ഗുൽമോഹർ പൂത്തു തുടങ്ങി

0
603

ഇഹ്സാനുൽ ഹഖ്

അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകളാണതിൽ നിറയെ. ജാബിർ മലയിൽ എഴുതിയ ‘വീണ്ടും പൂക്കുന്ന ഗുൽമോഹർ’ വായിച്ചിരുന്നാൽ ഒരു വേള ആയിരത്തൊന്ന് രാവുകളിലെ ഷെഹ്സാദയെ ഓർമ്മ വരും. അവളെപ്പോലെത്തന്നെ എത്ര മനോഹരമായിട്ടാണയാൾ കഥകൾ പറഞ്ഞു തരുന്നത്. ചില കഥകളൊരിളം തെന്നലായി, ചിലത് ഇടിയും മഴയുമായി, പേമാരിയായി, ഗർജ്ജനമായി, കുളിരായി, ഉഷ്ണമായി, ആശ്വാസമായി, വേദനയായി ഹൃദയത്തിലേക്ക് കടന്നു ചെല്ലും. അഭയാർത്ഥി ക്യാമ്പിലേക്ക് പറിച്ചുനട്ട മർവ്വയുടെ ഓർമ്മകൾ വായനക്കാരന്റെ മനോനുകരങ്ങളിൽ മായാതെ നില നിൽക്കും. വാർദ്ധക്യത്തിന്റെ ഇരിപ്പിടത്തിലിരിക്കുമ്പോഴും അതുല്യ പ്രണയത്തിന്റെ വീര്യം ചോരാത്ത രണ്ട് പ്രണയാത്മാക്കളോടുള്ള അസൂയ വായനക്കാരനെ വിട്ട് അത്ര പെട്ടെന്നൊന്നും പോകാൻ സാധ്യതയില്ല. അങ്ങനെയങ്ങനെ കഥ പറഞ്ഞ് വരുമ്പോൾ കഥാകൃത്ത് സ്പർശിക്കാത്ത പ്രമേയങ്ങളൊന്നും തന്നെയില്ല. പ്രണയം, വാർദ്ധക്യം, അപരത്വം, അന്യത, ബാല്യം, വഞ്ചന, സ്നേഹം തുടങ്ങി നാനാ തലങ്ങളിലും എഴുത്തുകുത്തുകൾ എത്തിയിട്ടുണ്ട്.

ജീവിതയാത്രക്കിടയിൽ പലതും നാം കാണാതെ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടെന്നു നടിക്കാതെ പോകുന്ന സത്യങ്ങളെ തന്റെ ഭാവനകൾക്ക് നൽകി മനോഹരമായ വരികളിലൂടെ ആവിഷ്കരിക്കുന്നുണ്ട് കഥാകൃത്ത്. കഥകൾ വെറും സമയം കൊല്ലികളോ ആസ്വാദനോപാധികളോ അല്ല. ആഴത്തിൽ ചിന്തിക്കാനുള്ള അനേകം വിത്തുകൾകൂടി അതിനകത്ത് നിക്ഷേപിക്കപ്പെടുന്നുണ്ട്! കേവലം ഒരു വായന എന്നതിനപ്പുറം പലപ്പോഴും ശാന്തസുന്ദരമായൊരു ദൃശ്യാവിഷ്ക്കാരമായാണ് വായനക്കാരന് അനുഭവപ്പെടുന്നത്.

കൺമുന്നിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. അതിൽ ഒരിക്കലും തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകളുണ്ട്, ഒരേ സമയം മനുഷ്യജീവിതത്തിലെ സന്തോഷങ്ങളുടെ ചിരിവസന്തവും വേദനകളുടെ വേലിയേറ്റവും പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ പ്രതീക്ഷകളും വേർപ്പാടിന്റെ കയ്പ്പുനീരും പ്രകൃതി ഭംഗിയുടെ ഊഷ്മളതയുമുണ്ട്. മുപ്പത്തിരണ്ടോളം കഥകളെ കോർത്തിണക്കിയ ‘വീണ്ടും പൂക്കുന്ന ഗുൽമോഹർ’ എന്ന സമാഹാരത്തിലൂടെ ജാബിർ തന്റെ ആർദ്രമായ ശൈലികൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടെന്നതിന് സാക്ഷികളായി വായനാനുഭവം പങ്കുവെക്കുന്നവർ മാത്രം മതിയാകും. എല്ലാ കഥകളും മികവുറ്റതാകുമ്പോഴാണ് ഏതിനെക്കുറിച്ച് പറയും എന്ന് വായനക്കാരൻ ആശങ്കപ്പെടുന്നത്. കഥകളെ തീരെ പരാമർശിക്കാതെ ഈ എഴുത്തിനെ പൂർണമാക്കാൻ കഴിയാതെ വരുന്നതു കൊണ്ട് ചില കഥകളിലേക്ക് ഒരെത്തിനോട്ടം നടത്തുന്നു.

‘തീയെടുക്കുന്ന കനവുകൾ’ എന്ന ആദ്യ കഥ സമകാലീനമായ അഫ്ഗാനിലെ ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. ഭീതിതമായ യുദ്ധക്കെടുതിയില്‍ ഇരുന്ന് പഴയ കാല കാബുളിനെ കുറിച്ചോർക്കുന്ന അഫ്ഗാൻ പെൺകുട്ടി, അഥവാ കഥയിലെ മർവ്വമോൾ. വായന കഴിഞ്ഞാലും കാതുകളിൽ വെടിയുണ്ടകളുടേയും പട്ടാള ബൂട്ട്സുകളുടെയും കൂടെ മരിക്കാത്ത സ്നേഹത്തിന്റേയും ശബ്ദം മുഴക്കി കൊണ്ടിരിക്കുന്നു.

യുദ്ധങ്ങൾ മനുഷ്യകുലത്തിന് എന്താണ് നേടികൊടുത്തത് ? ഗൃഹ നിഷ്ക്കാസിതരാക്കപ്പെടുകയും നാടുകടത്തപെടുകയും ചെയ്യേണ്ടി വന്ന ശതകോടിമനുഷ്യരുടെ കണ്ണീരുമാത്രം!

വർണ്ണവിവേചനത്തിന്റെ കഥ പറയുന്ന ‘ആരുമറിയാതെ പോകുന്നവർ’ എന്ന പ്രസക്തമായ കഥ കരളലിയിപ്പിക്കും.

പ്രകൃതിയിലേക്കൊരു തിരിച്ചു പോക്കിനു നമ്മെ പ്രേരിപ്പിക്കുന്ന ‘കാനന രാത്രി’ എന്ന കഥ വന സൗന്ദര്യത്തിന്റെ വശ്യമായൊരു ദൃശ്യാനുഭവമായാണ് നമുക്ക് അനുഭവപ്പെടുക. നാവിലിപ്പോഴും തക്കാളി ചമ്മന്തിയുടെയും കുറിയരിക്കഞ്ഞിയുടെയും രുചി മാറാത്ത പോലെ!

പ്രണയിച്ചു വിവാഹം കഴിച്ചയാളുടെ പെടാപാടിനെ പറ്റി പറയുന്ന ‘പ്രണയശേഷം’ ചിരിയിലൂടെ ചിന്തിപ്പിക്കുമ്പോൾ ‘ജരാനരകൾ’ എന്ന കഥ വാർദ്ധക്യത്തിൽ പരസ്പരം കണ്ടുമുട്ടുന്ന കമിതാക്കളുടെ കഥയാണ് പറയുന്നത്!

മുമ്പ് സൂചിപ്പിച്ച തൊലി നിറം കറുത്തതിന്റെ പേരിൽ വിവാഹ കമ്പോളത്തിൽ മൂല്യമില്ലാതായിപ്പോയ സുഹറയുടെ കഥ കണ്ണു നനയാതെ വായിച്ചവസാനിപ്പിക്കുക എന്നത് വായനക്കാർക്ക് കഴിയാതെ വരുമ്പോൾ തന്നെ പുസ്തകത്തിന്റെ പേരിലുള്ള ‘വീണ്ടും പൂക്കുന്ന ഗുൽമോഹർ’  കോളേജ് പ്രൊഫസറുടെ കഠിനമായ ഹൃദയം പ്രണയത്തിന്റെ പ്രലോഭനം കൊണ്ട് മാറ്റിയെടുക്കുന്ന വിദ്യാര്‍ഥിനിയുടെ കഥയാണ്!

തുമ്പപ്പൂവിന്റെ നൈർമല്യമുള്ള ശീതൾ, ലഹരിയുടെ കാണാക്കയത്തിലേക്ക് ജീവിതമെറിഞ്ഞു കൊടുത്ത കണ്ണൻ, ബാല്യകാലസഖി ഫർസാന, ബാല്യം വിട്ടകലുന്നതിനു മുമ്പ് മാറരോഗത്തിൽപ്പെട്ട അജ്മൽ തുടങ്ങി ഗ്രാമീണ പശ്ചാതലങ്ങളിലൂടെ ഒരു റിയലിസ്റ്റ് ചിത്രക്കാരനേപ്പോലെ ജാബിർ വരച്ചിടുന്ന ഓരോ കഥാപാത്രങ്ങളും ഗ്യഹാതുരത്വമെന്നോ നൊസ്റ്റാൾജിയ എന്നോ പേരിട്ട് വിളിക്കാവുന്ന ഒരു മാനസികാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. കേരള മതേതര സാഹചര്യങ്ങളോട് നീതി പുലർത്തിക്കൊണ്ടാണ് ഓരോ താളുകളും മറിയുന്നത്. ഒരു കഥയിലെ കഥാപരിസരം പള്ളിയും പള്ളിക്കുളവുമൊക്കെയാണെങ്കിൽ തൊട്ടടുത്ത കഥ പറഞ്ഞു തുടങ്ങുന്നത് അമ്പലവും അമ്പലക്കുളവുമൊക്കെയായാണ്. വായനയുടെ ആദ്യപടി ചവിട്ടുന്നവനും കഥകളുടെ മാനിഫെസ്റ്റോകൾ രൂപീകരിക്കുന്ന അഡാർ വായനക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന രചനാരീതിയാണിതിന് ഉപയോഗിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ ജനിച്ച ജാബിർ വർഷങ്ങളായി കഥകളുടെ ലോകത്താണ് ജീവിക്കുന്നത്. ബാലസാഹിത്യവും മുഖ്യധാരാ സാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന കഥാകൃത്തിന്റെ രണ്ടാമത്തെ പുസ്തകമാണ് വീണ്ടും പൂക്കുന്ന ഗുൽമോഹർ.

LEAVE A REPLY

Please enter your comment!
Please enter your name here