തൃശ്ശൂർ: കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇന്ന് പോലീസ് യൂണിഫോമണിയും. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്. ആദിവാസി മേഖലയിൽ നിന്നും പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട 74 പോലീസ് കോൺസ്റ്റബിൾമാരിൽ ചന്ദ്രികയുമുണ്ട്.
2018 ഫെബ്രുവരി 22- നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
മധു വീട്ടിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ‌് കഴിഞ്ഞിരുന്നത്. സഹോദരിമാരായ സരസുവും ചന്ദ്രികയും സർക്കാർ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്കൂളിൽ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടിൽ തനിച്ചാണെന്ന പേരിൽ പഠനം നിർത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അച്ഛൻ മല്ലൻ അസുഖം ബാധിച്ച് നേരത്തെ മരിച്ചു.