അധ്യാപകർക്കും കുട്ടികൾക്കുമായി ഓപ്പൺഡേ

0
218

വായനാനുഭവം

എൻ.കെ. ജയ
ഡയറക്ടർ, കാൻഫെഡ്

ശ്രീ. ബഷീർ പി എ എഴുതിയ ഓപ്പൺഡേ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചപ്പോൾ, ചടങ്ങിൽ ഒരു ആശംസ അർപ്പിക്കണമെന്നു ശ്രീ. സന്ദീപ് ( ഒലിവ് പബ്ലിക്കേഷൻസ്) എന്നോട് പറഞ്ഞിരുന്നു. തലേന്ന് വൈകീട്ടാണ് പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടുന്നത്. എന്റെ വായനയും എഴുത്തുമെല്ലാം രാത്രി വൈകി പത്തുമണിക്ക് ശേഷമാണ്. വീട്ടുകാര്യങ്ങളെല്ലാം കഴിഞ്ഞു എനിക്ക് എന്റേതു മാത്രമായി കിട്ടുന്ന സമയം. ഏതായാലും ഒന്ന് ഓടിച്ചു നോക്കിയേക്കാം, പുസ്തകത്തെക്കുറിച്ചു പറയാനുള്ളതെന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ എന്ന് വിചാരിച്ചാണ് ഓപ്പൺഡേ തുറന്നത്. അധ്യായങ്ങളുടെ തലക്കെട്ടുകൾ തന്നെ അവ വായിക്കണമെന്ന് നമ്മളോട് പറയുന്നതു പോലെ. ഏതായാലും പുസ്തകം ആ രാത്രി തന്നെ ഞാൻ വായിച്ചു. പൂർത്തിയാക്കാതെ താഴെ വെക്കാനായില്ല എന്ന് സാരം.

k-jaya
എൻ.കെ. ജയ

രക്ഷകർത്താക്കളും, അധ്യാപകരും, കുട്ടികളും ദൈനംദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും നമുക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിക്കും. വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തിൽ നാം എത്തിയില്ലെങ്കിലും പരിമിതികളിൽ നിന്നുകൊണ്ട് തന്നെ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ മിടുക്കരാക്കാം എന്ന് ശ്രീ. ബഷീർ വിശദീകരിക്കുന്നു. നാം എന്തെല്ലാം വിദ്യാഭ്യാസ യോഗ്യതകൾ നേടിയാലും, എത്ര ഉന്നതമായ സ്ഥാനം അലങ്കരിച്ചാലും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. വീട്ടിലും, സ്കൂളിലും, സമൂഹത്തിൽ നിന്നും നല്ല പാഠങ്ങൾ ഉൾക്കൊണ്ട് തന്നെ കുഞ്ഞുങ്ങൾ വളരണം. അവർ ആത്മവിശ്വാസമുള്ളവരായിരിക്കണം. സഹജീവി സ്നേഹവും സഹായമനസ്ഥിതിയും ഉള്ളവരുമായിരിക്കണം. സത്യസന്ധതയും അർപ്പണബോധവും വേണം. ഓപ്പൺഡേ യിലെ ഓരോ അധ്യായങ്ങൾ വായിക്കുമ്പോൾ ഈ പറഞ്ഞതെല്ലാം എങ്ങിനെ സ്വായത്തമാക്കാമെന്ന മാർഗ നിർദേശങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

basheer-pa
ബഷീർ. പി.എ

പുസ്തകത്തിൽ എടുത്തു പറയാവുന്ന ചില അധ്യായങ്ങളാണ്, ഹാർഡ് വർക്ക് ആൻഡ് സ്മാർട്ട് വർക്ക് , ജീവിത ലക്ഷ്യം, സ്വപ്നം കാണാൻ പ്രോത്സാഹിപ്പിക്കൂ, പുതിയ തൊഴിൽ സാദ്ധ്യതകൾ, ലൈംഗിക വിദ്യാഭ്യാസം, ഔട്ട് ഓഫ് സിലബസ് & പ്രതിഭ, ആത്മാഭിമാനം കുട്ടികളിൽ, മാതാ പിതാ ഗുരു ദൈവം, നിങ്ങളുടെ കുട്ടിയെ അറിയൂ എന്നിവ. പുതിയ തൊഴിൽ സാദ്ധ്യതകൾ എന്ന അധ്യായത്തിൽ പറഞ്ഞിട്ടുള്ള തൊഴിലുകൾ നാം കേട്ടിട്ട് പോലുമില്ലാത്തവയാണ്.

നിങ്ങളുടെ കുട്ടിയെ അറിയൂ എന്ന അധ്യായം വായിച്ചപ്പോൾ ഞാൻ ഓർത്തത് എന്റെ മകന്റെ കാര്യമാണ്. മറ്റു വിഷയങ്ങളെ പോലെ ആയിരുന്നില്ല അവന് കണക്ക്. മാർക്ക് വാങ്ങാറുണ്ടായിരുന്നെങ്കിലും അതിനോട് ഒരു ഇഷ്ടക്കുറവ് അവനു ഉണ്ടായിരുന്നു. നന്നായി വരയ്ക്കുന്ന ആളായത് കൊണ്ട്, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണമെന്ന് അവൻ പറഞ്ഞപ്പോൾ NIFT ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി)യിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്റെ ഇഷ്ട മേഖലയിൽ അവൻ പഠിക്കട്ടെ എന്ന് തീരുമാനിക്കാൻ രക്ഷകർത്താക്കളായ ഞങ്ങൾ മടിച്ചില്ല.

openday-pa-basheer

സ്വർണ മെഡലോടെ ഒന്നാം റാങ്കു വാങ്ങുകയും , രാജ്യത്തെ ഏറ്റവും നല്ല കമ്പനികളിലൊന്നിൽ (TATA ) ജോലി നേടുകയും ചെയ്തത് ഞങ്ങളെടുത്ത തീരുമാനം നൂറു ശതമാനവും ശരിയായിരുന്നു എന്ന് തെളിയിക്കുന്ന ഒന്നായിരുന്നു. പരിഹസിച്ചവരെല്ലാം പിന്നീട് അഭിനന്ദിച്ചു! മക്കളെ ഏറ്റവും നന്നായി അറിയാവുന്നവർ മാതാപിതാക്കളാണ്, അവരുടെ കഴിവുകളും, മേന്മകളും ദൗർബല്യങ്ങളുമെല്ലാം തിരിച്ചറിയാൻ കഴിയുക അച്ഛനമ്മമാർക്കാണ്, പ്രത്യേകിച്ച് അമ്മമാർക്ക് . കുട്ടിക്ക് ഏതു മേഖലയിലാണ് താൽപര്യമെന്ന് കണ്ടെത്തി മുന്നോട്ടു നയിച്ചാൽ വിജയം ഉറപ്പാണ്. നമുക്കിടയിൽ ജീവിച്ചിരുന്ന പല പ്രമുഖ വ്യക്തികളും അതിനു ഉദാഹരങ്ങളാണ്.

എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്ന പല കാര്യങ്ങൾക്കും ഏറ്റവും മികച്ച നിർദ്ദേശങ്ങൾ ഈ പുസ്തകത്തിലുണ്ട്, അത് കൊണ്ട് തന്നെ, രക്ഷകർത്താക്കളും അധ്യാപകരും, കുട്ടികളും ഓപ്പൺഡേ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്. ഗ്രന്ഥകാരൻ പി എ ബഷീറിനും, പുസ്തകം പ്രസിദ്ധീകരിച്ച ഒലിവ് ബുക്സിനും ആശംസകൾ നേരുന്നു.

https://athmaonline.in/product/openday-knowyourchild/

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here