ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി

0
381

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ സാധാരണ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അത്ഭുതകരമായി വളര്‍ത്തിക്കൊണ്ടുവരാനാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സ്ഥാപിച്ചത്. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണിത്. ഭിന്നശേഷിക്കാരുടെ കലാ പ്രകടനത്തിനുള്ള ഒരു സ്ഥിരം വേദിയായി ഇത് മാറുകയാണ്. ഒരു പക്ഷെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ സംരംഭമായിരിക്കും. സര്‍ക്കാരിനൊപ്പം ഒരുപാട് സ്ഥാപനങ്ങളും വ്യക്തികളും ഈ പദ്ധതിക്ക് ഒപ്പം നിന്നു. അതിന്റെ ക്രെഡിറ്റ് ഗോപിനാഥ് മുതുകാടിനാണ്. ഈ ആശയം പ്രാവര്‍ത്തികമാക്കിയതിന് അദ്ദേഹത്തെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭിന്നശേഷി മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. ഏതൊരു വെല്ലുവിളിയുള്ളവരുടേയും ചികിത്സാ മേഖലയില്‍ ആര്‍ട്ട് തെറാപ്പി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. ഇത്തരമൊരു തെറാപ്പിയാണ് ഈ ആര്‍ട്ട് സെന്ററിലൂടെ കൈക്കൊണ്ടത്. സംഗീതം, ചിത്രകല, സിനിമ നിര്‍മ്മാണം എന്നീ മേഖലകളില്‍ കുട്ടികളുടെ പല കഴിവുകളും പുറത്ത് കൊണ്ടുവരുന്ന തരത്തിലാണ് ഈ സെന്റര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒന്നര ഏക്കറിലായി 7 വേദികളാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. ഈ കുട്ടികള്‍ക്ക് സ്വന്തമായി വരുമാനമുണ്ടാക്കി ജീവിതം കണ്ടെത്താന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവരുടെ കുടുംബത്തിന്റെ വരുമാന സ്‌ത്രോതസായി ഇത് മാറുകയാണ്. പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികളെ വീട്ടിനകത്ത് മാത്രം നിര്‍ത്താതെ സമൂഹവുമായി ഇടപഴകാന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇത് അവരെ എന്തിനും പ്രാപ്തരാക്കും. ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ സെന്റര്‍ സാക്ഷാത്ക്കരിച്ചത് കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര പുരോഗതിയ്ക്കായാണ് സര്‍ക്കാര്‍ അനുയാത്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. മുന്‍കൂട്ടി ഭിന്നശേഷി കണ്ടുപിടിച്ച് ചികിത്സിക്കുന്നത് മുതല്‍ അവരുടെ പുനരധിവാസം വരെ ലക്ഷ്യമിടുന്നതാണ് അനുയാത്ര. ഈ പദ്ധതിയുടെ ഒരു ഭാഗമാണ് മാജിക്ക് അക്കാഡമിയുമായി സഹകരിച്ചുള്ള ഈ സംരംഭമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കുട്ടികളെ പരിപാലിക്കേണ്ടതിന്റെ ശാസ്ത്രീയ വശങ്ങള്‍ പ്രതിപാദിക്കുന്നതിനായി വിമാനത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ഡിഫറന്റ് തോട്ട് സെന്റര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടൊപ്പം ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സാക്ഷാത്കരിക്കാന്‍ സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി ഉപഹാരവും നല്‍കി.

മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുക്കാട് സ്വാഗതവും സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ കൃതജ്ഞതയും അര്‍പ്പിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍ കെ. ശ്രീകുമാര്‍, ക്രിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐക്കോണ്‍സ് റീജിയണല്‍ ഡയറക്ടര്‍ ഡോ. മേരി ഐപ്പ്, കൗണ്‍സിലര്‍ എസ്. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here