ഉരുക്ക് കവചമുള്ള ഘടോൽക്കച വണ്ട്

0
770
athmaonline-the-arteria-compound-eye-vijayakumar-blathur

കോംപൗണ്ട് ഐ

വിജയകുമാർ ബ്ലാത്തൂർ

ഒരു വണ്ടിനെ നിലത്ത് കണ്ടാൽ ഷൂസിട്ട കാലാണെങ്കിൽ ഒന്നു ചവിട്ടിയരയ്ക്കാൻ പലർക്കും പലപ്പോഴും തോന്നീട്ടുണ്ടാകും. കഷ്ടപ്പെട്ടു നട്ടു നനച്ച് വളർത്തി വലുതാക്കിയ തെങ്ങിന്റെ കൂമ്പ് വാട്ടുന്നവരാണെന്നറിഞ്ഞാൽ പ്രത്യേകിച്ചും. കൊമ്പഞ്ചെല്ലിയേയും, ചെമ്പൻ ചെല്ലിയേയും പോലെയുള്ളവരെ കാലിനടുത്ത് കിട്ടിയാൽ കഥ കഴിക്കാത്തവർ കുറവാണ്. വടക്കേ അമേരിക്കയിൽ വരണ്ട പടിഞ്ഞാറൻ മരുപ്രദേശത്ത് നിന്ന് ലഭിച്ച ഒരു വണ്ടിന്റെ സ്പെസിമൻ ചില ഗവേഷകർ സാധാരണ പോലെ മുള്ളാണി കൊണ്ട് സ്റ്റാൻഡിൽ തറച്ച് കയറ്റാൻ നോക്കിയപ്പോൾ, എല്ലാ സ്റ്റീൽ ആണികളും വളഞ്ഞ് പോകുന്നത് കണ്ട് അമ്പരന്നു. അതിനുള്ളിലേക്ക് പിൻ കയറ്റാൻ മൂർച്ചയുള്ള ഡ്രില്ലർ കൊണ്ട് തുരക്കേണ്ടി വന്നു. വണ്ടിന്റെ പുറം കവചം അത്രയും ഉറപ്പുള്ളതായിരുന്നു.
ദേഹത്ത് കൂടി ഒരു കാറ് കയറിയിറങ്ങിയാലും ഒന്നും സംഭവിക്കാതെ കൂളായി എഴുന്നേറ്റ് നടക്കുന്ന ഇത്തിരി കുഞ്ഞൻ വണ്ടിന്റെ അത്ഭുത ശേഷിയുടെ രഹസ്യങ്ങൾ നാച്വർ മാഗസിനിലെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിണാമപരമായി പലയിനം വണ്ടുകൾക്കും അവയുടെ മുൻചിറകുകൾ ഉറപ്പുള്ള കവചമൂടി പോലെ പരിണമിച്ചിട്ടുണ്ടാകും. എലിട്ര എന്നാണ് അതിനു പേരു പറയുക. അതു തുറന്ന് പിടിച്ച് ഉള്ളിലുള്ള രണ്ടാം ചിറക് കൊണ്ടാണ് പറക്കുക. പിൻചിറകിനെ സംരക്ഷിക്കുന്ന ഒരു സംവിധാനമായാണ് എലിട്ര പരവർത്തിക്കുക. ഈ മൂടി ഉടുപ്പാണ് വണ്ടുകളുടെ ഉറപ്പുള്ള തിളങ്ങുന്ന പുറമായി നമ്മൾ കാണുന്നത്.

Zopheridae കുടുംബത്തിൽ പെട്ട Phloeodes diabolicus എന്ന ശാസ്ത്ര നാമമുള്ള ഒരു വണ്ട് ആണ് ഏറ്റവും കഠിന പുറം പാളികളുള്ള വണ്ടായി ഇപ്പോൾ കണക്കാക്കപ്പെടുന്നത്. കഠിന രൂപമുള്ളതിനാൽ diabolical ironclad beetle എന്ന കിടിലോൽക്കിടിലൻ പേരിൽ ആണ് ഇത് അറിയപ്പെടുന്നത്.

ധ്യതരാഷ്ട്ര ആലിംഗനം കൊണ്ടൊന്നും ഈ ഘടോൽക്കചവണ്ടിനെ ഞെക്കി ഉടച്ച് പൊടിയാക്കാൻ പറ്റില്ല. ഏകദേശം പതിനഞ്ച് കിലോഗ്രാം ഭാരത്തിന് സമാനമായ 149 ന്യൂട്ടൻ ബലം വരെ അത് അതിജീവിക്കും. സ്വന്തം ഭാരത്തിന്റെ 39000 മടങ്ങ് ഭാരം താങ്ങും. മനുഷ്യന്റെ കണക്കിൽ നാൽപ്പത് യുദ്ധ ടാങ്ക് ഭാരം ദേഹത്ത് കൂടി കയറിയാലുള്ള അവസ്ഥ. പറക്കാനൊന്നും പറ്റാത്ത ഈ ഉരുക്ക് പടച്ചട്ടയുള്ള ചെകുത്താൻ വണ്ടിന് രണ്ട് വർഷത്തിലധികം ശരാശരി ആയുസ്സുണ്ട്. മറ്റ് സാധാരണ വണ്ടുകൾ ഒന്നോ രണ്ടോ മാസം മാത്രം ജീവിക്കുമ്പോൾ ഇവർ നീണ്ട കാലം പരിക്കുകൾ ഒന്നും ഇല്ലാതെ പക്ഷികളും ഉരഗങ്ങളും തിന്നാതെ ബാക്കിയായി ജീവിക്കുന്നത് ഈ ഉരുക്ക് ശരീരത്തിന്റെ കഴിവു കൊണ്ടാണ്. രണ്ട് സെന്റീമീറ്ററിന് അടുത്ത് മാത്രം വലിപ്പമുള്ളതാണ് ഈ കുഞ്ഞൻ വണ്ട്. മരത്തടികളുടെ അടിഭാഗത്ത് വളരുന്ന പൂപ്പലുകളും മറ്റും തിന്നാണ് ജീവിക്കുന്നത്. പറക്കാൻ കഴിവില്ലാത്തതിനാൽ ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ പരിണാമപരമായി ആർജ്ജിച്ച അനുകൂലനം ആണ് ഈ പാറയുറപ്പുള്ള മേലുടുപ്പ്. പക്ഷികളുടെ കൊക്കിന് എത്ര മൂർച്ചയുണ്ടായാലും മുനയൊടിയുന്നതല്ലാതെ ഇതിന് ഒരു പോറലും ഏൽക്കില്ല. ഇരപിടിയന്മാർക്ക് മുമ്പിൽ ചത്തതുപോലെ കിടന്ന് പറ്റിക്കാനും ഇതിനറിയാം. വേണേൽ കൊത്തി തിന്ന്‌ പോ പഹയാ എന്ന മട്ടിൽ ഒരു പരിഹാസക്കിടപ്പ്. പാറകളുടെയും മരത്തടിയുടെയും വിള്ളലുകളിൽ ശരീരം പരമാവധി അമർത്തി പരത്തി കയറി രക്ഷപ്പെടാനും എക്സോ സ്കെൽട്ടന്റെ പ്രത്യേകതകൊണ്ട് ഇതിന് കഴിയും.

ആധുനിക മൈക്രോസ്കോപ്പി പഠനങ്ങളും, മെക്കാനിക്കൽ പരിശോധനകളും കമ്പ്യൂട്ടർ സിമുലേഷനും വഴി ഈ പുറം കവചത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായിട്ടുണ്ട്.


ഇവയുടെ പുറം കവചം ഉണ്ടാക്കിയിരിക്കുന്നത് അതി സങ്കീർണ്ണമായ രൂപ ഘടനയിൽ ആണ്. വളറെ ചെറിയ ഉറപ്പുള്ള കുഞ്ഞ് ശൽക്ക പാളികൾ പരസ്പരം കുരുക്കി ജിഗ്സോ പസിലിലേത് പോലെ കൂട്ടിച്ചേർത്തിട്ടാണ് ഉണ്ടാക്കീട്ടുള്ളത്.. മൈക്രോസ്കോപിക് രൂപത്തിലുള്ള സൂക്ഷ്മ ഫൈബർ പാളികൾ മുതൽ കണ്ണുകൊണ്ട് കാണാൻ കഴിയുന്ന വലിപ്പത്തിലുള്ള പാളികൾ വരെ വ്യത്യസ്ഥ രൂപത്തിലും വലിപ്പത്തിലും ഉള്ള നൂറുകണക്കിന് ചെറു കഷണങ്ങൾ ചേർന്നതാണ് ജിഗ്സോ പീസുകൾ. . ഇത്തരം പാളികൾ ചേർന്നുള്ള മൂന്ന് വ്യത്യസ്ത പാളികൾ പ്രോൻട്ടീൻ ബന്ധിതമായ α-chitin പോളി സാക്കറൈഡ് ഫൈബറുകളാൽ പരസ്പരം പിണഞ്ഞ helicoid രൂപത്തിൽ ആണ് ഉണ്ടാവുക.

ഈ പ്രത്യേക ഘടനയാണ് ഇവയ്ക്ക് അത്ഭുതകരമായ കാഠിന്യവും ബലവും നൽകുന്നതും മുകളിൽ നിന്നുള്ള ആഘാത ബലത്തെ ആഗിരണം ചെയ്ത് വിന്യസിപ്പിക്കാനും സഹായിക്കുന്നത്. കൂടാതെ മുൻചിറകുകളുടെ രൂപമാറ്റം വഴി ഉണ്ടായ എലിട്ര, ചിറക് അടിയിൽ ഇല്ലാത്തതിനാൽ അവ പരസ്പരം കൂടി ഒന്നായ് ചേർന്ന് ആണ് ഉണ്ടാവുക. അവ ചേരുന്ന അരികുകൾ നമ്മുടെ തലയോട്ടിലെ സൂച്ചറുകൾ പോലെ, മുൻ ഭാഗത്തും പിറകു ഭാഗത്തും പ്രത്യേക രീതിയിൽ ആണ് യോജിപ്പിച്ചിട്ടുണ്ടാകുക. – അതിനാൽ എത്ര അമർന്നാലും ആന്തരിക അവയവങ്ങൾക്ക് കേട് സംഭവിക്കുന്നില്ല എന്നത് കൂടാതെ പുറം പാളിക്ക് രൂപ മാറ്റവും വരുകയില്ല..

സാധാരണ വണ്ടുകൾ ഒക്കെയും ഉരുളൽ ശരീര രൂപം ആണുണ്ടാകുക. എന്നാൽ ഉരുക്ക് കവച ചെകുത്താൻ വണ്ടിന്റെ ശരീരം പരന്ന് നിലത്തോട് ചേർന്ന് വിധം ആണുണ്ടാകുക. അതിനാൽ തന്നെ പരന്ന ഇതിനെ ഇതിനെ ചവിട്ടി അമർത്തി കൊല്ലുക എന്നത് എളുപ്പമല്ല. ബലം ഒരു ഇടത്തായി കേന്ദ്രീകരിക്കുന്നതിനുപകരം ശരീരത്തിന്റെ മൊത്തം പരപ്പിൽ വിതരണം ചെയ്യപ്പെടുന്നു.

പുതിയ എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യകളുടെ ഭാഗമായി ഭാരം താങ്ങുന്നതും ഏറ്റവും ഉറപ്പുള്ളതും ആയ ഘടകങ്ങൾ വികസിപ്പിക്കുന്നതിനായി ഘടോൽക്കച വണ്ടിന്റെ പുറംപാളി ഘടനയെ മാതൃകയാക്കിയുള്ള പഠന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമർന്ന് ഞെരുങ്ങി രൂപമാറ്റം വരുത്താൻ പറ്റുന്ന റോബോട്ടിക്ക് മോഡലുകളുടെ ഡിസൈനിനും ഈ വണ്ടിന്റെ അത്ഭുത സ്വരൂപം മാതൃകയാക്കുന്നുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here