കവിത
ഡോ. രാജേഷ് മോൻജി
മുഖം പൂഴ്ത്തിയത്
തലയൊളിപ്പിക്കാനല്ല;
ആനത്തലയിളക്കാൻ പോന്ന
ഒരാശയം പെറുക്കാനാണ്.
തീയുണ്ടകൾ വാരിക്കോരി
നിറയ്ക്കണമെന്നില്ല
ഒരൊറ്റ വാക്കുമതി
ചിന്നിച്ചിതറാൻ.
ഒരൊറ്റ വാക്കുമതി
അടിയിടിയാൻ..
മദിച്ച കൊമ്പനേയും
കുതിച്ച വമ്പനേയും
തളയ്ക്കാൻ വമ്പുള്ള
ഒരെലുമ്പൻ മതി.
ചങ്ങലയിടയിട്ട് വലത്തു
തിരിഞ്ഞ്, പിന്നെയിടം വെട്ടി മറിഞ്ഞ്
കൺമിന്നും വേഗത്തിലടിമാറി –
ത്തിരിഞ്ഞൊന്നു
നിവരുമ്പോഴേക്കവനമരും
മണ്ണിൽ കൊമ്പ് കുത്തും,
ചെയ്ത തെറ്റുകളെല്ലാം
ഒലിച്ചിറങ്ങി മണ്ണ് നനയും.
വാക്കു കൊണ്ടും
നാക്കു കൊണ്ടും
ശൂലം കൊണ്ടും
കുത്തിക്കീറിയ
പള്ളയിൽ നിന്ന്
പലനിറത്തിലുള്ള പൂക്കൾ
വിരിഞ്ഞിറങ്ങുന്നതും
സഹിക്കാത്തതു കൊണ്ടാവണം
തങ്ങൾക്കപരിചിതനായ
ദൈവത്തിന്റെ കറുത്ത ചോരയിൽ
അവയെ മുക്കിക്കൊന്നത്,
ഏതോ ഒരു കറുത്ത
പുസ്തകത്തിലെ
അജ്ഞാതമായ ദൈവത്തിന്റെ
അശുദ്ധ രക്തത്തിൽത്തന്നെ.
ഒരൊറ്റ വടിയിൽ
ഇന്ത്യയെത്താങ്ങുന്ന,
കട്ടിക്കണ്ണടയാലകം പുറം കാണുന്ന,
ഒരു നീളൻനൂലിൽ കോർത്ത
ഒറ്റമുണ്ടുകൊണ്ട്
ദിക്കക്ഷാംശങ്ങളെ ചേർത്തുടുത്ത
ഫക്കീറുണ്ടവിടെ തെരുവിൽ.
ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കണം.
നീയും ഞാനും നമ്മളും ഇവിടുണ്ടെന്നുറപ്പു വരുത്തണം.
ദൈവനാമകൊലവിളികൾക്കു നടുവിൽ,
ദൈവം തന്നെ കൈകൂപ്പിത്തൊഴുതു
കാണിക്കയിടുന്ന
പൊട്ടക്കിണറിനു മുന്നിൽ,
നിന്റെ നോട്ടത്തേരിലേറിയോർ –
ക്കെത്ര കാതം മുന്നിൽ നീണ്ടു കിടപ്പൂ ….!
വിത്തു കണക്കേ
ഉള്ളിൽ നിന്നുണരണം.
പതിയെപ്പടരണം.
ഉശിരു പെരുത്തൊരു വാക്കാവാൻ
ഉൾക്കാമ്പിന്നുറവ പൊട്ടണം.
കനിവു തുടിക്കണം
കനവു വിയർക്കണം…!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.