ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതം
ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും, സംഭവങ്ങളും പ്രമേയമായ് എത്രയോ ഹ്രസ്വചിത്രങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അനുദിനം ഇറങ്ങി കൊണ്ടിരിക്കുന്നു. ചിരിപ്പിച്ചും, ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചും അവസാനിപ്പിക്കുന്നവയാണ് മിക്കതും. ഇത്തരത്തിൽ മറ്റൊരു ഹ്രസ്വചിത്രം കൂടെ ഇന്ന് റിലീസായിട്ടുണ്ട്. പേര് ലോക്ക് അപ്പ്. കലയെ സംബന്ധിച്ച് പെണ്ണും അടുക്കളയും അനുബന്ധ പ്രശ്നങ്ങളും പ്രമേയപരമായ് പഴയതാണ് എന്നാൽ സർവകാല/സമകാലിക പ്രസക്തവുമാണ്. ആളുകൾ വീട്ടിൽ തന്നെ പെട്ടിരിക്കുന്നതിനാൽ പല അടുക്കളകളിലും ലോക്ഡൗൺപൂർവ്വ ദിനങ്ങളേക്കാൾ തിരക്കാണിപ്പോൾ. ഈ ദിവസങ്ങളിൽ മടിയൻമാരായ അച്ഛന്മാരും മക്കളും ഉള്ള വീടുകളിൽ അമ്മമാർ നാലും അഞ്ചും നേരം ഭക്ഷണം വച്ച് വിളമ്പി നട്ടം തിരിയുകയാണ്.
ഇക്കഴിഞ്ഞ കുറച്ച് കാലം കൊണ്ട് കൊറോണ ആളുകളെ ലോക്ക് ഡൗൺ ആക്കിയതാണിന്നത്തെ സ്ഥിരം ചർച്ചയെങ്കിലും കാലാകാലങ്ങളായ് അടുക്കളയിൽ ലോക്കപ്പിലായ പെണ്ണുങ്ങളെ ഓർമിപ്പിക്കുകയാണീ ചെറിയ ചിത്രം. വല്ലഭനു പുല്ലുമായുധമെന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം, മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഈ ചിത്രം ഷൂട്ട് ചെയ്തതും പിന്നീട് എഡിറ്റ് ചെയ്തതും ഫ്രാൻസിസ് ലൂയിസ് ആണ്. റിലീസിനു തയ്യാറെടുത്തിരിക്കുന്ന കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിൻ്റേയും കുഞ്ഞു ദൈവം, രണ്ട് പെൺകുട്ടികൾ എന്നീ ചിത്രങ്ങളുടെയും സംവിധായകൻ ജിയോ ബേബിയും കുടുംബവുമാണ് ‘ലോക്ക് അപ്പ് ന് പുറകിൽ. ജിയോ ബേബി , ഭാര്യ ബീന ജിയോ, മകൻ മ്യൂസിക് എന്നിവർ തന്നെയാണ് ഇതിൽ അഭിനയിച്ചത്.
ലോക് ഡൗൺ ആരംഭിച്ച മുതൽ ഇത്തരത്തിൽ വേറെയും കാലിക പ്രസക്തമായ ഹ്രസ്വചിത്രങ്ങൾ നിർമിച്ച് ഈ കുടുംബം ഫേസ്ബുക്ക് വഴി പങ്ക് വച്ചിരുന്നു. അടുത്തിടെ സർവൈവൽ സ്റ്റോറീസ് എന്ന പേരിൽ ഇറങ്ങിയ 8 ഹ്രസ്വചിത്രങ്ങളിൽ ‘ടോയ്സ് ഫ്രം ഹെവൻ’ എന്ന ചിത്രത്തിലും ബീന ജിയോയും, ഒര് വയസുകാരി മകൾ കഥ യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
ഒന്ന് കണ്ടാസ്വദിച്ച് ചിന്തിക്കാൻ വകയുള്ള ‘ലോക്ക് അപ്പ്’ , ചെറുതല്ലാത്ത ഷോട്ടിന്റെ വായനക്കാർക്കായ് നിർദ്ദേശിക്കുന്നു.
Plz watch our LOCK UP in this Lock downhttps://youtu.be/tA9gbIDwJwI
Posted by Jeo Baby on Sunday, May 17, 2020