കൊച്ചി : 2018 ലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിര്‍മിച്ച 50 പുതിയ വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നടത്തി. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.
ഡിപി വേള്‍ഡ് കൊച്ചി സിഇഒ പ്രവീണ്‍ തോമസ് ജോസഫ്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍, എറണാകുളം എം.പി ശ്രീ ഹൈബി ഈഡന്‍, ജില്ലാ കളക്ടര്‍ ശ്രീ. എസ് സുഹാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താക്കോല്‍ദാനം.
ശ്രീ എസ് ശര്‍മ്മ എംഎല്‍എ, ശ്രീ വി.ഡി സതീശന്‍ എംഎല്‍എ, ശ്രീ കെ.ജെ മാക്‌സി എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ഇഎസ്എസ്എസ് രക്ഷാധികാരി ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി (എച്ച്എഫ്എച്ച്) ശ്രീ പ്രവീണ്‍ പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗൗരവ സ്വഭാവമുള്ള ലെവല്‍ 3 പ്രകൃതി ദുരന്തമാണ് 2018 ല്‍ കേരളത്തെ ബാധിച്ച പ്രളയം. 14 ജില്ലകളെയും ആറിലൊന്ന് ജനസംഖ്യയെയും ബാധിച്ച പ്രളയം വര്‍ഷകാലത്തെ അസാധാരണ മഴയെത്തുടര്‍ന്നാണ് ഉണ്ടായത്. തുടര്‍ന്ന് ടെര്‍മിനലിനു ചുറ്റുമുള്ള കുടുംബങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാനുള്ള ചുമതല ഡിപി വേള്‍ഡ് ഏറ്റെടുക്കുകയായിരുന്നു.
2018 ലെ പ്രളയബാധിതരായ ഞങ്ങളുടെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്നതിനാണ് പ്രധാന മുന്‍ഗണന നല്‍കിയിരിക്കുന്നത്. 50 കുടുംബങ്ങള്‍ക്ക് പുതിയ വീടുകളിലൂടെ അവരുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ വെച്ചുനല്‍കിയതില്‍ ഡിപി വേള്‍ഡിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും 2018 ലെ പ്രളയം ജനങ്ങള്‍ക്കും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും വലിയ നാശമാണ് വരുത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയും സാമൂഹികജീവിതവും പുനര്‍നിര്‍മിക്കുന്നതില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളായ ഡിപി വേള്‍ഡ് പോലുള്ള കമ്പനികള്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വീടുകള്‍ നഷ്ടപ്പെടുത്തിയെന്നും അവരുടെ ജീവിതങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ചുമതല ഞങ്ങളുടേതാണെന്ന് മനസ്സിലാക്കിയെന്നും ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ഗ്‌ളോബല്‍ സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലെയം പറഞ്ഞു. ആ പിന്തുണ കുറച്ചു കുടുംബങ്ങളുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്തിയെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് തിരിച്ചുവരവും പ്രകൃതി ദുരന്തങ്ങളെ നേരിടാനും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.