കവിതയുടെ ഇരട്ടക്കൂർമ്പുകൾ (സന്ധ്യ എൻ പിയുടെ കവിതകളുടെ വായന)

0
524

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ. രോഷ്നിസ്വപ്ന

കവിതയുടെ ഇരട്ടക്കൂർമ്പുകൾ
(സന്ധ്യ എൻ പിയുടെ കവിതകളുടെ വായന)

‘’Direct experience is
the evasion or
Hiding place of these
devoid of imagination’’

——–Fernando Pessoa

വാക്കുകളുടെ കലർച്ചകളിൽ പെട്ടുപോയ അവരവരെ
പകർത്തിയെടുക്കാനും വിടർത്തിയെടുക്കാനും ആണ് ചിലർ
കവിതകൾ എഴുതുന്നത്
‘എനിക്ക് ഞാനുണ്ട്’ എന്നതിൻറെ ഏറെ ആഴത്തിലുള്ള സത്യമാണ്,
സാക്ഷ്യമാണ് എനിക്ക് കവിത. അതുകൊണ്ടുതന്നെ വായനയിൽ
എന്നെ വിസ്മയിപ്പിക്കാത്തവയെ വായിയ്ക്കാൻ സാധിക്കാറില്ല.
കാഴ്ചയിൽ ഭ്രമിപ്പിക്കാത്തവയെ കാണാൻ ആകാറില്ല.
അതുകൊണ്ടാണ് “ബുദ്ധൻ പെണ്ണായിരുന്നു” എന്ന് ഒരു കവി
എഴുതുമ്പോൾ ആ കവിയുടെ മുഴുവൻ കവിതകളും വായിക്കാൻ
തോന്നുന്നത്.
സന്ധ്യ എൻ.പിയുടെ ബുദ്ധൻ പെണ്ണാണ്.
സന്ധ്യയുടെ കവിതകൾ മനുഷ്യരുടെ പകർപ്പുകൾ ആണ്.

“എനിക്ക് ഞാനാവണ്ട
എനിക്ക് ഒരു പക്ഷിയാവണം
ഞാൻ ഒരു പക്ഷി ആകും
ഇനി ഒന്നും പറയണ്ട
ഞാൻ പക്ഷിയായി”

എന്ന് അത്രക്കുമുറപ്പിൽ ആ കവിതകളിൽ ഒരു സ്ഥൈര്യമുണ്ട്.

ആദ്യ സമാഹാരമായ ശ്വസിക്കുന്ന ശബ്ദം മാത്രം എന്ന പുസ്തകത്തിൽ
പിന്നിൽ ഉപേക്ഷിച്ചു പോന്ന കവിതയുടെ ഭൂതകാലപടർപ്പുണ്ട്
സന്ധ്യയിൽ.
ഒപ്പം അതിനെ കുടഞ്ഞു കളയാനുള്ള ഊക്കും
എല്ലാ പേനകളിലും
ഇഷ്ടംപോലെ മഷി ഉണ്ടാകട്ടെ
എന്നു ഞാൻ പ്രാർത്ഥിച്ചു
ദൈവം എല്ലാ പൂക്കളിലും
തേൻ നിറച്ചു
എന്ന് പ്രാർത്ഥന എന്ന കവിതയിൽ സന്ധ്യ എഴുതുന്നു
അതേ അളവിൽത്തന്നെ
എല്ലാ സ്ത്രീകൾക്കും
മീശ മുളക്കട്ടെ
എന്ന് ഞാൻ പ്രാർത്ഥിച്ചു
പൂത്തുനിന്ന
പുല്ലുകൾക്കെല്ലാം
മീശ മുളച്ചു
എന്ന് എഴുതുന്നുണ്ട്.പിന്നീട് പ്രാർത്ഥിക്കുകയില്ല
എന്ന് ഉറപ്പിക്കുകയാണ്.കാരണം കവിക്കറിയാം

“കട്ടപിടിച്ച ഈ
തീയ് വീണ്ടും ഉരുകി
ഒഴുകാൻ തുടങ്ങുമ്പോൾ
കരഞ്ഞുകരഞ്ഞ്
എല്ലാം പറന്നു പോകും ”

എന്ന്
“കുടിക്കാൻ വെച്ച വെള്ളം
തിളച്ചു മറിഞ്ഞ്
അടുക്കളയിലൂടെ ഒഴുകും”
എന്ന്
പൊള്ളി വീർത്ത നീലഛവിയുള്ള
വെളുത്ത കുമിളകൾ
നോക്കുന്നിടത്തെല്ലാം
മുളക്കും’’ എന്ന്

ഒച്ചയല്ലാത്തവരുടെ ഇരിപ്പിനെ കുറിച്ചുള്ള ആശങ്കകളിൽ
ഒരിടത്തുതന്നെ ഒട്ടിപ്പിടിച്ചിരുന്ന് സമയം കളയുന്ന നമ്മളെക്കുറിച്ച്
തന്നെ ഓർക്കുന്നുണ്ട് കവി.
ഇത്തരത്തിൽ പരിചിതമായ ഒരു എഴുത്തുരീതി സന്ധ്യയുടെ
ആദ്യകാല കവിതകളിൽ ഉണ്ട് പക്ഷേ പിൽക്കാലത്ത് കടന്നുവന്ന
തന്റെ തന്നെ പുതുക്കങ്ങൾക്കുള്ള മുന്നോടികളിലേക്ക് ശ്വസിക്കുന്ന ശബ്ദം മാത്രം
എന്ന ആദ്യ സമാഹാരത്തിൽ സന്ധ്യയിൽ ഉറവപ്പെടുന്നുണ്ട്.
നിലവിലുള്ള വസ്തു ചിന്തകളെ കീഴ്മേൽ മറിക്കുന്ന ഒരുപാടവം
സന്ധ്യയുടെ ഭാഷയിലും ചിന്തയിലും ഉണ്ട്.

ഒരിലപ്പന്ത് കിട്ടിയ അനുഭവം
പന്ത് എന്ന കവിത പങ്കുവെക്കുന്നു .പലതരം ഇലകൾ ഒന്നിനുമേൽ ഒന്നായി
പതിഞ്ഞുകിടക്കുന്നു.അതിൻറെ ഓരോ ഇലകളും ഇതളുകൾ പോലെ
വിടർത്തുകയാണ് കവി. പന്ത് എന്ന കാഴ്ചയുടെ ഓർമയെ അത് പൊതിയുന്ന
കാഴ്ച മൂടുന്നു.രൂപപരമായ ഒരു മാറ്റം കൂടിയാവുന്നു.
പന്തിനെ സ്പർശിക്കുമ്പോൾ കൈകൾക്ക് അനുഭവിക്കാൻ ആവുന്ന ഉരുൾച്ച
പെട്ടന്ന് മാറുന്നു. ഇത് സ്പർശത്തിന് സാധ്യത കൂടിയാണ്.
ഇലയുടെ തണുപ്പും മിനുപ്പും അടർന്നു നടന്നുപോകുന്ന അതിൻറെ
ഉടലും ഓർമ്മയെ ബോധത്തെ ഭരിക്കുന്നു.

എല്ലാ ഇലയും വേർപ്പെടുത്തിയപ്പോൾ അതിനുള്ളിൽ
വെളുത്തപാടയിൽ
പൊതിഞ്ഞ്
ഒരുപാട് കുഞ്ഞുറുമ്പുകൾ! എന്തോ ശബ്ദം കേട്ട്
തല ഉയർത്തി നോക്കിയതും ഒരു നെയ് ഉറുമ്പ്
പൊഴിഞ്ഞ്
എൻറെ കണ്ണിൽ വീണു

ഇവിടെ പെട്ടെന്ന് വസ്തു ലോകം മാറുന്നു. അനാവൃതമായ രൂപത്തിൽനിന്ന്
കണ്ണിന്റെ രൂപത്തിലേക്ക് മാറുന്നു. കൃഷ്ണമണിയുടെ ഉരുൾച്ചയുടെ
ആകൃതി ഭാവന യിലേക്ക് കടന്നുവരുന്നു
എത്ര പെട്ടെന്ന്!
പുതുതായി കണ്ട
പന്തിലത് അമർത്തിക്കടിച്ചു”
എന്ന് കവിത അവസാനിക്കുന്നു. അനുഭവത്തെ അപ്പടി പകർത്തൽ അല്ലല്ലോ
കവിത!
ലൂയി ബുനുവലിൻറെ
Unchien Andalou എന്ന ചലച്ചിത്രത്തിലെ കണ്ണു കീറുന്ന രംഗം ഓർക്കുക.
ദാലിയൻ ഇഫെക്റ്റിന്റെ തീക്ഷണതയും ആഴവും ഇത്രമേൽ
വർണ്ണിക്കുന്നതെന്തിനു!അനുഭവം തന്നെയാണല്ലോ പ്രധാനം.
രൂപത്തെ കുറിച്ചും രൂപ വിന്യാസത്തെക്കുറിച്ചുള്ള കാവ്യ സങ്കൽപങ്ങളിൽ
ശക്തമായ പ്രാതിനിധ്യമായി പന്ത് നിലനിൽക്കും

“പക്ഷി എന്നാൽ
ഇത്രയല്ലേ ഉള്ളൂ
ചിറകൊക്കെ വെറും
വെച്ചു കെട്ടല്ലേ എന്ന്

കൽപ്പറ്റ മാഷ് എഴുതിയത് പോലെ!
മൈക്കലാഞ്ചലോ അന്തോണിയുടെ ബ്ലോ-അപ് എന്ന സിനിമയിലെ
അവസാന രംഗത്ത് അദൃശ്യമായ ഒരുപാട് പന്തുകളുടെ സാന്നിധ്യം
നായകൻ അനുഭവിക്കും പോലെ…
അതേ അനുഭവം കാഴ്ചക്കാരിൽ പരും പോലെ…
കൃഷ്ണമണിയിൽ അമർത്തിക്കടിക്കുന്ന ഉറുമ്പിനെ നമ്മൾ അനുഭവിക്കുന്നു.
ആഖ്യാനങ്ങളിലേക്ക് ചേർത്തുവയ്ക്കുന്ന ഏറ്റവും പുതിയ കണ്ടെത്തലുകളാണ്
സന്ധ്യയുടെ പുതിയ കവിത കളെ നിർണയിക്കുന്നത്.
അത് സ്വത്വമായും സ്ഥലമായും ഉള്ളായും പുറമായും പടരുന്നു.
അതിൽ കവിയോ കവിയുടെ പരിസരമോ ചുറ്റുമുള്ളവരോ ഇല്ല.
പക്ഷെ പക്ഷികളും ഉറുമ്പുകളും അടങ്ങുന്ന വലിയ ലോകങ്ങളുണ്ട്.
തുറന്നു വച്ച് നോക്കി കൊണ്ടിരിക്കുന്ന പക്ഷിക്കണ്ണിലൂടെയാണ്
ഈ കവി കാഴ്ചകൾ കാണുന്നത്.ജീവിതത്തെയും അനുഭൂകളുടെയും
ഏറെ സൂക്ഷ്മമായ അനുഭവ തലങ്ങൾ സന്ധ്യയുടെ കവിതകളിലുണ്ട്.

പാലു കുടിച്ച്
മടിയിൽ നിന്നും
അവൾ എഴുന്നേറ്റ്
പോയതും
അവിടെ ഇരിക്കുന്നു
ഒരു കുഞ്ഞു കിളി മുട്ട വിരിയണോ എന്ന്
ശങ്കിച്ച്
(കിളി മുട്ട )

ഒരു കെട്ട് അലക്കാൻ
ഉണ്ടായിരുന്നു
അലക്ക് കഴിഞ്ഞപ്പോഴേക്കും
രാത്രിയായി
തോർത്ത് പിഴിഞ്ഞു
വീശി
അയയിൽ വിരിച്ചതേയുള്ളൂ
വെളിച്ചം പരന്നു
(വെണ്മ )

എന്ന കവിത
റിൽക്കെയെ ഓർമിപ്പിക്കുന്നു.
ഭാഷയിൽ റിൽക്കെ പ്രകടിപ്പിക്കുന്ന കിളിയൊതുക്കത്തെ ഓർമിപ്പിക്കുന്നു.
തണുപ്പിച്ച മുറിയിൽ വേനൽക്കാലത്ത് എങ്ങനെയാണ്
നനഞ്ഞുകുതിർന്നത് എന്നതിൻറെ ഉത്തരം ആകുന്നുണ്ട് സന്ധ്യയുടെ
കവിത. ചിലപ്പോൾജീവ വസ്തുക്കളുടെയും അജൈവവസ്തുക്കളുടെയും
ഇടയിൽ നിന്ന് കവിത ജനിക്കുന്നുണ്ട്.”

ചുമരിലെ പെണ്ണ്” എന്ന കവിതയിൽ
“ചുമരിൽ തൂക്കിയിട്ട പടത്തിലെ
പെൺകുട്ടിയുടെ
ഒക്കിലിരുന്ന
നീർക്കുടം
പിടിവിട്ടു താഴേക്ക് വീണു ഉരുണ്ടുരുണ്ട്
മുറി മുഴുവൻ
നനയ്ക്കുന്നത്
കാണുന്നില്ലേ ”

എന്ന് കവി ചോദിക്കുന്നുണ്ട് തൊട്ടടുത്ത നിമിഷം

“ആ പെണ്ണും കുടവും അവിടെ ഉണ്ടോ “?
എന്ന് സംശയവും വരുന്നു

ചുമരിലെ ചിത്രത്തിൽനിന്ന് പിടിവിട്ട് താഴേക്ക് ഉരുണ്ടു പോയ കുടം
നേരെ കവിതയിലേക്ക് കടന്നിരിക്കുന്നു. “ഓർക്കാപ്പുറത്ത്”, “ഭയം”
എന്നീ കവിതകൾ ഒരുമിച്ച് ചേർത്ത് വായിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പ്
മണ്ണിനടിയിൽ ആയിപ്പോയവൾ
പെട്ടെന്ന് മണ്ണു തുളച്ചു വരുമ്പോൾ നൂറ്റാണ്ടുകൾ അടച്ചുവച്ച്
താമരഗന്ധം ചുറ്റും പരക്കുമോ എന്ന ഭയമാണ് കവിക്ക്.

ആ ഭയത്തിൽ ഒരുവളുടെ ദേഹത്ത് നിന്നൂർന്നു സാരി
വീഴും പോലെ
ഊർന്നുവീഴുന്ന സൗന്ദര്യത്തെക്കുറിച്ച് പറയുന്നു.. ഭാവനയുടെ
ജൈവികതയും ആകസ്മികത യും കലർന്ന അനുഭവലോകമായി
ഈ കവിതകൾ മാറുന്നുണ്ട്.
“വാതിലിന്റെ വിടവിലൂടെ
നോക്കിയാൽ ചീന്തിയിട്ട
പച്ച നൂലാണ് ലോകം”

എന്ന് പറയാൻ തോന്നുന്നത് അതുകൊണ്ടാണ്.
വൈരുധ്യങ്ങളുടെ ചായം മുക്കി ആരാണ് ജീവിതത്തിന്റെ ചിത്രങ്ങൾ
വരയ്ക്കുന്നത് എന്ന് ആധിയുണ്ട് ചിലപ്പോൾ കവിക്ക്‌

(അയഞ്ഞും മുറുകിയും )

കുതിച്ചുപായുന്ന ജീവിതത്തിലെ ഒരു ക്ഷണത്തെ ഓർത്തെടുക്കൽ
കൂടിയാവുന്നുണ്ട് ചില കവിതകൾ.

“ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ
ഒരു ബോഗി മാത്രം നിശ്ചലമായി
ബാക്കിയെല്ലാം
അതിനെ കടന്നുപോകും പോലെ”

എന്ന് കാഴ്ച്ചയെ പകർത്തുന്നു ‘ഫോട്ടോ’ എന്ന കവിത എന്ന

ഒരു തളിരിനിയും വരും വരെ എന്നെ ആരും വിളിക്കരുത് എന്നാണ്
കവിയുടെ അഭ്യർഥന. സമയത്തിന്റെ കീഴ്മേൽ മറിയൽ ആണ്
ഇരുട്ടായില്ല’,’ ഇടുങ്ങിയ വഴിയിലൂടെ’ തുടങ്ങിയ കവിതകൾ.

രാത്രി വരുന്നു
എന്നു കരുതി
കിടക്ക വിരിച്ചു വെച്ചു
രാവിലെയയെന്നും പറഞ്ഞ്
ആളുകൾ
അമ്പലത്തിലേക്ക്
ഓടുന്നത് കണ്ടു
കിടക്ക മടക്കി
വെക്കാമെന്നോർത്തു
അപ്പോളുണ്ട്
കിടക്കയിൽ നിന്ന്ഒ
രു പൂർണചന്ദ്രൻ മാനത്തേക്ക്
പറന്നു പോകുന്നു”

എന്ന്’ ഇരുട്ടായില്ല’ എന്ന കവിതയിൽ.

അടുക്കളയോട് ചേർന്ന് ഇടുങ്ങിയ വഴിയിലൂടെ പറന്നുപോകുന്ന
പക്ഷിയെ പോലെ പറന്നുപോകുന്ന സൂക്ഷ്മാനുഭവവും,

ഇടവഴിയിൽ കയ്യിൽ ഒരു മുള്ളൂമായി ഒളിച്ചു നിൽക്കുന്ന ദൈവത്തെ
കേൾക്കാനും, തൻറെ പൊട്ടിയ ചെരുപ്പിട്ട് പോകുന്ന ദൈവത്തെ കണ്ട്
ആശ്ചര്യപ്പെടാനും ഇരുണ്ട നിഴലുകൾ വീഴ്ത്താതെ വെളിച്ചം
വെളിച്ചമായി പരക്കുന്നത് കണ്ടു നനയാതെ ചുട്ടുപൊള്ളാനും,
ചുവപ്പിൻ ആഴങ്ങളിലേക്ക് ഊളിയിട്ടു വാലിളക്കുന്ന നീലക്കിളിയുടെ
വയറ്റിലെ വെളിച്ചം കാണാത്ത കുരുന്നു മുട്ടകളെ കാണുമ്പോൾ ദൈവമേ
ഇതൊന്നും ഞാൻ എടുത്തില്ലല്ലോ എന്ന് ആവലാതിപ്പെടാനും.
ചരിഞ്ഞ അക്ഷരം നോക്കി എൻറെ ചിറകുകൾ എവിടെ എന്ന് സങ്കടപ്പെടാനും,
കുയിലുകൾ എല്ലാം എവിടെനിന്നു വരുന്നു എന്ന് കൗതുകം കൂറാനും
കവിക്കു കഴിയുന്നത് മനുഷ്യനെന്ന ആത്യന്തികമായ സ്വാതന്ത്ര്യം
സൂക്ഷിക്കുന്നത് കൊണ്ടാണ്.

“ഞാനൊരു പാട്ടു പാടാൻ കൊതിച്ചു
ഞാനത് കുയിലിനെ
ഏൽപ്പിച്ചു
അതാ കടമ കൃത്യമായി നിറവേറ്റി
ഞാൻ സ്വതന്ത്രയായി

(കുയിൽപ്പാട്ട് )

ശ്വസിക്കുന്ന ശബ്ദം മാത്രം എന്ന കവിതയിൽ നടന്നു നടന്നു ചെല്ലുമ്പോൾ
നിലയ്ക്കുന്ന ശബ്ദങ്ങളെ കുറിച്ച് പറയുന്നു.
ശ്വസിക്കുന്ന ശബ്ദം മാത്രമാണ് മനുഷ്യൻറെ നിലനിൽപ്പിന് അടിസ്ഥാനം
എന്ന രാഷ്ട്രീയം കവിതയിലേക്ക് കലരുമ്പോൾ ദൃശ്യതയെകുറിച്ചുo
അദൃശ്യതയെക്കുറിച്ചുമുള്ള പാഠങ്ങൾ തെളിഞ്ഞുവരുന്നു. ശ്വസിക്കുന്ന
ശബ്ദങ്ങൾക്ക് പിന്നാലെ ദൃശ്യങ്ങളും, ഞാനും നീയും മാഞ്ഞുപോകുമെന്ന
അദൃശ്യതയും കവിതയിലേക്ക് കടന്നുവരുന്നു.
ജീവിതത്തിൽ ഒറ്റ ക്ഷണത്തിൽ മാറിമറിയുന്ന എത്രയെത്ര യാഥാർഥ്യങ്ങളാണ്!
ജീവിതമെന്നത് മാരീചന് പിന്നാലെയുള്ള ഓട്ടമാണെന്ന് രാ ‘മായണം എന്ന
കവിത!

ചിലപ്പോൾ ജീവിതത്തിലെ തീരെ ചെറിയ അവസ്ഥകളെ കവിതയിലേയ്ക്ക്
പടർത്തുന്നു ഈ കവി.
മറ്റുചിലപ്പോൾ ഗഹനമായ ചിന്തകളെ ഒരു പക്ഷിത്തൂവൽ കൊണ്ട്
ഒപ്പിയെടുക്കുന്നു.

“സൂര്യൻ
ഒരു കുളത്തിന്നടിയിലേക്ക്
വെളിച്ചം വീശും പോലെ
എൻറെ മീതെയും
വെളിച്ചം വീശുന്നുണ്ട്
ഒരു തുണി കൊണ്ട്
അതെല്ലാം തുടച്ചു കളഞ്ഞ്
ഞാൻ ഉറങ്ങാൻ കിടക്കും”

എന്ന പോലെ

പെൺ ബുദ്ധനിലെ കവിതകൾ കുറച്ചുകൂടി സൂക്ഷ്മമാണ്.
സാന്നിധ്യങ്ങളെക്കാൾ അത് അസാന്നിധ്യങ്ങളെ ഉറപ്പിക്കുന്നു.

ഇതിലൊന്നും
ഞാനില്ല
ഇതിലൊന്നും ഞാനില്ല
എന്ന് ഓരോ ഇലയും മറിച്ചിട്ടു
(പുഴു )

എന്ന വിധത്തിൽ വ്യവസ്ഥകളെ മറിച്ചിട്ടു കൊണ്ട് ജീവിതത്തെ
പുനർനിർണയിക്കാൻ ശ്രമിക്കുന്നുണ്ട്.
“പെണ്ണായിരിക്കുക” എന്ന കവിത ഈ
പുനർനിർമാണത്തിന്റെ ശക്തമായ അടയാളമാണ്.
സ്ത്രീ വാദങ്ങളും തുടർന്നുള്ള ചർച്ചകളും ആശയവാദങ്ങളും
കണ്ടെത്തലുകളുമെല്ലാം തന്നെ പല തരത്തിലുള്ള വിമർശനങ്ങളെ
അഭിസംബോധന ചെയ്യേണ്ടി വരാറുണ്ട്.
സ്ത്രീയുടെ ഉടലും ഉടുപ്പും അകവും പുറവും പുരുഷന്റെയും
പെണ്ണിന്റെയും കണ്ണുകൾക്കുമുന്നിൽ രണ്ടാണ്- ജീവിതത്തിലും, എഴുത്തിലും.
പൂർവ്വ നിഷ്ഠമായ പ്രതിരോധങ്ങൾ വർത്തമാനകാല ലിംഗ പ്രത്യയശാസ്ത്ര
ചർച്ചകളിൽ ധാരാളമായുണ്ട്.ഉടലും ശരീരവും കാഴ്ചയും കലർന്ന
ചിന്തകൾ ഇതിൻറെ ഭാഗമാണ്. അപ്പോഴാണ് സന്ധ്യ എഴുതുന്നത്

“പെൺകുട്ടികൾ
എപ്പോഴും
വേഷം മാറിക്കൊണ്ടേയിരിക്കുന്നു ആൺകുട്ടികൾ
എപ്പോഴും
ഒരേ വേഷത്തിൽ പെൺകുട്ടികൾ മാത്രം
പെറ്റിക്കോട്ടിൽ നിന്ന് ഉടുപ്പിയിലേക്കും
ഉടുപ്പിൽനിന്ന്
പാവാടയിലേക്കും സാരിയിലേക്കും
കുഞ്ഞിന് അമ്മിഞ്ഞ കൊടുക്കാൻ ഹുക്കഴിക്കുന്ന
ബ്ലൗസിലേക്കും വളരുന്നു.

ഇവിടെ സ്ത്രയ്ണാനുഭവങ്ങളെക്കുറിച്ചുള്ള ആവിഷ്കരണം
പ്രതിരോധഭാഷയിലാണ് വെളിപ്പെടുന്നത്.
ഓരോ നിമിഷത്തിലും ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടു തെരുവ് പോലെ
നിലനിൽപ്പിന്റെ അസാംഗത്യം ചിലപ്പോൾ കവിതയിലേക്ക് ആകുലതകളായി
കടന്നു വരുന്നു.

അപ്പോഴാണ്

“എപ്പോഴും പെണ്ണേ
പെണ്ണായിരിക്കുക”

എന്ന് എഴുതുന്നത്

“പട്ടികളെ വീക്ഷിച്ചാൽ അറിയാം
അവ എപ്പോഴും സുരക്ഷിതമായ
ഒരു സാമൂഹ്യ ജീവിതം നയിക്കുന്നു”
എന്ന് എഴുതുന്നത്
അതിജീവന ചിന്തയിൽ മനുഷ്യനും മൃഗവും എന്ന വേർതിരിവ്
ഇല്ലാത്തതിനാൽ ആവാം
“മനുഷ്യൻ പട്ടികളിൽനിന്ന്
വ്യത്യസ്തൻ തന്നെ
അവൻ ഒറ്റയ്ക്ക് മൂത്രമൊഴിക്കുന്നു
ഒറ്റയ്ക്ക് ഒഴുകിപ്പോകുന്നു
ഒറ്റയ്ക്ക് വറ്റിപ്പോകുന്നു ”
ഇന്ന് എഴുതാൻ കവിക്കാവുന്നത്.
കനംകുറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന കവിതകളാണ് സന്ധ്യയുടെത്
എങ്കിലും അപ്പോൾതന്നെ സൂക്ഷ്മശരീരത്തിൽ ജീവിതത്തിൽ
ജീവിതവും പ്രതിരോധവും കലർന്ന ഒരു ഉണർച്ച സൂക്ഷിക്കുന്നുമുണ്ട് സന്ധ്യ.
വാക്കുകളിലേക്ക് പകർത്താനോ നിശബ്ദമാക്കാനോ പറ്റാത്ത
വികാരങ്ങളെ സംഗീതം വെളിപ്പെടുത്തുന്നു എന്ന് വിക്ടർ ഹ്യൂഗോ
പറയുന്നതുപോലെ ദൃശ്യതയുടെയും അദൃശ്യതയുടേയും ഇടയിൽ,
സാന്നിധ്യത്തിനും അസാന്നിധ്യത്തിലും ഇടയിൽ സന്ധ്യയുടെ കവിതകൾ
ഉറച്ചുനിൽക്കുന്നു.
“ഉടലിൽ ചായം തേച്ച ഉറുമ്പുകൾ ”
ദൃശ്യങ്ങളുടെ ആഘോഷമാക്കുന്നത് അങ്ങനെയാണ്.
” ആരുമറിയാതെ
ഒരു ചിത്രം വരച്ചു
ആരും കാണാതെ
ചുമരിൽ ചേർത്തുവെച്ചു
ആരുമറിയാതെ ഉറങ്ങാൻ കിടന്നു
ഉറക്കത്തിൽ ഉറുമ്പുകൾ
എന്നെ ഇക്കിളിയാക്കി
ദേഹത്ത് ചിത്രങ്ങൾ വരച്ചു.
ഉണർന്ന് ചുമരിലേക്ക്
നോക്കിയപ്പോൾ
ചിത്രമില്ലാത്ത ഒരു പേപ്പർ
ചുമരിൽ തൂങ്ങിക്കിടക്കുന്നു
അതെടുക്കാനായി
കൈ നീട്ടി നീട്ടി
കയ്യിലൂടെ ചുമലിലേക്ക് ഇറങ്ങിവരുന്നു
ഉടലിൽ ചായം തേച്ച ഉറുമ്പുകൾ

ഓർക്കാപ്പുറത്തുവന്നു കടന്നുപോകുന്ന അനുഭവങ്ങളെ
കവിതയിൽ മാറ്റി വരയ്ക്കുമ്പോൾ കിട്ടുന്ന ചിത്രങ്ങൾ നോക്കൂ….
ഉടലുമായും ചലനവുമായും നിലനിൽക്കുന്ന പുതിയകാല സാമൂഹികതയുടെ
പ്രത്യക്ഷതയെക്കുറിച്ചുള്ള ആശങ്കകളായി ഈ കവിത വെളിപ്പെടുന്നുണ്ട്.
നിറങ്ങളെല്ലാം സ്വന്തം ഉടലിൽ ആണെന്നറിയുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം
തന്നെയല്ലേ കവിത?
ഇത് ഏറെ സൂക്ഷ്മമായി അനുവർത്തിക്കേണ്ട ഒരു രീതിയാണ്.
ആഖ്യാനത്തിന്റെ കലാത്മകമായ വിച്ഛേദങ്ങളായി അത്
നിലനിൽക്കുകയും ചെയ്യും.
ഈ സൂക്ഷ്മത ഉള്ളതിനാൽ അതിൽ അധികം കലർപ്പുകൾ ഇല്ല.
പ്രപഞ്ചത്തോടും മനുഷ്യനോടും വ്യവഹാരങ്ങളോടും നടത്തുന്ന
സംവാദങ്ങളെ ഉള്ളൂ.
“മരമാകാൻ
ഒരൊറ്റ നിമിഷം മതി
എന്ന കണ്ടെത്തലിൽ ആണ് സന്ധ്യ കവിതകൾ കെട്ടുന്നത്.
പൂക്കളും ഇലകളും കമ്പും ചുള്ളിയും എല്ലാം ഉടലിൽ കെട്ടിവച്ച് എന്റേത്
എന്ന് വിളിച്ചു പറയാൻ ആരുടെ അനുവാദമാണ് വേണ്ടത്.?
എങ്കിലും ചിലപ്പോൾ സ്ത്രീ ജീവിതങ്ങളുടെ ചില മുറിവുകൾ കുത്തി
തുളക്കുന്ന വാക്കുകളായി പുറത്തുവരുന്നുണ്ട് സന്ധ്യയിൽ.
“യുദ്ധം ചെയ്യുമ്പോഴൊക്കെ
ഒഴിഞ്ഞ സിംഹാസനം
അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും
അടുക്കളപ്പണിക്കിടയിൽ
ഒഴിഞ്ഞ കസേര
നമ്മളെ പ്രയോഗിക്കും പോലെ

എന്ന് “യുദ്ധങ്ങളിൽ”എന്ന കവിതയിൽ എഴുതും പോലെ…
ഒളിവിടങ്ങളെക്കുറിച്ച് ചിന്തിക്കൂ
ഒരുവൾക്ക് ഒളിച്ചിരിക്കാൻ ഒരിടമെന്നത് അവളുടെ മാത്രം
തിരഞ്ഞെടുപ്പാണല്ലോ!
ഒളിച്ചിരിക്കാൻ സ്വപ്നത്തെക്കാൾ പറ്റിയ ഒരിടം ഇല്ല എന്ന്
തിരിച്ചറിയുന്ന ഒരുവളാണ്
‘ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ഒരിടത്തെക്കുറിച്ച്’ എന്ന കവിതയിൽ.
‘ഉടയാത്ത പെണ്ണ്” എന്ന കവിത ഈ അനുഭവത്തെ മറ്റൊന്നാക്കുന്നു.
കളിക്കളത്തിലെ
ഒറ്റയായ പന്ത്
ഭീകരമായ നിശബ്ദത
ഒരേസമയം ഇരുവശങ്ങളിലേക്കും
വലിക്കപെടുന്ന ഒറ്റ ശരീരത്തിലെ
ഇരുവശങ്ങൾ പോലെ
പന്ത്
പിളർത്താനാവാത്ത നിമിഷം ഒരു വശത്തേക്ക്
ഉരുണ്ടു മറിയുന്നു പന്ത്
ഗാലറിയിൽ ഇരുന്ന്
സ്ത്രീകൾ
കളിക്കളത്തിലേക്ക്
നോക്കുമ്പോഴെല്ലാം
കളിക്കളത്തിൽ
ഒറ്റയ്ക്കൊരു പെണ്ണ്!
പിളർത്താൻ ആവാത്ത നിമിഷം “!

ക്രിസ്റ്റഫർ കീസ്ലോവ്സ്കിയുടെ ത്രീ കളേഴ്സ് -റെഡിൽ ഐറിൻ ജേക്കബ്
അഭിനയിക്കുന്ന വാലന്റൈൻ എന്ന കഥാപാത്രം ഒരു ചിത്രത്തിലേക്ക്
ചേർന്നുവരുന്ന ഒരു ദൃശ്യമുണ്ട്. അവസാന ദൃശ്യം.
മുൻപെപ്പോഴോ അവളുടെ കാമുകൻ പകർത്തിയ ഒരു ചിത്രമുണ്ട്.
വലിയൊരു ഫ്ളക്സ് ബോർഡ് ആയി കപ്പൽ ചാറ്റിൽ തൂക്കിയിട്ടിരിക്കുന്നു അത്.
കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ച് അത് ഉലഞ്ഞു വീഴുന്നു.
ചുവപ്പിൽ പതിപ്പിച്ച അവളുടെ മുഖം ആണതിൽ.
അപകടപ്പെടുന്ന ബോട്ടിൽ നിന്ന് ഹാർബറിൽ തണുത്തു വിറച്ചു
നിൽക്കുന്ന അവളെ ദൂരെ നിന്ന് നോക്കുന്ന ഒരാൾ! മുൻപെപ്പോഴോ
അവളുടെ ഫോട്ടോ ചുവപ്പിൽ എടുത്ത് അവളുടെ കാമുകനെ സ്നാപ്പ്….
അവസാന ഷോട്ടുകളിൽ കടലിൽ മുങ്ങി കിടക്കുന്ന കപ്പൽ…
രക്ഷപ്പെട്ടവരിൽ അവൾ….ആ ഫോട്ടോയിലെ അതേ ചുവപ്പിൽ അവൾ…!
ഈ ഒരു ദൃശ്യത്തെ ആവിഷ്കരിക്കാൻ വേണ്ടിയാണ് റെഡ് എന്ന സിനിമ
എന്ന് തന്നെ തോന്നിപ്പിക്കുന്ന നിമിഷം.
സന്ധ്യയുടെ ഉടയാത്ത പെണ്ണ് വായിച്ചപ്പോൾ റെഡ് ഒന്നുകൂടി
കാണാൻ തോന്നി.കണ്ടു.
‘യുവതിയായ പെൺകുട്ടി’ എന്ന കവിതയും അപ്രതീക്ഷിതമായ
ഒരു അനുഭവമാണ്
പെൺകുട്ടികൾ
എത്ര പെട്ടെന്ന്
മുതിർന്ന
മുരടിച്ച
മുത്തശ്ശിമാരാകുന്നു
എന്നാണ് കവിത തുടങ്ങുന്നത്
പട്ടികൾക്ക് രോമം
കിളിർക്കും പോലെ
കാലം പോകുന്നതും
വരുന്നതും
നാം അറിയുന്നില്ല
എന്ന തത്വചിന്തയിൽ നിന്ന് കവിത
” കുഞ്ഞായി മുറ്റത്തു കളിക്കുന്ന
ഈ പട്ടിയിതാ
മുത്തശ്ശിയുടെ കണ്ണുകൾ
കൊണ്ട് എന്നെ നോക്കുന്നു”
എന്ന് അവസാനിക്കുന്നു
എത്ര പെട്ടെന്നാണ് സ്ത്രീ ജീവിതത്തിൻറെ വേഗങ്ങളെ കവി കണ്ടെത്തുന്നത്!
ഉള്ള ആനന്ദമാക്കുന്നത്! കുറെനാളായി എടുക്കാതെ അടച്ചുവച്ച്
ജീവിതത്തെ തുറന്നു വിടുമ്പോളുള്ള വലിയ ഒച്ചയുണ്ടല്ലോ!
ആ ഒച്ചകളെ കവി കണ്ടുപിടിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
“എല്ലാറ്റിനുമുണ്ട്
ഏകാന്തതയെ
പുറത്തേക്ക് വിടാൻ
തനതായ ഒരു വഴി”
എന്ന കാവ്യനീതിയാണ് ഇവിടെ സംഭവിക്കുന്നത്.
വെള്ളം കുടിക്കുമ്പോഴും സൂര്യൻറെ കണ്ണുകൾ കാണാനാവുന്ന
കാവ്യനീതി!
അതിൽഒറ്റയ്ക്കൊരു തുണിക്കടയിൽ പോയി അടിക്കുപ്പായം വാങ്ങിക്കാൻ
ഇപ്പോഴും പേടിക്കുന്ന അമ്മയുടെ ചരിത്രം കൂടി അടങ്ങിയിട്ടുണ്ട്.
ഈ ചരിത്രം സ്ത്രീയുടെ ചരിത്രമാണ്. സ്ത്രീകളുടെ ചരിത്രം
അടിക്കുപ്പായങ്ങളുടെയും…
അത് സ്ത്രീകളിൽ നിന്നും സ്ത്രീകളിലേക്ക് മാത്രം നീളുന്നതാണെന്നുമുള്ള
കവിയുടെ തിരിച്ചറിവും ചരിത്രവബോധവുമാണ് ഈ കവിതയെ
പ്രസക്തമാകുന്നത്
ഒരേസമയം കവിയും ഒരു ചരിത്രത്തിൻറെ തുടർവാക്കും
നിലനിൽപ്പിനെ ചലനവുമായി മാറുന്ന കർതൃത്വമാണ് ഇവിടെ.
വേവലാതികളോ തേങ്ങലുകളോ അവളിൽ പ്രതികരിക്കുന്നില്ല.
മറിച്ച് ചരിത്രത്തെ തിരിച്ചറിയുകയും മറികടക്കുകയും താനായിത്തന്നെ
തുടരുകയും ചെയ്യുന്നു.
അത്രമേൽ കനം കുറവോടെ മുറിവുകളെ പൂക്കൾ ആക്കാൻ
അറിയുന്ന ആളാണ് ഈ കവി.
” ഈ പൂക്കൾ
ഏത് ഭാഷക്കാരാണ് ”
എന്ന് ചോദിക്കുന്നത് അപ്പോഴാണ്.
ചന്തത്തെരുവിലെ അരികിൽ
നിൽക്കുന്ന
ഒരു പെൺ രൂപം
ചില്ലിൽ മഴത്തുള്ളികൾ
എന്ന പോലെ
താഴേക്ക് ഊർന്നു വീഴുമ്പോൾ
ഒരു നൂറ്റാണ്ട്
താഴേക്ക് ഊർന്നു വീഴുന്നു

എന്നെഴുതാൻ ഉള്ള ആർജ്ജവം ഈകവിക്കുണ്ട്
പാറയിൽ
ഞങ്ങൾ നിശബ്ദം
ധ്യാനസ്ഥർ..
മറ്റാരുടെയോ
ധ്യാനത്തിൽ
പാറയിൽ
കിളികൾ
മറ്റെവിടെയോ
നിങ്ങൾ
ധ്യാനസ്ഥർ

ഇങ്ങനെയാണ് മനുഷ്യരെ കവിതയിലേക്ക് കവി വിവർത്തനം ചെയ്യുന്നത്.
പൂവിൻറെ നീണ്ട തണ്ടിലൂടെ വരിവരിയായി
ഉറുമ്പിൻ കൂട്ടം എന്നപോലെ… അച്ചടക്കത്തോടെ താഴേക്ക് നീങ്ങുന്ന
മനുഷ്യരെ സങ്കൽപ്പിക്കാൻ ഈ കവിക്കേ കഴിയൂ.
കാണുന്നവയിലും കേൾക്കുന്നവയിലുമെല്ലാം എല്ലാവർക്കും
അഭയമായുള്ള ഒന്നിനെയാണ്‌ കവി അന്വേഷിക്കുന്നത്.
പൂക്കളില്ലാത്ത കാട്ടിലും, വിത്ത് ഉണങ്ങാത്ത പച്ചയിലും,
മതിൽ വിടവിലും, മരക്കൊമ്പിലും, കവരത്തിലും പക്ഷിക്കണ്ണിലും
അതന്വേഷിക്കാൻ കവി ഒരുക്കമാണ്.
അസ്തമിക്കാത്ത നിലാവ് പോലൊരു ചിരിയെ തിരഞ്ഞ് പോകാൻ
നമ്മളെ വിളിക്കുകയും ചെയ്യുന്നുണ്ട് കവി.
മനുഷ്യരെക്കുറിച്ച് ഏറെയുണ്ട് മറുപടിക്കാട്ടിൽ

തേടൽ എന്ന കവിതയിൽ മൂന്ന് മനുഷ്യരുണ്ട്.
പേര് കോറി പറയാൻ ശ്രമിക്കുകയാണ് അവർ.
അതിനു മേലെ പച്ചപ്പുഴുക്കൾ
ഇഴയുന്നു.
പിന്നീട് നിറമില്ലാത്ത ആയിരക്കണക്കിന് പുഴുക്കൾ!

“ഒന്നാമനെ കടന്നുപോയ രണ്ടാമത്തെ മനുഷ്യൻ
ഒന്നായി പിരിയുന്നൊരു
പാതയിലേക്ക് പ്രവേശിക്കുന്നു അതിൽ വലത്തോട്ടുള്ള പാതയിലൂടെ
നടന്ന് ഒരു കശുമാവിൻ തോപ്പിലേക്ക് എത്തുന്നു….”

കാണാനാവുന്ന കവിതയാണിത്. കാണാനാവുന്ന ഭാഷയാണ് ഈ കവിതയ്ക്ക്.
ഓറഞ്ച് മുടിക്കാരനിലും ഒരാളുണ്ട്. ഓറഞ്ച് മുടി രണ്ടായി വകഞ്ഞ് മുന്നിലേക്കിട്ട് മരമേശയിൽ കൈകൾ ചേർത്ത്,മുന്നിലേക്ക് എന്തോ എഴുതുകയാണ്.
മറ്റൊരിടത്ത് നിരത്ത് മുറിച്ചുകടന്നു
വെള്ളക്കുടം തലയിലേറ്റി പോകുന്ന പെണ്ണുങ്ങളെ കാണാം.
മറ്റൊരിടത്ത് കൃഷ്ണമണികൾ വീണു പോയെന്ന് മുഖംപൊത്തി കരയുന്ന
കുഞ്ഞിന് ഒരുപാട് കൃഷ്ണ പണികളുമായി കവി ചെല്ലുമ്പോൾ
ഒരാൾ വഴി നിറയെ വീണു കിടക്കുന്ന വീണു പിടയുന്ന കൃഷ്ണമണികൾ
പെറുക്കിക്കൂട്ടി കുട്ടയിൽ ആകുന്നത് കാണാം.
അപ്പോൾ തന്നെ ഒരാൾ വന്ന് മുട്ടി വിളിക്കുന്നതും കേൾക്കാം

അപ്രതീക്ഷിതമായ ചലനങ്ങളും പ്രതീക്ഷകളുമായി ഭാഷയും കാലവും
നിലനിൽപ്പുമായി, കടന്നു വരുന്ന
ആശങ്കകൾ ആണ് മറുപടിക്കാട്ടിലെ ചില കവിതകളുടെ പൊതുസ്വഭാവം.

“തുറന്നിട്ട
കുളിമുറിജനാലയോട്
ചേർന്ന്
ഒരു കമ്പു മാത്രം പൂത്ത മാവിനെ
‘പൂത്ത മാവ്’ എന്ന് പറയാമോ
(ഒറ്റക്കമ്പി )

എന്ന നിലയിൽ ഈ ആശങ്കകൾ പുറത്തുവരുന്നു. നെഞ്ചും തൊണ്ടയും
ചുവന്നെരിഞ്ഞ്
കണ്ണുകൾ അമർത്തി അടച്ചാണ്
പുതിയൊരു ഭാഷയെ കവി വരവേൽക്കുന്നത്.

പൂത്തു മറിഞ്ഞൊരു ചെമ്പരത്തിയായി
മതിലേറി നിന്ന് ലോകം കാണാനുള്ള ശ്രമമാണ് (ചെമ്പരത്തിപ്പെണ്ണ് )

“കാറ്റിൽ പൂവ് മണലിൽ എഴുതി കൊണ്ടേയിരിക്കുന്നു
സൂര്യനും മാത്രം വായിക്കാൻ ആവുന്ന വാക്യങ്ങൾ ”
(ദുഃഖം)

“”മനുഷ്യനെക്കാൾ
എന്തു നന്നായി മനുഷ്യഭാഷ പറയുന്നേ നായ”
(തെരുവ് മുറിച്ചുകടക്കുന്ന നായ)

“പുഴുക്കൾ എപ്പോഴും ഓരോരോ പാലങ്ങൾ പണിയുന്നു
മനുഷ്യൻ പണിയും
പോലെ തന്നെ”
(തേടൽ )

എന്നിങ്ങനെ മനുഷ്യനെക്കുറിച്ചും മനുഷ്യരെക്കുറിച്ചും
ഭാഷയെ കുറിച്ചൊന്നും അനുഭവത്തെ കുറിച്ചുള്ള ചിന്തകൾ
കവിതയിൽ വിടർത്തി ഇടുന്നു. പല മട്ടിലാണ് മനുഷ്യർ
സന്ധ്യയുടെ കവിതകളിലേക്ക് വരുന്നത്.
കവിത ആത്യന്തികമായ പ്രതിരോധ രാഷ്ട്രീയമാണ്
എന്ന ഉറപ്പിക്കുന്ന ഒരു കവിത കൂടിയുണ്ട്
ഇരട്ടക്കൂർമ്പുള്ള അമ്പ്
നീയെന്നെ
നിന്റെ ചാവേറായി
ഉപയോഗിക്കണം.
സമയമുള്ളപ്പോഴെല്ലാം
ഉരകല്ലിലുരച്ച്
മുന കൂർപ്പിക്കണം,
തിളങ്ങുന്ന മൂർച്ചയോടെ
നിന്റെ
ആവനാഴിയിൽ
ഞാൻ
ശ്വാസമടക്കിപ്പിടിച്ചിരിക്കും.

നിന്റെ ലക്ഷ്യത്തിലേക്ക്
ദത്ത ശ്രദ്ധമായി
ഞാനും
നോക്കും.

നീ ഉറങ്ങുമ്പോൾ
ചുമരോടു ചേർത്തുവെച്ച
മൂലയിലിരുന്ന്
പ്രേമത്തിളക്കത്തോടെ
ഞാൻ
നിന്ന
നോക്കും.

ചിത്രപ്പണി ചെയ്ത
മനോഹരമാക്കിയ എന്നെ
കയ്യിലേന്തി
സാനന്ദം നീ
നോക്കിയിരിക്കുമ്പോൾ

ഞാനും അവളെ നോക്കും.
നീ നോക്കിക്കൊണ്ടിരിക്കുന്ന
അവളുടെ
നിറഞ്ഞു തുളുമ്പുന്ന
മാറത്തേക്ക്

സൂചിക്കൂർപ്പോടെ
ഞാനും
നോക്കും.
തക്കം കിട്ടുമ്പോൾ
എന്റെ മുനകൂർപ്പ് കൊണ്ട്
അവിടെയൊരു
ചോരത്തിളക്കം
തീർക്കണമെന്ന്
നീയറിയാതെ ആലോചിക്കും.
നിനക്കൊരിക്കലും
എന്റെ
ഇരട്ടക്കൂർപ്പ് കാണാൻ
കഴിയുകയേയില്ല.
അവസാന വരിയിലെ മുന്നറിയിപ്പ് മനുഷ്യൻ എന്ന നിലയിൽ
സ്ത്രീയെന്ന നിലയിൽ കവി എന്ന നിലയിൽ ലോകത്തിലേക്ക്
എയ്യുന്ന അമ്പു തന്നെയാണ്. ഒരിക്കലും എയ്യുന്നവളിലേക്ക്
വിരൽചൂണ്ടാത്ത അമ്പ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here