മെയ് 18

0
191
may18-sidhiha-wp

സിദ്ദിഹ

അത്ര എളുപ്പത്തിൽ മാഞ്ഞു പോകുന്ന ഒരു ദിവസമല്ല. ഒരു പറ്റം മനുഷ്യരെ ജീവനോടെ പൊട്ടിത്തെറിപ്പിച്ച ദിവസമാണ്. ഒന്നിന് പിറകെ ഒന്നായി വന്ന ഷെല്ലാക്രമണങ്ങളിൽ ഗർഭാശയത്തിലെ പിഞ്ചു കുഞ്ഞു പോലും ചിതറിത്തെറിച്ച ദിവസം. ഒരു പൊക്കിൾക്കൊടി നമുക്കിടയിലുണ്ടായിട്ടും അതിനെതിരെ ചൂണ്ടു വിരൽ പോലുമുയർത്താതെ നമ്മൾ പതിവ് തിരക്കിലേക്കലിഞ്ഞു പോയ ദിവസം.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത വർഷം 1948 ഫെബ്രുവരി നാലിന് ബ്രിട്ടീഷുകാരിൽ നിന്നും മുക്തമായെങ്കിലും സാമൂഹ്യ സാമ്പത്തിക മേഖലകളിൽ മുന്നിട്ടു നിന്ന തമിഴനോട് സിംഗള സമൂഹത്തിനു മുൻ വൈരമുണ്ടായിരുന്നു. 1958 ഭണ്ഡാരനായകഃയുടെ ഭരണകാലത്ത് സിംഗളം ദേശീയ ഭാഷയാക്കി. ‘ശ്രീ’ എന്ന് എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകളിൽ എഴുതണമെന്ന സർക്കാർ നിർദേശത്തിന്റെ പ്രതിഷേധമെന്നോണം ചില ചെറുപ്പക്കാർ അവ മായ്ച്ചു കളഞ്ഞു. പ്രകോപിതരായ സർക്കാർ ആളുകൾ നൂറോളം പേരെ കൊന്നൊടുക്കിയത് മുതൽ തുടങ്ങുന്നു വംശഹത്യ.

വംശഹത്യകൾ വെറും കൂട്ടക്കൊലപാതകങ്ങളല്ല. അവരുടെ ജീവനോപാധികളെയും ചരിത്ര രേഖകളെയും നശിപ്പിച്ചു അവരുടെ തലമുറകളുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യലാണത്. 1981 മെയ് 31 നു യാഴ്പാനം (ജാഫ്ന) പബ്ലിക് ലൈബ്രറി നാന്നൂറ് കൊല്ലം പഴക്കമുള്ള ദ്രാവിഡ പനയോലകൾക്കും 90,000 പുസ്തകങ്ങൾക്കുമൊപ്പം കത്തിക്കപ്പെട്ടു. ഭൂമിയിലെ തന്നെ ഏറ്റവും പ്രാചീന ഭാഷകളിലൊന്നായ, ഇന്നും വ്യവഹാര ഭാഷയിലുള്ള, അനേകം പ്രാദേശിക ഭാഷകൾക്ക്, മലയാളമടക്കം, ജന്മം നൽകിയ ആ സംസ്കാരത്തെയാണ്, അവരുടെ ചരിത്രത്തെയാണ് ചാമ്പലാക്കിയത്. ഏകാധിപതികൾക്ക് തോന്നുംപോലെ എഴുതിയുണ്ടാക്കുവാൻ.

പ്രാണരക്ഷാർത്ഥം സൈക്കിളുകളിലും കാൽനടയായും തങ്ങളുടെ കുട്ടികളെയും ആവശ്യസാധനങ്ങളെയും വളർത്തു മൃഗങ്ങളെയും കൊണ്ട് അവർ പലായനം ചെയ്തു. ഇടത്താവളമെന്നോണം യാഴ്പാണം, കിളിനൊച്ചി, മുല്ലിവയ്ക്കാൽ, മുല്ലൈതീവ് എന്നിവിടങ്ങളിലെല്ലാം അതിജീവനത്തിനായി ശ്രമിച്ചു. പിന്നെയും ഗതികെട്ട് അലഞ്ഞു 2009 മെയ് 18 പ്രഭാകരൻ കൊല്ലപ്പെടുന്നത് വരെ. അന്ന് മാത്രം സ്ത്രീകളും കുട്ടികളും അടക്കം 35000 ആളുകളെയാണ് കൊന്നൊടുക്കിയത്. പരിക്കേറ്റവർ ചികിത്സക്കെത്തിയ ആശുപത്രികളിൽ പോലും നീചമായി ഷെല്ലുകളിട്ടത്.

ഇന്ന് തകരം മറച്ചു കെട്ടിയ അഭയാർത്ഥി ക്യാമ്പുകളിൽ മലവിസർജന സൗകര്യം പോലുമില്ലാതെ ജീവിക്കുന്ന ശേഷിച്ചവർ ഭൂരിഭാഗവും വികലാംഗരാണ്.

വർണ്ണപ്പട്ടു വസ്ത്രങ്ങൾ ലോകത്താരെക്കാളും മുൻപേയുടുത്തവരാണ്, സംസ്കാരത്തനിമയോടെ ലോകത്തിനു മുന്നേ നടന്നവരാണ്, ഇന്ന് പൊട്ടിപ്പോയ ശരീരങ്ങളെ കൂട്ടിപ്പിടിച്ചു നടക്കാൻ ശ്രമിക്കുകയാണ്, ഈഴത്തമിഴർ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here