ചിമ്മിണിക്കടലിന്റെ പ്രസവം

0
381
chimminikkadalinte-prasavam-vidya-kv-wp

കഥ

വിദ്യ. കെ

മണ്ഡോദരി ടീച്ചർ ഉണർന്നു കിടക്കുകയായിരുന്നു. തണുപ്പിലേക്ക് കൂപ്പു കുത്തുന്ന രാത്രി ഒരതികായ പ്രതിമ പോലെ അവരുടെ കിടപ്പിലേക്ക് നിഴൽ വീഴ്ത്തി നിന്നു. സ്കൂൾ മുറ്റത്ത് കുന്തിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മയെ പോലെ അവർ കട്ടിലിന്റെ ചോട്ടിലേക്ക് കൈകൾ താഴ്ത്തിയിറങ്ങി കുത്തിയിരുന്നു. പുറത്ത് ഒരു പന്തം കൊളുത്തിപ്പട മുദ്രാവാക്യങ്ങളുമായി കടന്നു പോകുന്നു. അടച്ചിട്ട ജനൽപ്പാളിയിലൂടെ കുഞ്ഞിപ്പാത്തുമ്മയുടെ നോട്ടം കുന്തമുനയിൽ കുത്തി പ്രതിധ്വനിക്കുന്നു.

കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ആദ്യമായാണ് മണ്ഡോദരി ടീച്ചർ മൈക്കിനു മുന്നിൽ നിന്നു വിതുമ്പുന്നത്. കറുത്ത ഫ്രെയിമുള്ള വലിയ ചതുരക്കണ്ണട ഇടംകൈകൊണ്ട് ഊരിയെടുത്ത് നാക്കിലേക്ക് ഉമിനീരു പറ്റിച്ച് അവർ കരയാതിരിക്കാൻ പരിശ്രമിച്ചു. കുട്ടികൾ കയ്ക്കുന്ന തൊണ്ടകളുമായി അവരെ നോക്കി നിന്നു. മധുര പലഹാരങ്ങളും ചായയും കഴിച്ച്, പ്രധാനാധ്യാപികയായി വിരമിക്കുന്ന മണ്ഡോദരി ടീച്ചർ കഴിഞ്ഞ കാലങ്ങളിൽ സ്കൂളിനും നാടിനും നൽകിയ സേവനങ്ങളെ അടിമുടി പുകഴ്ത്തിക്കഴിഞ്ഞുള്ള ഇരിപ്പിൽ മറ്റ് അധ്യാപകർ കണ്ണ് തുടക്കുന്നതായി അഭിനയിക്കുകയും മൂക്ക് പിഴിയുകയും ചെയ്യുന്നു. ഹാരവും പൂച്ചെണ്ടും അഴിച്ചു വെച്ച് ടീച്ചർ ഒരിക്കൽ കൂടി ഓഫീസ് മുറിയിലേക്കു പോയി. ചില്ലുപുതപ്പിട്ട മേശ അതിന്റെ അച്ചുതണ്ടിൽ ഒരു കസേരയെ കറക്കുന്നു. രജിസ്റ്ററുകളും പുസ്തകങ്ങളുമൊക്കെ ആരോ വൃത്തിയായി ഒതുക്കി വെച്ചിട്ടുണ്ട്. മഷി തീർന്ന പേനകൾ എടുത്തു കളഞ്ഞപ്പോൾ കാലിയായ പേനത്തൊട്ടി മാത്രം കമിഴ്ന്നു വീണിരിക്കുന്നു. മുപ്പതു വർഷത്തെ ഓർമ്മകൾ ചെന്നുപോയി നിന്നത് ചുമരിൽ തൂക്കിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിലേക്കാണ്. ക്ലാസിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുള്ളതു പോലെയല്ല ആ ഭൂപടം കിടക്കുന്നതെന്ന് അപ്പോളവർക്കു തോന്നി. അക്ഷാംശ – രേഖാംശങ്ങൾ തെറ്റിയ ഒരു ചിത്രം കലങ്ങി മറിഞ്ഞ അവരുടെ ചിന്തകളിലേക്ക് തളമിട്ടു കയറി. സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും തുറമുഖങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഇറക്കുമതി – കയറ്റുമതിയിടങ്ങളുമൊന്നും അടയാളപ്പെടുത്താത്ത ഭൂപടത്തിൽ തൂവിത്തെറിച്ച പോലെ ഒരു തുണ്ട് ഭൂമി അവരെ അസ്വസ്ഥയാക്കി. ചോദ്യങ്ങളിലും ഉത്തരങ്ങളിലും ഉൾക്കൊള്ളിക്കാതെ ഇന്ത്യാഭൂപടത്തിന്റെ ഒരോരത്ത് മണ്ഡോദരിയെന്ന വീരാംഗന ലങ്കാസാമ്രാജ്യത്തെ ഓർത്ത് വിലപിച്ചു. സാമൂഹ്യപാഠം പുസ്തകങ്ങൾ തുറക്കാതിരുന്നു. അടയാളപ്പെടുത്താൻ മാപ്പുകളില്ലാതെ അക്ഷയ കുമാരന്മാർ പരീക്ഷ തോൽക്കുകയും അതികായ-മേഘനാദന്മാർ പഠിത്തമുപേക്ഷിക്കുകയും ചെയ്തു.

അവസാനത്തെ ഒപ്പു കൂടി രജിസ്റ്ററിൽ ചേർത്ത് മണ്ഡോദരി ടീച്ചർ പുറത്തേക്കിറങ്ങാൻ തുടങ്ങി. കുഞ്ഞിപ്പാത്തുമ്മ വേച്ചു വേച്ചാണ് നടന്നു വന്നത്. വളഞ്ഞ നടുവിന്റെ മുകളിൽ പഴയ പകിട്ടിന്റെ മിനുങ്ങുന്ന തട്ടം വീണുകിടക്കുന്നു. വലതു മുട്ടിൽ കൈയ്യമർത്തി വെച്ച് പരമാവധി വേഗത്തിൽ നടന്ന് അവർ ഹെഡ്മിസ്ട്രസിന്റെ മുറിയുടെ താഴെയെത്തി. സിമൻ്റിട്ടു പൊക്കിയ പടി കയറാൻ കഴിയാത്തതിനാൽ പടിക്കു താഴെ നിന്ന് അവർ മുറിയിലേക്ക് എത്തിനോക്കി. ടീച്ചർ ഇറങ്ങി വരുമ്പോൾ സുധാകരൻ മാഷും ചന്ദ്രിക ടീച്ചറും അവരെ യാത്രയാക്കാനായി കൂടെ ഇറങ്ങി വന്നു. കനമുള്ള മാലയും ബൊക്കയും ഇടംകയ്യിലും കറുപ്പു നിറമുള്ള ഹാൻഡ് ബാഗ് വലത്തേ കയ്യിലും ഇട്ട് ടീച്ചർ ഒരു കനം വേദനയുമായി അവിടെ നിന്നിറങ്ങി.
കുഞ്ഞിപ്പാത്തുമ്മയെ കാണാതിരിക്കാൻ ആ നേരം മണ്ഡോദരി ടീച്ചറുടെ കണ്ണിൽ മത്തൻ കുത്തിയിട്ടില്ലായിരുന്നു. “എന്താ ഉമ്മാ, ഇവിടെ നിൽക്കുന്നേ?” ടീച്ചറുടെ കണ്ണു കലങ്ങിയിരിക്കുന്നതും മൂക്കു ചുവന്നിരിക്കുന്നതും തന്റെ കാര്യമോർത്താണെന്നോർത്ത് കുഞ്ഞിപ്പാത്തുമ്മയ്ക്ക് എടങ്ങേറായി. അവർ സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ ദുനിയാവിൽ എല്ലാവർക്കും സൗഖ്യം വരുത്തണമെന്ന് പ്രാർത്ഥിച്ചു. ഇന്ന് കുഞ്ഞിപ്പാത്തുമ്മയെ കണ്ടില്ലായിരുന്നുവെങ്കിൽ മണ്ഡോദരി ടീച്ചർ ഡബിൾ കോട്ട് കട്ടിലിൽ സുഖമായുറങ്ങുമായിരുന്നു. ജീവിതം ഞായറാഴ്ചകളുടെ ആത്മീയതയിലേക്ക് നീങ്ങിയ ആശ്വാസത്താൽ അവർ അതി ദീർഘമായ കൂർക്കങ്ങൾ വലിക്കുമായിരുന്നു. ഭൂപടങ്ങളില്ലാതെയാകുന്ന ദിവസം ഏറ്റവും നല്ല സ്വപ്നങ്ങൾ കാണാൻ കഴിയുമെന്ന് അവർ കഥകൾ എഴുതിയിരുന്നു.

കുഞ്ഞിപ്പാത്തുമ്മ വളർന്നിരിക്കുന്നു. ആടുകളെയും കോഴികളെയും തീറ്റിച്ചു വളർന്ന മക്കളോടൊപ്പം അവരും വളർന്നിരിക്കുന്നു. അലിക്കത്തും കസവിന്റെ തട്ടവും മാറ്റിയുടുക്കുന്ന പ്രായത്തെ അര മുണ്ടു മുറുക്കിയുടുത്താണവർ തോൽപ്പിച്ചത്. സ്കൂളിന്റെ മുറ്റത്ത് ഓടിക്കളിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് ഹൂറിമാരുടെയും ഇബിലീസിന്റേയും കഥ പറഞ്ഞു കൊടുത്ത് ഉച്ച വാങ്കിനു മുൻപേ അവർ കത്തിയും പയറും വേവിച്ചു. കഞ്ഞിപ്പുരയിൽ നിന്നും ആകാശത്തേക്കുയരുന്ന പുകച്ചുരുളിൽ കയറി അറബിക്കഥകളിലെ കിനാരാജ്യങ്ങളിലേക്ക് വിസയും പാസ്പോർട്ടുമില്ലാതെ സർക്കീട്ടു പോയി. അവിടങ്ങളിൽ പാർക്കുന്ന അശരണർക്കായി മുഹമ്മദ് നബി പറുദീസ പണിയുന്നതായി ഉച്ചനേരങ്ങളിൽ സ്വപ്നം കണ്ടു. കഞ്ഞിയും പയറും കുടിച്ചു വളർന്ന തലമുറകൾ കിനാശ്ശേരികളുടെ ചുരങ്ങൾ താണ്ടി കഞ്ഞിപ്പുരയിൽ നിന്നുള്ള പുകപ്പെയ്ത്ത് കോൺക്രീറ്റു കെട്ടി മറച്ചു. കഞ്ഞി വെള്ളം മറിച്ച് തണ്ടിനു തടം വെച്ച തെങ്ങുകളിൽ നിന്ന് ചെമ്പല്ലി കാർന്ന തൊണ്ടുകൾ ഉതിർന്നു കൊണ്ടേയിരുന്നു. അരിയളന്നും കഴുകിയും വേവിച്ചും ഊറ്റിയും കുഞ്ഞിപ്പാത്തുമ്മ കഞ്ഞിപ്പുര വാർത്തപ്പോഴേക്കും വളർന്നു വളഞ്ഞു. മുലപ്പാലു കൊടുത്തവരും കഞ്ഞി പാറ്റിക്കൊടുത്തവരും തോടു പൊട്ടിച്ച് പറന്ന വേഗത്തിൽ കുഞ്ഞിപ്പാത്തുമ്മ കൂനി നടക്കാൻ തുടങ്ങി. അവർ കണ്ട പറുദീസകൾ ഒറ്റക്കുറങ്ങുമ്പോൾ അവരെ മാടി വിളിച്ചു. വേച്ചു വേച്ച് നടന്ന് കുഞ്ഞിപ്പാത്തുമ്മ അവയെ കൊഞ്ഞനം കുത്തി. വലിയ ചെമ്പിലേക്ക് കഞ്ഞി വെള്ളത്തിന്റെ ആവി കയറുമ്പോൾ ഒരുപാട് ഏമ്പക്കങ്ങളുടെ കടൽ അവരുടെ ഉള്ളിൽ സദാ തിരയടിച്ചു.

മണ്ഡോദരി ടീച്ചറെക്കാൾ ഇഷ്ടം കുട്ടികൾക്ക് കുഞ്ഞിപ്പാത്തുമ്മയെ ആയിരുന്നു. കുഞ്ഞിപ്പാത്തുമ്മ സ്കൂൾ വളപ്പിൽ കെട്ടിയിട്ട ആടുകളെ ടീച്ചർ അഴിച്ചു വിട്ട ദിവസം ഏഴാം ക്ലാസിലെ കുട്ടികൾ ടീച്ചറിന്റെ കസേരയുടെ കാലൊടിച്ചു വെച്ചു. കുഞ്ഞിപ്പാത്തുമ്മ കഞ്ഞി വെച്ച ശമ്പളം കൊണ്ട് കുട്ടികൾക്ക് തേൻ മിട്ടായി വാങ്ങിക്കൊടുത്തു. അത് ക്ലാസിലിരുന്ന് തിന്നതിന് മണ്ഡോദരി ടീച്ചർ അവരെ പൊതിരെ തല്ലി. മണ്ഡോദരി ടീച്ചർ റിട്ടയറാവുന്നതിന് ഒരാഴ്ച മുൻപാണ് കുഞ്ഞിപ്പാത്തുമ്മയ്ക്ക് തീരെ വയ്യാണ്ടാവുകയും അവരെ പിരിച്ചു വിട്ട് പകരം ഒരാളെ ജോലിക്കെടുക്കുന്നതും. അന്ന് നട്ടുച്ചയ്ക്ക് കുഞ്ഞിപ്പാത്തുമ്മ കഞ്ഞിപ്പുര വിട്ട് കരഞ്ഞു പോയത് ആരും കണ്ടിരുന്നില്ല.

കയ്യിലുണ്ടായിരുന്ന കടലാസുകൾ എല്ലാംകൂടി മണ്ഡോദരി ടീച്ചർക്കു നേരെ നീട്ടി കുഞ്ഞിപ്പാത്തുമ്മ മുന്നിലത്തെ ഒറ്റപ്പല്ലു കാണിച്ച് വേവലാതിപ്പെട്ടു. “ഇക്കള്ളാസും പൊതീം തേയ്വാ ടീച്ചറേ?” ടീച്ചർക്ക് മനസിലായില്ല. അവിടെയുള്ളവർ സംസാരിക്കുന്ന ഭാഷയിൽ നിന്നും കുഞ്ഞിപ്പാത്തുമ്മയുടെ വർത്താനവും ചിരിയും വേറിട്ടു നിന്നു. ആരും രേഖപ്പെടുത്താനില്ലാത്ത ഒരൊഴിഞ്ഞ ഭൂപടം പോലെ കുഞ്ഞിപ്പാത്തുമ്മ പടിച്ചോട്ടിൽ കൂനി നിന്നു. “ഈലും ബെല്യ തെളിവും കള്ളാസൊന്നും ഞമ്മന്റെട്ത്തില്ല. ഞാളും പോണ്ടി വരുവാ ഈട്ന്ന്”. മണ്ഡോദരി ടീച്ചർ പൊതിയഴിച്ചു നോക്കി. താലൂക്കാശുപത്രിയിലെ ഒ പി ടിക്കറ്റു മുതൽ ചാപ്പയിരിക്കുന്ന രണ്ട് സെന്റ് ഭൂമിയുടെ ആധാരം വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. റേഷനരി പൂത്ത മണം സഹിക്കാൻ കഴിയാതെ ടീച്ചർ അത് മുഴുവൻ ചുരുട്ടി പൊതിയിലാക്കി തിരികെ കൊടുത്തു. ഇതൊന്നും ഇവിടെയല്ല കാണിക്കേണ്ടതെന്നും ആവശ്യം വരുമ്പോൾ പഞ്ചായത്തിൽ കൊണ്ടുപോയി കാണിച്ചാൽ മതിയെന്നും പറഞ്ഞ് ടീച്ചർ വിരമിക്കൽ കനം വീണ്ടുമെടുത്തണിഞ്ഞ് കാറിനടുത്തേക്ക് നടന്നു. പൊതിഞ്ഞു കെട്ടിയ കടലാസു കഷ്ണങ്ങൾ മാറിലേക്ക് ചേർത്തു പിടിച്ച് ആരെങ്കിലും കേൾക്കാനായി കുഞ്ഞിപ്പാത്തുമ്മ ഉറക്കെ പറയാനാഞ്ഞു. “ന്റൂപ്പൂപ്പാക്കൊരു… ” ഒരു കാറ്റ് ദിശതെറ്റി വീശിയത് അവരുടെ നാവിലെ മുറിഞ്ഞ മേൽവിലാസവും പേറിക്കൊണ്ട് പറന്നുപോയി.
ഓഫീസ് മുറിക്കു കീഴിലെ, പടിക്കെട്ടിനു കീഴിലെ പൈപ്പിൻ ചുവട്ടിൽ കുഞ്ഞിപ്പാത്തുമ്മ കുന്തിച്ചിരിക്കുകയാണ്. നാളെ രാവിലെ തന്റെ വിരമിക്കൽ വാർത്ത വലിയ കോളം വാർത്തയായി പത്രത്തിൽ വരുമെന്ന് പറഞ്ഞിട്ടാണ് ഭർത്താവ് ഉറങ്ങാൻ കിടന്നതെന്ന് മണ്ഡോദരി ടീച്ചർ ഓർത്തു. ഭൂപടങ്ങളെ പേടിച്ച് ഇറങ്ങിപ്പോയ പകലുകളിൽ പത്തു തലകളുള്ള ഒരാൾ സർവ്വൈശ്വര്യങ്ങളെയും തന്റെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരാനായി കപ്പൽ കയറുന്നത് മണ്ഡോദരി ടീച്ചർ നോക്കി നിന്നു. തന്റെ മക്കൾ ഓടിക്കളിച്ച മുറ്റത്ത് കത്തിയെരിഞ്ഞ ദേഹങ്ങൾ കൂടിക്കിടക്കുന്നതും മിനാരങ്ങൾ തകർന്നു കിടക്കുന്നതും ഒരു കുരങ്ങൻ വാലിൽ തീപടർത്തിയോടുന്നതും കണ്ടു നിന്ന ടീച്ചർ ലങ്കാതിർത്തിയിലേക്ക് ഒരു തിര ആഞ്ഞടിക്കുന്നതായി ദിവാസ്വപ്നം കണ്ടു. മൂക്കും മുലയും മുറിഞ്ഞ പെണ്ണുങ്ങൾ ചെങ്കടൽ നീന്തിക്കടക്കുന്നതായറിഞ്ഞ് അവർക്കു പിന്നാലെയോടി. ദൈവം ശിരസറുത്തിട്ട ഭൂമിയിലേക്കി നോക്കി മണ്ഡോദരി ടീച്ചർ ഒറ്റയ്ക്കു കൂനി നിന്നു.

അതിർത്തികൾ രൂപപ്പെടും മുൻപ് മനുഷ്യന് കുഞ്ഞിപ്പാത്തുമ്മയുടെ മുഖമായിരുന്നു. അവർ പറഞ്ഞ പറുദീസകളിലേക്ക് അരിവെന്ത കാറ്റ് കടന്നു പോകാറുള്ള ഊടുവഴികളുണ്ട്. അടുപ്പിലേക്ക് പച്ചവിറകു കൊള്ളികൾ എടുത്തു വെക്കുമ്പോൾ കുഞ്ഞിപ്പാത്തുമ്മ ചിമ്മിണിയൊഴിച്ച് കത്തിക്കുമായിരുന്നു. ഏഴാം കരയിലേക്ക് ഉൽപ്രേരകമായി ആഞ്ഞടിക്കുന്ന ചിമ്മിണിക്കടൽ കത്തിത്തീരാതെ തന്നെ ചാരത്തെ പെറുന്നു. ചാരവും നാടുകടത്തപ്പെടുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here