ചില്ലുപാത്രത്തിലെ ഒറ്റമീനുകൾ

0
535

കഥ
ധന്യ ഇന്ദു

കുഞ്ഞുലക്ഷ്മീടെ പിറന്നാളിന് സമ്മാനമായി കിട്ടീതാണ് ജനലരുകിൽ വെച്ചിരിക്കുന്ന ചില്ലുപാത്രവും അതിലെ നീല ഫൈറ്ററും. അതിനു മുകളിലായി ഒരു വിൻഡ് ചൈം തൂക്കിയിടണമെന്ന ആഗ്രഹവും അവളുടേതായിരുന്നു. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ഇതും നോക്കിയിരിക്കുന്നത് ഒരാശ്വാസമാണ്. ചിറകുകൾ വിടർത്തി ഇളകിയാടുന്ന ഫൈറ്റർ തൻ്റെ ഒറ്റജീവിതത്തിൻ്റെ ആഹ്ളാദം പ്രകടിപ്പിക്കുകയാണോ ആർത്തലച്ചു കരയുകയാണോ എന്ന് സംശയവും തോന്നും. അവരവരുടെ ലോകങ്ങളിൽ ഏകാകികളായ രണ്ടുപേർ .

ഉമയ്‌ക്കൊപ്പം നഗരത്തിലെ ഫ്ലാറ്റിലെത്തിയിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. വർഷങ്ങളോളം ഡൽഹിയിലെ ഫ്ലാറ്റിൽ ജീവിച്ചിട്ടുണ്ടെങ്കിലും അതുപോലെയല്ലല്ലോ ഇപ്പോൾ. നാളെയെന്തു ചെയ്യണം എന്നു പോലുമാലോചിക്കേണ്ടാത്ത ജീവിതം.

“അമ്മമ്മേ ശരിക്കും നമ്മളാണെങ്കിലോ ഏലിയൻസ്? മനുഷമ്മാരേക്കാൾ ബുദ്ധീള്ളവർ ഉള്ള ഏതേലും പ്ലാനറ്റിൻ്റെ സയൻസ് പ്രൊജക്റ്റ് ആണേലോ നമ്മൾ” ?

“അമ്മമ്മേ ഈ രാജകുമാരീന്താ രാജകുമാരനേം കാത്തിരുന്നേ? വൈ ഡിഡ് ൻ്റ് ഷി ട്രൈ റ്റു എസ്കേപ്പ് ഹെർസെൽഫ് ?”

കുഞ്ഞുലക്ഷ്മീടെ കലപിലയാണ് ഈ നഗരജീവിതത്തിലെ പച്ചപ്പ്. കുഞ്ഞുലക്ഷ്മി സ്കൂളിലും ഉമയും രാജീവും ജോലിക്കും പോയിക്കഴിഞ്ഞാൽ പിന്നെ ഒറ്റയാണ്. കണ്ടു തഴമ്പിച്ച കാഴ്ചകളാണ് ചുറ്റിലും. തൂക്കാനും തുടയ്ക്കാനും ആഴ്ചയിൽ രണ്ടുദിവസം പുഷ്പ വരും. പച്ചക്കറികൾ അരിഞ്ഞു വയ്ക്കാനും തേങ്ങ ചിരവി വെക്കാനുമൊക്കെ സഹായിക്കാന്നു വെച്ചാൽ അവൾ സമ്മതിക്കില്ല. ” അമ്മ ഇവിടെയിരുന്ന് എന്നോട് വർത്താനം പറ. എന്തു രസാന്നറിയോ അമ്മോട് മിണ്ടാൻ. അമ്മ വരണേന് മുന്നെ ഞാനിവിട്ത്തെ പാത്രങ്ങളോടായിരുന്നു മിണ്ടിക്കോണ്ടിര്ന്നത്. ”

“B2വിലെ ഷാഹിനാത്തേം പിള്ളേരും അടുത്താഴ്ച പിന്നേം സിംഗപ്പൂര് പോവാണ്. എന്തിനാന്നറിയോ ? ഷോപ്പിങ്ങിന്. എന്തൊരു യോഗാ ലേ അമ്മേ ? ഞാനിതുവരെ ആയിരം രൂപ തികച്ച് കൊടുത്ത് ഒരു സാരി വാങ്ങി ഉടുത്തിട്ടില്ല. ഈ സാരി കൊള്ളാമോ? അവൾ എളിയിൽ എടുത്ത് കുത്തിയിരുന്ന സാരിത്തുമ്പ് എടുത്ത് തട്ടിക്കുടഞ്ഞ് നിവർത്തി പിടിച്ചു.

“നല്ല സാരിയാണ്. പുഷ്പയ്ക്ക് ചേർന്ന നെറാണ്. വെലേലല്ലാ കാര്യം നിൻ്റെ സന്തോഷത്തിലാണ്” അതു കേട്ടപ്പോ പുഷ്പ വിടർന്നു ചിരിച്ചു.

പമ്പരം പോലെ കറങ്ങിയാണ് പുഷ്പ ജോലികൾ ചെയ്യുക. ചെറിയമ്മയും ഇതേ പോലെയായിരുന്നു. അച്ഛൻ്റെ വധുവായി വന്നു കയറിയ അന്നു മുതൽ മരിക്കണവരെ ചെറിയമ്മ വെറുതെയിരിക്കണത് കണ്ടിട്ടേയില്ല. “നീയൊന്നൊരുങ്ങി കുട്ടീനേം കൊണ്ട് സ്കൂളിൽ പോകുന്നുണ്ടോ ” എന്നച്ഛൻ ദേഷ്യപ്പെടുമ്പോഴാകും മിക്കവാറും ചെറിയമ്മ തോർത്തെടുത്ത് കുളിമുറിയിലേക്ക് ഓടുന്നത്. സ്കൂൾ വിട്ടു വന്നാലും അവർ വീട്ടിലും തൊടിയിലുമായി ഓടി നടന്നു.

ചെറിയമ്മയുടെ ബന്ധത്തിൽപ്പെട്ടയാളായിരുന്നു കൃഷ്ണേട്ടൻ. ആലോചന വന്നപ്പോൾ എതിർക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞയുടനെ തനിക്കും ജോലി ശരിയാക്കി ഡൽഹിയിലേക്ക് പോയി. യാത്ര അയക്കാൻ വന്ന ചെറിയമ്മയും അച്ഛനും കരഞ്ഞു. എന്താവശ്യമുണ്ടേലും നിനക്ക് ചെറിയമ്മയെ വിളിക്കാം എന്നവർ കാതിൽ സ്വകാര്യം പറഞ്ഞു. ആദ്യത്തെ സങ്കടം മാറിയപ്പോൾ ട്രെയിൻയാത്ര രസായി. ഇന്ത്യാ ഗേറ്റിനു മുമ്പിലെ മധുവിധു സന്ധ്യകൾ, സരോജിനി മാർക്കറ്റിലെ മുറി ഹിന്ദിയിലുള്ള വിലപേശലുകൾ. സന്തോഷം മാത്രമുണ്ടായിരുന്ന ദിവസങ്ങൾ. ഉണ്ണിയും ഉമയും ഡൽഹിക്കുട്ടികളാണ്. ഉണ്ണീടെ മരണത്തിനു ശേഷമാണ് താനും കൃഷ്ണേട്ടനും വി ആർ എസ് എടുത്ത് നാട്ടിലേക്ക് മടങ്ങിയത്. ഉണ്ണിയുടെ മരണമുണ്ടാക്കിയ ശൂന്യത വിട്ടുമാറാൻ കുറേ വർഷമെടുത്തു.  ഉമേടെ വിവാഹമായിരുന്നു ഒരു വഴിത്തിരിവ്. അവൾ തന്നെ കണ്ടെത്തിയ ആളായിരുന്നു രാജീവ്. കളിയും ചിരിയും ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ അത് നീണ്ടുനിൽക്കാൻ പക്ഷേ യോഗമുണ്ടായില്ല. പക്ഷാഘാതം. കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു. പിന്നെയെണീറ്റില്ല. മൂന്നാം ദിവസം മരിച്ചു. പത്തു വർഷത്തിനിടെ ആദ്യം മകനും പിന്നെ ഭർത്താവും. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുമ്പോൾ ഉമ അമ്മയെ കൂടെ കൂട്ടി.

ഉച്ചയ്ക്കൂണു കഴിഞ്ഞാൽ ഒരു മയക്കം പതിവുണ്ട്. അപ്പോഴേക്കും കുഞ്ഞുലക്ഷ്മിയെത്തും. പിന്നെ അവൾക്കൊപ്പമാണ് സമയം. അപ്പോഴാണ് ആ ദിവസത്തിനൊരു ഒച്ചയനക്കമുണ്ടാവുന്നത്. ഉമയും രാജീവുമെത്താൻ രാത്രി എട്ടുമണിയെങ്കിലുമാവും. വൈകുന്നേരത്ത് കുഞ്ഞുലക്ഷ്മി താഴെ കുട്ടികളുടെ പാർക്കിൽ കളിക്കാൻ പോകും. കുറച്ചു ദിവസങ്ങളായി അവൾക്കൊപ്പം അവിടെ പോയിരിക്കാറുണ്ട്. കുട്ടികൾ കളിക്കുന്നതും നോക്കിയങ്ങനെയിരിക്കും. D7 ലെ വിശ്വനാഥനും അവിടെയിരിക്കുന്നുണ്ടാവും. തന്നെ പോലെ പേരക്കുട്ടിയേം കൊണ്ട് വരുന്നതാണ്. വരുമ്പോഴൊക്കെയും കൈയിൽ പുസ്തകങ്ങളുണ്ടാകും. ആദ്യമൊക്കെ നോക്കി ചിരി മാത്രമായിരുന്നു. പിന്നെ കുഞ്ഞുവർത്തമാനങ്ങളായി. ഇപ്പോൾ നന്നായി സംസാരിക്കും. കുഞ്ഞുലക്ഷ്മിയോട് തോന്നുന്ന ഒരു സ്വസ്ഥത വിശ്വനാഥനോടും ഇപ്പോൾ തോന്നുന്നുണ്ട്. ചിലപ്പോൾ കുട്ടികൾക്കായി കൊണ്ടുവരുന്ന സ്നാക്സ് പങ്കിട്ടു കഴിക്കും. ചിലപ്പോൾ ഫ്ലാറ്റിനു ചുറ്റിലുമുള്ള വാക്ക് വേയിലൂടെ നടക്കും.

” ഈയിടെയായി ഒരുണർവൊക്കെയുണ്ട്. മരിക്കാനുള്ള കാത്തിരിപ്പായിരുന്നു കുറേക്കാലം ജീവിതം. ഇപ്പോ അങ്ങനെയല്ല. ഈ വൈകുന്നേരങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്നൊക്കെ വിചാരിക്കുന്നു” ഒരു ദിവസം നടക്കുന്നതിനിടെ വിശ്വനാഥൻ സങ്കോചത്തോടെ പറഞ്ഞു.

കേട്ടപ്പോൾ ആദ്യം വല്ലായ്മ തോന്നി. പിന്നീടാലോചിച്ചപ്പോൾ തൻ്റെ കാര്യവും അതു തന്നെയാണല്ലോ എന്ന് മനസ് പറഞ്ഞു. 

പക്ഷെ “താനൊന്നാലോചിക്ക് ” എന്ന് വിശ്വനാഥൻ പറഞ്ഞപ്പോൾ ഭൂമി പൊട്ടിത്തെറിക്കുന്ന പോലെ തോന്നി.

മൂന്നു മാസങ്ങൾ.

പുലർച്ചെകളിൽ എണീക്കുമ്പോൾ അരികത്തുറങ്ങി കിടക്കുന്ന കുഞ്ഞുലക്ഷ്മി പലവട്ടം കേട്ടു
“കുഞ്ഞൂ അമ്മമ്മ എന്താ ചേയ്യേണ്ടത് “? എന്ന ഉൾ നീറൽ
ഫോട്ടോയിലെ കൃഷ്ണേട്ടനും  ചില്ലുകൂട്ടിലെ നീലഫൈറ്ററും നൂറുവട്ടം ഈ പിറുപിറുപ്പ് കേട്ടു. 

“അമ്മയെന്താ ഈ ആലോചിക്കുന്നതെന്ന് ” ഉമയും രാജീവും അദ്ഭുതപ്പെട്ടു.

“അമ്മേടെ മുഖത്തൊരു തെളിച്ച “മുണ്ടെന്ന് പുഷ്പ പറഞ്ഞപ്പോൾ പക്ഷേ ഒരു കുഞ്ഞുനാണം കേറിയിറങ്ങി പോയി.

ഇന്ന് രാവിലെ മുതൽ മഴയാണ്. അവധി ദിവസവുമാണ്. വൈകിയുണരലിൻ്റെ ആലസ്യത്തിലേക്ക് ഉമയ്ക്കും രാജീവിനും ചായ പകർന്നു കൊണ്ട് പറഞ്ഞു.

“അമ്മയ്ക്കൊരു കാര്യം പറയാനുണ്ട്.”

ധന്യ ഇന്ദു,
വയനാട് മീനങ്ങാടി സ്വദേശി, മാധ്യമ പ്രവർത്തക, ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

         

LEAVE A REPLY

Please enter your comment!
Please enter your name here