എഴുത്തുകാരി ദേവകി നിലയങ്ങോട്‌ അന്തരിച്ചു

0
174

തൃശ്ശൂര്‍: നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശ്ശൂര്‍ തിരൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. 1928ല്‍ പൊന്നാനിക്കടുത്തെ പകരാവൂര്‍ മനയിലാണ് ദേവകി ജനിച്ചത്. നിലങ്ങോട് മനയിലെ രവി നമ്പൂതിരിപ്പാട് വിവാഹം കഴിച്ചതോടെയാണ് തൃശ്ശൂരിലെത്തിയത്. പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. പള്ളിക്കൂടങ്ങളില്‍ പോയിരുന്ന ആണ്‍കുട്ടികളില്‍ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങള്‍ കുട്ടി വായിച്ചു തുടങ്ങി. അച്ഛന്‍ കൃഷ്ണന്‍ സോമയാജിപ്പാട്. അമ്മ കാറല്‍മണ്ണ നരിപ്പറ്റ മനക്കല്‍ ദേവകി അന്തര്‍ജനം.

75-ാം വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് ആരംഭിച്ചത്. 70 വര്‍ഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകര്‍ത്തി എഴുതി. അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, വാതില്‍ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികള്‍. ഇവ ഒറ്റപ്പുസ്തകമാക്കി ‘കാലപ്പകര്‍ച്ച’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ‘കാലപ്പകര്‍ച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

മക്കള്‍: സതീശന്‍ (എരുമപ്പെട്ടി) ചന്ദ്രിക (റിട്ട. അധ്യാപിക, തൃശൂര്‍), കൃഷ്ണന്‍ (മുംബൈ), ഗംഗാധരന്‍ (കേരള സര്‍വകലാശാല, തിരുവനന്തപുരം), ഹരിദാസ്. (എയര്‍പോര്‍ട്ട്, തിരുവനന്തപുരം), ഗീത (ബംഗളൂരു). മരുമക്കള്‍: അജിത (സംഗീത അധ്യാപിക, ഗവ. ഹൈസ്‌കൂള്‍, അവണൂര്‍), പരേതനായ രവീന്ദ്രന്‍ (ചിന്ത രവി-ചലച്ചിത്ര സംവിധായകന്‍), മായ (അധ്യാപിക, മുംബൈ), ഗീത (എല്‍ഐസി, തിരുവനന്തപുരം), ഹേമലത (പാസ്പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം), വാസുദേവന്‍ (എന്‍ജിനിയര്‍, ബംഗളൂരു).


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here