കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുതൽ സൈക്കിൾ കാലം !.
മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്ന് വരുന്ന ‘ ഹെൽത്തി കാമ്പസ് ‘ കാമ്പയിന്റെ ഭാഗമായി സൈക്കിൾ ക്ലബിന്റെ ഉൽഘാടന കർമ്മം ചൈൽഡ് റൈറ്റ്സ് ആക്റ്റിവിസ്റ്റ് അൽ അമീൻ നിർവ്വഹിച്ചു.
മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി കോളേജ് കാമ്പസിനെ വായു മലിനീകരണ വിമുക്തമാക്കുകയും സൈക്കിൾ ഉപയോഗത്തിന്റെ ശാരീരിക, സാമൂഹിക, ആരോഗ്യ ഗുണങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ് ‘ സൈക്കിൾ മുക്ക് ‘ എന്ന് പേരിട്ടിരിക്കുന്ന സൈക്കിൾ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
കോളേജിലെ ഇരുപതാം ബാച്ച് അലുമ്നി, ആസ്റ്റർ മിംസ്, ഡാംസ് പി.ജി കോച്ചിംഗ് സെന്റർ, ഡോക്റ്റർ ആഖിൽ തുടങ്ങിയവയുടെ സഹകരണത്തോടെ മുപ്പത്തിയഞ്ചോളം സൈക്കിളുകളാണ് ആദ്യ ഘട്ടത്തിൽ ‘സൈക്കിൾ മുക്കിൽ’ ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെ കൂടുതൽ സൈക്കിളുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന് വരികയാണ്.
മാസങ്ങൾക്ക് മുമ്പ് കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ സഞ്ചരിച്ച കോളെജിലെ രണ്ട് മെഡിസിൻ വിദ്യാർത്ഥികളെ യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ച സമയത്താണ് കോളേജിൽ സൈക്കിൾ സംസ്കാരം തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങൾ യൂണിയൻ ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ പതിനഞ്ച് സൈക്കിളുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് കൂടുതൽ വിദ്യാർത്ഥികൾ പിന്തുണയുമായി എത്തിയതോടെയാണ് സ്പോൺസർമാരുടെ സഹകരണത്തോടെ സൈക്കിൾ മുക്ക് വിപുലപ്പെടുത്തിയത്.
ഫാമിലി മെഡിസിൻ വകുപ്പ് തലവനായ ഡോ: പി.കെ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹെൽത്തി കാമ്പസ് കാമ്പയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. മാർഗ്ഗോപദേശവുമായി പ്രിൻസിപ്പൾ ഡോ: വി.ആർ രാജേന്ദ്രൻ, വൈസ് പ്രിൻസിപ്പൾ ഡോ: പ്രതാപ് സോമനാഥ്, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് തലവൻ ബിനോയ് എന്നിവരുമുണ്ട്.