കവിത
സുനിത പി.എം
ഞങ്ങളുടെ തെരുവിന്റെ
നാലാമത്തെ വളവിൽ വച്ചാണ്
ഞാനാദ്യമായി അയാളെ കാണുന്നത്!
തീരെ ചെറിയ പെൺകുട്ടി ആയിരുന്നിട്ടും
അയാളെന്നെ നോക്കിയപ്പോൾ,
ഒരു വൈദ്യുതസ്ഫുലിംഗം
എന്നിലൂടെ പാഞ്ഞുകയറിപ്പോയി!
അന്നയാൾക്ക് ഇരുണ്ട ചുണ്ടുകളും
ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും
പാറിക്കിടക്കുന്ന മുടിയും തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!
മുതിർന്ന പെണ്ണായിക്കഴിഞ്ഞപ്പോൾ
തെരുവിന്റെ നാലാമത്തെ വളവിൽ
അയാളെ പ്രതീക്ഷിക്കുമായിരുന്ന
നിറയെ സംഗീതമുള്ള ഒരു ഹൃദയം
എനിക്കുണ്ടെന്ന്
അവിടെയെത്തുമ്പോൾ മാത്രം തോന്നി!
വായനശാലയുടെ
മാറാല പിടിച്ചൊരു മൂലയിൽ
അയാൾ പതുങ്ങിയിരിക്കുന്നതായും
എന്നെ ആരും കാണാതെ
ഗാഢമായി ആശ്ലേഷിക്കുന്നതായും
പലതവണ സ്വപ്നം കണ്ടു!
ഓരോ ആലിംഗനത്തിലും
അടിമുടി പുതുക്കപ്പെട്ടു!
ഉണർവ്വുകളിലൊക്കെ
ഞങ്ങളുടെ തെരുവാകെയും
ആ മോട്ടോർ സൈക്കിൾ
പ്രകമ്പനത്തിനായി
കാതോർക്കുകയും ചെയ്തു!
എന്റെ പ്രിയപ്പെട്ട ചെ ..
നിങ്ങൾ മറ്റൊരു കാലത്തിൽ
മറ്റൊരു ദേശത്ത്,
എനിക്കു മുൻപേ..
പോരാളിയായി
ജീവിച്ചില്ലായിരുന്നെങ്കിൽ
ഞാൻ മറ്റാരേയെങ്കിലും
പ്രണയിച്ചു പോയേനെ!
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
????????
????????❤