ഡയാന കട്ടപ്പനയിലെ രാജകുമാരി

1
310

സുബൈർ സിന്ദഗി , പാവിട്ടപ്പുറം

ഇവരെ  ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ചു നടന്ന ആർട്ടിസ്റ്  ആന്റ് റൈറ്റേഴ്‌സ് കൾച്ചറൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനത്തിന് നടത്തിയ പുരസ്‌കാര ചടങ്ങിൽ വെച്ചാണ്. ആകെ ആടിക്കുഴഞ്ഞു നടക്കുന്ന പോലെ കണ്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൾ ഒരു സാധാരണ പെൺകുട്ടിയല്ല എന്ന് മനസ്സിലാക്കി. പരിപാടി കഴിയുന്നതു വരെയും അവരെ ഞാൻ ശ്രദ്ധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് ഡയാന ഒരു രാജകുമാരി തന്നെയെന്നുറപ്പിച്ചത്

ഡയാന സാധാരണ ഒരു കുട്ടിയല്ല. ജനനം തന്നെ 90 ശതമാനം അംഗവൈകല്യത്തോട് കൂടിയാണ്. ജനിക്കുന്ന സമയത്ത് 1 കിലോ 100   ഗ്രാം മാത്രമാണ് ഡയാനയുടെ തൂക്കം.

ഇന്ന് ഡയാനയെ കട്ടപ്പനയിലെ രാജകുമാരി എന്ന്  വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൗന്ദര്യം കൊണ്ടോ സമ്പത്തു കൊണ്ടോ കുടുംബ മഹിമ കൊണ്ടോ അല്ല, ജീവിതത്തെ പൊരുതി ജയിച്ച 90 ശതമാനംഅംഗവൈകല്യമുള്ളഎന്ന് നമുക്ക് തന്നെ പറയാൻ നാണമാകുന്ന തരത്തിൽ വിജയം കൈവരിച്ച രാജകുമാരി.

നഴ്സറി മുതൽ പിജി വരെയും നടന്നു പോയി പഠിച്ചു അവൾ. പഠിക്കുന്ന കാലത്ത് എല്ലാ വർഷവും കട്ടപ്പനയിലെ അവൾ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ഡയാനക്കായിരുന്നു.

മലയാളസിനിമയിലെ കുടുംബസദസ്സുകൾക്ക് ഏറെ പ്രിയങ്കരനായ മലയാളത്തിലെ ജനപ്രിയതാരം ജയറാമിനെകുറിച്ച്,  അപരൻ മുതൽ അച്ചായൻസ് വരെഎന്ന പുസ്തകം ഡയാന രചന നിർവഹിച്ചിട്ടുണ്ട്. ജയറാം എന്ന താരത്തിന്റെ  വ്യക്തി ജീവിതം, സിനിമ ജീവിതം, കുടുംബ ജീവിതം, എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പുസ്തകം. ഡയാനയുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കു കൊള്ളുവാൻ മലയാളത്തിന്റെ ജനപ്രിയ താരം ജയറാം മറക്കാറില്ല. ദുബായിലെ സിനിമ ഷൂട്ടിങ് തിരക്കിനിടയിൽ നിന്നും ജയറാം നേരിട്ടെത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡയാനയുടെ പുസ്തകത്തിന് മുട്ടത്തു വർക്കി അവാർഡ് റൈറ്റേർസ് അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്.

ഒരിക്കലും ഡയാനയെ പോലെ സമൂഹം വൈകല്യമുള്ളവൾ എന്ന് മുദ്രകുത്തപ്പെട്ട ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നതിലും മുകളിലാണ് ഈ പുസ്തകത്തിന്റെ രചന. മാത്രമല്ല മറ്റുള്ളവർ പറയുമ്പോൾ മാത്രമാണ് ഞാൻ വൈകല്യമുള്ളവളാണെന്ന് എനിക്ക് തന്നെ തോന്നുന്നത് എന്നാണ് ഡയാനയുടെ വാക്കുകൾ

ആത്മ ധൈര്യത്തോടെ ശരീരത്തിലേക്ക് ശക്തി പകർന്ന് വൈകല്യത്തെ തോൽപിച്ച ഡയാന, സിനിമാ ഗാനങ്ങൾക്കൊത്തു നൃത്തം ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ നമ്മുടെ കണ്ണുകൾക്ക് അവളുടെ ശരീരത്തിന്റെ വൈകല്യമാണ് കാണാൻ കഴിയുന്നത്. മനസ്സിന്റെ ശക്തി നമുക്കറിയാൻ കഴിയുമെങ്കിൽ അവളുടെ കഴിവുകൾക്ക് മുന്നിൽ നമ്മളാണ് വൈകല്യമുള്ളവർ.

പിജി കഴിഞ്ഞ ഡയാനക്ക് കഴിഞ്ഞ UDF  സർക്കാരിന്റെ (ഭരണം അവസാനിക്കാറായ സമയം)  കാലത്ത് ലോട്ടറി വകുപ്പിൽ ജോലി ലഭിച്ചിരുന്നു. സർക്കാർ ജോലി ലഭിച്ച ഡയാനക്ക്  ജീവിതത്തിൽ ഏറ്റവും നല്ല വിജയം നേടിയ സന്തോഷത്തിൽ ആയിരുന്നു ആ സമയം. നിർഭാഗ്യവശാൽ നിയമന സമയത്ത് ഭരണം മാറുകയും എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥർ അവളുടെ ജോലി നിയമനം റദ്ദ് ചെയ്തു കൊണ്ട് സർക്കാരിന് കത്തയക്കുകയായിരുന്നു. അവർ എടുത്ത തീരുമാനത്തിന് കണ്ടെത്തിയ കാരണങ്ങൾ ചിലപ്പോൾ സത്യമായിരിക്കാം. ഏറെ സാമ്പത്തിക ഇടപാടുകളുള്ള ഒരു മേഖലയാണ് ലോട്ടറി ഡിപ്പാർട്മെന്റ് അവിടെ ഇത്തരത്തിൽ അംഗവൈകല്യമുള്ള ഒരാൾക്ക് ജോലി കൊടുത്താൽ വലിയ തരത്തിലുള്ള പ്രയാസം ഡിപ്പാർട്മെന്റ് നേരിടേണ്ടി വരും എന്നായിരുന്നു. പക്ഷെ ഡയാനക്ക് നിഷേധിക്കപ്പെട്ട ജോലി തിരികെ ലഭിക്കാൻ 48 മണിക്കൂർ നിരാഹാരം കിടന്നു. എന്നിട്ടും ഫലം കണ്ടില്ല. എന്നാലും സർക്കാരിൽ പ്രതീക്ഷയോടെയാണ് ഡയാനയുടെ വാക്കുകൾ.

ഞാനും പ്രതീക്ഷിക്കുന്നു ജീവിതത്തിൽ എല്ലാം തികഞ്ഞ ഒരു മനുഷ്യന് മാനസികവും ശാരീരികവുമായ കഴിവുകൾ ഉണ്ടായിട്ടും ചെയ്യാൻ പറ്റാത്ത പലതും ഡയാന ചെറിയ  വയസ്സ് കൊണ്ട് നേടി.  ഒട്ടേറെ അവാർഡുകൾ ഡയാനക്ക് കിട്ടി.

ഇപ്പോഴും ഡയാന അത്യാഹ്ലാദത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. അച്ഛൻ സാബു അപ്പച്ചനും, അമ്മ ലിസി സാബുവിനും അംഗവൈകല്യമുള്ള ഒരു കുട്ടി എന്ന തോന്നൽ അവളിൽ ഇന്നുവരെയും ഉണ്ടായിട്ടില്ലെന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ഡയാന മനോധൈര്യം കൊണ്ട് ശരീരത്തെ കീഴ്പ്പെടുത്തുകയായിരുന്നു സത്യത്തിൽ. അവൾ പഠിച്ചു നേടിയ ഡിഗ്രിക്ക് പൊരുതി നേടിയ ജോലിക്കും അംഗവൈകല്യം തടസ്സമാണെങ്കിൽ അവളുടെ സാധ്യതക്കനുസരിച്ച ഒരു സർക്കാർ ജോലി സാധിക്കുമെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ പരിഗണിക്കണമെന്ന് എന്റെ ചെറിയ വരികളിലൂടെ ഓർമ്മപ്പെടുത്തുന്നു

ആരൊക്കെ എന്തൊക്കെ തടസ്സങ്ങൾ അവൾക്ക് മുന്നിൽ വെച്ചാലും ഡയാന രാജകുമാരിയായി തന്നെ ജീവിക്കും, കട്ടപ്പനയുടെ രാജകുമാരിയായി തന്നെ.

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here