കവിത
ദീപ്തി സൈരന്ധ്രി
അവൾ ഒരു തുരുത്താണ്
ഒറ്റ തുരുത്ത്
പച്ച പോളകൾ ഒഴുകി
അടിയാത്ത മൺ തുരുത്ത്.
ഒരു പുഴയ്ക്കും മീതെ
നടക്കാത്ത പെണ്ണാണ്…
തുരുമ്പാണി കടത്തിലൂടെ
കുറുകെ കടന്നവരൊക്കെയും
അവൾക്കൊപ്പം
പുഴയടുക്കിൽ നിന്ന്,
മണ്ണ് കോരി നിറച്ചു,
ഇല നിവർത്തിൽ
ചുരണ്ടിയ ചരൽ പീരകളാൽ
എക്കൽ പാനിയുണ്ടാക്കി
കുറുക്കി,
ഇടയ്ക്ക് തൂവി
അവൾക്കൊപ്പം
കുമ്പിൾ പൊതികളിൽ
ഈർക്കിൽ തുന്നലുകൾ
കോർക്കുകയായിരുന്നു
ഇന്ന് അവൾ
പഴുപ്പുകളെ
കോരി ദൂരെ എറിയുകയാണ്.
തണുപ്പിന്റെ അരിച്ചിറങ്ങലിൽ
വിറങ്ങലിക്കാതെ
എന്തൊക്കയോ നെയ്യുകയാണ്.
മുങ്ങി നിവരലുകളിൽ,
പായൽ പറ്റുകളെ വകഞ്ഞു മാറ്റുകയാണ്.
ചുഴിയിൽ മുങ്ങി മരിച്ച അവൾ
പിടഞ്ഞെണീക്കുകയാണ്.
അത്രമേൽ അസ്വസ്ഥമായതൊക്കെയും
പിടിച്ചു കൂട്ടിൽ അടക്കുകയാണ്.
പുതുമുളകൾ ഉയിർപ്പിന്റെ
തളിരിലകളായി മാറുകയാണ്.
പച്ചില കുടയിൽ നിന്ന്
ഊർന്നിറങ്ങിയ പെൺകുട്ടിയെ പോലെ
ആവേശത്തോടെ
ചാറ്റൽ ചിത്രങ്ങൾ കോരി എടുക്കുകയാണ് …
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.