മാർഗഴി

0
1142
jilna-jannath

കവിത

ജിൽന ജന്നത്ത്. കെ.വി

അവസാനത്തെ മഴക്കാറും നീക്കി
വെയിൽ ജനാലവഴി പെയ്തിറങ്ങിയ
ഒരു ദിവസത്തെ അടയാളപ്പെടുത്തൽ
ഇത്ര ശ്രമകരമായിരുന്നിരിക്കില്ല,
അന്ന് നീ വന്നില്ലായിരുന്നുവെങ്കിൽ!

കൃത്യമായി പറഞ്ഞാൽ,
നിന്നെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ.
പിന്നെയും കൂർപ്പിച്ച് പറഞ്ഞാൽ,
നമ്മൾ പരസ്പരം മൗനമായി മിണ്ടിയിരുന്നില്ലായെങ്കിൽ.

കണ്ട മാത്രയിൽ ആകാശത്തിലൂടെ
ചിറകടിച്ച് പറന്നു പോയ പറവക്കൂട്ടത്തിന്റെ
താളം ഇന്നെനിക്ക് നെഞ്ചിടിപ്പിൽ പുതപ്പിക്കാവുന്ന കസവുനേര്യതാവുന്നു.
ഇടവഴിയോരത്ത് അന്ന് വിൽക്കുവാൻ വെച്ച
പലവർണ കുപ്പിവളകളുടെ കാഴ്ച
ഇപ്പോൾ ഉള്ളു നിറഞ്ഞ് ചിരിക്കുന്ന
നക്ഷത്രവനമായിരിക്കുന്നു.
അന്ന് ചൂടിയ കനകാംബരമാല
ഇവിടെയെന്റെ മിടിപ്പുകൾക്ക് കണ്ണെഴുതി ഇരിക്കുന്നു.

തണുപ്പിന്റെ വിരലുകൾ ഉടൽമരമാകെ
ഇക്കിളിയാക്കിയ ആ വൈകുന്നേരത്തിന്റെ
ചുവപ്പിൽ,
അഗ്രഹാരത്തിന്റെ നീണ്ടു പോയ വരാന്തയുടെ
അറ്റത്തിരിക്കുന്ന ഒരേകാന്തതയ്ക്ക് തന്റെ മറുചിറക് കളഞ്ഞു കിട്ടിയ നാഴികയിൽ,
ജപങ്ങളും സംഗീതവും അതിന്റെ അർത്ഥത്തെ
കണ്ടെത്തി സുകൃതങ്ങളെപ്പറ്റി പാടിയ രാവിൽ,
ഞാൻ നിന്നെ വസന്തങ്ങളുടെ താളിൽ ഹൃദയമഷിയിൽ മുക്കി
അടയാളപ്പെടുത്തി സൂക്ഷിച്ചു.

ആ സൂക്ഷിപ്പിന്റെ കുളിരിൽ നിന്ന്
ഞാൻ സ്വയമേവ നിന്റെ കടലിന്റെ അലകൾക്കൊത്ത് ഉയർന്നുപൊങ്ങിത്താഴുന്നു,
നിന്റെ ആലിംഗനത്തിന്റെ കരയിൽ
പട്ടുടുത്ത് വീണ്ടും വീണ്ടും ചുവന്നു പൂക്കുന്നു,
വെയിലു വറ്റാത്ത ഭൂമിയിൽ കടും നിറത്തിൽ
പുതച്ച ഒറ്റമൈലാഞ്ചിക്കാടാവുന്നു,
നിന്റെയോർമയിൽ നനഞ്ഞൊഴുകി നീ മാത്രമാണ് നിറവെന്നറിഞ്ഞ് വീണ്ടും നിന്നെ നിനച്ചിരിക്കുന്ന
നനവുള്ള നീലാമ്പൽ തണ്ടാവുന്നു!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here