ഗായകൻ സൈനോജിന്റെ ഓർമ്മദിനം

1
775
synoj-dr ks krishnakumar
synoj-dr ks krishnakumar

ഡോ.കെ.എസ്.കൃഷ്ണകുമാർ

ബോബിയച്ചനെ ഫോണിൽ വിളിക്കുന്പോൾ അതിമനോഹരമായ ഒരു ഗാനം കേൾക്കും. “താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ “എന്ന ഗാനം. അവാച്യമായ ഒരു ധ്യാനസുഖമാണു അത്‌ നൽകാറുള്ളത്‌. എത്ര ആവർത്തി കേട്ടാലും മതിവരാത്ത പാട്ട്‌. വയലാറിന്റെ വരികളുമായി അതിസാന്ദ്രമായി ഭാവരസങ്ങൾ ലയിച്ച്‌ അനുഗൃഹീതമായ ആലാപനം. നിത്യവും പ്രഭാതത്തിൽ അഞ്ചാറുതവണ ഈ താമരപ്പൂക്കൾഗാനം കേൾക്കുകയെന്നത്‌ ഒരു ശീലമായി മാറി. കണ്ണടച്ചിരുന്ന് ഹെഡ്‌ ഫോൺ ഉപയോഗിച്ച്‌ വല്ലാത്ത ധ്യാനാഴങ്ങളിലേക്കും മനസ്സ്‌ പലതരം കാഴ്ചകളെ സങ്കൽപിക്കുന്ന സെൻ മെഡിറ്റേഷൻ രീതിയിലേക്ക്‌ ആ ഗാനം നമ്മളെ അനുനയിക്കും.

പിന്നെ അന്വേഷണമായി ആരുടേതാണൂ ഇത്രയും ചാരുതയാർന്ന ശബ്ദമെന്ന്. കൈരളി ചാനലിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയും “എനിക്ക്‌ പാടാൻ പാട്ടിലുണ്ടൊരു പെണ്ണു” ചലച്ചിത്ര ഗാനവും വിദേശരാജ്യങ്ങളിലെതടക്കം. എണ്ണമറ്റ സ്റ്റേജ്‌ ഷോകളിലെ ഇഷ്ടഗാനാലാപനങ്ങളും വഴി പ്രസിദ്ധമായിരുന്നു സൈനോജിന്റെ ആ ശബ്ദം. സംഗീതമേഖലയുമായി അത്ര വലിയ ബന്ധങ്ങളൊന്നുമില്ലാത്ത ഞാൻ അത്‌ അറിയാതെ പോയല്ലോ എന്നൊരു ഖേദം മായാതെ നിൽക്കുന്നു. മലയാള ചലച്ചിത്രഗാനരംഗത്തെ പുതുതാരവും പ്രതീക്ഷകളുമായി തിളങ്ങി നിൽക്കവേയാണു 2009 ൽ ഈ ദിവസം, നവംബർ 22നു, മുപ്പത്തിരണ്ടാം വയസ്സിൽ സൈനോജ്‌ ഈ ലോകത്തിനോട്‌ അകാലത്തിൽ വിടപറയുന്നത്‌. പലരെയും നമ്മൾ ഇങ്ങനെ അറിയാതെ പോകുന്നു എന്നൊരു തോന്നൽ.

ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, ജീവിച്ചിരുന്ന കാലത്ത്‌ ഒട്ടും അറിയാതെ പോയ, തികച്ചും അന്യനും അജ്ഞാതനുമായ എനിക്ക്‌ സൈനോജിനോട്‌ എന്തോ ഒരു സാഹോദര്യഭാവം ആഴത്തിലും കനത്തിലും ഉള്ളിൽ നിറഞ്ഞു. സൈനോജിനെക്കുറിച്ചുള്ള അന്വേഷണങ്ങളായി പിന്നെ ഒരു ഹരം. ഒരു നാൾ പിറവത്ത്‌ സൈനോജിന്റെ വീട്ടിൽ പോയി. ദുഖാർത്തരായ ആ മാതാപിതാക്കളോടൊപ്പം, ജ്യേഷ്ഠസഹോദരനോടൊപ്പം ഒരു പകൽ ചെലവഴിച്ചു. വർഷങ്ങൾ എത്ര കഴിഞ്ഞാലും തോരാത്ത കണ്ണീർമഴകളിലാണു സൈനോജിന്റെ വീടകങ്ങൾ. പകരം വയ്‌ക്കാനാകാത്ത നഷ്ടം. സൈനോജ്‌ ജീവിച്ചിരുന്നെങ്കിൽ ഇന്ന് മലയാളചലച്ചിത്രഗാനരംഗത്ത്‌ മുഖ്യധാരയിൽ നിറസാന്നിധ്യമാകുമായിരുന്നു. സിദ്ധികളും സാധനകളും പൂരിപ്പിച്ചു ഗാനാലാപനരംഗത്ത്‌ വിസ്മയവും വാഗ്‌ദാനവുമായി സൈനോജ്‌ ഉരുതിരിയുന്ന നേരത്തായിരുന്നു വിധി ക്രൂരമായത്‌. ചിറ്റൂർ കോളെജിൽ നിന്നു സംഗീതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും ഉന്നതമായ പ്രകടനങ്ങളോടെ കരസ്ഥമാക്കിയ സൈനോജ്‌ സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ ധാരാളം മത്സരവേദികളിൽ സമ്മാനജേതാവായിട്ടുണ്ട്‌. കർണ്ണാടിക്‌, ഹിന്ദുസ്ഥാനി, ഫോക്ക്‌, ഗസൽ, ലളിതസംഗീതം തുടങ്ങി സംഗീതത്തിന്റെ പല വിതാനങ്ങളിൽ സൈനോജ്‌ ഒരു പോലെ ശ്രദ്ധിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. ആൾ ഇന്ത്യാ റേഡിയോയുടെ ദേശീയതലമത്സരങ്ങളിൽ സൈനോജ്‌ പ്രത്യേക പ്രശംസകൾ നേടി. കേന്ദ്ര സർക്കാറിന്റെ കർണ്ണാടക സംഗീത സ്കോളർഷിപ്പ്‌, കോഴിക്കോട്‌ സർവകലാശാല യുവജനോത്സവങ്ങളിൽ. കലാപ്രതിഭ, 2002ൽ കൈരളി ചാനലിലെ ഗന്ധർവസംഗീതപുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ സൈനോജിനു ലഭിച്ചു. പിതാവ്‌ തങ്കപ്പൻ, മാതാവ്‌ രാഗിണി, സഹോദരൻ സൈജു, സഹോദരി സൂര്യ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും സൈനോജെന്ന ഗായകന്റെ വളർച്ചകളിൽ വലിയ പങ്കുവഹിച്ചു. ഒന്നിനും ആശ്വാസം പകരാനാകാത്ത ശൂന്യതയിലാണവരെല്ലാം. കളമശ്ശേരി രാജഗിരി സ്കൂളിൽ സംഗീത അദ്ധ്യാപകനായി സൈനോജ്‌ ഇടക്കാലത്ത്‌ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. സംഗീതസംവിധായകനായ എം ജയചന്ദ്രനുമായുള്ള ബന്ധമാണു സൈനോജിനിലെ സംഗീതജ്ഞനെ ലോകത്തിനു കൂടുതൽ അറിയാൻ സഹായിച്ചത്‌. സംഗീതസംവിധായകൻ ജയചന്ദ്രന്റെ കൂടെ അസോസിയേറ്റായി സൈനോജ്‌ പ്രവർത്തിച്ചു. പ്രസിദ്ധമായ പല ചലച്ചിത്രഗാനങ്ങളുടെയും ‌ ട്രാക്ക്‌ പാടിയിട്ടുള്ളത്‌ സൈനോജാണു. അതിനിടയിലാണു എനിക്ക്‌ പാടാൻ പാട്ടിലുണ്ടൊരു പെണ്ണെന്ന ഗാനം ആലപിക്കുകയും ജനകീയമാകുകയും ചെയ്തത്‌. ഉച്ചസ്ഥായിലേക്ക്‌ പടർന്നുകൊണ്ടിരുന്ന മനോഹരമായ ഒരു ഗാനാലാപനം പൊടുന്നനെ നിലച്ചതുപോലെയാണു സൈനോജെന്ന അനുഗൃഹീത ഗായകന്റെ നിര്യാണം. മറക്കാനാകാത്ത ആ സ്നേഹമന്ദ്രണങ്ങളിലാണിപ്പോഴും സൈനോജിന്റെ കൂട്ടുകാരും ഗുരുക്കന്മാരും ശിഷ്യഗണങ്ങളും. അവർ സൈനോജിന്റെ സ്മരണാർത്ഥം ജന്മദേശമായ പിറവത്ത്‌ എല്ലാ വർഷവും സംഗീതമത്സരവും പുരസ്കാരദാനവും സംഘടിപ്പിക്കുന്നുണ്ട്‌. ഈ ഓർമ്മദിനത്തിൽ സൈനോജിന്റെ ആത്മാവിനു ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ കണ്ണുകളടച്ച്‌‌ താമരപ്പൂക്കളും ഞാനും എന്ന ഗാനം കേൾക്കുക. പ്രണാമം!!!

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

1 COMMENT

  1. എന്റെ പ്രിയപ്പെട്ട അനുജൻ സൈനോജ്! ഗന്ധർവ സംഗീതത്തിന്റെ വേദിയിൽ രണ്ടു വർഷം ഞങ്ങളൊപ്പമായിരുന്നു. മത്സരിക്കാൻ സൈനോജും അണിയറ പ്രവർത്തനങ്ങളിൽ ഞാനും. ആദ്യം ‘സാറേ ‘ എന്നായിരുന്നു വിളി. പിന്നീടത് ‘ചേട്ടാ ‘ എന്നതിലേക്ക് മാറ്റി. പലപ്പോഴും വീട്ടിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നു. സനേഹത്തിന്റെ നൂറു നൂറു പുഞ്ചിരി പൂക്കളുമായി ഒരു നാൾ മുന്നറിയിപ്പില്ലാതെ ഒരു പാട് വേദനകൾ തന്ന് പുഞ്ചിരിയോടെ തന്നെ അകന്നുപോയി. തിരിച്ചു വരാതെ.,,,

LEAVE A REPLY

Please enter your comment!
Please enter your name here