സിനിമ
ഡോ.കല സജീവൻ
ഒരു വ്യവസ്ഥ അതിൻ്റെ നിർമ്മിതികളെ നിലനിർത്തിപ്പോരുന്നത് നിയതമായ ചില മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.കുടുംബം ഇത്തരത്തിലുള്ള നിർമ്മിതിയാണ്. അലിഖിതമായ ചിലത് അതിനകത്തുണ്ട്. സുഭദ്രമെന്ന് പുറമേയ്ക്ക് തോന്നിപ്പിക്കാനുതകും വിധം സുസജ്ജമായത്. സുരക്ഷ, സ്വാസ്ഥ്യം, എന്നിങ്ങനെ ഒട്ടൊക്കെ കാൽപ്പനികമായ ഉൽപ്പന്നങ്ങൾ, പ്രലോഭനീയമായ വിധത്തിൽ മുന്നോട്ടു വെക്കുന്ന പറച്ചിലുകളിലൂടെ കാലാകാലങ്ങളായി ഉറപ്പിച്ചു വെക്കുന്ന പൊതുബോധങ്ങളാണവ. വിവാഹത്തിലൂടെ നിയമപരമായി രൂപപ്പെടുന്ന കുടുംബത്തിനകത്ത് എത്രത്തോളം ലിംഗനീതി സംരക്ഷിക്കപ്പെടുന്നു, എന്തൊക്കെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്നെല്ലാം നമ്മളിനിയും ചർച്ചകൾ നടത്തേണ്ടതുണ്ട്.
അടുക്കള ഒരു രാവണൻ കോട്ടയാണ്. എത്ര നടന്നിട്ടും തീരാത്ത ഇടനാഴികളുള്ള, എത്ര തെരഞ്ഞിട്ടും വാതിൽ കണ്ടെത്താനാവാത്ത തടങ്കലിടത്തെ അത് നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിൻ്റെ രൂപപ്പെടലിനൊപ്പം സ്ത്രീയുടെ പേരിൽ പതിച്ചുനൽകപ്പെട്ട പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. ഒരു മധ്യവർഗ്ഗ കുടുംബത്തിനകത്തെ സ്ത്രീയുടെ ജീവിതമാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ചർച്ച ചെയ്യുന്നത്. പ്രത്യക്ഷമായ പ്രയോഗങ്ങൾ കുറഞ്ഞു വരുന്ന, വിധേയരാകുന്നവരുടെ മൗനസമ്മതത്തോടു കൂടി പ്രയോഗിക്കപ്പെടുന്ന സൗമ്യമായ അധികാര ആവിഷ്കരണതന്ത്രമാണ് ഇന്ന് സമൂഹത്തിൽ നിലവിലുള്ളത്. അതു കൊണ്ടു തന്നെ കുടുംബത്തിനകത്തു നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ പലതും അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നു. സോഷ്യൽ സ്റ്റാറ്റസിനെ പ്രതി, കുടുംബഭദ്രതയെ പ്രതി, മിഥ്യാഭിമാനബോധത്തെ പ്രതി കാലങ്ങളായി ഇത്തരം അധികാര പ്രയോഗങ്ങൾ കുടുംബത്തിനകത്ത് ഒരു സാമാന്യ വ്യവഹാരമെന്ന നിലയിൽ അത്രയും സ്വാഭാവകമായി തുടരുന്നുണ്ട്. നിത്യസാധാരണമായ സ്ത്രീജീവിതത്തെ യഥാതഥമായി അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ ചെയ്യുന്നത്.പ്രധാനമായും മധ്യവർഗ്ഗ മലയാളിയുടെ അഭിമാനബോധം കുടുംബ – തറവാടിത്തഘടനയിലധിഷ്ഠിതമാണ്. അതിൻ്റെ കാവൽക്കാരായി നിൽക്കുന്നത് കുടുംബത്തിനകത്തെ സ്ത്രീകളും. ഇവിടെയാണ് സംവിധായകൻ ഒരു പാട്ട വെള്ളം കോരി ദുരഭിമാനഭിമാന സംരക്ഷകരുടെ മുഖത്തൊഴിക്കുന്നത്, നായികയെ കൊണ്ട് അഴുക്കു വെള്ളം ഒഴിപ്പിക്കുന്നത്. അഴുക്കു വെള്ളം വീണത് സിനിമയിലെ കുല-കുടുംബ പ്രതിനിധികളുടെ മുഖത്തു മാത്രമല്ല എന്ന സത്യം പിന്നീടു വന്ന സാമൂഹ്യ മാധ്യമ ചർച്ചാ ലഹളകൾ സൂചിപ്പിക്കുന്നു.
സയൻസിനു നന്ദി എന്നു പറഞ്ഞ് തുടങ്ങുന്ന സിനിമ, മതം നിർമ്മിച്ചെടുത്ത, നിലനിർത്തുന്ന മിത്തുകളെ സയൻസ് കൊണ്ട് നേരിടുന്നു എന്നതാണ് സിനിമയിലെ മറ്റൊരു മേൻമ. ആർത്തവത്തെ ചില കുടുംബങ്ങളിലിപ്പോഴും ആചാരപരമായി അഭിസംബോധന ചെയ്യുന്ന രീതിയും ശബരിമല വിഷയത്തെ സംബന്ധിച്ച കോടതി വിധിയുമെല്ലാം കഥാപശ്ചാത്തലമാകുന്നുണ്ട്. പല തലമുറകളെ പ്രതിനിധീകരിക്കുന്ന ആദർശ ദമ്പതിമാരുടെ ചിത്രങ്ങൾ ആ വീടിൻ്റെ ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വ്യക്തികൾക്കനുസരിച്ചും സാമൂഹ്യ പരിസരങ്ങൾക്കനുസരിച്ചും അധികാര പ്രയോഗത്തിൻ്റെ ക്രമങ്ങൾ മാറുന്നുണ്ടായിരിക്കാം. അസമത്വങ്ങളെയും അധികാര പ്രയോഗങ്ങളെയും ആദർശവൽക്കരിക്കുക എന്ന ബലതന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.കുടുംബം ആത്യന്തികമായി ഒരു അധികാരഘടനയാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ അതിനകത്ത് ആവുന്നത്ര ജനാധിപത്യപരമായി ബോധപൂർവ്വം ഇടപെടേണ്ടതുണ്ട്. സിനിമയിലെ നായിക പുറത്തേയ്ക്കുള്ള വാതിൽ കണ്ടെത്തുന്നുണ്ട് എന്നത് പ്രത്യാശാ നിർഭരമായ കാര്യം തന്നെ. അവളിറങ്ങിപ്പോയ ഇടത്ത്, എച്ചിൽ വരുന്ന വളയിട്ട മറ്റൊരു കൈ പുനസ്ഥാപിക്കപ്പെടുന്നു എന്ന സത്യവും സിനിമ പറയാതെ പോകുന്നില്ല. ജിയോബേബിയുടെ മഹത്തായ ഭാരതീയ അടുക്കള ധീരമായ ശ്രമമാണ്. അത് മലയാളിപുരുഷൻ്റെ ശീലങ്ങളെ മാരകമായി വിചാരണ ചെയ്യുന്നു. നിർബന്ധമായും, കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെയ്ക്കേണ്ട ഒന്ന്.
നിരന്തരമായി, ആവർത്തിക്കപ്പെടുന്ന ഒരു പറ്റം സീനുകൾ ചിത്രം കണ്ടിരുന്ന പലരേയും മടുപ്പിച്ചിട്ടുണ്ടാകാം. ഒന്നോർക്കുക, ആ മടുപ്പ്, ആവർത്തന വിരസത നിറഞ്ഞ ദിവസേനയുള്ള മൂന്നോ നാലോ അഞ്ചോ ഭക്ഷണമൊരുക്കൽ നേരങ്ങൾ ഇതെല്ലാം ചേർത്തുവെച്ചാൽ ഒരു ശരാശരി മലയാളിസ്ത്രീജീവിതം കിട്ടും. ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന ലിംഗനീതിയ്ക്കു വേണ്ടി പ്രത്യക്ഷമായ ഇടപെടലുകൾ നടത്തുന്ന ചലച്ചിത്രം എന്ന നിലയിൽ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കൂടുതൽ പ്രസക്തമാകുന്നത് അതുകൊണ്ടു കൂടിയാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.