ങൾ
കൊത്തേണ്ടി വരുന്നു ആട്ടുകല്ലും അമ്മിയും.
മുമ്പ് ഞങ്ങൾ കല്ലിൽ ദൈവങ്ങളെ
സൃഷ്ടിച്ചിരുന്നു
ഉളി മുറുകെപ്പിടിച്ച്
പൊള്ളിത്തഴമ്പിച്ച
കൈകളാൽ
പണിതീർത്ത
ദൈവങ്ങളെ തൊടുവാൻ അവകാശമില്ലാത്തതിനാൽ അത് നിർത്തി.
പക്ഷേ
ആട്ടുകല്ലും അമ്മിയും
വീണ്ടും ഞങ്ങൾ തൊടാതെയും
കൊത്താതെയുമെങ്ങിനെ ”
(കല്ല് കൊത്തുന്നവർ )
നിലനിൽപ്പിനെ ചരിത്രവും വർത്തമാനവും ഇതിലും തീവ്രമായി എങ്ങനെ ആവിഷ്കരിക്കാം? പൊതുബോധത്തിന്റെ
സ്ഥിതനിയമങ്ങളെയും
ചിട്ടകളെയും ഉടച്ചുമാറ്റി സത്യത്തെ കൊത്തിയെടുക്കുകയാണ് ഈ കവിത. അസ്വാതന്ത്ര്യത്തോടും തൊട്ടുകൂടായ്മയോടും ഇരുപതാംനൂറ്റാണ്ട് പൊട്ടിത്തെറിച്ചുണർന്നത് അംബേദ്കറോടുകൂടിത്തന്നെയാണല്ലോ!
മനുഷ്യാവസ്ഥയുടെ ഏറ്റവും ദീനമായ അവസ്ഥയായ തൊട്ടുകൂടായ്മയുടെ സമീപകാല ദൃശ്യങ്ങൾ തന്നെയാണ് ഈ കവിതയിൽ.
അംബേദ്കറിൽ നിന്ന് മലയാളത്തിലേക്കെത്തുമ്പോൾ ഒരു പക്ഷെ ഈ അവസ്ഥയുടെ ഭാഷ അത്രമേൽ മുഖ്യധാരയുടെ കണ്ണിൽപ്പെടുന്നില്ല എന്ന തോന്നലുണ്ട്.
ഇത് സാമൂഹ്യ പൊതു അബോധമാണ്.
ദളിത് ജീവിതത്തിന്റെ ആധികാരികത കൊണ്ടും ജീവിതം കൊണ്ടും ജീവിതതീക്ഷ്ണത കൊണ്ടും രൂപപ്പെട്ടുവന്ന ഭാഷയും ആവിഷ്കാരവും സുനിലിന്റെ കവിതയിൽ ശക്തമാണെന്ന് സമ്മതിച്ചേ പറ്റൂ.
എങ്കിലും പൊതുകവിതയുടെ അംശങ്ങളിലേക്കുള്ള കവിയുടെ കണ്ണുകളെ കാണാതിരിക്കാനാവില്ല.
“അറിയാമെനിക്ക്
മിക്കയിടത്തേക്കുമുള്ളത് അറിയാത്തവ
ചോദിച്ചു കണ്ടെത്തുകയുമാവാം കവിതേ
നിന്നിലേക്കുള്ളത്
അതൊന്നു മാത്രമാണ് ”
(വഴി )
വീടും പ്രണയവും വിശപ്പും മാറിമാറിവരുന്ന ചിത്രങ്ങളാണ് സുനിലിന്റെ കവിതയിൽ.
“വീട്ടിലെ അടുക്കളയിലെ
ഉപ്പിന്റെ കുപ്പി
മിക്കപ്പോഴും വയറൊഴിച്ചിടുന്നത് കൊണ്ടാവാം
എവിടെ
പോയാലും
കുടിക്കുന്ന കഞ്ഞിക്കും കൂട്ടുന്ന കറിക്കും
ഉപ്പും പോരെന്നൊരു
തോന്നൽ”
എന്ന് “കുറവ് “എന്ന കവിതയിൽ
കവി സ്വയം അടിവരയിടുന്നു.
“വീടിനെ
തണലു കൊണ്ടും സൗഹൃദത്തെ
ആകാശം കൊണ്ടും
എന്റെ പ്രണയത്തെ
കവിത കൊണ്ടും അനുഭവത്തിന്റെ
ഭൂപടത്തിൽ
ഞാൻ അടയാളപ്പെടുത്തി ”
എന്ന്
“ഭൂപടത്തിൽ “എന്ന കവിതയിലൂടെ കവി സാക്ഷ്യപ്പെടുത്തുന്നു.
ഞങ്ങൾക്ക് വേണ്ടി എന്നെങ്കിലും നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടോ എന്ന് ലോകത്തോട് ചോദിക്കുന്നുണ്ട് ഈ കവിതകൾ.
എന്തിനും ഏതിനും മറ്റുള്ളവർക്കുവേണ്ടി വേദനിക്കുന്നതിനും ഉരുകി ഇല്ലാതാകാനും മാത്രമാണ് തങ്ങളുടെ ജന്മമെന്ന് “മെഴുകുതിരി “യിൽ!
സ്വന്തം പേരിലൂടെയാണ് താൻ ചാടിപ്പോകുന്നത് എന്ന് തിരിച്ചറിയാത്ത പുൽച്ചാടിയാണ് നാം ഓരോരുത്തരും എന്ന് നമ്മളെ മുന്നറിയിക്കുന്നു ചാട്ടം എന്ന കവിത.
ഓരോ കൊത്തിനും
സ്വന്തം ജീവൻ വില കൊടുക്കേണ്ടി വരും
എന്ന് അറിഞ്ഞു കൊണ്ടല്ല ഒരിക്കലും
ഒരു മീനും
ചൂണ്ടയിൽ
ഒഴുകുന്നത്.
വയറ്റിൽ വിശപ്പ് തീ കൊളുത്തുമ്പോൾ
എന്തു ചെയ്യും
ശേഷമെത്ര കൊതിച്ചു
പിടയുന്തോറും
കത്തിക്ക് മൂർച്ച കൂടുകയല്ലാതെ
( മൂർച്ച )
എന്ന് ജീവിതത്തിൻറെ ക്ഷണികതയെ അടയാളപ്പെടുത്തുന്നു.
“എൻറെയും
നിന്റെയുമവന്റെയും തുടിപ്പിന്റെ നിറം ഒന്നുതന്നെയാണെന്ന്
എന്നോ നമ്മൾ
അറിഞ്ഞതല്ലേ
എന്നിട്ടും
എന്തിനാണിങ്ങനെ ഒലിച്ചിറങ്ങുന്ന
ചുവപ്പ് കാണുവാൻ
ഇത്രമാത്രം
കൊതിക്കുന്നത്?
(ചുവപ്പ് )
എന്ന് അവനവന്റെ ഉള്ളിലെ ഹിംസയെ തോണ്ടി പുറത്താക്കുകയും ചെയ്യുന്നു. ഉള്ളിലുള്ള മറ്റൊരാളെയാണ് ഈ കവിതകൾ ഏറെ ഭയക്കുന്നതും നിരീക്ഷിക്കുന്നതും.
“അഹങ്കരിക്കുകയൊന്നും വേണ്ട നീ
ഊതിയൂതി
കണ്ണിലെ വെള്ളം കളഞ്ഞ് നിനക്ക്
ജീവൻ തരുന്നത്
വയറ്റിൽ എരിയുന്ന നിന്നെക്കാൾ
വലിയൊരുത്തനെ
നടക്കുവാൻ
വേണ്ടിത്തന്നെയാണ്”
(തീ )
“”ഒരുപാട്
പറഞ്ഞു നോക്കി എന്നോടൊപ്പം
നടക്കരുതെന്ന്
അനുസരണ
തീരെയില്ലാത്തതുകൊണ്ട് പിണങ്ങിപ്പിരിയേണ്ടി വന്നു. ശേഷം ഇതുവരെ
കണ്ടിട്ടേയില്ലയെവിടെയും പക്ഷേ
ഇപ്പോൾ പേടിയാണ്.
എനിക്ക്
എൻറെ രഹസ്യങ്ങൾ
മുഴുവനുമവൻ
മറ്റാരോടെങ്കിലും???
(നിഴൽ )
ഹിംസയുടെ പുതിയ രാഷ്ട്രീയത്തെ വിമർശിക്കുന്ന ഒരുപിടി കവിതകളുമുണ്ട് സുനിൽകുമാറിന്റെതായി
“നിനക്ക്
വിശപ്പാറ്റുവാനും
എനിക്ക് നിന്നെ
കൊല്ലുവാനുമുള്ള
എളുപ്പവഴി””(ഇര )
“” നീ വന്നിരുന്നെന്നും
ആരോടൊക്കെയോ
വഴക്കിട്ടു
മടങ്ങിയെന്നും
പൂമ്പാറ്റ പറഞ്ഞു.
എങ്കിലുമതിത്തിരി
കടുപ്പമായിപ്പോയീട്ടോ
മുറ്റത്ത് നിക്കണ
ചെമ്പകത്തയ്യിലെ
പൂവുകളിലൊന്നിനെ
കഴുത്തറുത്തിട്ടത്
(കാറ്റിനോട് )
ഈ കവിതകൾ അവകാശവാദങ്ങളില്ലാതെയാണ് നിലനിൽക്കുന്നത്. നീന്തലറിഞ്ഞിട്ടും നിലയിലാക്കയത്തിലേക്ക് തലകീഴായി സ്വന്തം കവിതയോടൊപ്പം മറിഞ്ഞു വീഴുകയാണ് കവി. ഈ കാവ്യ ജീവിതത്തെ അയാൾ. അടയാളപ്പെടുത്തുന്നുണ്ട്. “”മനസ്സില്ലാ മനസ്സോടെ, മനമൊരിടത്തും ശരീരം മറ്റൊരിടത്തുമായി, ജീവിതവേനലേറ്റ് വാങ്ങിയുള്ള മടക്കമില്ലാത്ത മേയൽ “”എന്ന്.
അപ്പോഴും
അയാൾ പറയുന്നത് അദൃശ്യതയെക്കുറിച്ച്…. കാണാതാവലിനെക്കുറിച്ച്…
“കൈവിരൽ
തുപ്പൽ തൊട്ട് തൊട്ട്
പേജുകൾ
മറിച്ച് മറിച്ച്
പക്ഷെ
കാണുന്നതേയില്ലയെന്നെ”
എന്നെഴുതുന്നു കവി. പക്ഷെ
എത്ര മറഞ്ഞിരുന്നാലും ഒരു കവിക്കും അദൃശ്യനായിരിക്കാൻ കഴിയില്ല. അയാളുടെ ധാന്യങ്ങൾ തിരഞ്ഞു പക്ഷികൾ കൂട്ടത്തോടെ പറന്നു വരുമല്ലോ…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
സുനിലിനെ പിന്നെ കണ്ടതേയില്ല “പേടിപ്പനി” എന്റെ കൈയ്യിലുമുണ്ട്. ഈ എഴുത്ത് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി.