നെടുവീർപ്പുകൾ കുമിഞ്ഞു കൂടുന്ന വീട്ടകങ്ങൾ, അറിഞ്ഞതും അറിയേണ്ടതും

0
202

അയിഷബഷീർ

ആരെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങളുടെ ഒക്കുപ്പേഷനെ കുറിച്ച് ചോദിച്ചാൽ ഒരു മാത്ര നിന്ന് പോവാറുണ്ടോ…?!

അല്ലെങ്കിൽ അങ്ങനൊരു ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങുമ്പോൾ ശബ്ദമിടറിയിട്ടുണ്ടോ…?!

വീട്ടമ്മയെന്ന് ആ  കോളത്തിലെഴുതിതീരുമ്പോഴേക്കും എത്ര തവണ നിങ്ങളുടെ കൈവിറച്ചു കാണും…!

ആ ഒരൊറ്റ നിമിഷം മതിയാകും ഉറക്കമൊഴിച്ചു പഠിച്ചുണ്ടാക്കിയ പുസ്തകക്കെട്ടുകളും  പറഞ്ഞു പറഞ്ഞു ഉള്ളിലൊട്ടിച്ചുവെച്ച നൂറായിരം ഇക്വേഷൻസും മനസ്സിലേക്കോടിയെത്താൻ

എന്നിട്ടും വീട്ടിലെത്തിയയുടനെ പൊടിപിടിക്കാനനുവദിക്കാതെ ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചു വച്ചിരിക്കുന്ന, കഥയും കവിതയും എന്നു വേണ്ട സകല മത്സരങ്ങളിലും പങ്കെടുത്തു മൂന്നു വർഷം കോളേജ് ബെസ്റ്റ് ആക്ടര്സ് അവാർഡും വാങ്ങിയതോർത്തിരിക്കും..

അതുൾപ്പെടെ ഡിഗ്രി വരെയുള്ള  സെർട്ടിഫിക്കറ്റുകൾ നെഞ്ചോട് ചേർക്കും….

സെമിനാറിലും ഡിബേറ്റിലും തിളങ്ങി നിന്നതോർമിക്കും….

തന്നോടൊപ്പം തന്നെ ഒരുപാട്  സ്നേഹിച്ച  അധ്യാപകരും  കണ്ട സ്വപ്‌നങ്ങൾ വെറുതെ മിന്നിമായും.

അപ്പോഴേക്കും അടുക്കളയിൽ പാലു തൂവിപ്പോയതിനെ കുറിച്ചാവലാതിപ്പെട്ട് കുഞ്ഞിന്റെ കരച്ചില് കേൾക്കുന്നയിടത്തേക്കോടുംസ്വന്തത്തിലേക്കൊന്നിറങ്ങിച്ചെല്ലാൻ പോലും സമയമില്ലാതെ..

അങ്ങനെയെത്രയോ ജന്മങ്ങൾ

ബോർഡ് ക്സാമിന്റെ തലേന്നായിരുന്നു അവളുടെ വിവാഹം. വരൻ ഗൾഫുകാരനായതുകൊണ്ട് ലീവില്ല പോലും…!

കൂട്ടുകാരികൾ പറഞ്ഞു പൊലിപ്പിച്ച താരത്തിലുള്ളൊരു മധുവിധുവോ.. യാത്രകളോ അവൾക്കുണ്ടായിരുന്നില്ലകല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നവൾ അടുക്കളയിലെ പുതിയ വേലക്കാരി സ്ഥാനമേറ്റെടുത്തു കഴിഞ്ഞിരുന്നു.. മരുമകളോടുള്ള സ്നേഹക്കൂടുതൽ കാരണം അത് വരെയുണ്ടായിരുന്ന വേലക്കാരിയെ അമ്മായുമ്മ മുൻപേ പറഞ്ഞു വിട്ടിരുന്നല്ലോ..

ആദ്യമാദ്യം അവൾ സ്വയം ഓർത്തിരുന്ന പാട്ടുകളെ, വരികളെ പിന്നീട് അടുക്കളയുടെ ചുമരുകളാണ് എപ്പോഴൊക്കെയോ  ഏറ്റു ചൊല്ലാൻ  തുടങ്ങിയത്..

അബോധാവസ്ഥയിലും ഓർക്കാനെന്ന വണ്ണം സജിത്ത് മാഷ് പഠിപ്പിച്ചു തന്നിരുന്ന സൈൻ തീറ്റയും കോസ് തീറ്റയും, a plus b ഇക്വേഷൻസും  പതുക്കെ പതുക്കെ  അവളുടെ മനസ്സ് വായിച്ചെടുത്താ ചുമരുകൾ സ്വന്തമാക്കിയിരുന്നു.

ഇടക്കൊക്കെ ചിരികളായും മറ്റു ചിലപ്പോൾ അടക്കിപിടിച്ചകരച്ചിലുകളായും   അവളുടെ കഥകളെല്ലാം തന്നെ അവ ഹൃദിസ്ഥമാക്കിയിരുന്നു.

ഇജ്ജ്  കൊണ്ട് വന്നിട്ട് വേണ്ട  ഇവിടെ കെയ്ഞ്ഞു കൂടാൻ !!!

ഒരു പുതിയ ജോലിയെക്കുറിച്ച് അല്ലെങ്കിൽ പഠിത്തം തുടരുന്നതിനെക്കുറിച്ച്  ചോദിക്കുമ്പോഴൊക്കെയും കേട്ടുമടുത്ത പല്ലവികൾ

തറവാട്ടിലെ പാരമ്പര്യം നിലനിർത്താൻ പെണ്ണുങ്ങൾ പുറത്തിറങ്ങിക്കൂടത്രേ

കെട്ടുമ്പോൾ പഠിപ്പിക്കാമെന്നും ജോലിക്കയക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങൾ നൽകുകയും അപ്പോഴേക്കും എന്തേലുമായാൽ (ഗർഭിണി ആയാൽ) അതൊക്കെ നിർത്തിക്കാമെന്ന്  ഉള്ളിലൊരു കെണി, കെട്ടും മുമ്പെയൊരുക്കുന്നവർ

നിക്കാഹ് കഴിഞ്ഞാ പിന്നെ നമ്മള് പറയണ പോലല്ലേ ന്ന് മറ്റു ചിലർ

ഇവിടെയും വിഡ്ഢികളാക്കപ്പെടുന്നത് ഒരു വസന്തം സ്വപ്നം കണ്ടെത്തുന്ന  പെൺകുട്ടികൾ മാത്രം ….

അതിനെതിരെ  ശബ്ദമുയർത്തി പുറത്താക്കപ്പെടുന്നവരും താൻ കാരണം കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകരുതെന്നു കരുതി നിശബ്ദം സഹിക്കുന്നവരുമേറെ….

നഴ്സിങ്ങും എഞ്ചിനീയറിങ്ങും ഫർമാക്കളോജിയും പഠിച്ചെടുത്തിട്ടും അടുക്കളചുമരിൽ ചിത്രങ്ങൾ കോറിയിടാൻ വിധിക്കപ്പെട്ടവർ. ആർക്കൊക്കെയോ വേണ്ടി ജീവിതവും സ്വപ്നങ്ങളും ഹോമിച്ചവർ. ജീവച്ഛവങ്ങളായി  ഇപ്പോഴുമെവിടെയൊക്കെയോ കഴിഞ്ഞുകൂടുന്നുണ്ട്. പുറത്തേക്കൊഴുകാനാവാതെ വിങ്ങിനിറഞ്ഞു നിൽക്കുന്ന നെടുവീർപ്പുകൾ ഓരോ വീട്ടകങ്ങളിലും കണ്ടെത്തിയേക്കാം.

ഇന്നലെ തേടിയെത്തിയ ഫോൺ കാളിൽ നിന്നും കേട്ട കഥകളും ഇവയിൽ നിന്നോട്ടും വ്യത്യസ്തമായിരുന്നില്ല.

കരച്ചിലുകൾ അതൊരൊറ്റ കാരണത്തിന് വേണ്ടിയാകുമ്പോൾ, പറയുന്നവരും കേൾക്കുന്നവരും വിങ്ങിപ്പൊട്ടുന്നത്  ഒരേ കാര്യങ്ങൾക്കാവുമ്പോ , ഇത് ഒരിക്കലും  അവസാനിക്കുകയില്ലെന്ന്  തുടർന്ന് കൊണ്ടിരിക്കുകയാണെന്ന്  ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പറഞ്ഞു പറഞ്ഞു പഴകിയ ചില പഴങ്കഥകൾ പോലെ.

എന്തിനെയായിരിക്കാം അവർ ഭയപ്പെട്ടു കൊണ്ടിരിക്കുന്നത്..?

വീടിനു പുറത്തെ വെളിച്ചത്തിലേക്ക്കാറ്റിലേക്ക്  അവളെയൊന്നിറക്കി വിടുന്നതിൽ നിന്നും ഇത്രമാത്രം അവരെ  പിറകോട്ടു വലിക്കുന്നതെന്താവാം..?

തന്ന കാശിന്റെ കണക്കു ബില്ല് സഹിതം ചിലപ്പോഴെങ്കിലും ബോധിപ്പിക്കേണ്ടി വരുമ്പോൾ ഒരു പക്ഷേ നിങ്ങളെക്കാൾ വിദ്യാഭ്യാസയോഗ്യതയുള്ളവളുടെ അഭിമാനമെത്രത്തോളം വ്രണപ്പെട്ടിട്ടുണ്ടാകാം.. !

ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും…?

പുറത്തിറങ്ങുമ്പോഴേക്ക്, ഒന്ന് സോഷ്യലൈസ് ചെയ്യുമ്പോഴേക്ക് നിങ്ങളെയിട്ടോടുമെന്നു ഭയന്നിട്ടാണോ..?

അവളുടെയുള്ളിലുമൊരു പൂമ്പാറ്റയുണ്ട്അവൾക്കു ചുറ്റും വിശാലമായ ആകാശവും,

കൂടെ പറന്നില്ലെങ്കിലും  ഒന്ന് പാറിപ്പറക്കാൻ അവളുടെ  ചിറകിനിത്തിരി  ബലം നൽകാൻ ശ്രമിച്ചൂടെ

അതിനനുവദിക്കാതെ വീണ്ടും ഇരുട്ടിലേക്ക്, അടുക്കളയിലേക്ക് തീരാത്ത ജോലികളിലേക്ക്, ആത്മവിശ്വാസം നഷ്ടപ്പെട്ട് , ചിറകൊടിഞ്ഞവളായ് പിന്നീട് നിരാശയും വിഷാദവും പിടികൂടി ഒടുവിൽ സമയം തെറ്റിഅല്ലെങ്കിൽ  സ്വന്തമായൊരുക്കിയ ഊഞ്ഞാലിൽ കഴുത്തു മുറുക്കിയാടി  പടിയിറങ്ങുമ്പോഴും നിങ്ങൾ പറഞ്ഞേക്കാം എന്തായിരുന്നവൾക്കിവിടൊരു കുറവ്.. വസ്ത്രമുണ്ടായിരുന്നില്ലേപട്ടിണി കിടന്നിട്ടുണ്ടോ എപ്പോഴെങ്കിലും .. എന്തിനും കാശുണ്ടായിരുന്നില്ലേ.. എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ  മതിയായിരുന്നല്ലോന്ന്

അത്രമേൽ  സ്നേഹിക്കുന്നത് കൊണ്ടാവാമല്ലോ  സുഹൃത്തേ വീടിന്റെ മതിലുയർത്തിക്കെട്ടി അവിടൊരു  cctv താങ്കൾ സ്ഥാപിച്ചത്..

തന്റെ വീട്ടിലൊരു ദിവസം പോയി വരുന്നതിന് നിബന്ധനകളോടെ സമയം നിഷ്കർഷിച്ചിരുന്നത്..

ഏറ്റവുമടുത്തൊരു  സുഹൃത്തിന്റെ കല്യാണത്തിനു പോവാൻ നൂറ്റൊന്നു വട്ടം താങ്കളുടെ കാലുപിടിക്കേണ്ടി വരുന്നത്… !

അവസാനശ്വാസത്തിലും പക്ഷേ അവൾ പറഞ്ഞുകൊണ്ടിരുന്നത് മൂപ്പർക്കെന്നോട്  ഭയങ്കര സ്നേഹമാണെന്ന് തന്നെയായിരുന്നു .. എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ വേണ്ടിയാണു പുറത്തോട്ടൊന്നും വിടാതെ തന്നെ   വീട്ടിനുള്ളിൽ തന്നെയിരുത്തിയിരിക്കുന്നതെന്ന്

അവളങ്ങനെയാണ്, അങ്ങനെയേ പറയൂകാരണം വേദനിപ്പിക്കുന്നവരെ കൂടി സ്നേഹിക്കണമെന്നാണ് അവളെ പഠിപ്പിച്ചിട്ടുള്ളത്….

സ്വന്തം വീട്ടിലും പിറന്നത് മുതൽക്കേ കേട്ടു കൊണ്ടിരിക്കുന്നത് നീ പെണ്ണാണെന്നാണ്വെറും പെണ്ണാണെന്ന്…. ഒച്ച പുറത്തു കെട്ടുപോകരുതെന്നാണ്.

അങ്ങിനെയുള്ളവൾ എങ്ങിനെ പ്രതികരിക്കാനാണ്എങ്ങിനെ ശക്തിയാർജിക്കാനാണ്…. !!

പഠിക്കരുത് ചിലതൊന്നും പാഠമാക്കുകയേ  അരുത്….

അവയ്ക്കു നേരെ കണ്ണടക്കുകയാണ് വേണ്ടത്….

അവയ്‌ക്കെതിരിലോ മിണ്ടിക്കൂടാതിരിക്കിലുമാണ് നല്ലതത്രേ. അതെ ചില പുറന്തോടുകൾ പൊളിഞ്ഞുചാടാതിരിക്കാൻ മൗനമാണ് എപ്പോഴും അഭികാമ്യം.

LEAVE A REPLY

Please enter your comment!
Please enter your name here