പ്രാണന്റെ ‘പച്ച’ തേടുന്ന ഹെര്‍ബേറിയം

1
2187

പോൾ സെബാസ്റ്റ്യൻ

ആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ കൊടുത്തു നേർപ്പിക്കുന്ന വൃക്ഷലതാദികൾ അന്യവത്കരണത്തിന്റെ ഭീഷണി നേരിടുന്നു. ഒട്ടേറെ ചെടികൾ അന്യം നിന്ന് കഴിഞ്ഞു. നാശം കാത്തു നിൽക്കുന്ന ഒരു സസ്യ വിഭാഗത്തിന്റെ അവസാനത്തെ ചെടി….. അതിനെ നമുക്ക് സംരക്ഷിക്കാനാകുമോ? അല്ലെങ്കിൽ, ഉണങ്ങിയ സസ്യങ്ങളെ സൂക്ഷിക്കുന്ന ഹെർബേറിയത്തിന്റെ താളുകളിൽ അവ ഓർമ്മ വിശ്രമം കൊള്ളുമോ? ആധുനികതയുടെ മുന്നേറ്റത്തിലും ജൈവിക ലോകത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് 2016 ലെ ഡി സി സാഹിത്യ പുരസ്കാരം നേടിയ സോണിയ റഫീഖിന്റെ ഹെർബേറിയം എന്ന നോവൽ നമ്മോട് പറയുന്നത്.

വിശാലമായ വീട്ടുപറമ്പിലെ ജൈവികതയിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന ഫാത്തിമയുടെ മനസ്സ് വിവാഹ ശേഷം ദുബായിലേക്ക് ചേക്കേറിയപ്പോഴും ആ ജൈവികതയെ കൂടെ കൊണ്ട് പോകാൻ ശ്രദ്ധിച്ചിരുന്നു. വീട്ടുപറമ്പിലെ കാവിനെ പത്തടി വീതിയുള്ള ബാൽക്കണിയിൽ പുനർജ്ജനിപ്പിക്കാൻ പരിശ്രമിക്കുകയാണ് ഫാത്തിമ. കെ എഫ് സി യും കമ്പ്യൂട്ടർ ഗെയിമുകളും ഒക്കെയായി അവളുടെ മകൻ ടിപ്പു ആ പച്ചപ്പിന്റെ ലോകത്തുനിന്ന് അകന്ന് നിന്നു. മുഴുവൻ സ്വാതന്ത്ര്യത്തോടെയും അവൻ വളരണമെന്നാഗ്രഹിച്ച ഫാത്തിമ അവനെ ആ ലോകത്തേക്കാകർഷിച്ചെങ്കിലും അവന് അതിലൊന്നും ഒട്ടും താല്പര്യം തോന്നിയിരുന്നില്ല.

മരുഭൂമിയിലേക്കുള്ള യാത്രക്കിടെ ഉമ്മടു എന്ന് താൻ വിളിക്കുന്ന തന്റെ ഉമ്മ നഷ്ടപ്പെട്ടപ്പോളും ടിപ്പുവിന് തന്റെ ഉമ്മടുവിനെ വീണ്ടും കാണാനാകും എന്ന് തന്നെ പ്രതീക്ഷയുണ്ടായിരുന്നു. നാട്ടിലേക്ക് പറിച്ചു നടപ്പെട്ട ടിപ്പു, ഉമ്മടു വളർന്ന പരിസരങ്ങളിലൂടെ ആ ജൈവ പ്രപഞ്ചത്തെ തൊട്ടറിയുന്നു. ചെറിയ രീതിയിൽ പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്ന കാർഷിക കോളേജിലെ അധ്യാപകനായിരുന്ന വിനീതിന്റെ മകൾ അമ്മാളുവുമായാണ് അവനിപ്പോൾ കൂട്ട്. തന്റെ ഉമ്മടുവിന്റെ കൂട്ടുകാരനായിരുന്ന അങ്കു ആമയുമായി തങ്കയമ്മ എന്ന വയോവൃദ്ധ വന്നപ്പോൾ മുതൽ അങ്കു ആമയും അവരുടെ കൂട്ടത്തിൽ കൂടി. കമ്പ്യൂട്ടർ ലോകത്തെ ആസ്വാദനങ്ങളെല്ലാം ജൈവീകലോകത്തും പുനർജനിപ്പിക്കുന്നതിൽ ടിപ്പുവും അമ്മാളുവും വിജയിക്കുന്നു.

വിനീതിന്റെ ഹെർബേറിയത്തിലുള്ള നൂറു സസ്യജാലങ്ങളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ആദ്യം അറുപത്തിയഞ്ചു സസ്യങ്ങൾ മാത്രമേ അവർക്ക് കണ്ടു പിടിക്കാനായുള്ളൂ. ബാക്കിയുള്ള 35 സസ്യങ്ങളെ കണ്ടു പിടിക്കാനായി ടിപ്പുവും അമ്മാളുവും തമ്മിൽ നടത്തിയ മത്സരത്തിൽ ഇരുപത്തിയഞ്ചെണ്ണം കൂടെ അവർക്ക് കണ്ടു പിടിക്കാനായി. “ഹെർബാറഷ്’ എന്ന ആ മത്സരത്തിൽ ടിപ്പു ജയിച്ചു, അമ്മാളു തോറ്റു. പക്ഷെ, അവർക്ക് രണ്ടു പേർക്കും കണ്ടെത്താനാവാത്ത ആ പത്തു സസ്യങ്ങളുടെ വിഷയത്തിൽ ലോകമാസകലം തോറ്റു പോയി.” ഒടുവിലിതാ…ആ കാവ് തന്നെ ഇല്ലാതാവാൻ പോവുകയാണ്. ഒരു അമ്യൂസ്‌മെന്റ് പാർക്കിന് പദ്ധതിയിട്ടു കഴിഞ്ഞു.

“ജനിച്ചു വളർന്നീട്ടെന്തു കാര്യം? അവിടെ നിങ്ങളറിയാത്ത ഒരു ലോകമുണ്ട്. സൂക്ഷ്മദര്‍ശിനിയുടെയൊന്നും സഹായമില്ലാതെ തന്നെ കാണാനാവുന്നൊരു ലോകം. കണ്ണ് തന്നെ വേണമെന്നില്ല അത് കാണുവാൻ… മനസ്സൊന്നു ഭംഗിയായി തുറന്നു വെച്ചാൽ മതി.” ഈ മനസ്സ് വായനക്കാരിൽ സൃഷ്ടിക്കാനാണ് സോണിയ റഫീഖ് തന്റെ പ്രഥമ നോവലിൽ പരിശ്രമിക്കുന്നത്.

ആദ്യവരി മുതൽ അവസാന വരി വരെ അനായാസമായി വായിച്ചു പോകാവുന്ന വിധത്തിൽ ലളിത സുന്ദരമായ എഴുത്താണ് ഹെർബേറിയത്തിന്റെ പ്രത്യേകത. കുട്ടികൾ കൂടെ ഈ പുസ്തകം വായിക്കണം എന്ന ഉദ്ദേശ്യം എഴുത്തുകാരിക്കുണ്ടായിരുന്നു എന്നത് വ്യക്തമാണ്. അതങ്ങനെയായിരിക്കെത്തന്നെ മുതിർന്നവരാണ് ഇത് കൂടുതൽ വായിച്ചാസ്വദിക്കുക എന്നത് ഈ രചനയുടെ മികവിനെയാണ് എടുത്തു കാണിക്കുന്നത്.

നോവലിന്റെ ആദ്യ പകുതിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഫാത്തിമയുടെ കുറിപ്പുകൾ എഴുത്തിന്റെ ഭംഗി കൊണ്ടും പറയുന്ന കാര്യങ്ങളുടെ ആഴം കൊണ്ടും നമ്മെ ആനന്ദിപ്പിക്കുക മാത്രമല്ല, അതിശയിപ്പിക്കുക കൂടി ചെയ്യും. ആദ്യ അധ്യായത്തിലൂടെ തന്നെ വായനക്കാരുടെ മനസ്സിൽ കയറിപ്പറ്റിയ ഫാത്തിമയെ അകാലത്തിൽ അപ്രത്യക്ഷമാക്കിയതിൽ എഴുത്തുകാരിയോട് വായനക്കാർക്ക് തോന്നുന്ന ദേഷ്യം ഫാത്തിമയുടെ കുറിപ്പുകൾ പകുതിയിൽ വെച്ച് നിറുത്തിയപ്പോഴും തോന്നുന്നുണ്ടെങ്കിൽ നമുക്കതിനവരെ കുറ്റം പറയാനാവില്ല.

ഫാത്തിമയുടെ കുറിപ്പുകളിൽ നിന്നുള്ള ഒരു ഉദാഹരണം നോക്കുക:

“ലോകത്ത് എത്രയിനം കിളികളും മൃഗങ്ങളും പ്രാണികളുമുണ്ടോ അത്ര തന്നെ ഭാഷകളുമുണ്ട്. സസ്യഭാഷ നമുക്ക് അറിയില്ലെന്ന് കരുതി അവർക്ക് ഭാഷയില്ലെന്ന് പറയാനാവില്ലല്ലോ. വളരെ ദൃഢമായ ലിപികൾ അവർക്കുമുണ്ട്. മഴ പെയ്യുമ്പോൾ കിളിർക്കുവാനും വെയിലണയുമ്പോൾ വാടുവാനും പോന്ന ഭാഷ. സസ്യങ്ങൾ സംവിധാനം നടത്തുന്നത് സസ്യഭാഷയിലല്ലെന്ന് ആർക്കെങ്കിലും പറയാനാവുമോ? എത്ര വ്യക്തതയോടെയാണ് അത് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ആശാരിമാർ ഉണ്ടായത് എങ്ങനെയാണ്? ആദ്യമായി തടി കൊത്തി വീടുണ്ടാക്കി പഠിപ്പിച്ചത് മരംകൊത്തികളാണ്. ആ ഭാഷ മനുഷ്യൻ തുടർന്നു പോകുന്നുവെന്നേയുള്ളൂ. സംഗീതം പഠിപ്പിച്ചതും കിളികളല്ലാതെ മറ്റാരാണ്?”

ഇത് പോലെ നിരവധി കുറിപ്പുകൾ നോവലിലുണ്ട്.

ഹെർബേറിയമെന്ന നോവലിലെ സസ്യങ്ങളും ജീവികളുമെല്ലാം സചേതനവും മനുഷ്യരുടെ പ്രവൃത്തികളോട് പ്രതികരിക്കുന്നവയുമാണ്. ഒരു പ്രധാന കഥാപാത്രമായ അങ്കു ആമ മാത്രമല്ല, കൗതുകത്തോടെ ടിപ്പുവിനെ നോക്കിക്കാണുന്ന പല്ലിയെയും കയറ്റു സേവ ഇഷ്ടപ്പെടുന്ന സസ്യങ്ങളെയും നാമിതിൽ കാണും. അങ്കു ആമ നോവലിന്റെ പകുതിയിൽ മാത്രമാണ് രംഗപ്രവേശം ചെയ്യുന്നതെങ്കിലും നോവൽ അവസാനിക്കുമ്പോഴേക്കും അത് കേന്ദ്ര കഥാപാത്രമാവുന്നുണ്ട്.

“ഫാത്തിമ നല്ല ചുറുചുറുക്കുള്ളൊരു പെണ്ണ്. കണ്ണടച്ച് ഉള്ളിലേക്ക് നോക്കിയാൽ വെളിച്ചം മാത്രം കാണുന്നവൾ.” കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളിലേക്കല്ല, സ്വഭാവ സവിശേഷതകൾക്കാണ് സോണിയ പ്രാധാന്യം നൽകുന്നത്. ആദ്യ പേജിൽ തന്നെ വായനക്കാരുടെ മനസ്സിൽ കയറിക്കൂടുന്ന ടിപ്പുവിന്റെ ഉമ്മടു വായന കഴിഞ്ഞാലും വായനക്കാരോടൊപ്പമുണ്ടാവും. കഥാ സന്ദർഭങ്ങളെ കഥാപാത്രങ്ങളുടെ കരുത്തു വിളിച്ചു പറയാനും അവരുടെ മനോവ്യാപാരങ്ങളെ വായനക്കാരിലേക്കെത്തിക്കുവാനും സമർത്ഥമായി ഉപയോഗിക്കാനും സോണിയക്കാവുന്നുണ്ട്. “ഫാത്തിമ നടന്നു നടന്ന് തടാകത്തിനരികിലെത്തി. അവിടെ ശബ്ദമുണ്ട്. ചലനമുണ്ട്. രക്തവും നീരും മണക്കുന്നുണ്ട്. കാവിനുള്ളിലെ കൂറ്റൻ മരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് മലർന്നു നോക്കുമ്പോൾ കാണുന്ന ആകാശം. കരിയിലകൾക്കിടയിൽ ഒളിച്ചു കിടക്കുന്ന കറുത്ത മണ്ണ്. കണ്ണടച്ച് കൈകൾ വിടർത്തിയാൽ നെഞ്ചോടടുക്കുന്ന പ്രപഞ്ചം. ഫാത്തിമയുടെ ശരീരത്തിൽ കാവു വന്നു നിറയുന്നത് പോലെ…” ഫാത്തിമയെന്ന പ്രധാന കഥാപാത്രത്തെ കാവിലേക്കും അവിടെ നിന്ന് പ്രപഞ്ചം തന്നെയുമായി മാറ്റി പ്രതിഷ്ഠിക്കുകയാണ് എഴുത്തുകാരി. ഈ അമ്മയെത്തേടിയാണ് ടിപ്പുവിന്റെ അന്വേഷണം. ടിപ്പുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ഫ്ളാറ്റിൽ, “സൂക്ഷ്മദർശിനിക്കുള്ളിലൂടെ സസൂക്ഷ്മം നോക്കിയിരുന്ന് ലോകത്തിന്റെ നിഗൂഢതകൾ കണ്ടെത്തുന്ന ശാസ്ത്രജ്ഞനെപ്പോലെയാണ് അവനും അവന്റെ സുഹൃത്തുക്കളും” എന്ന് പറഞ്ഞാണ്. ഫ്ളാറ്റിലെ കുട്ടിയുടെ ഏകാന്തതയെയാണ് എഴുത്തുകാരി വരച്ചു കാണിക്കുന്നത്. കൂട്ടുകാർ എന്നത് ഉപകരണങ്ങളാവുമ്പോൾ പ്രത്യേകിച്ചും. ആ കുട്ടി നാട്ടിലെത്തിയപ്പോളുള്ള അവസ്ഥ വായിക്കുക. “കിടപ്പു മുറിയിലെ രണ്ടു ചുവരുകൾ തമ്മിലുള്ള അകലം അവനെ ഭയപ്പെടുത്തി. ഇടുങ്ങിയ ചുവരുകൾ നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ നിന്നും വിശാലമായൊരു പരപ്പിലേക്ക് മാറ്റപ്പെട്ടപ്പോൾ അവനാകെ ഒറ്റപ്പെട്ടതു പോലെ. ഈ നാലു ചുവരുകളും ഇങ്ങടുത്തു വന്ന് അവനെ പരമാവധി ഇടുക്കിയെങ്കിൽ എന്നാശിച്ചു പോയി” ഇങ്ങനെ, കഥാപാത്ര സ്വഭാവ വിശേഷങ്ങളിലേക്ക് വിരൽ ചൂണ്ടിയുള്ള നല്ല എഴുത്താണ് ഹെർബേറിയത്തിലുള്ളത്. കേരളത്തിലെ കമ്മ്യൂണിസത്തിന്റെയോ, ദളിത് മുന്നേറ്റങ്ങളുടെയോ പ്രതിനിധിയെന്ന് നോവലിസ്റ്റ് ഉദ്ദേശിച്ചിരിക്കാനിടയുള്ള തങ്കയമ്മ എന്ന കഥാപാത്രസൃഷ്ടിയും സവിശേഷമാണ്. “പുല്ലുചെത്തിക്കൊണ്ടിരിക്കുന്ന അരിവാളു കൊണ്ട് അവർ പെരുമ്പാമ്പിന്‍റെ വായുടെ അരികുകൾ കീറി. അവിടെ നിന്ന് താഴേക്കൊരു പൊന്തൽ വച്ചു കൊടുത്തു. ആകെയുണ്ടായിരുന്ന ആയുധം അവർ വിദഗ്ദമായി ഉപയോഗിക്കുക തന്നെ ചെയ്തു”. പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും അരിവാളുമായി ഉയർന്നു വരുന്ന തങ്കയമ്മയുടെ ചിത്രം ടിപ്പുവിന്റെ മാത്രമല്ല, വായനക്കാരുടെ മനസ്സിലും പതിഞ്ഞു കിടക്കും. “ആ അരിവാളിന്റെ പിടി വിട്ടു പോയി. അത് കുടിയിലെവിടെയെങ്കിലും കാണും” എന്ന് എഴുതുമ്പോൾ അത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള ഒരു വിരൽ ചൂണ്ടൽ കൂടിയാവുന്നുണ്ട്.

പിന്നീട് വയോവൃദ്ധയായ തങ്കയമ്മ അങ്കു ആമയുമായി വരുന്ന ചിത്രത്തെ എഴുത്തുകാരി അവതരിപ്പിക്കുന്നത്, “വലിയൊരു ‘റ’ യോടൊപ്പം ഒരു കുഞ്ഞു ‘റ’. വലിയ ‘റ’ ചെറിയ ‘റ’യെ കെട്ടി വലിച്ചു കൊണ്ടാണ് വരുന്നത്” എന്ന് പറഞ്ഞാണ്. ഫാത്തിമയുടെ ഭർത്താവ്, ആസിഫിനെ മാത്രമാണ് അപൂർണ്ണമായ ഒരു കഥാപാത്രമായി തോന്നിയത്. മറ്റെല്ലാ കഥാപാത്രങ്ങളും മിഴിവും തെളിവുമുള്ളവയാണ്. ആസിഫിനെ നന്നായി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും ഫാത്തിമയുടെ കുറിപ്പുകൾ അപ്രത്യക്ഷമായിടത്തു നിന്ന് ആസിഫിനും പ്രാധാന്യം നഷ്ടപ്പെട്ടതായി തോന്നി.

ഒഴുക്കുള്ള, കവിത തുളുമ്പുന്ന ഭാഷയാണ് സോണിയ റഫീഖിന്റേത്. ഒരു ഭാഗം നോക്കുക. “ഫാത്തിമ നോക്കിയപ്പോൾ ഈ ഒരു തടാകം കൂടാതെ അങ്ങ് ദൂരെ മണൽക്കൂനകൾക്കിടയിലെല്ലാം ചെറിയ വട്ടങ്ങളായി ചെറിയ കുളങ്ങളും കാണുന്നു. സ്വർഗ്ഗത്തിൽ നിന്നും ഭ്രഷ്ടയാക്കപ്പെട്ടൊരു മാലാഖയുടെ കണ്ണുകളിൽ നിന്നും അറിയാതെ ഇറ്റു പോയ അഞ്ചാറു തുള്ളി കണ്ണുനീർ പോലെ അവ മരുഭൂമിയിൽ തളം കെട്ടിക്കിടന്നു”.

നോവലെഴുത്തിന് ചിത്രകലയോട് കൂടുതൽ സാമ്യമുണ്ട് എന്ന് നോവലിസ്റ്റിന്റെ കല എന്ന പുസ്തകത്തിൽ ഓർഹൻ പാമുഖ് രേഖപ്പെടുത്തുന്നു. സോണിയ റഫീഖ് ഹെർബേറിയത്തിൽ കുറെ നല്ല ചിത്രങ്ങൾ വരച്ചിടുന്നുണ്ട്. വാക്കുകളാൽ ചിത്രമെഴുതുന്ന വിദ്യ ഈ കഥാകാരിക്ക് സ്വന്തം.

“ആ പല്ലിയുടെ കാലുകൾക്ക് ടിപ്പുവിന്റേതിനേക്കാൾ വേഗതയുണ്ട്. കണ്ണുകൾക്ക് മൂർച്ചയും. മുൻകാലുകളിൽ പൊങ്ങി നിന്ന് തല പൊക്കിയാണവൻ ടിപ്പുവിനെ നോക്കുന്നത്. വീട്ടിൽ വന്ന അതിഥിയെ നോക്കുന്ന നോട്ടം ഇതല്ല. ശത്രുവിന്റെ മുഖത്തേക്കുള്ള നോട്ടവുമല്ല. ഒരു സൗഹൃദത്തിനുള്ള അന്വേഷണവുമല്ല. അനുകമ്പയും ആർദ്രതയും ഇല്ലേയില്ല. പക്ഷേ, ആ നോട്ടത്തിൽ കൗതുകമുണ്ട്. കൗതുകം മാത്രമുണ്ട്”. ആ ഡിനോസർ പല്ലിയെ പേടിച്ച് ടിപ്പു ചായ്പിന്റെ ഒഴിഞ്ഞ കോണിലേക്ക് ഒട്ടിയിരുന്നു. അവന്റെ കൈയും കാലും മരവിച്ചു. നാവും വിറങ്ങലിച്ചിരുന്നിരിക്കണം. ഒരു വട്ടം അവൻ കാലൊന്നനക്കിയപ്പോൾ പല്ലിയും ഇളകി. അവന്റെ കൺചിമ്മലിന് പോലും പല്ലി കണക്കു വെക്കുന്നുണ്ട്”. കാണുക! ചിന്തയും വികാരങ്ങളും ചാലിച്ച ജീവനുള്ള ചിത്രങ്ങൾ വരയ്ക്കുന്ന ചിത്രകാരിയെ.

“തെരുവിൽ നഗ്നമാക്കപ്പെട്ട മനുഷ്യശരീരത്തിന്റെ അവഹേളനമാണ് മരക്കുറ്റി അനുഭവിക്കുന്നത്. അനാവൃതമാക്കപ്പെട്ട വാർഷിക വളയങ്ങളിലൂടെ ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചതിന്റെ വേദനകൾ അവ തുറന്നു വെക്കുന്നു”. കവിതയും ചിത്രവും ചിന്തയും ഒത്തു ചേർന്ന രചനാ വൈഭവമാണ് നമുക്കു കാണാൻ സാധിക്കുന്നത്.

കാവിനുള്ളിൽ തൊട്ടാവാടി ചെടികളെ തൊട്ടുകളിക്കുന്ന ടിപ്പുവിന്റെയും അമ്മാളുവിന്റെയും ചിത്രത്തിലെ തൊട്ടാവാടിയെ ഒരു ബിംബമാക്കി മാറ്റുന്നതുപോലുള്ള മിടുക്കാണ് എഴുത്തിനെ ഉന്നതമാക്കുന്നത്. ഗ്രേഡ് കുറഞ്ഞതിനാൽ ഓപ്പൺ ഹൗസിന്റെ തലേ ദിവസം ബാല്‍ക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന ഗോവക്കാരൻ കുട്ടിയുടെ ദാരുണ ചിത്രത്തെ വരച്ച് നമ്മെ സ്തബ്ധരാക്കിയ ശേഷം നോവലിസ്റ്റ് ചോദിക്കുന്നു. “എന്താ കുട്ടികൾ ഇങ്ങനെ തൊട്ടാവാടികൾ ആയിപ്പോകുന്നത്?”

കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് പ്ലാന്റ് പാത്തോളജിയിൽ ബിരുദാനന്തര ബിരുദം നേടി കൃഷി ഓഫീസറായിരുന്ന എഴുത്തുകാരി സസ്യജീവിതത്തിന്റെ ശാസ്ത്രീയതയിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത് വിഷയത്തിന്റെ ആധികാരികതക്ക് സഹായിക്കുന്നുണ്ട്.

നോവലിന്റെ അവസാനം പക്ഷെ, പ്രായോഗിക പാഠങ്ങളിലേക്കും നിർദ്ദേശങ്ങളിലേക്കും കടന്നത് കുറച്ചു സമയത്തേക്കെങ്കിലും നോവലിനെ ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ നിന്ന് ഒരു പ്രചാരണ മാധ്യമമായി മാറ്റുന്നുണ്ട്. സദുദ്ദേശത്തോട് കൂടിയ ഈ ഉൾപ്പെടുത്തൽ ഒരു പക്ഷെ മനഃപൂർവ്വമാവാനും മതി. കൂടാതെ, സസ്യജാലങ്ങൾ കേന്ദ്രീകൃതമായി പറഞ്ഞു വന്ന കഥ ഏറ്റവുമൊടുവിൽ അല്പം ജന്തു കേന്ദ്രീകൃതമായത് നഷ്ടപ്പെടുന്ന ചെടികൾ എന്ന വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റുവാൻ കാരണമായോ എന്ന് ഞാൻ സംശയിക്കുന്നു. ഇംഗ്ലീഷിൽ ചേർത്ത ചില കവിതകൾ വിവർത്തനം ചെയ്തു ചേർക്കാമായിരുന്നു എന്നും തോന്നി.

എങ്കിലും ഇതൊന്നും തന്നെ നോവലിന്റെ നിലവാരത്തെ കാര്യമായി താഴ്ത്തുന്നില്ല. മലയാള നോവലിന്റെ പുത്തൻ പ്രതീക്ഷയാണ് താനെന്ന് ഹെർബേറിയത്തിലൂടെ സോണിയ റഫീഖ് ഉറപ്പിച്ചു പറയുന്നുണ്ട്. ഭാഷാ ഭംഗിയും, കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ നന്മയും, കഥാപാത്ര സൃഷ്ടിയിലും കഥാ സന്ദർഭ നിർമ്മിതിയിലെ മിടുക്കും വിവിധ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതിൽ പ്രാവീണ്യവും ഈ നോവലിനെ മികവുറ്റതാക്കുന്നു.

“എന്റെ വിപ്ലവം ഈ ബാൽക്കണിയിൽ കെട്ടിക്കിടക്കുന്നു. അതിനപ്പുറമൊരു വളർച്ച അതിനുണ്ടാവണമെങ്കിൽ അതെന്റെ ടിപ്പുവിലൂടെയായിരിക്കും. അവന്റെ വരികൾക്ക് ജീവൻ വെക്കണം. അവൻ വരയ്ക്കാനിരിക്കുന്ന പച്ചിലകളുടെ നാഡികളിൽ എന്റെ വിപ്ലവം തുടിച്ചു തുടങ്ങും” എന്ന ഫാത്തിമയുടെ കുറിപ്പ് പ്രവാസി മനസ്സുകളെ മാത്രമല്ല, നാട്ടിൽ ജനലിനപ്പുറമുള്ള പച്ചപ്പിലേക്കു പോലും മനസ്സു തുറക്കാത്തവരെയും തൊട്ടുണർത്തും.

മണമറ്റ മണ്ണിന്,
മരിച്ച മരങ്ങൾക്ക്,
ആഴത്തിലാഴ്ന്ന പുഴകൾക്ക്,
ഏതേതിനെയും
പുനര്‍ജീവിപ്പിക്കാൻ കെല്പുള്ള
ദൈവഭാവനയുടെ കുട്ടികൾക്ക് –

സമർപ്പിച്ചിരിക്കുന്ന ഹെർബേറിയം എന്ന ഈ നോവൽ എഴുത്തുകാരി സോണിയ റഫീഖിന്റെ നല്ല നാളേക്കുള്ള കരുതലോടു കൂടിയ പ്രതീക്ഷയാണ്.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here