കവിത പൂക്കുന്ന വഴിയിലൂടെ

0
780

ജ്യോതി അനൂപ്

2017 ലെ അരൂർ പത്മനാഭൻ സ്മാരക കവിതാ പുരസ്ക്കാരം നേടിയ കൃതി. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരിയുടെ കവിതാ സമാഹാരം ‘ഒറ്റയ്ക്കൊരു പെൺകുട്ടി’ പേരുപോലെ തന്നെ ശ്രദ്ധേയമാകുന്നു. അതിജീവനത്തിന്റെ പ്രത്യാശയുടെ ഇത്തിരിവെട്ടം പൊഴിക്കുന്ന മിന്നാമിനുങ്ങുകളാണ് ബിജു ടി.ആർ-ന്റെ കവിതകൾ. കവി ഒരേ സമയം തത്ത്വചിന്തകനും ദാർശനികനും പ്രണയോപാസകനുമായി മാറുന്നു. സത്യം വിളിച്ചോതുന്ന കവിതകൾ വായനക്കാരെ ഒരിക്കലും സന്ദേഹിയായ് പെരുവഴിയിൽ നിർത്തുന്നില്ല. യഥാർത്ഥ്യത്തെ ഋജുവായ ഭാഷയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു, ബോധ്യപ്പെടുത്തുന്നു. വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് ബിജുവിന്റെ കവിതകൾ ഒരിക്കലും മുഖം തിരിച്ചു നില്കുന്നില്ല. അവ എല്ലാറ്റിനോടും സംവദിക്കുന്നു ചിലപ്പോൾ കലഹിക്കുന്നു. വരികളിലൂടെ സഞ്ചരിക്കുമ്പോൾ കവിയുടെ ഉള്ളുരുക്കം വായനക്കാരിലേക്കും പടരുന്നു. ഗൃഹാതുരത്വം പേറുന്ന കവിതകളുണ്ട് എന്നാൽ നഷ്ട പ്രണയം തികട്ടി തികട്ടി വരുന്നവയാണേറെയും. എല്ലാറ്റിലും മഴയായ് പെയ്യുന്നത് പ്രണയം തന്നെ!

ഓരോ പെൺകുട്ടിക്കുമറിയാം ഇരുട്ടിൽ ഒറ്റയ്ക്കു നടന്നു പോകുമ്പോൾ ഉള്ളം കിടുങ്ങും. ഒരു വിറയൽ ഓരോ ചുവടിലും കാൽവിരലിലൂടിരച്ചു കയറും, ഒറ്റയ്ക്കെങ്ങോട്ടു പോകുന്നുവെന്ന ചോദ്യത്തിനു മുമ്പില്‍ സ്വയം കുറ്റവാളിയാക്കപ്പെടും. എന്നാൽ ഇരുളിൽ തനിച്ചു പോകുന്ന ഒരു പെൺ മനത്തെ ഇത്രമേൽ സുതാര്യമായ് വായിക്കപ്പെട്ടതെങ്ങനെ? എഴുതപ്പെട്ടതെങ്ങനെ? കവിയുടെ നിരീക്ഷണം ഓരോ വരിയിലും അത്ഭുതാവഹമായ് തങ്ങി നില്ക്കുന്നു .അത്രമേൽ സ്നേഹം ആർദ്രത സഹാനുഭൂതി നിറഞ്ഞു നില്ക്കുന്നതിനാലാവാം അവളുടെ യാത്രയിലുടനീളമുള്ള കല്പനകൾ അന്യാദൃശമായി വരികളിൽ ഇണങ്ങിച്ചേർന്നു നില്ക്കുന്നത് .

പ്രകൃതി വരദാനമായ് തന്നതെല്ലാം മനുഷ്യന്റെ ദുരയും അത്യാഗ്രഹവും കച്ചവടക്കണ്ണും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ‘വെള്ളം’ എന്ന കവിതയിൽ പ്രകൃതിയെക്കുറിച്ചുള്ള കവിയുടെ അന്തമില്ലാത്ത ആശങ്ക പങ്കുവെയ്ക്കുന്നു. ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിനു വേണ്ടിയാവും എന്നുള്ള മുന്നറിയിപ്പും ഇവിടെ ചേർത്തു വായിക്കപ്പെടുന്നു. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന എന്നാൽ പഴമയുടെ നഷ്ടഗന്ധം പേറുന്ന കവിമനസ്സിന്റെ ആകുലതയാണ് ‘എന്റെ ഗ്രാമം’ പങ്കുവെയ്ക്കുന്നത്. ഗ്രാമം കീഴടക്കുന്ന പട്ടണപൊലിമകൾ, വീണ്ടെടുക്കാനാകാതെ കൈവിട്ടു പോകുന്ന ഗ്രാമ സൗന്ദര്യം എല്ലാം വർത്തമാനകാല യാഥാർത്ഥ്യങ്ങൾ തന്നെ. ‘മടക്കം’ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ദാരിദ്ര്യവും നിരാശ്രയത്വവും, ഒടുവിൽ “നിനക്കെന്റ ശരീരം വേണോ” എന്ന് ചോദിക്കുന്നിടത്ത് അവളെത്തുമ്പോൾ അരക്ഷിതമായ ഒരു പെൺ മനസ്സിന്റെ ചിത്രം നമ്മെ അസ്വസ്ഥരാക്കുന്നു. കൺതുറന്നു നോക്കിയാൽ ചുറ്റുവട്ടത്തു തന്നെ അവളുണ്ടാകും എന്ന തിരിച്ചറിവും കവിത പങ്കുവെയ്ക്കുന്നു.

പ്രണയത്തോളം അത്രമേൽ സുന്ദരമായത് മറ്റൊന്നില്ല എന്നാൽ ‘സാക്ഷി’യിൽ അവളുടെ ഹൃദയത്തിന് വേവിച്ച മാംസത്തിന്റെ ഗന്ധവും കണ്ണീരിന് രക്തത്തിന്റെ ചവർപ്പുരസവുമാന്നെന്ന് പറയാൻ മടിക്കുന്നില്ല. പ്രണയത്തിന്റെ ഹൃദയശൂന്യത വരച്ചുകാട്ടാൻ ഉപമകളിൽ കവിവിട്ടുവീഴ്ചയില്ലാത്തവനാകുന്നു. പ്രണയക്കുരുക്കുകളിലെ ഉടൽ മിനുക്കങ്ങളെ തിരസ്ക്കരിക്കണമെന്നറിയിക്കുന്നു.

ഒരിക്കലും ഉൾക്കൊള്ളാനാകാത്ത നഷ്ടമാണ് പെറ്റമ്മയുടെ വേർപാട് ഇരുളിൽ നിലാവിനെ നോക്കി വിതുമ്പുന്ന കണ്ണിലെ ഗദ്ഗദം ഒരു തേങ്ങലായ് പടരുന്നു. (അമ്മ).
പ്രണയ സുവിശേഷം എന്ന് പേരിട്ടാലും തരക്കേടില്ലെന്ന് തോന്നിപ്പോകുന്ന കവിത ‘ക്ലാവ്’ ഒട്ടേറെ യഥാർത്ഥ്യങ്ങൾ പങ്കുവെയ്ക്കുന്നു. ഒടുവിൽ പ്രണയം ക്ലാവുപിടിച്ച വേദനയാണെന്ന ഒറ്റവരിയിൽ മനസ്സുടക്കി നില്ക്കുന്നു.

മനോഹരമായ ഉപമകളുടെ സന്നിവേശങ്ങൾ കാണാം രാത്രിയിൽ. അതെ, സ്വപ്നങ്ങളുടെ കമ്പിളി പുതപ്പാണു രാത്രി! പഴയൊരോർമ്മയിലെ സുഖം പകരുന്ന പ്രണയം പങ്കുവെയ്ക്കുന്ന ഗതകാല ചിത്രങ്ങൾ മനോഹരമാണ് ‘സുഖം ‘ എന്ന കവിതയിൽ. ആകാശ ഗർഭത്തിൽ മഴയൊളിച്ചിരുപ്പുണ്ടെന്ന് വേനൽപ്പക്ഷികൾ സ്വകാര്യം പറയാറുണ്ട് (മഴമേഘങ്ങളിൽ ബാക്കിയുള്ളത്) അല്ലെങ്കിലെങ്ങനെ വേനലുകളെ നാം അതിജീവിക്കും? പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകരുന്ന വരികൾ.

നമ്മളിൽ നിന്നും പഠിച്ച പാഠങ്ങൾ കുട്ടികൾ നമ്മളിലേക്കു തന്നെ പകർത്തുമെന്നോർമ്മിപ്പിക്കുന്ന കവിത ‘മാ നിഷാദ’. പലിശക്കെണിയുടെ മൂർച്ചയിൽ അപകടകാരിയാവുന്ന ‘ബ്ലേഡ് ‘.  കാലം തെറ്റി പെയ്ത മഴയിലൊലിച്ചുപോകാതെ മനസ്സിലെ മൺഭരണികളിലടച്ചു വെച്ച കുട്ടിക്കാലം ഓർക്കുന്ന ‘സൗഹൃദം’. ഗിരീഷ് പുത്തഞ്ചേരിക്കുള്ള സ്മൃതി തർപ്പണം ‘അക്ഷര നക്ഷത്രം’. എല്ലാറ്റിലും തന്റേതായ ഒരടയാളപ്പെടുത്തൽ കവി നടത്തിയിരിക്കുന്നു. ഒരു കോരിക വെച്ച് മനസ്സിലേക്ക് തട്ടിയിടുന്ന കനൽ അവശേഷിപ്പിച്ചു കടന്നു പോകുന്നു ബിജു ടി ആർ പുത്തഞ്ചേരിയുടെ കവിതകൾ. കവി ഇടയിലെവിടെയോ പറഞ്ഞ പോലെ ഓരോ കവിതയും വീണു കിട്ടുന്നതു തന്നെ! മറ്റെവിടെ നിന്നുമല്ല മനസ്സിന്റെ ഒറ്റയടിപ്പാതയിൽ നിന്ന്. ഉരുകുന്ന ഓർമ്മകളെ സത്യങ്ങളെ അക്ഷരങ്ങളിലൂടെ പുനർജനിപ്പിക്കുന്ന ബിജുവിന്റെ ഒട്ടേറെ കവിതകൾ ആനുകാലികങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. ഒരേ സമയം കവിയും ബാലസാഹിത്യകാരനും കഥാകാരനുമായ ബിജു ടി.ആർ-ന്റെ പുതുമൊഴികൾക്കായി ആസ്വാദകലോകം കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here