ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍

0
1235

വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ കാരണങ്ങളുണ്ട്.

കടത്തനാടിലെ മടപ്പള്ളി (കാരാക്കാട്) എന്ന പ്രദേശം കേരള നവോത്ഥാന പാരമ്പര്യ ചരിത്രത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ പ്രദേശമാണ്. ഒഞ്ചിയം സമരചരിത്രം ഉറങ്ങുന്ന മണ്ണാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ സംഘമായ ഊരാലുങ്കല്‍ സൊസൈറ്റിയുടെ ചരിത്രവും വര്‍ത്തമാനം നിലനില്‍ക്കുന്ന ഇടം. പ്രിയപെട്ട കഥാകാരന്‍ കുഞ്ഞിക്ക, പുനത്തില്‍ കുഞ്ഞബുള്ളയുടെ കഥാഭൂമിക.

ഒഞ്ചിയം സമരനായകന്‍ മണ്ടോടി കണ്ണന്‍റെ സ്മരണാര്‍ത്ഥം ആണ് വേദി ഒന്നിന് മാച്ചിനാരി എന്ന് പേര് നല്‍കിയത്. മാച്ചിനാരിക്കുന്ന് എന്നാണ് മടപ്പള്ളി കോളജ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ പേര്.

ബ്രിട്ടീഷ് വിരുദ്ധ സമര ചരിത്രം ഉറങ്ങുന്ന അറക്കല്‍ തീരപ്രദേശിന്‍റെ പേരിലാണ് വേദി 2 അറക്കല്‍.

ഗുരു വാഗ്ഭടാനന്ദന്‍

ഊരാലുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയിലൂടെ ഇവിടെ നിലനിന്നിരുന്ന ജാതി വിരുദ്ധ തൊഴില്‍ സമരങ്ങളിലൂടെ തൊഴിലാളി സമൂഹത്തിന് മേല്‍വിലാസം നല്‍കിയ വാഗ്ഭടാനന്ദന്‍ ഗുരുവിന്‍റെ പേരിലാണ് വേദി 3 ന് കാരാക്കാട് എന്ന് പേര് നല്‍കിയത്.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലേക്ക് മലബാറിലെ മുസ്ലിം സമൂഹത്തിനെ പ്രചോദിപ്പിക്കാന്‍ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന പുസ്തകം എഴുതി ആവേശമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ പേരിലാണ് വേദി 4 ന് കുഞ്ഞിപള്ളി എന്ന് പേര് നല്‍കിയത്. സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ അന്ത്യ വിശ്രമം കൊള്ളുന്നത് മടപ്പള്ളിക്ക് തൊട്ടടുത്ത് പ്രദേശമായ ചോമ്പാല്‍ കുഞ്ഞിപള്ളിയിലാണ്.

 

കലോല്‍സവ നഗരിക്ക് പേര് നല്‍കിയിരിക്കുന്നത് പുനത്തില്‍ കുഞ്ഞബ്ദുള്ള നഗര്‍ എന്നാണ്. കുഞ്ഞിക്കയുടെ കഥാഭൂമിക കാരാക്കാടും മടപ്പള്ളി കോളേജും ഒക്കെ തന്നെ ആയിരുന്നു. പുനത്തില്‍ രചനകളുടെ പേരിലാണ് വേദി 5 ന് ഗോസായിക്കുന്ന് എന്ന് പേര് നല്‍കിയിരിക്കുന്നത്.

കഥാകൃത്ത് വി. ആര്‍ സുധീഷ്‌ ആണ് ഓഫ്‌ സ്റ്റേജ് മത്സരങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. യൂനിവേര്‍സിറ്റി യൂണിയന്‍ ചെയര്‍പെര്‍സണ്‍ കെ. സുജ അധ്യക്ഷത വഹിച്ചു. മടപ്പള്ളി കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് നജ്മുസാഖിബ്, മടപ്പള്ളി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജാഫര്‍ ടി.ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാനും കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകനുമായ  ജിനീഷ് പി.എസ് സ്വാഗതം ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here