വായന
ഉവൈസ് നടുവട്ടം
എഴുത്ത് ഏറെ ഭാവനാത്മകമാണ്. അതിലേറെ കൗതുകകരവും. നർമങ്ങളും ദുഃഖങ്ങളും സ്നേഹങ്ങളും ഒരേ പോലെ കൈമാറ്റം ചെയ്യപ്പെടുന്ന, കൃത്രിമത്വം സ്പർശിക്കാത്ത ഉടയവന്റെ മനോഹരമായ മാസ്മരികത എഴുത്തിനും എഴുത്തുകാർക്കുമുണ്ട്. അവയിൽ തന്നെ തൊട്ടാൽ പൊള്ളുന്ന കഥാപാത്രങ്ങളുടെ ഇതിവൃത്തങ്ങളെ അടുക്കി വെച്ച് ചെപ്പടി വിദ്യ പയറ്റുന്ന മജീഷ്യനാണ് അനേകം അക്ഷരങ്ങൾക്കുടമയായ എസ്. കെ പൊറ്റക്കാട്. ഹൃദ്യമായ വായനയുടെ ആഴങ്ങളിലേക്ക് ഇരുളറിയാതെ, തേങ്ങി കരയാൻ പോലും ശേഷിയില്ലാതെ കുടഞ്ഞിരുത്തിയ അനേകായിരം കഥാപാത്രങ്ങളുടെ ലോകമാണ് അതിരാണിപ്പാടമെന്ന ദേശത്തിന്റേത്. വായനക്കാരന്റെ ഉന്മാദം ചോർത്താൻ തെല്ലിട പോലും അവസരം നൽകാത്ത ഗ്രന്ഥകാരന്റെ ഹൈക്ലാസ് ഐറ്റം തന്നെയാണ് ഈ നോവൽ. നോവലിന്റെ ഇതിവൃത്തം ദേശത്തിന്റെ അതിരുവിട്ട് ഉത്തരേന്ത്യയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വായനക്കാരനെയും കൂട്ടി യുഗാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നതു തന്നെയാണ് പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നതും.
എന്നെ ഏറെ വായിപ്പിച്ച ചെറിയൊരു സംഭാഷണം ഇങ്ങനെയാണ്. ” ജീവിതം വിചിത്രമായ ഒരു തെരുവ് വീഥിയാണ്, ഒത്തുചേരലുകളെക്കാൾ ഒഴിഞ്ഞു കൊടുക്കലുകളുടെയും അകന്നുമാറലുകളുടെയും തെറ്റിപ്പിരിയലുകളുടെയും തിക്കും തിരക്കുമാണ് ആ തെരുവിൽ നടക്കുന്നത് “. ദേശത്തിന്റെ എല്ലാ വന്യതകളെയും കാടു പിടിപ്പിക്കുന്ന സവിശേഷമായ തെരുവുവീഥികൾ എല്ലായിടങ്ങളിലും അൽപ്പാൽപ്പമായി ഒതുങ്ങിയിട്ടുണ്ട്. എഴുത്തുകാരന്റെ നിരീക്ഷണത്തിൽ ബഹളങ്ങൾക്കപ്പുറത്ത് വിറ്റഴിച്ചു പോകുന്ന സാധനങ്ങളുടെ തുച്ഛമായ വിലയെക്കാൾ നിർജീവമായ വസ്തുവാണ് ഓരോ ജീവിതത്തിന്റെയും കഥാ ബിന്ദു. അവിടെ നിന്നുമാണ് ഒരു ദേശത്തിന്റെ കഥ പിറക്കുന്നതും പുരസ്കാരങ്ങളർഹിക്കുന്നതും.
അനേകായിരം സാധാ മനുഷ്യരുടെ കഥകളുമായി പൊറ്റക്കാട് ട്രെയിനിൽ ഒറ്റക്കു യാത്ര ചെയ്യുന്നത് പോലെയൊരു പ്രതീതി വായിക്കവെ അനുഭവപ്പെടുന്നു. ഗ്രാമീണ സ്വച്ഛതയെ ഭേദിച്ചു നിർത്തുന്ന ചൂളം വിളികളുടെ തലമുറക്ക് പുനർവിചിന്തനങ്ങൾക്ക് ഏറെ അനുകൂലമാക്കിയ, അതിലുപരി ചിന്തകളെ അനുഭവജ്ഞാനിയുമാക്കിയ എഴുത്ത് ദേശത്തിന്റെ കഥയിലൂടെ നമ്മെ തേടുന്നുണ്ട്. ദേശാനന്തര പ്രവിശ്യകളിലേക്ക് വരെ നോവൽ ക്യാൻവാസ് ചെയ്തത് മികച്ച ആർട്ട് വർക്കിലൂടെയാണ്. കഥകൾക്കനുയോജ്യരായ കഥാപാത്രത്തിന്റെ പ്ലോട്ടിംങ്ങും തഥൈവ. ഇവിടെ ലോക സംസ്കാരങ്ങളുടെ വൈവിധ്യവും മനുഷ്യത്വം എന്ന ഏകതയും വിസ്മയിപ്പിക്കും വിധം തൂലികയിലൂടെ പിറവി നൽകിയ പൊറ്റക്കാടിന്റെ ഈ പൊൻതൂവൽ സ്പർശം വായനക്കാരന് ഏറെ മധുരമുള്ളതാണ്.
പുസ്തകത്തെ മികവുറ്റതാക്കുന്നത് വായനയിലൂടെ മാത്രമല്ല. പുരസ്കാരങ്ങൾക്ക് കൂടി വലിയൊരു പങ്ക് ഈ വിഷയത്തിലുണ്ട്. അധികപേരും പുസ്തക പ്രേമി എന്നൊക്കെ സ്വയം വിശേഷിപ്പിക്കുമെങ്കിലും മറ്റുള്ളവരാണ് പുസ്തകങ്ങളെ നമുക്ക് സജസ്റ്റ് ചെയ്യാറ്. അതിന്റെ മൂല കാരണം കൃതിക്കു ലഭിച്ച അംഗീകാരങ്ങളും ബഹുമതികളുമാണ്. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും ഇതേ ശ്രേണിയിലൂടെയാണ് സഞ്ചരിക്കുന്നത്. 1972 ലെഴുതിയ നോവലിന് അടുത്ത വർഷം തന്നെ സാഹിത്യ അക്കാദമി പുരസ്കാരവും 1980 ജ്ഞാന പീഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേളി കേട്ട മറ്റനേകം വിശേഷണങ്ങൾ ഈ കൃതിക്ക് ഉണ്ടായിരിക്കെ വായനക്കാർ ഈ പുസ്തകത്തെ ഹൃദയം തുറന്നു വായിച്ചു എന്നതാണ് അടുത്ത ഖ്യാതിയായി ഞാനെഴുതുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥിതിയിലുള്ള ചേനക്കോട് തറവാട്ടിൽ നിന്നും പുറത്തുകടന്ന കൃഷ്ണൻ മാസ്റ്റർ തന്റെ ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും കൂട്ടി കുടിയേറി പാർക്കാൻ അതിരാണിപ്പാടത്ത് എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. പിന്നീടാണ് കഥാനായകനായ ശ്രീധരൻ ജനിക്കുന്നത്. അതിനിടയിൽ ജീവിതത്തിന്റെ നേർത്ത സ്വപ്നങ്ങൾ നെയ്യുന്ന മറ്റനേകം കഥാപാത്രങ്ങൾ. ഒഴിച്ചുകൂടാൻ കഴിയാത്ത വിധം കഥകളുമായി സഞ്ചരിക്കുന്ന സാധാമനുഷ്യരും അതിലുൾകൊണ്ട ആഖ്യാനങ്ങളും. എഴുത്തുകാരന്റെ നോട്ടം എല്ലായിടങ്ങളിലും ഒരേ പോലെ സ്പർശിക്കുന്നു.
പിന്നീട്, 30 വർഷങ്ങൾക്കു ശേഷം തന്റെ നാട്ടിലേക്ക് തിരിച്ചു വരുന്ന ശ്രീധരന് നാട്ടിലെ തേഞ്ഞുമാഞ്ഞുപോയ മനുഷ്യരുടെ കഥ വിവരിച്ചു നൽകുന്നത് മൂത്താശാരിയായ വേലു മൂപ്പനാണ്. അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ ചോദിച്ചു വാങ്ങിയ ചീന പിഞ്ഞാണം ഒരു നിധി പോലെ ശ്രീധരൻ ചേർത്തു പിടിക്കുന്നുണ്ട്. വഴിമധ്യേ കണ്ട ഒരു പരിഷ്കാരി പയ്യന്റെ മുഷിഞ്ഞ നോട്ടത്തിന് ശ്രീധരന് പറയാനുള്ളത് ഇങ്ങനെയായിരുന്നു.” അതിരാണിപ്പാടത്തെ പുതിയ കാവൽക്കാരാ ഇവിടെ അതിക്രമിച്ച് കടന്നത് പൊറുക്കുക പഴയ കൗതുക വസ്തുക്കൾ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാൻ”. ഇന്നത്തെ സാംസ്കാരിക വിഴുപ്പുകളെ ഒരേ നേരം നോക്കി പൊറ്റക്കാട് വിമർശിക്കുന്നുമുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന്റെ സംഭവ പരമ്പരകളും ഒപ്പം മലബാർ ലഹളയെയും പരാമർശിക്കുന്ന കൃതി ജ്ഞാനം പകർത്തുന്നതിലൂടെ മറ്റെന്തോ കൂടി വായനക്കാരനോട് പങ്കുവെക്കുന്നതായി ഓരോ ആഖ്യാനങ്ങളിലും അനുഭവപ്പെടുന്നു.
അതിരാണിപ്പാടത്തെ സമ്പന്നമായ സംസ്കാരം കണ്ടാസ്വദിച്ച ശ്രീധരനും കൂട്ടുകാരായ അപ്പുവിനും ചന്തു കുഞ്ഞനും താനറിയാതെ തന്നെ സ്നേഹിച്ച അമ്മുകുട്ടിക്കും മറ്റനേകം പേർക്കും വിശേഷമായ ഇടങ്ങൾ നൽകിയ ദേശം വർണ്ണപ്പകിട്ടിന്റെ കാലത്ത് എന്തായി തീരുമെന്തോ എന്ന നിരാശയിൽ കുതിർന്ന ആവലാതി വായനക്കാരനെയും അലട്ടുന്നുണ്ട്. നൂറോളം കഥാപാത്രങ്ങളുടെ സന്തോഷത്തിലൂർന്ന ചിരിയും തമാശകളും എസ്കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയിൽ വായനക്കാരനെ തേടുന്നുണ്ട്. ചിലത് കഥാപാത്രങ്ങളായവശേഷിക്കുന്നു എന്ന് മാത്രം. തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വർത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞി കേളു മേലാൻ, കോരൻ ബട്ലർ പെരിങ്ങാലൻ അച്ചപ്പൻ, കൂനൻ വേലു, കുടക്കാരൻ ബാലൻ ഇവരൊക്കെയും വായിച്ചു കഴിയവെ നമ്മെ പിന്തുടരുന്ന ചില കഥാപാത്രങ്ങളാണ്. ഏറെ അനുഗ്രഹത്തോടെ എന്നെ വായിപ്പിച്ച ഉടയതമ്പുരാന്റെ സമ്മാനമായിരിക്കാം ഒരു പക്ഷെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ. പുതിയ നിറങ്ങളുടെ ലോകത്ത് പഴമയുടെ സൗന്ദര്യം കണ്ടാസ്വദിക്കുന്നതു പോലെ ഒരു ദേശത്തിന്റെ കഥയും കാൽപനിക ലോകത്തോട് ഗ്രാമീണ ജീവിതങ്ങളുടെ മനസ്സറിഞ്ഞ ആളുകളെ പരിചയപ്പെടുത്തുന്നു. ദേശത്തിന്റെ ചിത്രത്തിൽ നിന്ന് മാറ്റിനിറുത്താൻ കഴിയാത്തവിധം മണ്ണിനോട് ചേർന്ന നൂറോളം മനുഷ്യരുടെ കഥ ഒറ്റവാക്കിൽ എങ്ങനെ അവസാനിപ്പിക്കണമെന്ന ആശങ്കക്കു പുറത്ത് ഈ കുറിപ്പ് നിർത്തുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.