അനന്തതയിലേക്ക് പടരുന്ന കവിതകൾ

0
411

വായന

ഷാഫി വേളം

ആർക്കും വായിക്കാവുന്നതും അനുഭൂതി കൊള്ളാവുന്നതുമാണ് അമീന ബഷീറിന്റെ ‘വസന്തത്തിലെ കിളികൾ ‘എന്ന കവിതാ സമാഹാരം. ജീവിതചിത്രങ്ങൾ വാക്കുകളിൽ വരച്ചു വെയ്ക്കാനുളള ശ്രമമാണ് ഓരോ കവിതയിലും തെളിയുന്നത്. അനുഭവ സമ്പന്നതയും മനോഹരമായ ബിംബ കല്പനകളും തെളിഞ്ഞ ഭാഷയും ഈ കവിതകളെ ധന്യമാക്കുന്നു. ലാളിത്യവും ഭാഷാസൗന്ദര്യവും ഈ കവിതകളുടെ വായനയെ സഫലമാക്കുന്നു. സാധാരണക്കാരിയായ ഒരു സ്ത്രീയുടെ വ്യഥകളും ആശങ്കകളും നഷ്ടവും കുടുംബവുമെല്ലാം ഈ സമാഹാരത്തില്‍ വായിക്കാം.വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും.

ഭാവനകൾ കൊണ്ട് നടത്തുന്ന സൂക്ഷ്മമായ അന്വേഷണം പുറത്തുവിടുന്നത് ആരും അത്ര പെട്ടെന്ന് കണ്ണിലുടക്കാത്ത കാര്യങ്ങളാണ്. ബസ് യാത്ര, തെരുവിലെ തേങ്ങലുകൾ, വസന്തത്തിലെ കിളികൾ, എല്ലാം തന്നെ തന്റെ ചുറ്റുമുള്ള അനക്കങ്ങളെയാണ് അനുവാചകരിലേക്ക് കൈമാറുന്നത്. ഓരോ കവിതയിലും പ്രതീക്ഷയും സ്നേഹവും കരുണയുമെല്ലാമാണ് തെളിയുന്നത്. നഷ്ടങ്ങളും ദൈന്യതകളും വ്യാകുലതകളും ജീവിതത്തെ തളർത്തുമ്പോൾ പ്രത്യാശയുടെ പച്ചതുരുത്ത് തേടുന്നുണ്ട് കവിതകൾ. തീവ്രമായ ചിന്തകൾ മനസ്സിനെ വേട്ടയാടുമ്പോൾ രൂക്ഷമായ ചിന്തകളുണ്ടാവുമെന്ന യാഥാർത്യത്തിലേക്കാണ് കവിതകളെല്ലാം ഒഴുകുന്നത്. അനുഭവങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ചുകൊണ്ട് സഞ്ചരിക്കുമ്പോൾ ജീവിത പരിസരങ്ങളുടെ എല്ലാ സൂക്ഷ്മാംശങ്ങളും കവിതയുടെ വീഞ്ഞുപെട്ടിയിൽ ഒളിഞ്ഞുകിടക്കുന്നത് കാണാം.

കവിതകളെല്ലാം തന്നെ സവിശേഷവും ശക്തവുമാണ്. ഒന്നിലേക്ക് ഒടുങ്ങാതെ വ്യത്യസ്ത ശാഖയായി അർത്ഥങ്ങളുടെ വിവിധ മാനങ്ങളിൽ പൂക്കുന്ന രീതിയാണ് കവിതകൾക്കുള്ളത്. ഉള്ളിലെ ലോകത്തിന്റെ ഇരുളും വെളിച്ചവും ഉയർച്ചയും താഴ്ചകളും ഓരോ കവിതയിലും കവി വെളിപ്പെടുത്തുന്നു. അവയ്ക്ക് കാലവും പരിസരവുമായി അഭ്യേതമായ ബന്ധമുണ്ടെന്ന് അനുവാചകർ തിരിച്ചറിയുന്നു.

“ജീവിതത്തിന്റെ ഗന്ധമപ്പോൾ
ഉന്മാദിനിയുടെ സിരകളിൽ നിന്നും
ശാന്തമായ താഴ്വരകളിലേക്ക്
നിറഞ്ഞു പെയ്തുതുടങ്ങും ”

‘നാല്പതുകളിൽ ഒരുവൾ ‘ എന്ന കവിത തിരിച്ചറിവിന്റെ ശക്തമായ ഒരു ഇമേജറിയായി വായനക്കാരന്റെ മനസ്സിൽ അറിയാതെ ഒട്ടി പോകുന്നതാണ്. ഓരോ വരികളും പ്രപഞ്ചസമഗ്രതയുടെ സങ്കീർണ്ണതയിലേക്ക് തുറന്നു വെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്. വൈയക്തികവും സാമൂഹികവുമായി അനുഭവിച്ചതിനെയാണ് സാന്ദ്രമായ ഭാഷയിൽ അടയാളപ്പെടുത്തുന്നത്. സൂക്ഷ്മതയിൽ നിന്നുളള അന്വേഷണമാണ് കവിതയിലെ ഓരോ വാക്കിലും പൂക്കുന്നത്. ആസുരതയുടെ ഗ്രീഷ്മത്തിൽ പ്രത്യാശയുടെ വസന്തകാലത്തെ കാത്തിരിക്കുന്നു.

“സ്നേഹങ്ങൾക്കു നിറം
മങ്ങുമ്പോഴാവും
ചിലപ്പോഴെങ്കിലും
ചില നഗരങ്ങളുടെ
ചുവരുകൾ
നിറം മങ്ങുന്നതായി
നമുക്ക് തോന്നുന്നത്. ”

‘ജീവിപ്പിക്കുന്നത് ‘ എന്ന കവിതയിലൂടെ സ്നേഹത്തിലാണ് ഈ ലോകത്തിന്റെ നിലനിൽപ്പെന്ന് പറഞ്ഞുവെക്കുന്നു.

“ഒരു വീട്, ഒരു മല, കുറേ മരങ്ങൾ
വേനൽ, വെയിൽച്ചിറകുകൾ,
വറ്റാൻ തുടങ്ങുന്ന കിണർ
ഒരു പെരുമഴക്കാലം ഉള്ളുനനക്കുന്നു ”

മറ്റൊരു അർഥഗർഭമായ കവിതയാണിത്. ‘പോകെപ്പോകെ ‘ എന്ന ഈ കവിത ഓർമ്മപ്പെടുത്തലോ മുന്നറിയിപ്പോ ആകുന്നു. ദൈനംദിന ജീവിതത്തിലെ വികാര വിചാരങ്ങൾക്കൊപ്പം അടിസ്ഥാന ജീവിത വിഷാദങ്ങൾക്കും പ്രതിവിധി കാണാൻ പ്രകൃതിയിലേക്കു തന്നെയാണു കവി കണ്ണുനട്ടിരിക്കുന്നത്. മനുഷ്യന്റെ പ്രകൃതി ചൂഷണത്തിൽ നഷ്ടമാക്കുന്ന പച്ചപ്പിനെ കവിതകളിൽ നമുക്ക് കാണാം.
ഇങ്ങനെ ഹൃദയസ്പർശിയായ ആർദ്രമായ എത്രയോ വരികളെ ഈ സമാഹാരത്തിൽ നിന്ന് ഹൃദയത്തിൽ എടുത്തു വയ്ക്കാനും സൂക്ഷിക്കാനുമാവും.”ഓരോ പലായനങ്ങളും ഒരു വെളിപാടാണ്. വരിഞ്ഞു മുറുക്കുന്ന പ്രതിസന്ധികൾക്കൊടുവിൽ ചെന്നെത്തുന്ന വെളിച്ചത്തിന്റെ ആകാശച്ചെരിവ് ”

ഇവിടെ പലായനമെന്നാൽ പ്രതീക്ഷയുടേതും പുതിയ തുടക്കത്തിന്റേതുമാണ്. അത്ര വേഗത്തിൽ വായിച്ചുപോകാൻ പറ്റുന്നവയല്ല ഇതിലുള്ള മിക്ക കവിതകളും. നിർത്തി നിർത്തി പിന്നെയും ഓരോ വാക്യങ്ങളിലേക്കും തിരിഞ്ഞു നോക്കി വായിക്കുമ്പോൾ അകക്കാമ്പുകൾ തെളിഞ്ഞു വരും.

“പ്രണയം മരിച്ചതിന്റെ പിറ്റേന്നാൾ
ഞാൻ ജനിച്ച ദിവസം കൂടിയായിരുന്നു.
ഒരു പുതിയ ഞാനായി നിറങ്ങളെ കാണുവാൻ,
നിസ്സംഗതയോടെ എന്നിലേക്കു മടങ്ങുവാൻ ,
എവിടെയും പ്രണയമുണ്ടെന്ന് തൊട്ടറിയുവാൻ ,
ഞാനെന്നിലേക്കു യാത്ര പുറപ്പെട്ട ദിവസം ”

‘പ്രണയം മരിച്ചതിന്റെ പിറ്റേന്ന് ‘ എന്ന കവിത പ്രണയ നഷ്ടത്തിന്റെ വീണ്ടെടുപ്പ് കൂടിയാകുന്നു.

“പ്രവാസം ഒരു കൂടൊഴിയലും
ചേക്കേറലുമാണ്
ഓർമകൾക്കു മധുരം കൂടുകയും
സ്വപ്നങ്ങൾക്കു വേഗത കൂടി എന്നതുമെന്ന പോലെ ”

‘പ്രവാസി ‘ എന്ന കവിതയിലൂടെ പ്രവാസിയുടെ മാനസികസഞ്ചാരത്തെയും വൈകാരിക വ്യാകുലതകളെയും ഹൃദയം കൊണ്ടു തന്നെ രേഖപ്പെടുത്തി വെക്കുന്നു. അത്രമേൽ തീക്ഷ്ണവും കാഠിന്യവുമേറിയ പരിസരങ്ങളെ സരളമായി പറഞ്ഞുവെക്കാനുളള കവിയുടെ ഉത്സാഹം ജീവിതത്തോടുള്ള പ്രതിബദ്ധയാണ് കാണിക്കുന്നത്.

“സ്നേഹിക്കപ്പെടുക എന്നതിൽ
ക്കവിഞ്ഞെന്താണ്
മനുഷ്യൻ തീക്ഷ്ണമായി
ഉള്ളുരുക്കിക്കൊണ്ടിരിക്കുന്നത് ”

എന്നൊക്കെ എഴുതിപ്പോകുന്ന ഈ കവി ചെന്നെത്തിയ ചക്രവാളങ്ങൾക്കപ്പുറത്ത് ആരും പോകാത്ത ഭാവനയുടെ, സൂക്ഷ്മ നിരീക്ഷണത്തിന്റെ ഒരു വലിയ ലോകം തന്നെയുണ്ടെന്ന് നമ്മെ തന്റെ ഓരോ വരികളിലും ഓർമ്മപ്പെടുത്തുകയാണ്. വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്കൊണ്ട് സമ്പുഷ്ടമായ ഈ കവിതാ സമാഹാരം ഒരു വലിയ ആശയ പ്രപഞ്ചത്തിലേക്കാണ് അനുവാചകരെ കൂട്ടി കൊണ്ടുപോകുന്നത്. പ്രമേയസ്വീകരണത്തിലും അതിനുചിതമായ ഭാഷാ പ്രയോഗത്തിലും ശിൽപ്പ ഭംഗിയിലും ഈ കവിതകൾ മികച്ചു നിൽക്കുന്നു. ഈ സമാഹാരത്തിലെ കവിതകളിൽ കാലത്തിന്റെ സ്പന്ദനമുണ്ട്. സങ്കീർണ്ണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും വസന്തത്തെ കാത്തിരിക്കുന്നുണ്ട്. കാലത്തിനുമപ്പുറം ആശയമികവ് കൊണ്ടും അവതരണരീതി കൊണ്ടും ഏറെ വായിക്കപ്പെടേണ്ടണ്ടതുതന്നെയാണ് അമീന ബഷീറിന്റെ ‘വസന്തത്തിലെ കിളികൾ ‘ എന്ന കവിതാ സമാഹാരം.


 

LEAVE A REPLY

Please enter your comment!
Please enter your name here