ഷൗക്കത്ത്
പാശ്ചാത്യരെ നോക്കി പരിഹസിച്ചു കൊണ്ടും പൗരസ്ത്യതയിൽ അഭിമാനിച്ചുകൊണ്ടും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അവരെ നോക്കൂ. എല്ലാവരും ഡിപ്രഷൻ അനുഭവിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നു. മനശ്ശാസ്ത്രജ്ഞരെ കാണാത്ത, മാനസിക പിരിമുറുക്കത്തിന് മരുന്നു കഴിക്കാത്ത ആരുണ്ടവിടെ? നാം നമ്മുടെ സംസ്ക്കാരത്തെ വിട്ട് അവരെ പിന്തുടർന്നാൽ അതു തന്നെയാകും നമ്മുടെയും സ്ഥിതി.
എന്താണ് സത്യം? ഞാൻ ആലോചിച്ചിട്ടുണ്ട്. ഫേൺഹിൽ ഗുരുകുലത്തിൽ താമസിക്കുമ്പോഴാണ് പാശ്ചാത്യരുമായി സഹവസിക്കാൻ കഴിഞ്ഞത്. നമുക്ക് യാതൊരു അസ്വസ്ഥതയുമില്ലാത്ത കാര്യങ്ങളിൽ അവർ അസ്വസ്ഥരാകുന്നതു കണ്ട് ഞാൻ അസ്വസ്ഥനാവുകയും ഒരുതരം നീരസം അവരോട് തോന്നുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ ഞാനും അവരെപ്പോലെ പലതിനും അസ്വസ്ഥനാവാൻ തുടങ്ങി.
എന്തിനൊക്കെയാണ് അവർ അസ്വസ്ഥരായിരുന്നത്?
വഴിവക്കിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ കണ്ടാൽ, വൃത്തിയും വെട്ടിപ്പുമില്ലാത്ത ഇടങ്ങൾ കണ്ടാൽ, ഉറക്കെ ശബ്ദമുയർത്തി സംസാരിക്കുന്നതു കേട്ടാൽ, അനുവാദമില്ലാതെ സ്വകാര്യതകളിൽ ഇടപെടുന്നത് അനുഭവിച്ചാൽ, ആൺ പെൺ വിത്യാസത്തോടെ ആരെങ്കിലും ആരോടെങ്കിലും പെരുമാറുന്നതു കണ്ടാൽ, കുഞ്ഞുങ്ങളെ വ്യക്തികളായി കാണാതെ മാനിക്കാതിരിക്കുന്നത് കണ്ടാൽ, എരിവും പുളിയും മസാലയുമൊക്കെ വാരിക്കോരിയിട്ട് ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും കണ്ടാൽ, ഇങ്ങനെ നമുക്ക് യാതൊരു പ്രശ്നവുമില്ലാത്ത കാര്യങ്ങളിലാണ് അവർ അത്യധികം അസ്വസ്ഥരാകുന്നത്.
ജീവിതത്തിൽ തെളിച്ചമുണ്ടായി വരുമ്പോഴാണ് ഇരുട്ടിനെ നാം അറിയുകയും അനുഭവിക്കുകയും അതിൽ അത്യധികം അസ്വസ്ഥരാവുകയും ചെയ്യുക. ഇരുട്ടിൽ കഴിയുന്നവർക്ക് ഇരുട്ട് ഒരു ജീവിതാവസ്ഥയായി മാത്രമെ തോന്നുകയുള്ളൂ. എന്നാൽ വെളിച്ചം കണ്ടുതുടങ്ങുമ്പോൾ അതുവരെ സ്വാഭാവികമായി തോന്നിയിരുന്നത് മരണമെന്നപോലെ മാരകമായി നാം അനുഭവിക്കാൻ തുടങ്ങും.
നമ്മുടെ ശരീരത്തിന്റെ കാര്യമെടുക്കുക. കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് തമസ്സ് ബാധിച്ച് ആലസ്യത്തിൽ കഴിയുന്ന നമ്മിൽ പലർക്കും എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അതിൽ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നോ തോന്നുന്നില്ല. എന്നാൽ നല്ല ആരോഗ്യത്തോടെയും ഉണർവ്വോടെയുമിരിക്കുന്ന ശരീരത്തിന് ചെറിയ ആലസ്യംപോലും അസ്വസ്ഥതയായിരിക്കും.
മനസ്സിന്റെ കാര്യവും അങ്ങനെ തന്നെ. സദാ അതൃപ്തിയിലും ആർത്തിയിലും കഴിയുന്ന മനസ്സ് എപ്പോഴും കാർമേഘം വന്നു മൂടിയ ആകാശം പോലെയാണ്. തിന്നാനും കുടിക്കാനും പുണരാനും ഉറങ്ങാനും മാത്രമാണ് ജീവിതമെന്നും അത് എങ്ങനെയെങ്കിലും ജീവിച്ചു തീർത്താൽ മതിയെന്നുമാകും അത്തരം മനസ്സിന്റെ തീരുമാനം.
എന്നാൽ പ്രസന്നമായിരിക്കുന്ന മനസ്സിന് ചെറിയ മേഘക്കീറുപോലും ഒഴിവാക്കേണ്ടതായ അസ്വസ്ഥയാകും. ജീവിക്കുന്ന നിമിഷങ്ങളെ സർഗ്ഗാത്മകമാക്കാൻ അവർ പ്രയത്നിക്കും. ചെറിയ ഇരുൾപോലും ഒഴിവാക്കാൻ അവർ പലവഴിയിൽ ശ്രമിച്ചു കൊണ്ടിരിക്കും.
പറഞ്ഞു വരുന്നത് ഇത്രമാത്രം. സദാ ഡിപ്രഷനിൽ കഴിയുന്നവർ അതറിയുന്നില്ല. അത് ഒരു സ്വാഭാവിക ജീവിതാവസ്ഥയായി അനുഭവിച്ച് ആ പൊട്ടക്കിണറ്റിൽ തന്നെ അവർ കഴിഞ്ഞുകൂടും. പ്രസന്നതയിലേക്ക് ഉണരുന്നവർ മാത്രമാണ് തന്നെ ബാധിച്ചിരിക്കുന്ന ഡിപ്രഷനെപ്രതി ബോധവാന്മാരാകുന്നത്. അവർ അത് മൂർച്ചിക്കുമ്പോൾ പരിഹാരം തേടും. ചികിത്സ തേടും. നാമോ രോഗത്തിലിരുന്ന ആരോഗ്യം തേടുന്നവരെ രോഗിയെന്ന് പരിഹസിക്കും.
സത്യമായി പറയട്ടെ….താങ്കളെ നിശാഗന്ധിയില് വച്ചു ഞാൻ കാണുമ്പോൾ…താങ്കൾ ആരെന്നോ എന്തെന്നോ അറിയില്ലായിരുന്നു.. സജീകൃഷ്ണൻ മാഷ് പറയുന്നതു വരെ. ഭഗവാനെ ഗുരുവരാ ..താങ്കളെ എനിക്കീ മുഖപുസ്തകത്തിലൂടെ കാട്ടിത്തരണേയെന്ന് പ്രാർത്ഥിച്ചു…serch optionഉപയോഗിക്കാതെ! …സ്വാഭാവികമായി മംഗള ടീച്ചറിലുടെ ഞാനിന്ന് താങ്കളുടെയടുത്തെത്തി… നന്ദി..ഞാനൊരു കൃഷിക്കാരനാണ് ആതാവാം എനിക്കിതില് വലിയ സന്തോഷം തോന്നുന്നത്. നന്ദി ഒരുപാട്