ബാലുശ്ശേരി: നരയംകുളം ചെങ്ങോടു മലയിലെ സ്വകാര്യ വ്യക്തികളുടെ ഖനനത്തിനെതിരെ പ്രതിഷേധം ശകതമാവുന്നു. ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമായ മലയിലെ ഖനനം കുടിവെള്ള പ്രശ്നമടക്കമുള്ള പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടികാട്ടി വിവിധ സംഘടനകള്‍ രംഗതെത്തി.
നേരത്തെ, എഴുത്തുകാരന്‍ ടി.പി രാജീവന്‍, കവി വീരാന്‍കുട്ടി എന്നിവരുടെ പ്രതികരണങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇവരുടെ രണ്ടു പേരുടെയും ജന്മനാട് നരയംകുളമാണ്.
വീരാന്‍കുട്ടി മാഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:
എന്റെയും കവി ടി പി രാജീവന്റെയും തറവാട്ടു വീട് ചെങ്ങോടു മലയുടെ താഴ്വാരത്തിലാണ്. അതു ഖനന സംഘത്തിന്റെ കയ്യിലായിക്കഴിഞ്ഞു എന്ന് അറിയുന്നത് കഴിഞ്ഞ മാസമാണ്.അതിനു മുൻപ് എഴുതിയതാണീ കവിത.ഞങ്ങൾ സമരത്തിലാണ്.അറം പറ്റിയ ആ കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു.
തൊട്ടുമുൻപ്
വീരാൻകുട്ടി
ആകാശം ഇടിഞ്ഞു വീണെന്നാൽ
തോളിൽ താങ്ങിക്കൊള്ളാ–
മെന്നൊരാത്മവിശ്വാസം കണ്ടു
നെടുംപാതയിൽ നിൽക്കും
ഉശിരൻ മരങ്ങളിൽ.
തന്നെ ആരും ഒന്നും ചെയ്യില്ലെന്നൊരു
കൂസലില്ലായ്മ കണ്ടു
കുത്തനെ നിൽക്കും കുന്നിൽ.
പുഴയെക്കണ്ടു:
ലോകാവസാനത്തോളം
അവിടെത്തന്നെയുണ്ടാകുമെന്നൊരു
സമാധാനത്തിൽ
മഞ്ഞുകാലത്തുറങ്ങിയും
വേനലിൽ പൊട്ടിച്ചിരിച്ചും അതു കഴിയുന്നു.
എങ്ങിനെ ആ നിഷ്കളങ്കതയെ ഇനി നേരിടും?
അവരിതാ എത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ്
ആരവയ്ക്കു നൽകും?
നമുക്കു മിണ്ടാതിരിക്കുക
അവരാഹ്ലാദിക്കട്ടെ
തൂക്കിലിടുവാനുള്ള വിധി
വെറുതെവിട്ടുവെന്നു കേട്ട് തുള്ളിച്ചാടുന്ന
ഭാഷയറിയാത്ത ഗ്രാമീണരെപ്പോലെ.
പരിസ്ഥിതി ക്കും കുടിവെള്ള ലഭ്യതയ്ക്കും ഗോത്രവിഭാഗമടക്കമുള്ള ജീവസമൂഹത്തിനും വൻദുരന്തമായി തീരാനിടയുള്ള ചെങ്ങോടുമലഖനനത്തിൻറെ തുടക്കത്തിൽ 12 ഏക്രയിലാണ് ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നത്.വൻതോതിൽ ഗ്രാനൈറ്റ് നിക്ഷേപമുള്ള ചെങ്ങോടുമല മുഴുവനുമാണ് ഖനനസംഘത്തിൻറെ ലക്ഷ്യമെന്ന് ആളുകള്‍ ഭയക്കുന്നു.ഡൽറ്റ കമ്പനിയ്ക്ക് അതിനുള്ള ശേഷിയും സ്വാധീനവുമാണ് നാട്ടുകാരെ സമരത്തിലേക്കു തള്ളി വിടുന്നത്.