ശ്രീജിത്ത് കാഞ്ഞിലശ്ശേരി
കഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍, ഒരു പിടി നല്ല ഓര്‍മ്മകളാണ് കോഴിക്കോടന്‍ നാടക ലോകത്തിന് ബി സോണ്‍ സമ്മാനിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിലെ മലയാള നാടക വിഭാഗത്തിൽ മലബാർ ക്രിസ്ത്യൻ കോളേജിലെ സഞ്ജയ് ഹരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിസ് നെറോണയുടെ പെണ്ണാച്ചി എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് മലബാർ ക്രിസ്ത്യൻ കോളേജ് അരങ്ങിലെത്തിച്ചത്. കോഴിക്കോട്ടെ പ്രമുഖ നാടക – സിനിമ പ്രവർത്തകനായ കെ വി വിജേഷാണ് നാടകത്തിന്‍റെ സംവിധാനം നിർവഹിച്ചത്.
കാഴ്ചയിൽ ഒരു മറുക് കൊണ്ടുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് നാടകത്തിന്‍റെ കേന്ദ്രകഥാബിന്ദു. അന്നാട്ടിലെ സ്വവർഗ്ഗഭോഗികളായ പുരുഷന്മാരുടെ കാമാസക്തിക്ക് ഇരയാകേണ്ടി വരുന്ന മറുക് ഇല്ലാത്ത ചക്കര എന്ന പെണ്ണാച്ചിയും, മറുകുള്ള നന്നായി പഠിക്കുന്ന, വീട്ടുകാരുടെ പ്രതീക്ഷയായ ഉശിരനായ ഇരട്ട സഹോദരനും.
കുളക്കടവിലും പള്ളിയിലും അറവുശാലയും ഇരുട്ടിലും വെളിച്ചത്തിലും പെണ്ണാച്ചി ഭോഗിക്കപെടുന്നു. അതിനിടയിൽ മരണപ്പെട്ട തന്‍റെ സഹോദരന്‍റെ മരണകാരണം നാട്ടുകാരും വീട്ടുകാരും പറയുന്നതു പോലെ വെറുമൊരു മുങ്ങിമരണം അല്ലെന്നും അതൊരു കൊലപാതകം തന്നെയാണെന്നും ചക്കര തിരിച്ചറിയുന്നു. കൊലപാതകിയെ തേടിയുള്ള ചക്കരയുടെ യാത്രയും പ്രതികാരവുമാണ് നാടകത്തിന്‍റെ പ്രമേയം.
നാടകത്തിൽ ചക്കര എന്ന പെണ്ണാച്ചിയായും സഹോദരനായും നൊടിയിടയിൽ മാറിമാറി അഭിനയിച്ചുകൊണ്ട് കാണികളെയാകെ വിസ്മയിപ്പിച്ച സഞ്ജയ്, മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ രസതന്ത്രം വിദ്യാർത്ഥിയാണ്. മലബാർ ക്രിസ്ത്യൻ കോളേജിന്റെ പെണ്ണാച്ചി നാടകവും, പ്രമുഖ നാടക പ്രവർത്തകൻ എ ശാന്തകുമാർ സംവിധാനം നിർവഹിച്ച പ്രൊവിഡൻസ് കോളേജിന്‍റെ കൂവാഗം എന്ന നാടകവും ഒന്നാം സ്ഥാനം പങ്കിട്ടു.
ഛന്ദസ് ടി സുരേഷിന്‍റെ സംവിധാനത്തിൽ ചേളന്നൂർ എസ് എൻ കോളേജ് അവതരിപ്പിച്ച മീശപ്പുലിമല എന്ന നാടകം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ നാടകത്തിലെ മീശക്കാരന്‍റെ കെട്ട്യോളായി അരങ്ങിലെത്തിയ കാവ്യയും കൂവാഗം നാടകത്തിലെ മോഹിനിയായി അഭിനയിച്ച മഞ്ജുവുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.