ചിത്രച്ചന്തക്ക് വർണാഭമായ തുടക്കം

0
512

കോഴിക്കോട്: ചിത്രങ്ങളും ശിൽപങ്ങളും മറ്റു കലാവിഷ്‌കാരങ്ങളും പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും കോഴിക്കോട് നഗരത്തിൽ ഒരിടം. കോഴിക്കോട് ചാലപ്പുറത്തുള്ള ഷറാട്ടൺ കോംപ്ലക്‌സിലാണ് സംസ്ഥാനത്തെ ആദ്യ ചിത്രച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. പെയ്ന്റിംഗ്, ശിൽപ്പം, കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും തൽസമയ ചിത്രീകരണവും വിൽപ്പനയുമാണ് ചിത്രച്ചന്തയിൽ നടക്കുന്നത്. കലാകാരൻമാർക്ക് അവരുടെ സർഗാവിഷ്‌കാരങ്ങൾ പ്രകടിപ്പിക്കാനും വിൽപ്പന നടത്താനും ആദ്യമായാണ് ഇത്തരമൊരു സ്ഥിരം സംവിധാനമൊരുങ്ങുന്നത്. കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫാണ് ചിത്രച്ചന്തയുടെ ക്യൂറേറ്റർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ചിത്രച്ചന്തകൾ സംഘടിപ്പിക്കുമെന്നും അതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് കോഴിക്കോട് നടന്നതെന്നും ദിലീഫ് പറഞ്ഞു. ചുരുങ്ങിയ നിരക്കിൽ ഒറിജിനൽ ചിത്രങ്ങൾ വാങ്ങാനും ആവശ്യക്കാർക്ക് ചിത്രങ്ങൾ തൽസമയം വരച്ചുനൽകാനും ചിത്രച്ചന്തയിൽ സൗകര്യമുണ്ട്.

ദേവസ്യ ദേവഗിരി, മുഖ്താർ ഉദരംപൊയിൽ, സുമേഷ് തുടങ്ങിയവരുടെ പെയ്ന്റിംഗുകൾ പ്രദർശിപ്പിച്ചു. നൗഷാദ് വെള്ളലശ്ശേരി, ഗിരീഷ് മൂഴിപ്പാടം എന്നിവർ  ലൈവ് കാരിക്കേച്ചറും മായ കുറ്റിപ്പുറം തൽസമയ ശിൽപ്പനിർമാണവും നടത്തി.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാനപ്രസിഡന്റ് കമാൽ വരദൂർ ചിത്രച്ചന്ത ഉദ്ഘാടനം ചെയ്തു. ദിലീഫ് അധ്യക്ഷത വഹിച്ചു. ഫിലിം സിറ്റി മാസിക എഡിറ്റർ പി.വി രവീന്ദ്രൻ, ദേവസ്യ ദേവഗിരി, മുഖ്താർ ഉദരംപൊയിൽ, നൗഷാദ് വെള്ളലശ്ശേരി, ഗിരീഷ് മൂഴിപ്പാടം, സുമേഷ് തുടങ്ങിയവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലുമാണ് ചിത്രച്ചന്ത നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here